Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പിലെ സ്ത്രീ; വിവാദങ്ങളും പ്രതീക്ഷകളും

HG.jpg

റഷ്യയിലെ ലോകകപ്പിലെ സ്ത്രീ സുരക്ഷയും സ്ത്രീ സ്വാതന്ത്ര്യവും ചര്‍ച്ചക്കെടുത്താല്‍ നിരവധി പ്രതീക്ഷകളും വിവാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. സ്ത്രീകള്‍ വിവിധ മേഖലകളില്‍ ആദ്യമായി സാന്നിധ്യം അറിയിച്ച ആദ്യ ലോകകപ്പെന്ന വിശേഷണം റഷ്യ സ്വന്തമാക്കിയപ്പോള്‍ സ്ത്രീസുരക്ഷക്ക് അപവാദമായി നിരവധി സംഭവങ്ങളും റഷ്യയില്‍ അരങ്ങേറി.

കമന്ററിയില്‍ ചരിത്രം സൃഷ്ടിച്ചവര്‍

ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് വിക്കി സ്പാര്‍ക്‌സും ജര്‍മന്‍ ഫുട്‌ബോള്‍ കമാന്‍ഡര്‍ ക്ലോഡിയ ന്യൂമാനുമാണ് റഷ്യയില്‍ ചരിത്രം സൃഷ്ടിച്ചത്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണങ്ങളുടെ കമന്ററി നിര്‍വഹിച്ച ആദ്യ വനിതകള്‍ എന്ന വിശേഷണം ഇവര്‍ സ്വന്തമാക്കി ചരിത്രം രചിക്കുകയായിരുന്നു.

gbfjk

മാത്രമല്ല നൂറുകണക്കിന് സ്ത്രീകളാണ് ലോകകപ്പ് വിശേഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി റഷ്യയിലേക്കെത്തിയത്. ടെലിവിഷന്‍,പത്രം,ഓണ്‍ലൈന്‍,റേഡിയോ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ ലോകകപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി മുന്നണിയിലും പിന്നണിയിലും ധാരാളം സ്ത്രീകള്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ടിങ്ങിന് പുറമെ ലോകകപ്പുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും നിരവധി സ്ത്രീകളുടെ സാന്നിധ്യം റഷ്യയില്‍ കാണാമായിരുന്നു.

hjtk

ലൈംഗീക ചൂഷണങ്ങള്‍

എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് കല്ലുകടിയാകുന്ന നിരവധി സംഭവങ്ങളും ഇവിടെ അരങ്ങേറി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇവിടെയും യാതൊരു കുറവുമുണ്ടായിരുന്നില്ല.

വനിതാ റിപ്പോര്‍ട്ടര്‍മാര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. ലൈവ് റിപ്പോട്ടിങ്ങിനിടയില്‍ പുരുഷന്മാര്‍ വന്ന് പരസ്യമായി ചുംബിച്ചതും അപമര്യാദയായി പെരുമാറിയതും വിവാദമുണ്ടാക്കി. ഇതിന്റെ വീഡിയോകളും ഫോട്ടോകളും അന്താരാഷ്ട്ര മാധ്യമങ്ങളിലും  സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചയായി. മോസ്‌കോയില്‍ നിന്നും ലൈവ്് റിപ്പോര്‍ട്ടിങ്ങിലേര്‍പ്പെട്ട കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തക ജൂലിയറ്റ് ഗോണ്‍സാലസ്, ബ്രസീലിയന്‍ റിപ്പോര്‍ട്ടര്‍ ജൂലിയ ഗുമാറസ് എന്നിവര്‍ക്കാണ് ദുരനുഭവുണ്ടായത്.

പുരുഷന്മാരുടെ ലോകകപ്പോ ?

ഫുട്‌ബോള്‍ എന്നത് ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷ കേന്ദ്രീകൃതമാണെന്നാണ് ആന്റി ഡിസ്‌ക്രിമിനേഷന്‍ ബോഡി ഫെയര്‍ നെറ്റ്‌വര്‍ക്ക് എന്ന സംഘടന ചൂണ്ടിക്കാട്ടിയത്. ലോകകപ്പിന്റെ സംഘാടനവുമായി ബന്ധപ്പെട്ട നേതൃത്വങ്ങളിലും സ്റ്റേഡിയങ്ങളില്‍ വനികള്‍ക്കുള്ള ടോയ്‌ലറ്റുകളുടെ എണ്ണവും പരിശോധിച്ചാല്‍ ഈ വിവേചനം വ്യക്തമാകും. ടി.വി പരസ്യങ്ങളിലൂടെ മറ്റുള്ളവരെ ആകര്‍ഷിപ്പിക്കാനും സ്ത്രീകളെ അലങ്കാരമാക്കാനും മാത്രമാണ് ലോകകപ്പില്‍ ഉപയോഗിക്കുന്നത്.

