Current Date

Search
Close this search box.
Search
Close this search box.

വാതില്‍ തുറന്ന് വെക്കാം, സഹോദര സമുദായങ്ങള്‍ക്ക് മുന്നില്‍

കഴിഞ്ഞ ദിവസം എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ അബ്ദുല്‍ ഗഫൂര്‍ മാസ്റ്ററുടെ മകളുടെ വിവാഹം ഞങ്ങളുടെ പള്ളിയില്‍ വെച്ചു നടന്നു. അഞ്ചുമണിക്കായിരുന്നു വിവാഹ കര്‍മം. തിരുവാലി ഹൈസ്‌കൂളിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ അതില്‍ സംബന്ധിച്ചു. അവരില്‍ ഭൂരിഭക്ഷവും സഹോദര സമുദായങ്ങളായിരുന്നു.

അവരെല്ലാം മുസ്‌ലിം പള്ളിയില്‍ വരുന്നതും വിവാഹകര്‍മത്തിന് സാക്ഷികളാകുന്നതും ജീവിതത്തില്‍ ആദ്യമായിരുന്നു. അതുകൊണ്ടു തന്നെ അത് വരെ അത്യധികം ആകര്‍ഷിക്കുകയുണ്ടായി. പള്ളിയില്‍ പ്രവേശനാനുമതി ലഭിച്ചു എന്നത് തന്നെ പലര്‍ക്കും അത്ഭുതകരമായിരുന്നു. വിവാഹകര്‍മത്തിലെ ലാളിത്യവും അവരെ വല്ലാതെ സ്വാധീനിച്ചു. വിവാഹ പ്രസംഗം കേള്‍ക്കാന്‍ അവസരം ലഭിച്ചതിലൂടെ ഇസ്‌ലാമിലെ വിവാഹത്തെയും ദാമ്പത്യ ജീവിതത്തെയും കുടുംബ സങ്കല്‍പത്തെയും സംബന്ധിച്ച് സാമാന്യ ധാരണ ഉണ്ടാക്കാനും സാധിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ച എന്റെ സുഹൃത്ത് ഞങ്ങളുടെ നാട്ടിലെ പള്ളിയിലേക്ക് മുസ്‌ലിമല്ലാത്ത കൂട്ടുകാരനെ കൂട്ടി കൊണ്ടുവന്നു. ജുമുഅ പ്രസംഗം അദ്ദേഹം നന്നായി ശ്രദ്ധിച്ചു. പ്രവാചകന്‍ മക്കാ വിജയ വേളയില്‍ സ്വീകരിച്ച സമീപനമായിരുന്നു ഖുതുബയുടെ വിഷയം. ശത്രുക്കളോട് കാണിച്ച ഉദാര സമീപനം, വിശുദ്ധ കഅ്ബയുടെ താക്കോല്‍ ഉസ്മാന്‍ ബിന്‍ ത്വല്‍ഹയെ ഏല്‍പ്പിച്ചത്, വിശുദ്ധ കഅ്ബയുടെ മുകളില്‍ കയറി വിജയ പ്രഖ്യാപനം നടത്താന്‍ എത്യോപ്യക്കാരന്‍ ബിലാല്‍ ബിന്‍ റബാഹിനെ തെരെഞ്ഞെടുത്തത് എന്നിവ അതില്‍ വിശദീകരിച്ചിരുന്നു. നമസ്‌കാരം ആദ്യാവസാനം എഴുന്നേറ്റ് നിന്ന് നന്നായി ശ്രദ്ധിച്ചു. ഇത് അദ്ദേഹത്തിന് തീര്‍ത്തും പുതിയ അനുഭവമായിരുന്നു. ഒപ്പം ഒട്ടേറെ മുന്‍ധാരണകളെ തിരുത്തുന്നതും.

പുതിയ സാഹചര്യത്തില്‍ എല്ലാ മുസ്‌ലിംകളും തങ്ങളുടെ വിവാഹ ചടങ്ങുകളിലും മറ്റു പരിപാടികളിലും ധാരാളമായി സഹോദര സമുദായങ്ങളെ പങ്കാളികളാക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒപ്പം പള്ളികള്‍ സന്ദര്‍ശിക്കാനും ഖുതുബകള്‍ ശ്രവിക്കാനും അവസരം ഒരുക്കുന്നതും. ഖത്വീബുമാര്‍ അവരുടെ സാന്നിദ്ധ്യം അറിയുകയും ശ്രദ്ധിക്കുകയും വേണമെന്ന് മാത്രം.

Related Articles