Current Date

Search
Close this search box.
Search
Close this search box.

‘വംശീയത’ ഇസ്രായേലിന്റെ കൂടപ്പിറപ്പാണ്

ഇസ്രായേലിന്റെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നത് അവരുടെ മുനിസിപ്പാലിറ്റി എങ്ങനെ ചലിക്കണമെന്ന സങ്കല്‍പത്തില്‍ നിന്നുകൊണ്ടല്ല; മറിച്ച് അറബികളെ എങ്ങനെയെല്ലാം അവരുടെ വളര്‍ച്ചയില്‍ നിന്നും തടയിടാം എന്ന ആലോചനയിലാണ്. അവരുടെ ഇടയില്‍ മസ്ജിദുകളുടെ നിര്‍മ്മാണം എങ്ങനെയെല്ലാം തടയാം; അതുമല്ലെങ്കില്‍ തങ്ങളുടെ ജൂത സ്ത്രീകളെ അറബി പുരുഷന്‍മാര്‍ ആകര്‍ഷിക്കുന്നതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുത്താം. ഇതൊക്കെയാണ് പോളിങ് ബൂത്തിലേക്ക് പോകുന്ന അവരുടെ ചിന്തകള്‍.
അതേസമയം ഇസ്രായേലില്‍ രാജ്യത്തിന്റെ അഞ്ചിലൊന്ന് മാത്രമായ ഫലസ്തീന്‍ വംശജരായ അറബി ന്യൂനപക്ഷങ്ങളുമായുള്ള ഇസ്രായേലി ജൂതരുടെ ദൈനംദിന ബന്ധങ്ങള്‍ക്ക് ഇസ്രായേലിന്റെ ദേശീയ രാഷ്ട്രീയത്തില്‍ അത്ര പ്രാധാന്യമില്ല എന്നതാണ് വസ്തുത.
പ്രദേശവാസികളും രാഷ്ട്രീയ വിശാരദന്‍മാരുമായവരുടെ അഭിപ്രായത്തില്‍ ഇസ്രായേലിന്റെ പ്രാദേശിക തെരഞ്ഞെടുപ്പ, ജൂതരും ഫലസ്തീന്‍ പൗരന്‍മാരും ഒരുമിച്ച്് ജീവിക്കുന്ന നഗരങ്ങളില്‍ പ്രത്യേകിച്ചും, ഒരു തരം വംശീയതയെ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.
ഭരണകക്ഷിയായ ലിക്വുഡ് പാര്‍ട്ടിയുള്‍പ്പെടെയുള്ള ജൂത പാര്‍ട്ടികള്‍ വംശീയമായ പദാവലികള്‍ പച്ചയായി ഉപയോഗിക്കുകയും ജൂത സമൂഹങ്ങളില്‍ അടുത്തുതന്നെ മുസ്‌ലിംകളുടെ ആധിപത്യം ഉണ്ടാകുമെന്ന രീതിയില്‍ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
‘ഇസ്രായേലി സമൂഹം വംശീയതയില്‍ കുളിച്ചുകിടക്കുന്ന ഒരു ജനതയാണ്. സ്ഥാനാര്‍ഥികള്‍ വളരെ എളുപ്പത്തില്‍ തങ്ങളുടെ വംശീയ മുഖം വെളിപ്പെടുത്തിക്കൊണ്ടു തന്നെ ജനങ്ങള്‍ക്കിടയില്‍ വോട്ട്് ചോദിച്ചു ചെല്ലുകയും ചെയ്യുന്നു. തീര്‍ച്ചയായും അത് തങ്ങള്‍ക്ക് പിന്തുണ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് അവര്‍ വിചാരിക്കുന്നു.’ നസ്രേത്തിലെ മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ മുഹമ്മദ് സെയ്ദാന്റെ വാക്കുകളാണിത്.
തെരഞ്ഞെടുപ്പ് പ്രാചാരണം മുറുകിക്കൊണ്ടിരിക്കെ കഴിഞ്ഞയാഴ്ച സലിം ജൊബ്രാന്‍ എന്ന ഒരു അറബി ജഡ്ജി പ്രധാനമന്ത്രി ബെഞ്ചമില്‍ നെതന്യാഹുവിന്റെ ലിക്വുഡ് പാര്‍ട്ടിയുടെ തെല്‍അവീവിലെയും കാര്‍മെലിലെയും പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ട് ഇടപെടല്‍ നടത്തിയിരുന്നു.
