Current Date

Search
Close this search box.
Search
Close this search box.

ലോക മുസ്‌ലിംകള്‍ ഖുദ്‌സ് സന്ദര്‍ശിക്കുന്നതിന്റെ നേട്ടം ആര്‍ക്ക്?

Aqsa-masjid.jpg

 

ലോക മുസ്‌ലിംകളെല്ലാം ഖുദ്‌സ് സന്ദര്‍ശിച്ച് അതിന്റെ ഇസ്‌ലാമിക അസ്ഥിത്വം ശക്തിപ്പെടുത്തണമെന്ന ഒ.ഐ.സി ജനറല്‍ സെക്രട്ടറി ഇയാദ് മദനിയുടെ ആഹ്വാനം മുസ്‌ലിം ലോകത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇസ്രയേല്‍ അധിനിവേശത്തിന് കീഴിയില്‍ നിലകൊള്ളുന്ന ഖുദ്‌സ് ഫലസ്തീനികളല്ലാത്തവര്‍ സന്ദര്‍ശിക്കുന്നത് നിഷിദ്ധമാണെന്ന് വരെ ഫലസ്തീനിലെ മുസ്‌ലിം പണ്ഡിതവേദി ഫത്‌വ നല്‍കിയിട്ടുള്ളതാണ്. ലോകമുസ്‌ലിം പണ്ഡിതവേദിയുടെ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയെ പോലുള്ളവരും ഇതേ നിലപാട് തന്നെയാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഇസ്രയേല്‍ അധിനിവേശകരില്‍ നിന്ന് വിസ സ്വീകരിച്ച് ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും സന്ദര്‍ശിക്കുന്നതിലൂടെ അവക്ക് മേല്‍ ഇസ്രയേലിന് അവകാശം വകവെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

ലോക മുസ്‌ലിംകള്‍ ഖുദ്‌സ് സന്ദര്‍ശിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവര്‍ വാദിക്കുന്നത് അത് ഫലസ്തീന്‍ വിഷയത്തിന് കൂടുതല്‍ ശക്തിപകരുമെന്നാണ്. എന്നാല്‍ ഏത് തരത്തിലാണ് ഫലസ്തീന്‍ വിഷയത്തിന് ശക്തിപകരുക? അത് ഫലസ്തീന്‍ വിഷയത്തെ രാഷ്ട്രീയമായോ സാമ്പത്തികമായോ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നത് വിഢ്ഢിത്തമാണ്. ഖുദ്‌സില്‍ മസ്ജിദുല്‍ അഖ്‌സയുടെ അയല്‍വാസികളായി കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രയേല്‍ പ്രവേശനം വിലക്കുന്നു. രാവും പകലും മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഇസ്രയേല്‍ അധിനിവേശകര്‍ നിഷേധിക്കുന്ന അവകാശം പുറത്തു നിന്നുള്ളവര്‍ക്ക് അനുവദിക്കപെടുമ്പോള്‍ എത്രത്തോളം മാനസിക പ്രയാസം അവര്‍ക്കത് സമ്മാനിക്കും! മാത്രമല്ല ഓരോ വര്‍ഷവും നൂറുകണക്കിന് ഖുദ്‌സ് നിവാസികളെ അവരുടെ വീടുകള്‍ തകര്‍ത്ത് ആട്ടിയോടിച്ചു കൊണ്ടിരിക്കുകയാണ് അധിനിവേശക്കാര്‍ ചെയ്യുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഇസ്രയേലിന്റെ തണല്‍ പറ്റി ഖുദ്‌സ് സന്ദര്‍ശിക്കുന്ന മുസ്‌ലിംകള്‍ എന്ത് പിന്തുണയാണ് ഫലസ്തീനികളുടെ പോരാട്ടത്തിന് നല്‍കുന്നത്?

 

ലോക മുസ്‌ലിംകള്‍ നടത്തുന്ന ഖുദ്‌സ് സന്ദര്‍ശനം അധിനിവേശ ശക്തികള്‍ രാഷ്ട്രീയമായും നയതന്ത്ര മേഖലയിലും കാര്യമായി ഉപയോഗപ്പെടുത്തുമെന്നതിലും സംശയം വേണ്ട. എന്തിനാണ് മുസ്‌ലിംകള്‍ ഖുദ്‌സിന് വേണ്ടി മുറവിളി കൂട്ടുന്നത്? അവരുടെ സന്ദര്‍ശനം ഞങ്ങള്‍ തടയുന്നില്ലല്ലോ എന്ന് അവര്‍ ലോകത്തോട് വിളിച്ചു പറയും. അതിന്റെ മറപിടിച്ച് വിട്ടുവീഴ്ച്ചയുടെയും സമാധാനത്തിന്റെയും വക്താക്കളായി അവര്‍ക്ക് വേഷം കെട്ടാം. മാത്രമല്ല നിലവില്‍ അറബ് – ഇസ്‌ലാമിക സമൂഹങ്ങള്‍ക്കും ഇസ്രയേലിനും ഇടയിലുള്ള അകല്‍ച്ച ഇല്ലാതാക്കുന്നതിനുമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ പ്രയോജനപ്പെടുക.

Related Articles