Current Date

Search
Close this search box.
Search
Close this search box.

‘വിപ്ലവം’ എപ്പോഴുംചുവന്നിരിക്കുന്നത് എന്തുകൊണ്ട്?

Revolution3.jpg

വൈകുന്നേരങ്ങളില്‍ ഗ്രാമാന്തരങ്ങളിലെ ചായക്കടയിലെ ചര്‍ച്ചകളില്‍ സ്ഥിരസാന്നിധ്യം അറിയിക്കുന്ന ഒന്നാണ് ‘വിപ്ലവം’. ബസ് സ്റ്റോപ്പുകളിലെ ഫ്‌ലക്‌സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ‘വിപ്ലവം’. യഥാര്‍ത്ഥത്തില്‍ എന്താണ് വിപ്ലവം? അത് ഏതെങ്കിലും പ്രസ്ഥാനത്തിനോ ആശയത്തിനോ മാത്രം അവകാശപ്പെട്ട ഒന്നാണോ? പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളില്‍ മാനവിക വിമോചനത്തിന്റെ വെളിച്ചം പരത്തിയവരെന്നവകാശപ്പെടുന്ന മാര്‍ക്‌സും എംഗല്‍സുമാണോ വിപ്ലവത്തിന്റെ ഉപജ്ഞാതാക്കള്‍?

പ്രാക്തന കാലം മുതല്‍ നാം ജീവിക്കുന്ന ഈ കാലഘട്ടം വരെ മനുഷ്യര്‍ ബഹുമുഖ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം, വാഹനം മുതല്‍ രാഷ്ട്രീയ വ്യവസ്ഥകള്‍ പോലും കാലത്തിന്റെ മാറ്റങ്ങളോട് ചേര്‍ന്നു നില്‍ക്കാറുണ്ട്. കാലം ഒരു വ്യവസ്ഥയെയും അതേപടി നിലനിര്‍ത്തിയിട്ടില്ല. മനുഷ്യന്റെ ചിന്തകള്‍ വികസിക്കുന്നതോടൊപ്പം തന്നെ തന്റെ ജീവിത ശൈലിയും മാറുന്നു. മാറ്റപ്പെട്ട ജീവിതശൈലിക്ക് അനുയോജ്യമായ വ്യവസ്ഥകള്‍ രൂപപ്പെട്ടു വരുന്നു. ഇങ്ങനെ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളെ നമ്മള്‍ ‘വിപ്ലവം’ എന്ന് വിളിക്കുന്നു.

