Current Date

Search
Close this search box.
Search
Close this search box.

വംശീയ വിഷം ചീറ്റുന്ന ഇന്ത്യന്‍ മനസ്സ്

RACISM.jpg

ഞായറാഴ്ച്ച ബാംഗ്ലൂരില്‍ ഒരു താന്‍സാനിയന്‍ യുവതിയുടെ വാഹനം ജനകൂട്ടം ആക്രമിക്കുകയും, അവരെ അര്‍ദ്ധനഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്ത സംഭവം നാം അറിഞ്ഞു. ഇന്ത്യന്‍ സമൂഹം എത്രത്തോളം വംശവെറിയുടെ കാര്യത്തില്‍ അധഃപതിച്ചിരിക്കുന്നു എന്ന വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത സംഭവം. തീര്‍ച്ചയായും വംശീയവെറിയന്‍മാരും ജാതിവെറിയന്‍മാരുമായിരുന്നു ആ ജനകൂട്ടം.

സമൂഹ മനസാക്ഷിയെ ഉണര്‍ത്താന്‍ ഇതുപോലുള്ള ഒരുപാട് സംഭവങ്ങള്‍ നടക്കണമെന്ന അവസ്ഥ വന്നിരിക്കുന്നു. ഒന്നരവര്‍ഷം മുമ്പ് ദല്‍ഹിയില്‍ ഗബോണില്‍ നിന്നും ബുര്‍ക്കിനോ ഫസോയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഇരുമ്പ് ദണ്ഡുകളും ചില്ലു കഷ്ണങ്ങളും ഉപയോഗിച്ചാണ് ആ ആഫ്രിക്കന്‍ യുവാക്കള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇന്ത്യക്കാരായ ആ അക്രമികള്‍ അന്നേരം ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉച്ചത്തില്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. വലത് പക്ഷ ഹിന്ദുത്വ തെമ്മാടിക്കൂട്ടങ്ങള്‍ക്കിടയില്‍ മാത്രം മുഴങ്ങി കേള്‍ക്കുന്ന ഒരു മുദ്രാവാക്യമാണത്.

ഒമ്പത് മാസം മുമ്പ് ബാംഗ്ലൂരില്‍ വെച്ച് തന്നെ നാല് ആഫ്രിക്കന്‍ വംശജര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഒരു കോസ്‌മോപൊളിറ്റന്‍ ഐ.ടി നഗരമായി വേഷം കെട്ടിയിരിക്കുന്ന ലൈംഗിക-വംശീയത അതിക്രമങ്ങള്‍ അരങ്ങുവാഴുന്ന ഒരു നരകമാണ് യഥാര്‍ത്ഥത്തില്‍ ബാംഗ്ലൂര്‍. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനേക്കാള്‍ ആഗോളതലത്തിലെ തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിലും, തോമസ് ഫ്രീഡ്മാന്റെ ശ്രദ്ധപിടിച്ചുപറ്റുന്നതിലുമാണ് അധികാരികളുടെയും പോലിസിന്റെയും മുഖ്യശ്രദ്ധ. അക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാണെങ്കിലും, അങ്ങനെയൊരു സംഭവം നടന്നിട്ട് പോലുമില്ലെന്നാണ് പോലിസ് ഭാഷ്യം.

അഴിമതി വിരുദ്ധരെന്ന് പറയപ്പെടുന്ന ആം ആദ്മി പാര്‍ട്ടിയുടെ നിയമമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ഡല്‍ഹി നിവാസികള്‍ അവിടെയുള്ള ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്ന ഇടങ്ങളില്‍ അര്‍ദ്ധരാത്രി ഒരുതരം അപകടമുന്നറിയിപ്പ് കിട്ടയത് പോലെ റൈഡ് നടത്തുകയുണ്ടായി. പോലിസ് നോക്കി നില്‍ക്കെയാണ് ജനകൂട്ടം ഉഗാണ്ടയില്‍ നിന്നും നൈജീരിയയില്‍ നിന്നും വന്ന സ്ത്രീകളെ മര്‍ദ്ദിച്ച് അവശരാക്കിയത്. തികച്ചും വംശീയമായ പരാമര്‍ശങ്ങളാണ് അന്ന് ആ മന്ത്രി ആഫ്രിക്കന്‍ വംശജകര്‍ക്കെതിരെ നടത്തിയത്. പാര്‍ട്ടിയുടെ ബോസ് അരവിന്ദ് കെജ്‌രിവാള്‍ ആ സംഭവത്തില്‍ തന്റെ പാര്‍ട്ടിക്കും ആ മന്ത്രിക്കും ക്ലീന്‍ ചിറ്റ് നല്‍കുന്ന കാഴ്ച്ച നമുക്ക് കാണേണ്ടി വന്നു.

വംശവെറിയന്‍മാരും, ജാതിവെറിയന്‍മാരുമായ ഇന്ത്യന്‍ മതഭ്രാന്തന്‍മാര്‍ക്ക് അത്തരം കാര്യങ്ങളില്‍ ഒരു പ്രത്യേക ശൈലിയുണ്ട്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്നത് അവരുടെയൊരു സ്ഥിരം പരിപാടിയാണ്. അതില്‍ ഏറ്റവും കുപ്രസിദ്ധമായ ഒന്നാണ് ആസ്‌ത്രേലിയക്കാരനായ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും കുടുംബത്തെയും ഹിന്ദു തീവ്രവാദിയായ ദാരാ സിംങ് ജീവനോടെ ചുട്ട് കൊന്ന സംഭവം. പ്രപഞ്ചത്തിന്റെ ദൈവമായ ജഗന്നാഥന് വേണ്ടിയാണത്രെ ദാരാ സിംങ് ആ കൃത്യം ചെയ്തത്. ദാരാ സിംങിന്റെ ആ പ്രപഞ്ചം എത്രത്തോളം ഇടുങ്ങിയതാണെന്നത് വേറെ കാര്യം.

