Current Date

Search
Close this search box.
Search
Close this search box.

വംശീയവാദിയായ ട്രംപ് നായകനാകുമ്പോള്‍

trump333c.jpg

സിറിയയിലെ ശഈറാത്ത് സൈനികത്താവളത്തില്‍ ആക്രമണത്തിന് ഉത്തരവിട്ടതിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നായക പരിവേശം നേടിയിരിക്കുകയാണ്. ഇദ്‌ലിബിലെ ഖാന്‍ ശൈഖൂനില്‍ സിറിയന്‍ സേന നടത്തിയ രാസായുധ ആക്രമണത്തിനുള്ള പ്രതികാരമെന്ന് പേരിലാണ് അത് ചെയ്തിരിക്കുന്നത്. മുപ്പത് കുട്ടികളടക്കം നൂറോളം പേരാണ് രാസായുധാക്രമണത്തില്‍ അവിടെ കൊലചെയ്യപ്പെട്ടത്. സൗദി അറേബ്യയും മറ്റ് ഗള്‍ഫ് നാടുകളും അമേരിക്കയുടെ ആക്രമണത്തെ പിന്തുണച്ചവരുടെ കൂട്ടത്തിലുണ്ടെന്നത് സോഷ്യല്‍ മീഡിയകളിലൂടെ കണ്ണോടിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകും. മുന്‍ഗാമിയായ ഒബാമ ചെയ്യാന്‍ അധൈര്യപ്പെട്ട കാര്യം നിര്‍വഹിച്ച ട്രംപിനെ പ്രശംസ കൊണ്ട് മൂടുന്നതാണ് അതില്‍ കാണുന്നത്. കടുത്ത വംശീയതയുടെ പശ്ചാത്തലത്തില്‍ ചിലരെല്ലാം ഒബാമയെ ‘കറുത്ത അടിമ’ എന്നുവരെ വിശേഷിപ്പിക്കുന്നതും കാണാം.

‘ധീരനായ’ അമേരിക്കന്‍ പ്രസിഡന്റ് സിറിയന്‍ യുദ്ധക്കളത്തിലെ ശാക്തിക സംന്തുലനം മാറ്റിമറിക്കുകയും, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെയും അദ്ദേഹത്തിന്റെ ഭരണത്തെയും ഇല്ലാതാക്കിയ പോലെ ട്രംപ് ബശ്ശാറിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും അവസാനിപ്പിക്കുകയും ചെയ്യുമെന്ന വിശ്വാസത്തില്‍ നിന്നാണ് ഇങ്ങനെയൊരു നിലപാട് രൂപപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് അദ്ദേഹത്തിന്റെ അറബ് ആരാധകരുടെ മോഹങ്ങള്‍ സാക്ഷാല്‍കരിച്ചു കൊണ്ട് കൂടുതല്‍ മുന്നോട്ടു നീങ്ങുന്നില്ല. അനന്തരഫലങ്ങളെ ഭയന്ന് അത്തരം ഒരാക്രമണം തന്നെ ആവര്‍ത്തിക്കുന്നുമില്ല.

ഇസ്രയേല്‍ മാധ്യമങ്ങള്‍ക്കൊപ്പം അറബ് മാധ്യമങ്ങളും അമേരിക്കന്‍ പ്രസിഡന്റിനെ മഹത്വവല്‍കരിക്കുന്നത് ആദ്യമായിട്ടാണ്. മുമ്പ് മറ്റൊരു പ്രസിഡന്റിനും വകവെച്ചു കൊടുക്കാത്ത സ്ഥാനമാണ് അവര്‍ അദ്ദേഹത്തിന് നല്‍കിയത്. ഒരു ഇസ്രയേല്‍ നിരീക്ഷകന്‍ ഇത്രത്തോളം വരെ പറഞ്ഞു: റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനെ ഭയക്കുന്നില്ലെന്ന് ഈ ആക്രമണത്തിലൂടെ പ്രസിഡന്റ് ട്രംപ് തെളിയിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള കെ.ജി.ബി (റഷ്യന്‍ ഇന്റലിജന്‍സ് വിഭാഗം) നീക്കങ്ങളെയും അദ്ദേഹം ഭയക്കുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. ഇസ്രയേല്‍ അറബ് മാധ്യമങ്ങളുടെ ഈ ഒന്നിക്കല്‍ (അമേരിക്കയെ പിന്തുണച്ച രാഷ്ട്രങ്ങളിലെ മാധ്യമങ്ങളെ കുറിച്ചാണ് നാം പറയുന്നത്) ഔദ്യോഗിക രാഷ്ട്രീയ സാമ്പത്തിക കൂടിക്കാഴ്ച്ചകള്‍ രഹസ്യതലത്തില്‍ നിന്നും പരസ്യതലത്തിലേക്ക് എത്തുന്നതിന്റെ വക്കിലെത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ്. ഒരുപക്ഷേ അതിന്റെ മുന്നൊരുക്കമായിരിക്കാം അത്.