ഇസ്രായേലിന്റെ ചരിത്രത്തിലാധ്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്തു വന്ന വ്യക്തിയാണ് ജൊബ്രാന്‍. പ്രസ്തുത പരസ്യങ്ങളെല്ലാം തന്നെ വംശീയവികാരം ഇളക്കിവിടുന്നതും പൊതു നിയമത്തെ തകര്‍ക്കുന്നതും അറബികളായ ഇസ്രായേലി വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം പറയുന്നു. യഥാര്‍ഥത്തില്‍ അങ്ങനെ ചെയ്തതിലൂടെ അറ്റോര്‍ണി ജനറലായ യഹൂദ വെയ്ന്‍സ്‌റ്റെയ്‌ന്റെ ഉപദേശത്തെ മറികടക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായി പ്രചരിപ്പിക്കുന്ന പരസ്യങ്ങളെ നിയന്ത്രിക്കാന്‍ വ്യവസ്ഥയില്ലെന്ന അദ്ദേഹത്തിന്റെ വാദത്തെ നിരാകരിച്ചുകൊണ്ടാണ് ജൊബ്രാന്‍ അങ്ങിനെ ചെയ്തത്.
അയല്‍പക്കങ്ങളെ സവര്‍ണ്ണവല്‍ക്കരിക്കല്‍
തങ്ങളുടെ പ്രാദേശിക ഘടകങ്ങള്‍ നടത്തുന്ന കാമ്പയിനിനെക്കുറിച്ച്  പ്രതികരിക്കാനോ തള്ളിപ്പറയാനോ തയ്യാറാകാതെ ഒഴിഞ്ഞു മാറുകയാണ് നെതന്യാഹുവും സഹമന്ത്രിമാരും ചെയ്തതെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
പഴയ ഫലസ്തീനിലെ, 1948 ല്‍ ഇസ്രായേല്‍ രൂപീകരിക്കുന്നതിനു മുമ്പുള്ള, സാമ്പത്തിക തലസ്ഥാനമായ ജഫ്ഫയില്‍ (ഇപ്പോള്‍ തെല്‍അവീവിന്റെ പ്രാന്തപ്രദേശമായ അവിടെ ജനസമൂഹങ്ങള്‍ സമ്മിശ്രമായി ജീവിക്കുന്നു) ലിക്വുഡ് പാര്‍ട്ടി പ്രാദേശിക മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ജഫ്ഫയുടെ മൂന്നിലൊന്ന് ഫലസ്തീനികളാണ്. എന്നാല്‍ ഇന്ന് അയല്‍പക്കങ്ങളെ സവര്‍ണ്ണവല്‍ക്കരിക്കുന്നതിന്റെ പേരില്‍ അല്ലെങ്കില്‍ അവരെ പരിഷ്‌കൃതരാക്കുന്നതിന്റെ പേരില്‍ അവിടെനിന്നും മാറിപ്പോകാന്‍ ശക്തമായ സമ്മര്‍ദ്ദം നേരിടുകയാണവര്‍.
ഒരു പരസ്യവാചകത്തില്‍ ഉപയോഗച്ചിരിക്കുന്ന മുദ്രാവാക്യം ഇങ്ങനെ ‘ മുസ്‌ലിംകളെ നിശ്ശബ്ദരാക്കാന്‍ ലിക്വുഡ് പാര്‍ട്ടിക്കുമാത്രമെ കഴിയൂ’. നിരന്തരമായ ഭീഷണിയിലൂടെ 2011 ല്‍ നെതന്യാഹു മുസ്‌ലിംകളെ അവരുടെ പ്രാര്‍ഥനക്കായി ലൗഡ്‌സ്പീക്കറിലൂടെ വിളിക്കുന്നത് നിരോധിച്ചിരുന്നു.
ജൊബ്രാന്റെ വിശകലനത്തെക്കുറിച്ച് സംസാരിക്കാന്‍ ലിക്വുഡ് പാര്‍ട്ടിയുടെ വാക്താവ് വിസമ്മതിച്ചു.
ജഫ്ഫയിലെ ഒരു പള്ളിയിലെ ഇമാമായ ശൈഖ് അഹ്മദ് അബൂ അജ്‌വയുടെ അഭിപ്രായത്തില്‍ ഇതൊരു വംശീയ പ്രചാരണം തന്നെയാണ്. മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ ജഫ്ഫയില്‍ ശത്രുത പ്രചരിപ്പിക്കുന്നവരാണ് സര്‍ക്കാരില്‍ മുന്‍തൂക്കമുള്ളവരെന്ന കാര്യം നാം വിസ്മരിക്കരുതെന്നും അദ്ദേഹം പറയുന്നു.
‘ഞങ്ങളോട് ഞങ്ങളുടെ മസ്ജിദുകള്‍ നിശ്ശബ്ദമാക്കണമെന്ന് പറയുന്നത് എന്തുമാത്രം അസഹിഷ്ണുതയാണ്. ഇസ്രായേല്‍ രൂപീകരിക്കുന്നതിനു മുമ്പ് തന്നെ ഞങ്ങളും ഞങ്ങളുടെ മസ്ജിദുകളും ഇവിടുണ്ടായിരുന്നു. അവര്‍ക്കിത് ഇഷ്ടമാകുന്നില്ലെങ്കില്‍ അവര്‍ക്ക് ഇവിടെ നിന്നും പോകാം.’ അദ്ദേഹം പറയുന്നു.
മറ്റൊരു പരസ്യ വാചകത്തില്‍ ഫലസ്തീനികള്‍ ഇസ്രായേലിനോട് കൂറുള്ളവരല്ലെന്നും ലിക്വുഡ് പാര്‍ട്ടി അവരെ ഇവിടെ നിന്നും പുറത്താക്കി ജഫ്ഫയെ ഇസ്രായേല്‍ വല്‍ക്കരിക്കാന്‍ ശക്തിയുക്തം പരിശ്രമിക്കുമെന്നും പറയുന്നു.
കാര്‍മെയ്ല്‍ നഗരത്തില്‍ ( ഫലസ്തീനികള്‍ കൂടുതലായി താമസിക്കുന്ന അവിടെ ഇപ്പോള്‍ ജൂതരെ കൊണ്ടുവന്ന് ജൂതവല്‍ക്കരണം തകൃതിയായി നടക്കുകയാണ്) നടത്തിയ ഫോണ്‍ പരസ്യങ്ങളും അതേപോലെ ജൊബ്രാന്‍ നിരോധിക്കുകയുണ്ടായി. ജൂതന്‍മാരായ പ്രദേശവാസികള്‍ക്ക് റെക്കോര്‍ഡ് ചെയ്യപ്പെട്ട രീതിയിലുള്ള ഒരു ഫോണ്‍ മെസ്സേജ് ലഭിക്കുകയുണ്ടായി. അതില്‍ നബീല്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ നഗരത്തില്‍ പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന മസ്ജിദിന്റെ തറക്കല്ലിടല്‍ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്ന വ്യാജമായ ഒരു മെസ്സേജാണ് ഉള്ളത്. എന്നാല്‍ 45000 പേര്‍ ജീവിക്കുന്ന കാര്‍മെയ്ല്‍ നഗരത്തിലെ ഏകദേശം 2000 വരുന്ന ഫലസ്തീനികള്‍ പറയുന്നു അങ്ങിനെയൊരു പള്ളി നിര്‍മ്മിക്കുന്നതിനെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചിട്ടുപോലുമില്ല എന്ന്.
എന്നാല്‍ ലിക്വുഡിന്റെ തെരഞ്ഞെടുപ്പ് ലിസ്റ്റിലെ പ്രമുഖനായ ഖോരന്‍ ന്യൂമാന്‍ പറയുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നടപടി നീതീകരിക്കാന്‍ കഴിയാത്തതാണ് എന്നാണ്.
‘ഞങ്ങളുടെ നഗരത്തെ ജൂത-സയണിസ്റ്റ് നഗരമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാത്തിനുമുപരി ഇസ്രായേല്‍ രാജ്യത്തിന്റെ ലക്ഷ്യമാകുന്നു അത്. ഞങ്ങള്‍ ആര്‍ക്കും എതിരല്ല. പക്ഷെ, കാര്‍മെയ്ല്‍ ഒരു ജൂത നഗരമാകണം. മറ്റൊരു സ്വഭാവത്തിലേക്ക് മാറാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇതാണ് ഞങ്ങളുടെ സന്ദേശം.’
‘വോട്ടര്‍മാരുടെ സംഗമത്തില്‍ ഉയര്‍ന്നു വന്ന വലിയ ആശങ്കയായിരുന്നു നഗരം സമ്മിശ്രസ്വഭാവത്തിലായിത്തീര്‍ന്നാല്‍ നാളെയൊരിക്കല്‍ ഒരു അറബ് മേയര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നത്.’ അയാള്‍ കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക തെരഞ്ഞെടുപ്പു പ്രവര്‍ത്തകനായ നാമ ബ്ലാറ്റ്മാന്റെ അഭിപ്രായത്തില്‍ കാര്‍മെയ്‌ലില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുള്ള വളര്‍ന്നു വരുന്ന ജൂത-അറബ് സംയുക്ത പാര്‍ട്ടിയായ കാര്‍മെയ്ല്‍ റെയ്ന്‍ബോയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂത പാര്‍ട്ടികള്‍ വൃത്തികെട്ട കളികള്‍ കളിക്കുകയാണ്.
ജൂതന്‍മാരുമായി സംസാരിച്ചപ്പോള്‍ അവരെല്ലാം ഒരു ആശങ്കയിലാണെന്ന് എനിക്ക് ബോധ്യമായി. തങ്ങളുടെ ജൂത സ്ത്രീകളെ അറബ് പുരുഷന്‍മാര്‍ തട്ടിക്കൊണ്ടുപോകുമോ എന്നതാണ് അവരുടെ ആശങ്ക. കാര്‍ലെയ്‌ലില്‍ പങ്കുവച്ച ഈ ആശങ്കകള്‍ ഗലീലിയില്‍ മുഴുക്കെ വ്യാപിച്ചു കിടക്കുന്ന ആശയങ്ങളാണ്. ഇസ്രായേലിലെ ഏതാണ്ടെല്ലാ സമൂഹങ്ങളും വംശീയാടിത്തറയില്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗലീലി പ്രവിശ്യയില്‍നിന്നും കുറെയധികം ഫലസ്തീനികള്‍ ജൂതവല്‍ക്കരണം നടക്കുന്ന കാര്‍മെയ്ല്‍ പ്രദേശത്തേക്ക് മാറിത്താമസിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഭൂനയത്തിന്റെ ഭാഗമായി പുതിയ വീടുവക്കാന്‍ സാധിക്കാതെ വന്നതു കാരണമാണിത് സംഭവിക്കുന്നത്.
ഗ്രാമീണ മേഖലയില്‍ ഫലസ്തീനികള്‍ക്കു വീടുകള്‍ ലഭ്യമാണ്. എന്നാല്‍ കാര്‍മെയ്ല്‍ പോലുള്ള നഗരപ്രദേശങ്ങളില്‍ ജൂതര്‍ നല്‍കിയാല്‍ മാത്രമേ ഫലസ്തീനികള്‍ക്കു ഭൂമി ലഭിക്കൂ. തൊഴില്‍ ലഭ്യതയുടെ കുറവുകാരണം ജൂതര്‍ നഗരം വിട്ടു കൂട്ടമായി പോകുന്നുണ്ട്. ഇത് ഫലസ്തീനികള്‍ക്ക് അവിടേക്ക് പ്രവേശിക്കാന്‍ അവസരം ഒരുക്കുന്നു. ഇത്തരം സമ്മിശ്രസമൂഹത്തില്‍ ജീവിക്കുന്നതിന്റെ നീരസം ജൂതന്‍മാരില്‍ പ്രകടമാണെന്ന് അടുത്തിടെ നടന്ന സര്‍വ്വേകളില്‍ നിന്നും വ്യക്തമാണ്. ഈ മാസം പ്രസിദ്ധീകരിച്ച വാര്‍ഷിക ഇസ്രായേല്‍ ജനാധിപത്യ കണക്കു പ്രകാരം 48 ശതമാനം ജൂതരും
ഒരു അറബി അയല്‍വാസിയെ അംഗീകരിക്കാത്തവരാണ്. ഫലസ്തീനികളെ ഇസ്രായേലില്‍ നിന്നും പായിക്കുന്ന നയങ്ങളോട് 44 ശതമാനം ജൂതര്‍ അനുകൂലമായി പ്രതികരിക്കുന്നു. ജൂതര്‍ ജൂതന്‍മാരല്ലാത്തവര്‍ക്ക് വീട് വില്‍ക്കരുതെന്ന വിഷയത്തില്‍ നടന്ന വോട്ടിങ്ങില്‍ അതിനെ അനുകൂലിച്ച് 40 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തു.
കാര്‍മെയ്‌ലിലെ മേയറായ മൈല്‍സ്റ്റെയ്ന്‍ തന്നെ അപ്രകാരം നടക്കേണ്ടിയിരുന്ന 30 കച്ചവടമെങ്കിലും തടഞ്ഞതായി തുറന്നു പറയുന്നു.

ജീസസിന്റെ ചെറുപ്പകാല നഗരമായ, 1950 രൂപീകൃതമായ, ജൂതവല്‍ക്കരണം തകൃതിയായി നടക്കുന്ന മറ്റൊരു നഗരമാണ് നസ്രേത്ത്. അവിടെയും ഇത്തരം ആശങ്കകള്‍ പ്രകടമാണ്. കഴിഞ്ഞ ദശകത്തില്‍ മാത്രം വളരെയധികം ക്രൈസ്തവരും മുസ്‌ലിംകളും നസ്രേത്തിലേക്ക് കുടിയേറിത്താമസിച്ചതായും 55000 വരുന്ന നഗരജനസംഖ്യയില്‍ മൂന്നിലൊന്നും ഫലസ്തീനികളാണെന്നും കണക്കുകള്‍ പറയുന്നു. മേയര്‍ ഷിമോണ്‍ ഗോപ്‌സോ നഗരത്തിന്റെ എല്ലാ കവാടത്തിലും വളരെ വലിയ ഇസ്രായേലി കൊടികള്‍ നാട്ടുകയും അതിലൂടെ ഫലസ്തീനികളോട് ഇത് നിങ്ങളുടെ നഗരമല്ല എന്നു പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും പറയുന്നു. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ചെയ്തതാണിത്. പ്രാദേശിക കൗണ്‍സിലിലെ അറബ് മെമ്പര്‍മാരിലൊരാള്‍ പറയുന്നു: ‘ഗാപ്‌സോയുടെ തന്ത്രങ്ങളെല്ലാം തന്നെ നിലകൊള്ളുന്നത് അറബ് വിരുദ്ധതയിലാണ്. ഞങ്ങള്‍ക്കിവിടെ നാല് പേരാണ് മേയര്‍ സ്ഥാനാര്‍ഥികളായുള്ളത്. ഗാപ്‌സോ ഇതില്‍ ഏറ്റവും പിന്നിലെ ബെഞ്ചിലിരിക്കാന്‍ യോഗ്യതയുള്ളയാളാണ്.’ ഈ വര്‍ഷത്തിലാദ്യം ഗ്പ്‌സോ ഒരു ലഘുലേഖ ഇറക്കിയിരുന്നു. ‘ഇത് നമ്മുടെ നാടിനെ രക്ഷിക്കാനുള്ള സമയമാണ്. വൈദേശികമായ എല്ലാ സ്വഭാവങ്ങളെയും എതിര്‍ക്കുക’ ഇതായിരുന്നു അതിലെ വാചകങ്ങള്‍. മസ്ജിദുകളോ ചര്‍ച്ചുകളോ എന്തിന് അറബി ഭാഷാ സ്‌കൂള്‍ നിര്‍മ്മിക്കാന്‍ വരെ അയാള്‍ അനുമതി നിഷേധിച്ചു. 2000 ഫലസ്തീനികള്‍ ജീവിക്കുന്ന നഗരമാണിതെന്നോര്‍ക്കണം. ഹാരറ്റസ് പത്രത്തില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വിമര്‍ശിക്കുന്നവര്‍ക്ക് എഴുതിയ മറുപടി ലേഖനത്തില്‍ ഗാപ്‌സോ പറയുന്നു: ‘ ഞാനൊരു വംശീയവാദിയാണെന്ന് നിങ്ങള്‍ വാദിക്കുന്നുവെങ്കില്‍ ഇസ്രായേല്‍ തീര്‍ച്ചയായും ഒരു വംശീയ രാജ്യമാണ്.’ മറ്റൊരു അഭിമുഖത്തില്‍ അയാള്‍ പറയുന്നു: ഇസ്രായേലിലെ 95 ശതമാനം മേയര്‍മാരും ഇതേ മനസ്സുള്ളവരാണ്. പക്ഷെ അവര്‍ തുറന്നു പറയാന്‍ മടിക്കുകയാണ്.
വിവ: അത്തീഖുറഹ്മാന്‍
അവലംബം : അല്‍ജസീറ

Related Articles