അതുപോലെ തന്നെ, ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ഓരോ വര്‍ഷവും ദലിത് സ്ത്രീകളെ ‘ഒരു പാഠം പഠിപ്പിക്കാനായി’ അവരുടെ വസ്ത്രമുരിഞ്ഞ് നഗ്നരാക്കി, മര്‍ദ്ദിച്ച്, തെരുവിലൂടെ നടത്തിക്കുന്ന ഒരു ശീലം ഹിന്ദു ജാതിമേലാളന്‍മാര്‍ക്കുള്ളതായി കാണാന്‍ കഴിയും. അന്താരാഷ്ട്രാ നയതന്ത്ര പ്രധാന്യമുള്ളത് കൊണ്ട് മാത്രമാണ് താന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ച സംഭവം വാര്‍ത്തയായത്. പക്ഷെ ദലിത് സ്ത്രീകളോട് ചരിത്രപരമായി തങ്ങള്‍ സ്വീകരിച്ചു വരുന്ന സമീപനരീതികള്‍ തന്നെയാണ് ഇപ്പോള്‍ ആഫ്രിക്കന്‍ വംശജയിലേക്കും വ്യാപിച്ചതെന്ന് ഇനി എപ്പോഴാണ് ഹിന്ദുത്വവാദികള്‍ സമ്മതിക്കുക? അതിഥി ദേവോ ഭവഃ, എന്നാണല്ലോ? ദലിത് സ്ത്രീകളെ തുണിയുരിഞ്ഞ് നഗ്നരാക്കി മര്‍ദ്ദിച്ച് അവശരാക്കി തെരുവിലൂടെ നടത്തിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകാറില്ലെന്നത് വേറെ കാര്യം.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍, ഉത്തര്‍പ്രദേശില്‍ 15 ദലിത് സ്ത്രീകളെയാണ് മേല്‍ജാതിക്കാര്‍ നഗ്നരാക്കി മര്‍ദ്ദിച്ച് അവശരാക്കി തെരുവിലൂടെ നടത്തിച്ചത്. വെസ്റ്റ് ബംഗാളില്‍, 20 വയസ്സുള്ള ഒരു ദലിത് യുവതിയെ 15-ലധികം വരുന്ന പുരുഷന്‍മാര്‍ ഒരു മരത്തില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയുണ്ടായി. യുവതിക്ക് ‘പരപുരുഷ ബന്ധം’ ഉണ്ടെന്ന പേരിലാണത്രെ ശിക്ഷാ നടപടിയെന്ന നിലയില്‍ 15 പേര്‍ ആ യുവതിയെ ബലാത്സംഗം ചെയ്തത്. ജാതിവെറി നിലനില്‍ക്കുന്ന ഇന്ത്യയില്‍, ഓരോ 18 മിനുട്ടിലും ഒരു ദലിതന്‍ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് കണക്ക്.

ജാവേദ് അക്തര്‍ മുതല്‍ ദിബാകര്‍ ബാനര്‍ജി വരെയുള്ള ലിബറലുകള്‍ പറയുന്നത് പോലെ സഹിഷ്ണുതയുടെ ചരിത്രഭൂമിയാണ് ഇന്ത്യയെങ്കില്‍, ജാതിവെറി, വംശീയത, പരദേശീവിദ്വേഷം, സ്ത്രീവിരുദ്ധത, ബലാത്സംഗ സംസ്‌കാരം- ഇക്കാര്യങ്ങളാണ് ഇന്ത്യയെന്ന ചരിത്രഭൂമി വളരെ സഹിഷ്ണുതയോടെ ദശാബ്ദങ്ങളായി കാത്ത് സൂക്ഷിച്ച് കൊണ്ടിരിക്കുന്നത്.

എ.ബി.വി.പിയില്‍ മാത്രമല്ല ദേശഭക്തന്‍മാര്‍ ഉള്ളത്. മോദി ഇന്ത്യക്ക് മുമ്പുള്ള ഭക്തന്‍മാരും വളരെ അപകടകാരികളായ ഉന്മാദികളായിരുന്നു. രണ്ട് വര്‍ഷത്തോളമായി വലത് പക്ഷ ഭക്തന്‍മാര്‍ ഇന്ത്യയുടെ മഹത്വത്തെ ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്, അതേ സമയം ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന യാഥാര്‍ത്ഥ്യം ദശാബ്ദങ്ങളായി നിഷേധിച്ചു കൊണ്ടിരിക്കുന്ന ജോലിയിലാണ് ഇടതു-ലിബറല്‍ ഭക്തന്‍മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയത്തെയും, മതങ്ങളെയും ദേശസ്‌നേഹ വികാരം അതിജയിച്ചത് മുതല്‍ക്ക്, ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരെല്ലാം തന്നെ ഇന്ന് ഒന്നുകില്‍ മോദിയുഗത്തിന്റെ അന്ത്യം ആഗ്രഹിക്കുന്നവരാണ്, അല്ലെങ്കില്‍ സുവര്‍ണ്ണകാലഘട്ടത്തിന്റെ മടക്കം സ്വപ്‌നംകാണുന്നവരാണ് – അതെ, വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്ന, സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്ത് തെരുവിലൂടെ നടത്തിക്കുന്ന കാലം : അന്ന് എല്ലാവരും ഉച്ചത്തില്‍ വിളിക്കും ; ഭാരത് മാതാ കീ ജയ്.

(ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

വിവ : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles