Current Date

Search
Close this search box.
Search
Close this search box.

വിചാരണ തടവുകാരുടെ മോചനം ഭരണകൂടത്തിന് അലങ്കാരം

കഴിഞ്ഞ വെള്ളിയാഴ്ച്ച സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാനവിധി നീതിയുടെ സംസ്ഥാപനത്തിന് ജീവിതം ഉഴിഞ്ഞ് വെച്ചവരെ സംബന്ധിച്ച് സന്തോഷത്തിന് വകനല്‍കുന്നതായിരുന്നു. വിചാരണയുടെ പേരില്‍ തടവില്‍ കിടക്കുന്നവര്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ലഭിക്കാവുന്ന ശിക്ഷാകാലാവധിയുടെ പകുതിസമയം വിചാരണതടവില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവരെയെല്ലാം സ്വന്തം ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചിരിക്കുന്നത്.

പക്ഷെ വധശിക്ഷ ലഭിക്കാവുന്ന കേസുകളുടെ പേരിലാണ് ഒരാള്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്നതെങ്കില്‍ ഈ ആനുകൂല്യം ബാധകമാവുകയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നുവെച്ചാല്‍ ഒരു ‘നിരപരാധിയുടെ’ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത് വധശിക്ഷ ഉറപ്പായും ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ ജയിലില്‍ നിന്നും പുറത്ത് വരിക ചിലപ്പോള്‍ ആ പാവപ്പെട്ടവന്റെ മൃതദേഹമായിരിക്കും. അപ്പോള്‍ പിന്നെ പെറ്റിക്കേസുകളില്‍ വിചാരണയും കാത്ത് കിടക്കുന്നവരുടെ മോചനമാണോ സുപ്രീംകോടതി ലക്ഷ്യം വെക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പക്ഷപാതരഹിതമായി വിചാരണ പൂര്‍ത്തിയാക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ശിക്ഷിക്കപ്പെടേണ്ട അപരാധികള്‍ക്ക് തന്നെയാണ് പകുതി ശിക്ഷ അനുഭവിച്ച് രക്ഷപ്പെടാനുള്ള വഴി ബഹുമാനപ്പെട്ട കോടതി ഇപ്പോള്‍ ഒരുക്കികൊടുത്തിരിക്കുന്നത്. കൂട്ടത്തില്‍ ഒരു കുറ്റവും ചെയ്യാതെ നിയമത്തിന്റെ പാവനമായ ദൃഷ്ടിയില്‍ വധശിക്ഷ വിധിക്കാന്‍ കോപ്പില്ലാത്ത കേസുകളില്‍ പെട്ട് വര്‍ഷങ്ങളോളം വിചാരണത്തടവുകാരായി കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് കൂടി പുറത്ത് കടക്കാനുള്ള അവസരം ഒത്തുവന്നു എന്നതാണ് ചിലര്‍ക്ക് ഈ സുപ്രീംകോടതി വിധിയില്‍ ആനന്ദത്തിനുള്ള വകയുണ്ടാക്കി കൊടുത്തത്.

നിയമത്തിന്റെ ബലത്തില്‍ നിരപരാധികളുടെ കൂടെ അപരാധികള്‍ക്ക് കൂടി രക്ഷപ്പെടാന്‍ അവസരം ഒരുക്കി കൊടുക്കുന്നതിനെയാണോ നീതി എന്ന് വിളിക്കുക. ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ സംഭവിച്ചത് യഥാര്‍ഥത്തില്‍ അനീതിയല്ലെ. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ കാരണമായി ഒരു മനുഷ്യായുസ്സ് മുഴുവന്‍ വിചാരണത്തടവുകാരായി കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് എന്ത് നഷ്ടപരിഹാരമാണ് സുപ്രിംകോടതിക്ക് നല്‍കാന്‍ കഴിയുക. വൈകിയാണെങ്കിലും നീതി പുലര്‍ന്നല്ലോ എന്ന ചിന്ത പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. പൊതുജനങ്ങളുടെ ഇത്തരം ചിന്തകളാണ് നീതിന്യായപാലകരെ കൊണ്ട് മോചിപ്പിക്കല്‍ ഉല്‍സവങ്ങള്‍ സംഘടിപ്പിച്ച് മുഖം മിനുക്കാന്‍ പ്രേരിപ്പിക്കുന്നത്.

നിരപരാധികളെ മോചിപ്പിക്കുന്നത് ആഘോഷമാക്കുകയല്ല വേണ്ടത്, മറിച്ച് എന്തുകൊണ്ടാണ് ലക്ഷക്കണക്കിന് നിരപരാധികള്‍ ന്യായാധിപന്‍മാരുടെ ‘ഔദാര്യം’ കൊണ്ട് മാത്രം മോചിപ്പിക്കപ്പെടുന്നത് എന്ന ചോദ്യത്തിന്റെ വീര്യം കെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്. നിയമം ലംഘിച്ച് കള്ളക്കേസുകള്‍ ഉണ്ടാക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വ്യവസ്ഥകള്‍ വേണം. അതിന് കൂട്ടുനില്‍ക്കുന്ന, നിരപരാധികളുടെ വിചാരണ അനാവശ്യമായി ദീര്‍ഘിപ്പിക്കുന്ന ന്യായാധിപന്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് അബ്ദുന്നാസര്‍ മഅ്ദനിയുടെയും, പരപ്പനങ്ങാടിയിലെ സക്കരിയയുടെയും കേസുകള്‍ വിളിച്ചു പറയുന്നത്.

ഇന്ത്യയിലെ ജയിലുകളിലുളള തടവുകാരില്‍ മൂന്നില്‍ രണ്ട് ഭാഗവും വിചാരണകാത്ത് കിടക്കുന്നവരാണ്. 250000 തടവുകാര്‍ വിചാരണയും കാത്ത് ജയിലുകളില്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ മനുഷ്യായുസ് ഇനിയും ഒരമ്പത് കൊല്ലം കഴിഞ്ഞ് സംഭവിക്കാന്‍ സാധ്യതയുള്ള മോചിപ്പിക്കല്‍ മാമാങ്കത്തിന് വിട്ടുകൊടുത്ത് എന്നായാലും നീതിപുലരുമല്ലോ എന്ന് ആശ്വാസം കൊള്ളുന്നവരുടെ ഭൂരിപക്ഷത്തില്‍ ഉള്‍പ്പെടാതിരിക്കാനുള്ള ജാഗ്രത കൈവരിക്കുവാനാണ് ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ഉത്തമ പൗരനും ശ്രമിക്കേണ്ടത്.

Related Articles