വിപ്ലവം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ചിന്ത മാര്‍ക്‌സിസ്റ്റ് ആശയങ്ങളിലേക്കാണ് ചെന്നെത്തുക. വര്‍ഗ്ഗസമരം വിമോചനം വിപ്ലവം തുടങ്ങിയവയുടെയെല്ലാം പേറ്റന്റ് ഇപ്പോഴും ഇടതു ചേരിക്കു സ്വന്തമാണ്. സത്യത്തില്‍ വിപ്ലവത്തെയും മാറ്റങ്ങളെയും സ്വാംശീകരിക്കുന്ന ധാരാളം മത സാമൂഹിക പ്രസ്ഥാനങ്ങളുടെ അരങ്ങാണിന്ന് ലോകം. സങ്കുചിത ദേശീയവാദികള്‍ ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരങ്ങളെയും തങ്ങളുടേതാക്കി മാറ്റുന്നത് പോലെയാണ് കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ ‘വിപ്ലവ’മെന്ന പ്രതിഭാസത്തെ സ്വന്തം ലേബലില്‍ ഏറ്റെടുത്തു നടക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മുന്‍കാലങ്ങളില്‍ നടന്ന വിപ്ലവങ്ങള്‍ ലോകം അറിയുന്നില്ല,  ക്യൂബന്‍ വിപ്ലവവും റഷ്യന്‍ വിപ്ലവവും ചൈനീസ് വിപ്ലവവും ലോകം വലിയ വായില്‍ ചര്‍ച്ച ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇവരുടേതെന്ന് പരിചയപ്പെടുത്തുന്ന വിപ്ലവവും വിപ്ലവകാരികളും മാര്‍ക്‌സിസ്റ്റാശയവുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല എന്ന യാഥാര്‍ത്ഥ്യം ചരിത്രം വായിച്ചാല്‍ നമുക്ക് മനസ്സിലാകും. ഉദാഹരണത്തിന്, ക്യൂബന്‍ വിപ്ലവത്തെ കുറിച്ച് പഠിക്കുമ്പോള്‍ നമുക്ക് കാര്യം കൂടുതല്‍ വ്യക്തമാകും. വിപ്ലവം നടക്കുന്നതിനു മുമ്പ് എവിടെയും ഫിദല്‍ താന്‍ മാര്‍ക്‌സിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന ഒരാളാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുള്ള ശബ്ദമാണ്, തന്റെ രാജ്യത്തെ സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് മോചിപ്പിക്കണം എന്ന അതിയായ ആഗ്രഹത്തില്‍ നിന്ന് ഉടലെടുത്തതാണ് ക്യൂബന്‍ വിപ്ലവം. എന്നാല്‍ വിപ്ലവത്തിന് ശേഷം അമേരിക്കയുടെ മൂക്കിന്റെ താഴെ കിടക്കുന്ന ക്യൂബക്ക് അമേരിക്കയെ എതിര്‍ത്ത് പോരണമെങ്കില്‍ വന്‍സൈനികബലവും സാമ്പത്തിക ഭദ്രതയും വേണം. അമേരിക്കയെ ശത്രുവലയത്തില്‍ എണ്ണിയ ഒരേയൊരു വന്‍കിട രാജ്യം സോവിയറ്റ് മാത്രമായിരുന്നു. അമേരിക്കയുടെ ഉപരോധത്തില്‍ നിന്നും, അക്രമങ്ങളില്‍ നിന്നും പിടിച്ചു നില്‍ക്കാന്‍ ക്യൂബയ്ക്കും ഫിദലിനും സോവിയറ്റ് മുന്നോട്ടുവെക്കുന്ന ആശയം സ്വീകരിച്ച് അവരുടെ ആളായി മാറുക എന്നുള്ളതെ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. രാജ്യത്തിന് വേണ്ടി ആ രാജ്യത്തിലെ ജനങ്ങള്‍ നടത്തിയ വിപ്ലവം അങ്ങനെ കമ്യൂണിസ്റ്റ് വിപ്ലവമായി മാറി. ഇതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല വെനിസ്വേലയില്‍ ഷാവേസിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവവും.

ലോകത്ത് സാമ്രാജ്യത്ത്വ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ നടന്ന വിപ്ലവങ്ങളെ സ്വന്തത്തിലേക്ക് ലയിപ്പിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം നാം അറിയാതെ പോകരുത്. ഇങ്ങനെ ചരിത്രം വളച്ചൊടിക്കുന്നത് കൊണ്ടുള്ള ഉദ്ദേശ്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. ലോകത്ത് കിരാത ഭരണകൂടങ്ങളെ മാറ്റിമറിച്ചത് നമ്മള്‍ ആണെന്നും അതുകൊണ്ട് തന്നെ ഈ പുതിയ കാലഘട്ടത്തിലെ സാമൂഹിക ഉച്ചനീചത്വങ്ങളെ മാറ്റിമറിക്കാന്‍ ഞങ്ങളെ കൊണ്ടേ സാധിക്കുകയുള്ളൂ എന്നും, ജനങ്ങള്‍ ഇതിനായി നമ്മുടെ പിന്നില്‍ അണി ചേരണംഎന്നുമുള്ള ഒരു പൊതുബോധം സൃഷ്ടിക്കുകയുമാണ് ഇവരുടെ ലക്ഷ്യം. ചങ്ങല എന്നര്‍ത്ഥം വരുന്ന ‘അഗ്‌ലാല്‍ ‘എന്ന പദം ഖുര്‍ആന്‍ വളരെ മുമ്പ് പ്രയോഗിച്ചതാണ്. അടിമ വ്യവസ്ഥയെ സൂചിപ്പിക്കുന്ന ഈ പദം വ്യവസ്ഥയോടുള്ള പോരാട്ടത്തെയും വിപ്ലവത്തെയും സൂചിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ വിപ്ലവ ദൗത്യത്തെക്കുറിച്ച ഖുര്‍ആന്‍ പരാമര്‍ശവും ശ്രദ്ധേയമാണ്. ‘അദ്ദേഹം അവരുടെ മുതുകൊടിക്കുന്ന ഭാരങ്ങളെ ഇറക്കി വെക്കുന്നു. (അടിമത്വത്തിന്റെ സകല) ചങ്ങലകളും പൊട്ടിച്ചെറിയുന്നു.’
(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles