Current Date

Search
Close this search box.
Search
Close this search box.

വിചാരണത്തടവുകാരുടെ മോചനം ; കോടതി വിധി സ്വാഗതാര്‍ഹം

ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതികാലം ജയിലുകളില്‍ കഴിഞ്ഞ മുഴുവന്‍ വിചാരണത്തടവുകാരെയും രണ്ടു മാസത്തിനകം ജാമ്യത്തില്‍ വിട്ടയക്കണമെന്ന സുപ്രീം കോടതി വിധി തികച്ചും സ്വാഗതാര്‍ഹമാണ്. ഈ വിധി ഇന്ത്യന്‍ പൗരന്മാരുടെ അവസാന അത്താണിയായ സുപ്രീം കോടതിയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ നീതിന്യായ പീഠവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകള്‍ക്ക് ശമനം നല്‍കുന്നതുമാണ്.

ഇന്ത്യന്‍ ജനാധിപത്യ, നീതിന്യായ വ്യവസ്ഥകളുടെ മുമ്പിലെ പ്രധാന ചോദ്യ ചിഹ്നമാണ് വര്‍ധിച്ച വിചാരണത്തടവുകരും അനന്തമായി നീളുന്ന അവരുടെ തടവു കാലവും. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന മൊത്തം തടവുകാരില്‍ 60 ശതമാനം പേരും ഈ ഗണത്തില്‍ പെട്ടവരാണെന്നത് ആശങ്കകള്‍ക്ക് വക നല്‍കുന്നു. ഭരണകൂട ഭീകരതയുടെയും ആസൂത്രിത ഗൂഢാലോചനയുടെയും ഇരകളാണ് ഇവരില്‍ അധിക പേരും.
 
ഇന്ത്യയിലെ വിചാരണത്തടവുകാരെപ്പറ്റിയും അവരുടെ മേല്‍ ചുമത്തപ്പെട്ട കേസുകളെപ്പറ്റിയും സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ ചില വസ്തുതകള്‍ നമുക്ക് ബോധ്യമാകുന്നതാണ്. ഇത്തരം തടവുകാരില്‍ ഭൂരിഭാഗവും നിരപരാധികളാണ് എന്നതാണ് അതിലെ സുപ്രധാന കാര്യം. ഭീകരവാദികളും രാജ്യദ്രോഹികളുമെന്ന മുദ്ര ചാര്‍ത്തി തികച്ചും ബാലിശമായ തെളിവുകളുടെ പിന്‍ബലത്തിലാണ് ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മേല്‍ UAPA പോലുള്ള കരിനിയമങ്ങള്‍ ചുമത്തുകയും വര്‍ഷങ്ങളോളം തടവിലിടുകയും ചെയ്യുന്നു. ജാമ്യം പോലും ലഭിക്കാതെ അവര്‍ ജയിലുകളില്‍ നരക യാതന അനുഭവിക്കുന്നു. മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ പോലും സംശയ ദൃഷ്ടിയോടെ വീക്ഷിക്കപ്പെടുകയും സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്യുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍  9 വര്‍ഷം വിചാരണത്തടവുകാരനായി കഴിഞ്ഞ ശേഷം മോചിതനാവുകയും വീണ്ടും ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലാവുകയും ചെയ്ത അബ്ദുന്നാസര്‍ മഅ്ദനി ഇതിന് ഉദാഹരണമാണ്.

രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള നിഗൂഢമായ അജണ്ട ഇത്തരം അറസ്റ്റുകള്‍ക്ക് പിന്നിലുണ്ടെന്ന് വിചാരണത്തടവുകാരെക്കുറിച്ച കണക്കുകളും റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.   2013 ല്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള National Crime Records Bureau പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യന്‍ ജയിലുകളിലെ വിചാരണത്തടവുകാരുടെ എണ്ണം 2,54857 ആണ്. ഇതില്‍ 53,638 പേര്‍ മുസ്‌ലിംകളാണ്. അതായത് 13 ശതമാനം മാത്രം മുസ്‌ലിംകളുള്ള ഇന്ത്യയില്‍ 21 ശതമാനം വിചാരണത്തടവുകാരും മുസ്‌ലിംകളാണ്. ഏറ്റവും കൂടുതല്‍ മുസ്‌ലിം തടവുകാരുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ് (14707). ബാക്കി പ്രധാന സംസ്ഥാനങ്ങളുടെ കണക്കുകള്‍ : ബീഹാര്‍-4155, ജാര്‍ഖണ്ഡ്-2662 മധ്യപ്രദേശ്- 2059, മഹാരാഷ്ട്ര-5999, പഞ്ചാബ്-1047, രാജസ്ഥാന്‍-2318, പശ്ചിമ ബംഗാള്‍-6520 ഡല്‍ഹി-1952. പല സംസ്ഥാനങ്ങളിലും ജനസംഖ്യാ അനുപാതത്തേക്കാള്‍ എത്രയോ അധികമാണ് മുസ്‌ലിം തടവുകാരുടെ എണ്ണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിചാരണ നടപടികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നതും  പൊലീസ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി കേസന്വേഷണം പൂര്‍ത്തിയാക്കാത്തതും  അഭിഭാഷകര്‍ ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നതുമൊക്കെയാണ് വിചാരണത്തടവുകാരുടെ എണ്ണം വര്‍ധിക്കാനുള്ള മറ്റു കാരണങ്ങള്‍. തടവുകാരുടെ എണ്ണത്തില്‍ മാത്രമാണ് മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതത്തിലും കൂടുതല്‍ പ്രാതിനിധ്യമുള്ളതെന്ന കണക്ക് സച്ചാര്‍ കമീഷന്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളില്‍ പുറത്തുവന്നിരുന്നു. ഭരണകൂടം തങ്ങളോട് വര്‍ഗ്ഗീയമായും പക്ഷപാതപരമായും പെരുമാറുന്നുവെന്നുള്ള മുസ്‌ലിംകളുടെ ആക്ഷേപത്തെ ശരി വെക്കുന്നതാണ് നാഷണണ്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കും മറ്റു റിപ്പോര്‍ട്ടുകളും. അതു കൊണ്ടു തന്നെ ഈ കോടതി വിധിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ രാജ്യത്തെ മുസ്‌ലിംകളാണ്.

Related Articles