Current Date

Search
Close this search box.
Search
Close this search box.

വിഘടനത്തെ എതിര്‍ത്തതോ യുദ്ധകുറ്റം?

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അവാമി ഭരണകൂടം പ്രതികാര നടപടികള്‍ ശക്തിപ്പെടുത്തുന്നു എന്നതാണ് അബ്ദുല്‍ ഖാദിര്‍ മുല്ലയുടെ വധശിക്ഷ വ്യക്തമാക്കുന്നത്. മുല്ലയടക്കമുള്ള ജമാഅത്ത് നേതാക്കള്‍ക്ക് മേല്‍ ബംഗ്ലാദേശ് യുദ്ധകുറ്റ ട്രൈബ്യൂണല്‍ ചുമത്തിയിരിക്കുന്നത് യുദ്ധകുറ്റമാണ്. എന്നാല്‍ ജമാഅത്ത് നേതാക്കള്‍ ചെയ്ത യുദ്ധ കുറ്റം എന്താണെന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

1970 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ശൈഖ് മുജീബുര്‍റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമിലീഗ് മികച്ചപ്രകടനം കാഴ്ചവെച്ചിരുന്നു. പക്ഷെ ജനവിധി മാനിക്കാന്‍ യഹ്‌യാഖാന്റെ നേതൃത്വത്തിലുളള പാക്ക് പട്ടാളഭരണകൂടം കൂട്ടാക്കിയില്ല. കിഴക്കന്‍ ബംഗാളിലെ ജനങ്ങളോട് പാക് ഭരണകൂടം കാണിച്ചിരുന്ന വിവേചനം വലിയ അസ്വസ്ഥതക്ക് കാരണമായിരുന്നു. ഭരണകൂടം കാണിക്കുന്ന വിവേചനത്തിനെതിരെ 1971-ല്‍ ശൈഖ് മുജീബു റഹ്മാന്‍ വിമോചന പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. സാമുദായികതയുടെയും പ്രാദേശികതയുടെയും അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കുന്നതിനെ എതിര്‍ക്കുന്നതായിരുന്നു തുടക്കം മുതല്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. ജനാധിപത്യ രീതിയില്‍ അധികാരം ലഭിച്ചവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്നു തന്നെയായിരുന്നു ജമാഅത്തെ ഇസ്‌ലാമി ആവശഅയപ്പെട്ടത്. എന്നാല്‍ ബംഗ്ലാദേശ് വിഘടനത്തെ ജമാഅത്ത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ കിഴക്കന്‍ പാകിസ്താനുള്ള ഭരണകൂടത്തിന്റെ അവഗണനക്കെതിരെ ജമാഅത്ത് ശക്തമായി ശബ്ദിച്ചിരുന്നു. വിവേചനത്തിന്റെ കണക്കുകള്‍ അക്കമിട്ട് നിരത്തികൊണ്ട് ജമാഅത്ത് നേതാവ് ഗുലാം അഅ്‌സം ഒരു ചെറിയ പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു.

ബംഗ്ലാദേശ് പ്രശ്‌നത്തോട് സൈനികമായി നേരിടാനായിരുന്നു പാകിസ്താന്‍ തീരുമാനിച്ചത്. സൈനികമായി നേരിടുന്നതിന് പകരം സമാധാനപരമായ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു ജമാഅത്ത് ആവശ്യപ്പെട്ടത്. സൈനിക നടപടിയെ ജമാഅത്ത് ശക്തമായി എതിര്‍ത്തിരുന്നു. വിഭജനത്തിനെതിരെ നിലകൊണ്ടവരും സൈന്യവും ചേര്‍ന്ന് ഹിന്ദുക്കളെ വകവരുത്തിയപ്പോള്‍ അതിനെ ശക്തമായി തന്നെ എതിര്‍ത്തു. മേജര്‍ ഖുര്‍ബാന്‍ അലി ഖാനെ ഓഫീസില്‍ വിളിച്ചു വരുത്തി ജമാഅത്ത് അമീര്‍ ഗുലാം അഅ്‌സമും ഖുര്‍റം മുറാദും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. വിഘടനത്തിനെ അനുകൂലിക്കാത്തതിന്റെ പേരില്‍ അവാമി ലീഗ് ജമാഅത്തിനെ ലക്ഷ്യമാക്കി ആക്രമിക്കാന്‍ തുടങ്ങി. അത്തരം ഒരു നിര്‍ബന്ധിത സാഹചര്യത്തിലാണ് ജമാഅത്ത് സൈനിക നടപടിയെ അംഗീകരിച്ചത്.