വനിതാ ഫുട്‌ബോള്‍ ആരാധകര്‍ക്കു നേരെയുമുണ്ടായി ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങളും ക്രൂരതകളും. സ്ത്രീകളെ പുരുഷന്മാര്‍ ചേര്‍ന്ന് ബലമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത വാര്‍ത്തകളും പുറത്തു വന്നു. സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്കു നേരെ അശ്ലീല ആംഗ്യങ്ങളും സംസാരവും തെറിവിളികളുമുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവര്‍ വിവിധ ഭാഷകളിലാണ് വൃത്തിക്കെട്ട കമന്റുകളുമായി ശല്യപ്പെടുത്തിയത്. സ്‌റ്റേഡിയത്തിലെ സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല ഫോട്ടോകളായും ചില വാര്‍ത്താ ഏജന്‍സികള്‍ പ്രചരിപ്പിച്ചിരുന്നു.

മത്സര അവലോകനത്തിലും സ്ത്രീകള്‍

യു.എസില്‍ ആദ്യമായി ലോകകപ്പ് മത്സരം അവലോകനം നടത്താന്‍ സ്ത്രീകളെ ഉപയോഗപ്പെടുത്തി. ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഇവരെ ശ്ലാഘിച്ചപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി രംഗത്തു വന്നു. പുരുഷന്മാര്‍ കളിക്കുന്ന ഫുട്‌ബോള്‍ എന്തിനാണ് സ്ത്രീകള്‍ അവലോകനം ചെയ്യുന്നതെന്നും അവരുടെ ശബ്ദം ശരിയല്ലെന്നും പറഞ്ഞായിരുന്നു വിമര്‍ശനം.

അര്‍ജന്റീനയും വെട്ടിലായി

ലോകകപ്പ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ ട്രാവല്‍ ഗൈഡില്‍ ‘റഷ്യയിലെ സ്ത്രീകളെ എങ്ങനെ വശീകരിക്കാം’ എന്ന തലക്കെട്ട് ഏറെ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ മാന്വലില്‍ നിന്നും അസോസിയേഷന്‍ പിന്നീട് ഇത് നീക്കം ചെയ്യുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തെറ്റായി അച്ചടിച്ചതാണെന്നാണ് പിന്നീട് അസോസിയേഷന്‍ അറിയിച്ചത്.

ഇറാന്റെ ലോകകപ്പ്

1979നു ശേഷം ഇറാനില്‍ ആദ്യമായി സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ കാണാനായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിച്ചതും ഈ വര്‍ഷത്തെ ചരിത്രമാണ്. തലസ്ഥാനമായ തെഹ്‌റാനിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ കൂറ്റന്‍ സ്‌ക്രീനില്‍ തങ്ങളുടെ രാജ്യത്തിന്റെ മത്സരം കാണാനാണ് സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത്. സ്‌പെയിനുമായുള്ള മത്സരം കാണാന്‍ ആയിരക്കണക്കിന് സ്ത്രീകളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

fjyk

സ്ത്രീ സുരക്ഷ എന്നും എവിടെയും വിഷയമാണ്. ഗ്രാമങ്ങള്‍,നഗരങ്ങള്‍ എന്നീ വ്യത്യാസമില്ലാതെ എന്നും അതൊരു ചര്‍ച്ചയായി മാറി കൊണ്ടിരിക്കുന്നു. സ്ത്രീ പുരുഷ സമത്വം എന്നത് ഒരു നാടിന്റെ മാത്രം വിഷയമല്ല എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ റഷ്യന്‍ ലോകകപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളും അതാണ് തെളിയിക്കുന്നത്.

മൊഴിമാറ്റം: സഹീര്‍ അഹ്മദ്
അവലംബം: അല്‍ജസീറ

 

Related Articles