Current Date

Search
Close this search box.
Search
Close this search box.

ലോകനേതൃസ്ഥാനം : അമേരിക്കക്ക് ആശങ്ക!

ഗ്വാണ്ടനാമോ, ഇറാഖ്, അമേരിക്കയുടെ വിദേശ നയത്തില്‍ പ്രകടമാകുന്ന ഉള്‍വലിയല്‍ സമീപനം തുടങ്ങിയ വിഷയങ്ങള്‍ അമേരിക്കയിലെ പ്രമുഖ പത്രങ്ങള്‍ ഗൗരവമായ വിശകലനത്തിന് വിധേയമാക്കുകയുണ്ടായി. മനുഷ്യാവകാശ സംരക്ഷണത്തില്‍ അമേരിക്കക്കുണ്ടായിരുന്ന കീര്‍ത്തി ഗ്വാണ്ടനാമോ തടവറയിലൂടെ കളങ്കപ്പെട്ടതായും പത്രം വിലയിരുത്തി.

മുന്‍ പ്രധാനമന്ത്രി ജോര്‍ജ് ബുഷ് പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി ടെക്‌സാസില്‍ തുറന്ന ജോര്‍ജ് ഡബ്ല്യൂ ബുഷ് ലൈബ്രറി & മ്യൂസിയത്തെ കുറിച്ച് ന്യൂയോര്‍ക് ടൈംസ് എഡിറ്റോറിയല്‍ എഴുതുകയുണ്ടായി. ടെക്‌സാസിന് സമീപത്ത് തന്നെയുള്ള വാടക ഭൂമിയില്‍ ജോര്‍ജ് ബുഷിന്റെ ഭരണ മികവിനെയും സത്യസന്ധമായ നിലപാടുകളെയും പ്രതിനിധീകരിക്കുന്ന മറ്റൊരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്. അത് സെപ്തംബര്‍ 11 സംഭവത്തിന് ശേഷം ജോര്‍ജ് ബുഷ് പിടികൂടിയ നൂറ് കണക്കിന് നിരപരാധികളുടെ ആസ്ഥാനമാണെന്നും യാതൊരു കുറ്റവും തെളിയിക്കപ്പെടാതെ അവിടെ അവര്‍ നരകീയ ജീവിതം നയിക്കുകയാണെന്നും പത്രം പരിഹാസപൂര്‍വം എഴുതി. ഭരണത്തിലേറിയാല്‍ ഗോണ്ടാനോമാ അടച്ചുപൂട്ടുമെന്ന വാഗ്ദാനം നിറവേറ്റുന്നതില്‍ പ്രസിഡണ്ട് ഒബാമ പരാജയപ്പെട്ടതായും പത്രം വിലയിരുത്തുന്നു.

ഇറാഖിലെ അമേരിക്കന്‍ സുരക്ഷ സേനയുടെ ഭാഗത്തു നിന്ന് വീഴ്ചകള്‍ സംഭവിച്ചതായി ഇറാഖ് പ്രധാനമന്ത്രി നൂരി മാലികിയുടെ പ്രസ്താവനയായിരുന്നു രണ്ടാമത്തെ വിഷയം. ഇറാഖിലെ അമേരിക്കന്‍ സുരക്ഷാ സേനയുടെ നടപടികളില്‍ വന്ന വീഴ്ചകളെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ പരസ്യമായി  സമ്മതിച്ചിരുന്നു. വിഭാഗീയ സംഘട്ടനത്തെ കുറിച്ച ജാഗ്രത പുലര്‍ത്തണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനവും അമേരിക്കന്‍ നടപടികളുടെ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെട്ടത്. പ്രവിശ്യകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാലികിയുടെ പാര്‍ട്ടിക്ക് നേരിടേണ്ടി വരുന്ന പരാജയത്തെ കുറിച്ചും പത്രം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. നിലവിലെ ഇറാഖ് ഭരണകര്‍ത്താക്കള്‍ക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങള്‍ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഭരണകൂടത്തിന്റെ പരാജയത്തിലേക്ക് സൂചന നല്‍കുന്നതായിരുന്നു.

നിരന്തര യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും മുന്‍നിര്‍ത്തി വിദേശ ഇടപെടലുകളില്‍ നിന്ന് ഉള്‍വലിയല്‍ സമീപനം സ്വീകരിച്ച അമേരിക്കയുടെ നടപടിയെ വാഷിംങ്ടണ്‍ പോസ്റ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് ജോസഫ് ലിബര്‍മാനും റിപ്പബ്ലിക് പാര്‍ട്ടിയുടെ നേതാവ് ജോണ്‍ കീലും വിമര്‍ശന വിധേയമാക്കുകയുണ്ടായി. ഇതിന് പ്രത്യക്ഷമായ ചില ഫലങ്ങള്‍ പ്രകടമാകുമെങ്കിലും ഈ പിന്നോട്ടടിക്കല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഒന്നാം ലോക യുദ്ദം, രണ്ടാം ലോക യുദ്ധം, കൊറിയന്‍ യുദ്ദം, പേള്‍ ഹാര്‍ബര്‍ ആക്രമണം എന്നിവയെ തുടര്‍ന്ന് വിദേശ നയത്തില്‍ അമേരിക്ക സ്വീകരിച്ച ഇത്തരം പിന്നോട്ടടിക്കല്‍ നയം ലോകത്ത് ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ വലിയ പരാജയം ഉണ്ടാക്കിയിട്ടുണ്ടെന്ന് അവര്‍ വിവരിക്കുകയുണ്ടായി. ലോക നേതൃസ്ഥാനത്ത് നിന്ന് അമേരിക്കയുടെ റോള്‍ ഇത്തരം പ്രതിലോമകരമായ സമീപനങ്ങളിലൂടെ നഷ്ടപ്പെടുകയായിരിക്കും ആത്യന്തിക ഫലമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
അവലംബം : Al Jazeera

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles