Current Date

Search
Close this search box.
Search
Close this search box.

വായിക്കേണ്ടത് വേരിലേക്ക് താഴ്ന്നും പൂവിലേക്ക് പടര്‍ന്നും

വായിക്കുമ്പോഴാണ് നമ്മുടെ ജീവിതം
കുറേക്കൂടി വലുതാകുന്നതെന്ന് പറയുന്നുണ്ട് കെ ഇ എന്‍ ..
ഒന്നിനെയും അറിയാനോ പഠിക്കാനോ വയ്യെന്ന് വെക്കുമ്പോഴാണ്
നമുക്ക് ആശയങ്ങളുടെ കുടുസ്സ്മുറിയില്‍ വാസം ചെയ്യേണ്ടി വരുന്നത്..
ആരേയും ഉള്‍ക്കൊള്ളാനാകാതെ അവനവനിസം തിയറിയായി കൊണ്ടു നടക്കേണ്ടി വരുന്നത്…

കൂട്ടലിനും കിഴിക്കലിനുമപ്പുറത്തുള്ള വേറൊരു ലോകത്തേക്കുള്ള വഴികള്‍
തെളിയുന്നതും വായനയിലൂടെയാണെന്ന് പറയുന്നു കെ ഇ എന്‍ ..

ചിലരെ വായിക്കുമ്പോള്‍ നമ്മളിന്നേവരെ അനുഭവിക്കാതെ പോയ അനൂഭൂതികളിലേക്കുള്ള സഞ്ചാരമായി മാറുന്നു അത്..

പി ടി അബ്ദുര്‍റഹ്മാന്‍ എന്ന കവിയെ കേട്ടിട്ടുണ്ടാകും..
അദ്ദേഹത്തിന്റെ ഒരു തുമ്പിയുടെ മനോ വേദന വരയുന്ന കവിതയുണ്ട്..
ഒരു ചെറിയ പയ്യന്‍ തുമ്പിയെ പിടിച്ച് അതിന്റെ വാലില്‍ നൂല്
കെട്ടിയിരിക്കുകയാണ്..
മോനേ.., നീയെന്തിനാണെന്റെ വാലില്‍ നൂല് കെട്ടിയിരിക്കുന്നതെന്നും
നീയെന്നെ കൊല്ലാന്‍ പോവുകയാണോയെന്നും
ഒന്നിനേയും പടക്കാന്‍ കഴിയാത്തവര്‍ക്ക്  കൊല്ലാനും അധികാരമില്ലെന്നുമൊക്കെ പറയുന്നു ആ തുമ്പി..

വാലില്‍ നൂലുള്ള തുമ്പി

ഞാനൊരു പാവം വയസ്സന്‍ തുമ്പി
ഞാന്നു കിടന്നെന്‍ കരള്‍ വിതുമ്പി
നീണ്ടുമെലിഞ്ഞ വെളുത്ത കുട്ടി
നീയെന്തിനെന്‍ വാലില്‍ നൂല് കെട്ടി

കുട്ടികള്‍ രണ്ടെണ്ണമുണ്ടെനിക്കും
കെട്ടിയ പെണ്ണെന്നെ കാത്തിരിക്കും
മോനെന്നെ വിട്ടേക്ക് കൊല്ലരുതേ
മോഹം ഞെരിച്ച് കളയരുതേ

എന്നെ പടച്ചവന്‍ തന്നെയല്ലേ
നിന്നെ പടച്ചതെന്നോര്‍മ്മയില്ലേ
എല്ലാം പടക്കാന്‍ കഴിഞ്ഞവന്നേ
കൊല്ലാനധികാരമുള്ളൂ പൊന്നേ

ഇക്കൊച്ചു പ്രായം കടന്നുപോകും
ഇക്കാണും സ്വപ്‌നങ്ങള്‍ മാഞ്ഞുപോകും
പിന്നെ തനിച്ചു നീ നൊന്തിരിക്കും
എന്നെ കുറിച്ചോര്‍ത്ത് സന്തപിക്കും..

പി..കേശവദേവിന്റെ അയല്‍ക്കാര്‍ എന്ന പ്രശസ്ത നോവലിലും
സമാന ആശയം പങ്കുവെക്കുന്നുണ്ട്….
പടിഞ്ഞാറേക്കരയും കിഴക്കേകരയും തമ്മില്‍ ലഹള നടക്കുകയാണ്..
ഈഴവരും നായന്‍മാരും തമ്മില്‍ വല്ലാത്ത കലഹം..
രണ്ട് നാടിനേയും ബന്ധിപ്പിച്ചിരുന്ന പാലം ലഹളക്കാരങ്ങ് പൊളിച്ചു..
പാലം പൊളിച്ചതിനു ശേഷം അവരാകെ എടങ്ങേറിലായി..
പിന്നെ കടത്തുവെള്ളമായിരുന്നു അവരുടെ ഏക ആശ്രയം…അതൊരിക്കല്‍ മുങ്ങി..
രണ്ടു വിദ്യാര്‍ഥികളും ഒരു വൃദ്ധയും മരണപ്പെട്ടു…
പടുവൃദ്ധനായ കൊച്ചുരാമന്‍ വൈദ്യര്‍ വടിയും കുത്തിപ്പിടിച്ച്  
കടത്തുകടവില്‍ ചെന്നു.. കോപത്തോടും വ്യസനത്തോടും കൂടി വൈദ്യര്‍ ഉച്ചത്തില്‍ ചോദിച്ചു….

‘പാലം പൊളിച്ചവന്‍മാരെല്ലാം ഇപ്പോള്‍ എവിടെ പോയെടാ….മനുഷ്യരു തമ്മില്‍ വഴക്കുണ്ടായതിന് പാലം പൊളിക്കണോ…
ഇനിയും പാലം കെട്ടിയില്ലേല്‍  ഇനിയും വള്ളം മുങ്ങും..
കൊച്ചുങ്ങള് ചാവും…’

ആരാണിനി പാലം കെട്ടുക എന്ന ചര്‍ച്ചയായി..
പൊളിച്ചവര്‍ തന്നെ കെട്ടട്ടെ എന്ന അഭിപ്രായമുയര്‍ന്നു..
അപ്പോള്‍ ആരോ പറഞ്ഞു..

‘പൊളിച്ചവര്‍ക്ക് പൊളിക്കാനേ അറിയൂ..’

നിര്‍മിക്കാന്‍ കഴിയാത്തവര്‍ പൊളിക്കാന്‍ നില്‍ക്കരുതെന്നും
സൃഷ്ടിക്കാന്‍ കഴിയാത്തവര്‍ കൊല്ലാന്‍ മുതിരരുതെന്നുമുള്ള ആശയ ലോകങ്ങള്‍
പകയുടെയും രാഷ്ട്രീയ മത വൈര്യങ്ങളുടെയും നേരത്ത് എന്തുമാത്രം പ്രസക്തമല്ല…

അതുകൊണ്ട് തന്നെ ഈ ഓണ്‍ലൈന്‍ കാലത്തും വായന കൊണ്ട് നമുക്ക് വിശാലമാകാതെ വയ്യ…

‘വായിക്കുക എന്നാല്‍ വേരിലേക്ക് താഴ്ന്നും പൂവുകളിലേക്ക് പടര്‍ന്നും
തന്നെ തന്നെ കുഴിച്ച് മറ്റുള്ളവരിലേക്ക് കുതിച്ചും മനുഷ്യര്‍ നടത്തുന്ന ഒരതിജീവനമാണ്…’ കെ ഇ എന്‍ (സമൂഹം , സാഹിത്യം , സംസ്‌കാരം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)

Related Articles