Current Date

Search
Close this search box.
Search
Close this search box.

വാചാലമാകുന്ന വനിതാദിനങ്ങള്‍ എന്തുനേടി!

ആധുനിക മനുഷ്യാവകാശ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടത് ഗ്രീക്ക് തത്വചിന്തയില്‍ നിന്നാണ്. ഇതിന്റെ ചുവട്പിടിച്ചാണ് പില്‍ക്കാല മൗലികാവവകാശങ്ങളായ വിദ്യാഭ്യാസ തൊഴില്‍ രാഷ്ട്രീയ സാമൂഹിക പങ്കാളിത്തവും ജീവിത സുരക്ഷയും ഉറപ്പുവരുത്തുന്ന നിയമങ്ങല്‍ ഉണ്ടാക്കപ്പെട്ടത്. പക്ഷേ ഇത് സൃഷ്ടിയുടെ കാരണക്കാരായ സ്ത്രീസമൂഹത്തെ പുറത്തുനിര്‍ത്തിക്കൊണ്ടായിരുന്നു.

പൗരോഹിത്യമതദര്‍ശനങ്ങളില്‍ ചൂഷണോപാധിയായി മറിക്കൊണ്ടിരിക്കുന്ന സ്ത്രീസത്വത്തിന്റെ അവകാശപ്പോരാട്ടത്തിന്റെ വിജയഗാഥ രചിച്ചുകൊണ്ടാണ് മാര്‍ച്ച 8 വനിതാ ദിനമായി ലോകം ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശങ്ങളിലും പ്രദേശങ്ങളിലും വ്യത്യസ്ത നിലയില്‍ അവകാശപ്പോരാട്ടങ്ങള്‍ നടന്നതിനൊടുവില്‍ അവള്‍ക്കായ് ഒരു ദിനം തന്നെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടു.

നൂറ്റാണ്ട്  തികയുന്ന പെണ്‍നോവുകളുടെ ഓര്‍മപ്പെരുന്നാള്‍ ദിനമായാണ് ലോകമെങ്ങും മാര്‍ച്ച് 8 വനിതാ ദിനമായി ലോകം ആചരിക്കാന്‍ തുടങ്ങിയത്. സ്ത്രീ അവളുടെ വ്യക്തിത്വവും അസ്തിത്വവും ഉറപ്പിക്കാന്‍ തെരുവില്‍ പോരാടിയതിന്റെ ഓര്‍മ ദിനമാണത്. 1905 ല്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വനിതാ നേതാവ് ക്ലാറാ സ്റ്റീവല്‍സിന്റെ നേതൃത്വത്തില്‍ പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള സോഷ്യലിസ്റ്റ് സംഘടനാ നോതാക്കള്‍ ഒത്തുചേര്‍ന്ന് വനിതാ ദിനം എന്ന ആശയം മുന്നോട്ട വെക്കുകയും ഫ്രഞ്ച് റഷ്യന്‍ വിപ്ലവത്തിന്റെ പാശ്വാത്തലത്തില്‍ ലോകത്തുടനീളം വനിതാ ദിനം ആചരിക്കാന്‍ തീരുമാനിക്കുകയും 1975ല്‍ അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാന്‍ യു.എന്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്തു. അതോടെ ലോകമെങ്ങും മാര്‍ച്ച 8 വനിതാ ദിനമായി ആചരിക്കുകയും ചെയ്തു.   

ചരിത്രം പിന്നോട്ട് തിരഞ്ഞാല്‍ വിവവിധ ദര്‍ശനങ്ങളില്‍ ചിന്താ ധാരകളില്‍ നിയമവ്യവസ്ഥക്കുകീഴില്‍ കീഴി സ്ത്രീക്ക് എങ്ങനെയൊക്കെ ജീവിച്ചു തീര്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. ഒരുപാട് ഗവേഷണനിരീക്ഷണങ്ങള്‍ക്കു വിധേയമാണ് അവളുടെ അസത്വത്വവും വ്യക്തിത്വവും. തുല്യനീതിയുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കങ്ങളും. സാമൂഹിക സദാചാരനിയമങ്ങള്‍ അപ്പാടെ മാറ്റിമരിക്കപ്പെട്ട ഏകധ്രുവ ലോകക്രമത്തിനു മുന്നില്‍ തൊഴില്‍ ശാലകളിലും പണിശാലകളിലും മാത്രമല്ല, കുടുംബത്തിന്റെ അകത്തളങ്ങളിലും പാഠശാലകളില്‍ പോലും ചാരിത്ര്യം പിച്ചിച്ചീന്തപ്പെട്ടു. പെണ്‍മേനിയെ അന്തപ്പുരങ്ങളിലിരുന്നു ആസ്വദിക്കാന്‍ മാത്രം ധൈര്യപ്പെട്ട ഭരണധാപന്‍മാരില്‍ നിന്നും ഇന്ന് സ്ത്രീ എത്തപ്പെട്ടത് സ്ത്രീ ശരീരത്തെ രാജ്യത്തിന്റെ വരുമാനം കൂട്ടാനുള്ള ഉപാധിയായി മാറ്റുന്ന ഭരണാധികാരുടെ കൈകളിലേക്ക്. തായ്‌വാനും ഇന്ത്യയും തുറന്നുവെച്ച ടൂറിസമതാണ് നമുക്ക് തരുന്ന പാഠം. സ്ത്രീധനം, ഗര്‍ഭചിദ്രം, വിഹാഹമോചനം തുടങ്ങിയ സാമൂഹ്യ ദുരാചാരങ്ങളൊക്കെയും സ്ത്രീയെ നിത്യ ദുരിതത്തിലാക്കുകയോ ഭൂമുഖത്ത് നിന്ന് തന്നെ നിഷ്‌കാസനം ചെയ്യപ്പെടുകയോ ചെയ്യുന്ന തരത്തിലാണ്.

ചരിത്രത്തിലേക്ക് വല്ലാതെയൊന്നും നാം പോകേണ്ടതില്ല, ലോകത്ത് മറ്റൊരിടത്തും നാം തിരയേണ്ടതുമില്ല. ആധുനിക സ്ത്രീ എങ്ങനെയാണ് അവളുടെ ജീവിതത്തെ പൊതുഇടത്തും കുടുംബത്തിനകത്തും അടയാളപ്പെടുത്തി കൊണ്ടിക്കുന്നതെന്നറിയാന്‍. നമ്മുടെ വിശാലമായ ഇന്ത്യയിലേക്കൊന്നു കണ്ണോടിച്ചു നോക്കിയാല്‍ മാത്രം മതി. 2013 മാത്രം 33,707 ബലാത്സംഗങ്ങള്‍  നടന്നിട്ടുണ്ടെന്നാണ് ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക.് മാനം പോകുമോയെന്ന പേടിയില്‍ സാമൂഹിക സുരക്ഷയോര്‍ത്ത് അഭ്യസ്ഥ വിദ്യരായ സ്ത്രീകള്‍ പോലും ജോലിക്ക് പോകുന്നത് കുറക്കുകയാണെന്നാണ് അസോച്ചയെന്ന സംഘടനയുടെ മറ്റൊരു പഠനത്തില്‍ കണ്ടെത്തിയത്.  ഡിസംബര്‍ മാസം ഇന്ത്യാ ചരിത്രത്തിലെ ദുഖ മാസമാണ്.
ഒന്ന്, മതേതരത്വത്തിന്റെ താഴികക്കുടങ്ങളെ അടിച്ചു തകര്‍ത്തകര്‍ത്തത്. മറ്റൊന്ന് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മാനം തെരുവില്‍ പിച്ചിച്ചീന്തപ്പെട്ട ദിനം. അന്നാണല്ലോ ഡല്‍ഹി സംഭവത്തിലൂടെ പേരുപോലും അപ്രത്യക്ഷമായിപ്പോകും വിധം ഒരു പെണ്‍കുട്ടി ‘നിര്‍ഭയ’ നമുക്കുമുമ്പിലേക്ക് വന്നത്.

അന്ന് ആ പെണ്‍കുട്ടിക്കുവേണ്ടി നാം ഓരോരുത്തരും കത്തിച്ചുവെച്ചു ഒരു മെഴുകുതിരി. ഇനിയൊരു ഇര ഉണ്ടാകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ട്. പക്ഷേ ഇന്ത്യന്‍ പുരുഷാധിപത്യ മനോഘടനയുടെ ഇരയാണീ പെണ്‍കുട്ടിയെന്നും അതുകൊണ്ടുതന്നെ ഇനി ഇങ്ങനെയൊന്നു ഉണ്ടാവില്ലായെന്നും നമുക്ക് വിശ്വസിച്ചുകൂടാ. കാരണം അവളെ പിച്ചിച്ചീന്തിയ പ്രതി ലോകം മൊത്തം കേള്‍ക്കേ പറഞ്ഞ ചില കാര്യങ്ങളുണ്ട്. അത് ഇന്ത്യന്‍ ഭരണവ്യവസ്ഥിതി പുരുഷാധിപത്യത്തിലും ജാതിഘടനയിലും കെട്ടിപ്പടുത്തതാണെന്നും അതിന് ഇരയാകേണ്ടി വരുന്നവര്‍ എപ്പോഴും സത്രീകളും ദലിദരുമാണെന്നുമുള്ള സത്യം.  എന്ന ബ്രിട്ടനിലെ ലക്ഷങ്ങളും ഇന്ത്യയില്‍ തന്നെ യൂട്യൂബിലൂടെ മറ്റൊരു ലക്ഷങ്ങളും കണ്ട ഇന്ത്യാസ് ഡോട്ടര്‍ എന്ന ബിബിസി ഡോക്യുമെന്ററിയിലൂടെ പ്രിതിയായ ബസ് ഡ്രൈവര്‍ പറഞ്ഞ കാര്യം ഇതിനു തെളിവാണ്. അയാള്‍ പറഞ്ഞത് മാനഭംഗം ചെയ്യപ്പെടുമ്പോള്‍ നിശ്ശബ്ദയായി അതിനനുവദിക്കുകയായിരുന്നു അവള്‍ ചെയ്യേണ്ടിയിരുന്നത്, എതിര്‍ക്കാന്‍ പാടില്ലായിരുന്നു അതാണ് മരണത്തിനു കാരണമാക്കിയത് മാനഭംഗങ്ങളില്‍ ആണ്‍കുട്ടിയെക്കാള്‍ ഉത്തരവാദി പെണ്‍കുട്ടിയെയാണ്. ആണും പെണ്ണും തുല്ല്യരല്ല. വീട്ടുജോലിയും ഗൃഹപരിപാലനവുമാണ് പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളത്. പെണ്‍കുട്ടികളില്‍ ഇരുപത് ശതമാനം മാത്രമാണ് നല്ലവര്‍. ഇരകള്‍ക്ക് വധശിക്ഷവിധിക്കരുത്. അത് ഇരയെ കൊല്ലാനേ ഉപകരിക്കൂ. ഭാരതീയ സ്ത്രീത്വത്തിന് ഇന്ത്യന്‍ സംസ്‌കാരം നല്‍കിയ മാന്യതയാണ് അയാള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്.