ബഗ്ലാദേശ് ജമാഅത്തിനെ കുറിച്ച് പറയുമ്പോള്‍ അവര്‍ രൂപം കൊടുത്ത സായുധ ഗ്രൂപ്പായി പരിചയപ്പെടുത്തുന്ന ഒന്നാണ് ‘അല്‍-ബദ്ര്‍’. അവാമി ലീഗുണ്ടാക്കിയ ‘മുക്തിബാഹിനി’ എന്ന തീവ്രവാദ സംഘം ജമാഅത്തെ ഇസ്‌ലാമിയുടെയും ജംഇയത്തുത്വലബയുടെയും പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും ഓഫീസുകള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത് പശ്ചാത്തലത്തിലാണ് ‘അല്‍-ബദ്ര്‍’ രൂപീകരിക്കുന്നത്. പ്രതിരോധം മാത്രം ലക്ഷ്യമാക്കിയുള്ള ഒരു വളണ്ടിയര്‍ സംഘമായിരുന്നു അവര്‍. പാക്‌സൈന്യത്തോടൊപ്പം ചേര്‍ന്ന് അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി എന്നതാണ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ ബംഗ്ലാദേശ് ചുമത്തുന്ന കുറ്റം. എന്നാല്‍ സൈന്യത്തിന്റെ ആക്രണങ്ങളെ കുറിച്ച് നേരത്തെ അറിയാമായിരുന്ന ‘അല്‍-ബദ്ര്‍’ അവരോടൊപ്പം ഒരു ആക്രമണത്തിലും പങ്കെടുത്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

വിഭജനത്തിന് ശേഷം 1979 ല്‍ പുനസംഘടിപ്പിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി അവിടുത്തെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ട് പോന്നു. 1986, 1991, 1996, 2001, 2008 എന്നീ വര്‍ഷങ്ങളില്‍ നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് പങ്കെടുക്കുകയും പാര്‍ലമെന്റില്‍ സജീവ സാന്നിദ്ധ്യമറിയിക്കുകയും ചെയ്തു. 2011 ഒക്ടോബറില്‍ നടന്ന പൊതു തെരെഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് 17 സീറ്റ് ലഭിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ മന്ത്രിസഭയില്‍ ജമാഅത്തെ ഇസ്‌ലാമിക്കും ഇടം ലഭിച്ചു. കൃഷിവകുപ്പും പൊതുജനക്ഷേമ വകുപ്പും ജമാഅത്തിന് ലഭിച്ചു.

ജമാഅത്ത് അധികാരത്തില്‍ പങ്കാളികളായത് അവാമി ലീഗിനെ ചൊടിപ്പിച്ചു. ജമാഅത്തിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ 42 വര്‍ഷം പഴക്കമുള്ള വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തി കൊണ്ടുവരുന്നതും വിചാരണ പ്രഹസനങ്ങള്‍ നടക്കുന്നതുമാണ് പിന്നെ കണ്ടത്. വിമോചനകാലത്ത് പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്ത ‘അശ്ശംസ്’ എന്ന സംഘടനയുടെ പിതൃത്വം ജമാഅത്തിന് മേല്‍ കെട്ടിവെച്ചാണ് പുതിയ വിചാരണയും വിധികളും. ‘അശ്ശംസ്’ പോലുള്ള വിഭാഗങ്ങളുമായി ബംഗ്ലാദേശ് ജമാഅത്തിന് ഒരു ബന്ധവുമില്ലെന്ന് അവര്‍ വ്യക്തമാക്കിയതാണ്. പാകിസ്താന്‍ ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച വളണ്ടിയര്‍ ഗസ്റ്റിയറില്‍ ഒരൊറ്റ ജമാഅത്ത് നേതാവിന്റെയും പേരി വന്നിട്ടില്ല എന്നതും വിമോചനത്തിന് ശേഷം അധികാരത്തില്‍ വന്ന മുജീബ് റഹമാന്റെ ഭരണകാലത്ത് ഒരു ജമാഅത്ത് നേതാവിനെതിരെ പോലും യുദ്ധകുറ്റമോ രാജ്യദ്രോഹമോ ചുമത്തിയിട്ടില്ലെന്നതും ജമാഅത്ത് അതിന് തെളിവായി ഉയര്‍ത്തി കാട്ടുന്നു.

2008 തെരെഞ്ഞെടുപ്പില്‍ ബി.എന്‍.പി സഖ്യം പരാജയപ്പെടുകുയും അധികാരത്തിലെത്തിയ ശൈഖ് ഹസീന നേതൃത്വം നല്‍കുന്ന അവാമി സര്‍ക്കാര്‍ ജമാഅത്തിനോട് പ്രതികാര നടപടികള്‍ ശക്തിപ്പെടുത്തുകയും ചയ്തു. അതിന്റെ ഭാഗമായിട്ടാണ് ‘ഇന്റര്‍നാഷണല്‍ ക്രൈം ട്രൈബ്യൂണല്‍’ രൂപം കൊണ്ടത്. യുദ്ധ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട പാക് സൈനികരെ വിചാരണ ചെയ്യാന്‍ 1973-ല്‍ നിലവില്‍ വന്ന കോടതിയുടെ പുനര്‍ജന്മമാണ് ഈ െ്രെടബ്യൂണല്‍. വിമോചന സമരത്തിന് ശേഷം പിടിയിലായിരുന്ന പാക്‌സൈനിക ഉദ്യേഗസ്ഥര്‍ക്ക് പൊതുമാപ്പ് നല്‍കികൊണ്ട് മുജീബുറഹ്മാന്‍ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. ”ബംഗാളികള്‍ എങ്ങനെ മാപ്പ് കൊടുക്കുന്നുവെന്ന് ലോകം അറിയട്ടെ” (Let the world know how Bengalies can forgive) എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ബംഗാളികള്‍ എങ്ങനെ രാഷ്ട്രീയ എതിരാളികളെ ഉന്‍മൂലനം ചെയ്യുന്നുവെന്നാണ് അബ്ദുല്‍ ഖാദിര്‍ മുല്ലയുടെ വധശിക്ഷയിലൂടെ ബംഗ്ലാദേശിലെ അവാമി ലീഗ് സര്‍ക്കാര്‍ ഇന്ന് ലോകത്തിന് കാണിച്ചു കൊടിത്തിരിക്കുന്നത്. ഈ വധശിക്ഷ ശൈഖ് ഹസീന സര്‍ക്കാറിനെ വേട്ടയാടുമെന്നതില്‍ സംശയമില്ല. എന്നാല്‍ രക്തസാക്ഷിയായ അബ്ദുല്‍ ഖാദിര്‍ മുല്ല വളരെ സന്തോഷത്തോടെയാണ് അത് സ്വീകരിച്ചിരുന്നുത്. അല്ലാഹു തനിക്ക് നല്‍കിയ പ്രത്യേക അനുഗ്രഹമായി കണ്ട അദ്ദേഹം പ്രസിഡന്റിന്റെ ദയാഹരജിക്ക് പോലും ശ്രമിച്ചില്ലെന്നതെന്ന് ശ്രദ്ധേയമാണ്. ഒട്ടും നിരാശയില്ലാതെ വിടവാങ്ങിയ ആ രക്തസാക്ഷി ഭാവിയില്‍ പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ആവേശവുമായി മാറുമെന്നതില്‍ സംശയമില്ല.

അബ്ദുല്‍ ഖാദിര്‍ മുല്ല
ബംഗ്ലാദേശ് ജമാഅത്ത് നേതാവിന്റെ വധശിക്ഷ നടപ്പാക്കി
അബ്ദുല്‍ ഖാദര്‍ മുല്ലയുടെ അവസാന വാക്കുകള്‍
വിഘടനത്തെ എതിര്‍ത്തതോ യുദ്ധകുറ്റം?
വിചാരണ…അബ്ദുല്‍ ഖാദര്‍ മുല്ല വരെ

Related Articles