ആക്രമണത്തെ സ്വാഗതം ചെയ്ത തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം വളരെ പ്രകടമായിട്ടത് വ്യക്തമാക്കുന്നു. ആ ഒറ്റ ആക്രമണം കൊണ്ട് മതിയാക്കരുത്, ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ വേണം. ദമസ്‌കസിലെ സിറിയന്‍ കൊട്ടാരം തന്നെ അതിലൊരു ലക്ഷ്യമാവുന്നതിനും കുഴപ്പമൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനിയും ഇത്തരം ആക്രമണങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പറയാന്‍ യു.എന്‍ രക്ഷാസമിതിയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലിയെ പ്രേരിപ്പിച്ചത് ഒരുപക്ഷേ ഇതായിരിക്കാം.

അമേരിക്കന്‍ നിലപാടുകളും വിദഗ്ദരുടെ അഭിപ്രായങ്ങളും വിലയിരുത്തുമ്പോള്‍ നമ്മില്‍ പലരും അക്ഷമയോടെ കാത്തിരിക്കുന്ന തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാന്‍ നമുക്കാവില്ല. കാരണം എന്തെങ്കിലും നയത്തിന്റെ ഭാഗമായിട്ടല്ല ഈ ആക്രമണം നടന്നത്. സിറിയയില്‍ കൃത്യമായ ഒരു നിലപാടില്ല എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുവരെ നാമതാണ് കണ്ടത്. ട്രംപ് എന്ന ഈ മനുഷ്യന്‍ ഒബാമ വെറുത്തതെല്ലാം ഇഷ്ടപ്പെടുകയും ഒബാമ ചെയ്യാതിരുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തില്‍ വിചിത്രമായ ഒരു നയമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

റഷ്യന്‍ നേതൃത്വം ഇതില്‍ മൗനം പാലിച്ചിരിക്കുകയാണ്. ഒരുപക്ഷേ കടുത്ത ഭീഷണികളേക്കാള്‍ ഭയം ജനിപ്പിക്കുന്നതായിരിക്കും ഈ മൗനം. എന്നാല്‍ വെള്ളിയാഴ്ച്ച അമേരിക്ക സിറിയക്ക് മേല്‍ നടത്തിയ ആക്രമണം എല്ലാ നിയന്ത്രണ രേഖകളും ലംഘിച്ചു കൊണ്ടുള്ളതാണെന്നാണ് ഇറാന്റെയും റഷ്യയുടെയും സംയുക്ത പ്രസ്താവന പറയുന്നത്. സിറിയക്ക് മേലുള്ള ഏതൊരാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ലോകം അടക്കിവാഴാന്‍ റഷ്യയും ഇറാനും അമേരിക്കയെ അനുവദിക്കില്ലെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു. ദീര്‍ഘദൂര മിസൈലാക്രമണത്തേക്കാള്‍ ശക്തമായ ഭീഷണിയാണിത്. അമേരിക്കയുടെ ആക്രമണം റഷ്യയെയും ഇറാനെയും കൂടുതല്‍ അടുപ്പിക്കുകയും മോസ്‌കോക്കും വാഷിംഗ്ടണിനും ഇടയിലെ അകലം വര്‍ധിപ്പിക്കുകയും ചെയ്തു. തീര്‍ത്തും വിരുദ്ധമായ ഫലമാണ് അതുണ്ടാക്കിയതെന്ന് ചുരുക്കം.