ഇങ്ങനെ പറയാന്‍ മാത്രം അയാള്‍ക്ക് ധൈര്യം നല്‍കിയത് ആരാണ്?  നമുക്കുറപ്പിച്ചു പറയാം നമ്മുടെ വ്യവസ്ഥിതി തന്നെ. അയാള്‍ മാത്രമല്ല ഇങ്ങനെ പറഞ്ഞത.് ആണ്‍പെണ്‍വ്യത്യാസമില്ലാതെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുള്ള,  ലിംഗസമത്വത്തിന്നായുള്ള ലോക കോണ്‍ഫ്രന്‍സുകളിലും ചാര്‍ട്ടറുകളിലും ഒപ്പുവെച്ച ഇന്ത്യയിലെ വിവിധ സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരും രാഷ്ചട്രീയ നേതാക്കന്മാരും ഇത്തരം മലിന മനസ്സാക്ഷികള്‍ സൂക്ഷിക്കുന്നവരാണ്. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളാണ് അവരെന്തും ചെയ്യുമെന്നാണ് സമാജ് വാദി നേതാവ് മൂലായം സിംഗിന്‍ വാദം. പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതാണ് ആണ്‍കുട്ടികള്‍ അവരെ നോക്കാന്‍ കാരണം എന്നാണ് ഹരിയാനാ മുഖ്യമന്ത്രിയുടെ വാദം. പെണ്‍കുട്ടി എന്തിന് രാത്രി സിനിമ കാണാന്‍ പോയി എന്നതാണ് എന്‍.സി.പി നേതാവ് ആഷ മിര്‍ജെയുടെ ചോദ്യം.  നമ്മുടെ ഉത്തരേന്ത്യയിലെ കാപ്പ് പഞ്ചായത്തുകള്‍ ഉത്തരവിറക്കിയത് പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ്. അന്യസമുദായക്കാരനെയോ താണജാതിക്കാരനെയോ പ്രേമിച്ചാല്‍ പെണ്ണിന് മേല്‍ചുമത്തുന്നത് മാനം കാക്കാനെന്നപേരിലുള്ള കൊലയും.  ഹരിയാനയില്‍ ഇന്ന് ആണിന് കെട്ടാന്‍ പെണ്ണിനെ കിട്ടാനില്ല. സാക്ഷര കേരളത്തില്‍ പോലും 5 വയസ്സിനു താഴെയുള്ള കുട്ടികളില്‍ ആണ്‍-പെണ്‍ അനുപാതം കുറഞ്ഞു കൊണ്ടേയിരിക്കുന്നു. സ്ത്രീധന നിയമം നിലവില്‍ വന്ന നാട്ടില്‍ വര്‍ഷം 16 കഴിഞ്ഞാല്‍  ജനിച്ച പെണ്ണ് ബാധ്യതയാകുമല്ലോ എന്നോര്‍ത്ത് നെന്മണി തിരുകി കയറ്റി കൊല്ലുന്നു, കേരളത്തില്‍ പെണ്ണ് വളരുന്തോറും അക്ഷയതൃതീയ നാളില്‍ ജ്വല്ലറിക്കുമുമ്പില്‍ കാവലിരിക്കുകയാണ്. നല്ലപോലെ സ്ത്രീധനം കൊടുത്തില്ലെങ്കില്‍ കെട്ടിച്ചപെണ്ണ് വീട്ടില്‍ തിരിച്ചുവരുമല്ലോ എന്നോര്‍ത്ത്. ഇങ്ങനെ പെണ്ണിനെ ചിന്തയും സ്വപ്‌നങ്ങളും ഉള്ളവളായി അംഗീകരിക്കാന്‍ കഴിയാത്ത കാലത്ത് ഇനിയും ആഘോഷിക്കണോ വനിതാ ദിനങ്ങള്‍.

Related Articles