Current Date

Search
Close this search box.
Search
Close this search box.

വാഴ്‌വേ മായം

എല്ലാ മേഖലകളിലും ഇന്ന് കൃത്രിമവും മായവും കലര്‍പ്പും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിവേഗം കൂടുതല്‍ വിളവ് ലഭിക്കാനായി പോഷക വളമായും കീടനാശിനികളായും  ഉപയോഗിച്ചുവരുന്നത് മാരകമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കളാണ്. ഇവ അതി സൂക്ഷ്മമായി ചിട്ടയോടെ പ്രയോഗിക്കാത്തപക്ഷം മാരകവിഷമായി വിവധ രോഗങ്ങള്‍ക്ക് ഹേതുവായിത്തീരുന്നു ദൂരദേശങ്ങളില്‍നിന്ന് വാഹനങ്ങളില്‍ കൊണ്ടുവരുന്ന മല്‍സ്യശേഖരത്തില്‍ ചീയാതിരിക്കാന്‍ ഐസിന്റെകൂടെ ഫോര്‍മാലിന്‍ എന്ന രാസപദാര്‍ത്ഥവും ചേര്‍ത്തുവരുന്നു. ശവം കേടുവരാതിരിക്കാനും പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോഴും   ഉപയോഗിക്കുന്ന വസ്തുവാണ് ഫോര്‍മാലിന്‍. വളര്‍ച്ചയെത്താത്ത ഫലങ്ങളും കായ്കറികളും പറിച്ച് ഒന്നായികൂട്ടിയിട്ട് കാല്‍സ്യംകാര്‍ബൈഡ് തളിക്കുന്നു. തുച്ഛമായ വിലക്കുലഭിക്കുന്ന ഈ രാസവസ്തു നിര്‍ലോഭം ഉപയോഗിക്കുന്നു. ഇതില്‍നിന്നുണ്ടാകുന്ന അസിറ്റിലിന്‍ ഫലവര്‍ഗങ്ങള്‍ക്ക് നിറംകൊടുക്കും. അകം പഴുക്കാത്തതിനാല്‍ എത്രനാള്‍ വെച്ചാലും കേടാവുകയുമില്ല. നേന്ത്രവാഴക്കുല വിരിഞ്ഞ് പാകമാകുന്ന സമയത്തിനുമുമ്പ് അമോണിയ പരലുകള്‍ വെച്ചുകെട്ടുമ്പോള്‍ കായകള്‍ക്ക് മുഴുപ്പും നിറവും കിട്ടുന്നു. ഇങ്ങിനെ ദുരാഗ്രഹിയായ മനുഷ്യര്‍ എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളും കൃത്രിമവും മായംചേര്‍ത്തതുമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണിന്ന്.

അത്യാഗ്രഹം നിറഞ്ഞ മനസ്സുള്ളവര്‍ക്ക് മറ്റുള്ളവരെ വഞ്ചിക്കാതെയും ചൂഷണം ചെയ്യാതെയും ജീവിക്കാന്‍ സാധ്യമല്ല. ഇതിനുള്ള ഒരവസരവും അവര്‍ പാഴാക്കുകയുമില്ല. ദുരാഗ്രഹവും  ആര്‍ത്തിയും വര്‍ധിക്കും തോറും ചതിക്കാനും കൃത്രിമം നടത്താനുമുള്ള പ്രവണത ഏറിക്കൊണ്ടിരിക്കും. ഈ ദുരാഗ്രഹത്തില്‍നിന്ന് മനസ്സിനെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ വഞ്ചിക്കപ്പെട്ടാലും പകരം വഞ്ചിക്കാന്‍ തോന്നില്ല.

ഇമാം അബ്ദുല്ല ഖയ്യാത്തിന് അഗ്നിആരാധകനായ ഒരു പറ്റുകാരനുണ്ടായിരുന്നു. അയാള്‍ പതിവായി ഖയ്യാത്തിന്റെ കടയില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങി  കള്ളനാണയങ്ങളാണ് വിലയായികൊടുക്കുക. ഖയ്യാത്ത് അത് വാങ്ങിവെക്കുകയും ചെയ്യും. ഒരു ദിവസം ആ മജൂസി വന്നപ്പോള്‍ ഖയ്യാത്ത് കടയില്‍ ഉണ്ടായിരുന്നില്ല. ഒരു ശിഷ്യനാണ് അവിടെ ഉണ്ടായിരുന്നത്. പതിവുപോലെ ആ മജൂസി വസ്ത്രം വാങ്ങി കള്ളനാണയം കൊടുത്തു. എന്നാല്‍ വഞ്ചന തിരിച്ചറിഞ്ഞ ശിഷ്യന്‍ ആ നാണയങ്ങള്‍ അയാള്‍ക്ക് തിരിച്ചുകൊടുത്തു. അറിയാതെ പറ്റിപ്പോയതാണെന്ന മട്ടില്‍ മജൂസി ഖേദം പ്രകടിപ്പിച്ച് നല്ല നാണയം എടുത്തുകൊടുത്ത് ഉടന്‍ സ്ഥലം വിടുകയും ചെയ്തു. അബ്ദുല്ലാ ഖയ്യാത്ത് തിരിച്ചെത്തി വിവരമറിഞ്ഞപ്പോള്‍, നീ ചെയ്തത് തെറ്റായിപ്പോയി എന്നായിരുന്നു ഖയ്യാത്തിന്റെ മറുപടി. അന്ധാളിച്ചുനിന്ന ശിഷ്യനോട് പറഞ്ഞു. കുറേ കാലമായുള്ള അയാളുടെ പതിവാണിത്. അത് മനസ്സിലാക്കിക്കൊണ്ടുതന്നെ അയാള്‍ തരുന്ന നാണയങ്ങള്‍ ഞാന്‍ വാങ്ങിവെക്കും. പിന്നീട് അവയെല്ലാം ഒരു പൊട്ടക്കിണറ്റിലേക്ക് എറിയും. ആ നാണയം അയാള്‍ക്ക് തിരിച്ചുകൊടുത്താല്‍ അയാള്‍ വേറെ ആളുകളെ വഞ്ചിക്കാന്‍ ഇടയാകും.

ലാഭങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമായി സത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ താല്‍ക്കലിക വിജയം കിട്ടിയേക്കാമെങ്കിലും അന്തിമഫലം പരാജയവും കടുത്ത ദൈവികശിക്ഷയുമായിരിക്കും.

Related Articles