സിറിയന്‍ വിമാനങ്ങള്‍ ഇദ്‌ലിബിലെ അവയുടെ ആക്രമണം ഞായറാഴ്ച്ചയും തുടരുകയും കൂട്ടകശാപ്പ് നടന്ന ഖാന്‍ ശൈഖൂനിലും ആക്രമണം നടത്തുകയും ചെയ്തു. റഷ്യന്‍ വിമാനങ്ങളും അത് തന്നെയാണ് ചെയ്തത്. എന്നാല്‍ അമേരിക്ക അതില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. കൊല ചെയ്യുന്നത് സാധാരണ ആയുധങ്ങള്‍ കൊണ്ടോ മിസൈലുകള്‍ ഉപയോഗിച്ചോ ആണെങ്കില്‍ പ്രശ്‌നമില്ലെന്ന് ട്രംപ് പറയുന്ന പോലെയാണിത്.

റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നത് ശഈറാത്ത് എയര്‍ബേസ് 59 ടോമഹോക് മിസൈലുകള്‍ ഉപയോഗിച്ചാണ് തകര്‍ത്തത് എന്നാണ്. ഖാന്‍ ശൈഖൂനില്‍ ആക്രമണം നടത്തിയ വിമാനങ്ങള്‍ പറന്നുയര്‍ന്ന വിമാനത്താവളവും വിമാനങ്ങളും ആയുധശേഖരവും നശിപ്പിക്കാന്‍ ബോധപൂര്‍വം ചെയ്തതാണതെന്നാണ് പറയുന്നത്. എന്നാല്‍ അവിടത്തെ ആയുധശേഖരത്തില്‍ നിന്നോ വിമാനങ്ങളില്‍ നിന്നോ എന്തുകൊണ്ട് മാരകമായ ആ വിഷവാതകം പുറത്തുവന്നില്ല? തൊട്ടുടനെ അവിടെ സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരെയോ സന്ദര്‍ശകരെയോ യാതൊരു വിധത്തിലും എന്തുകൊണ്ട് അത് ബാധിച്ചില്ല? അതിന്നുള്ള ഉത്തരം നമ്മുടെ പക്കലില്ല. കൂട്ടകശാപ്പിന്റെ ഉത്തരവാദിത്വം സിറിയന്‍ ഭരണകൂടത്തിന് മേല്‍ കെട്ടിവെച്ച അമേരിക്കക്കാരും യൂറോപ്യന്‍മാരും അറബികളുമാണ് അതിന് മറുപടി നല്‍കേണ്ടത്. അവരതിന് മറുപടി നല്‍കുമെന്ന് നാം പ്രതീക്ഷിക്കുന്നില്ല. അവരുടെ പക്കല്‍ അതിന്നുള്ള ഉത്തരമില്ലെന്നത് തന്നെ കാരണം. ഇനി ഉണ്ടെങ്കില്‍ തന്നെ നമുക്കോ മറ്റുള്ളവര്‍ക്കോ നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയുമില്ല.

ഇറാഖിലെ മൊബൈല്‍ രാസായുധ ലബോറട്ടറിയുടെ ചിത്രം ഉയര്‍ത്തി മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ രക്ഷാസമിതിയില്‍ രംഗത്ത് വന്നത് ഞാന്‍ ഓര്‍ത്തുപോവുകയാണ്. ഇറാഖിന് മേലുള്ള തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കാന്‍ ലോകത്തിന് മുമ്പില്‍ അത് പ്രദര്‍ശിപ്പിച്ചു. ആ വിഷയത്തിലുള്ള ഒരു ലൈവ് സംപ്രേഷണം നടക്കുമ്പോള്‍ സി.എന്‍.എന്‍ ചാനലിന്റെ ലണ്ടനിലെ ഓഫീസില്‍ അതിഥിയായി ഞാനുണ്ടായിരുന്നു. അറബ് വീക്ഷണം അവതരിപ്പിക്കുന്നതിനായിരുന്നു എന്നെ ക്ഷണിച്ചത്. തീര്‍ത്തും തെറ്റായ ഒരു വിവരമാണ് അതെന്നും ഇറാഖിലെ മാരകമായ ആയുധങ്ങളെല്ലാം അന്താരാഷ്ട്ര നിരീക്ഷകര്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഞാന്‍ തറപ്പിച്ചു പറഞ്ഞു. ഇറാഖിനെതിരെയുള്ള യുദ്ധത്തെ കുറിച്ച് ഞാന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അന്ന് മിക്ക അറബികളും അറബികള്‍ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ അറബ് നാടുകളിലെ മിക്ക ടെലിവിഷന്‍ ചാനലുകളും അമേരിക്കയുടെ യുദ്ധത്തെ എതിര്‍ത്തു.

അതോടൊപ്പം തെറ്റായ വിവരം പങ്കുവെച്ചതിന്റെ പേരില്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ വന്ന് ക്ഷമാപണം നടത്താനുള്ള ധൈര്യവും പൗരുഷവും കോളിന്‍ പവല്‍ കാണിച്ചു. തെറ്റായ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സി.ഐ.എ ഈ വിവരം കൈമാറിയതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ലിബിയയെ ആക്രമിച്ചതില്‍ ഒബാമയും സമാനമായ രീതിയില്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. താന്‍ പ്രസിഡന്റായിരിക്കെ എടുത്ത ഏറ്റവും മോശമായ തീരുമാനം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. റാഫിദ് അല്‍ജനാബിയെന്ന ഇറാഖുകാരനാണ് തെറ്റായ ആ വിവരം നല്‍കിയതെന്ന് കോളിന്‍ പവല്‍ വ്യക്തമാക്കി. അമേരിക്കന്‍ ഇന്റലിജന്‍സ് അഹ്മദ് ജലബിക്കൊപ്പം തെരെഞ്ഞെടുത്തതായിരുന്നു അദ്ദേഹത്തെയും. ലണ്ടനില്‍ വെച്ച് അദ്ദേഹവുമായി (റാഫിദ്) ഞാന്‍ കൂടിക്കാഴ്ച്ച നടത്തി. ഏതൊരു ഏജന്റിനും സംഭവിക്കുന്ന പരിണതി തന്നെ അദ്ദേഹത്തിനും സംഭവിച്ചു. ഒരു ജര്‍മന്‍ നഗരത്തിലെ ബര്‍ഗര്‍ കിംഗ് എന്ന ഫാസ്റ്റ്ഫുഡ് കടയില്‍ വെയ്റ്ററായി ജോലി ചെയ്യുകയാണിപ്പോള്‍ അദ്ദേഹം.

അവസാനമായി ചില ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുകയാണ്. ഖാന്‍ ശൈഖൂനില്‍ രാസായുധം ഉപയോഗിച്ചത് മറ്റൊരു ശക്തിയായിരുന്നെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടാല്‍ ട്രംപ് ക്ഷമാപണം നടത്തുമോ? സിറിയക്കാര്‍ക്കും മറ്റ് അഞ്ച് അറബ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ കടുത്ത വംശീയവാദിയാണ് അദ്ദേഹമെന്നത് മറന്ന് അയാളുടെ ധീരതക്ക് പിന്തുണ പ്രഖ്യാപിക്കുകയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തവര്‍ അതിന്റെ പേരില്‍ ക്ഷമാപണം നടത്തുമോ? ഇതിന്നുള്ള ഉത്തരം നാം പ്രതീക്ഷിക്കുന്നില്ല. ഇറാഖിനെയും ലിബിയയെയും പൂര്‍ണമായും തകര്‍ത്ത് തരിപ്പണമാക്കിയതില്‍ ക്ഷമാപണം നടത്താത്തതു പോലെ ഒരാളുടെയും ക്ഷമാപണവും പ്രതീക്ഷിക്കുന്നില്ല.

വിവ: നസീഫ്‌

Related Articles