Current Date

Search
Close this search box.
Search
Close this search box.

ലിയാഖത് ഷാ സംഭവം ചൂണ്ടിക്കാണിക്കുന്നത്

പാകിസ്താനില്‍ പതിനഞ്ചുവര്‍ഷമായി കഴിഞ്ഞുകൂടിയ ലിയാഖത് ഷാ, ജമ്മുകശ്മീര്‍ സര്‍ക്കാരും പോലിസ് അധികൃതരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കീഴടങ്ങാനായി നീപ്പാള്‍ വഴി ഇന്ത്യയിലേക്കു തിരിച്ചത്. കശ്മീരില്‍നിന്ന് അതിര്‍ത്തി കടന്നു പാകിസ്താനില്‍ പോയി സായുധപരിശീലനം നേടിയ നിരവധി കശ്മീരിയുവാക്കള്‍, പല കാരണങ്ങളാല്‍ അധികൃതര്‍ക്കു കീഴടങ്ങാന്‍ തയ്യാറായിട്ടുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ പൊതുസമൂഹത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനായി ഒരു സമഗ്ര പരിപാടി ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതവും പ്രോല്‍സാഹനവും ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ടുതാനും.

അങ്ങനെ സര്‍ക്കാരിന്റെ സംരക്ഷണയില്‍, കീഴടങ്ങാനായി ഭാര്യയും കുഞ്ഞുമായി ഇന്ത്യയിലേക്കു വന്ന ലിയാഖത് ഷായെയാണു ഭീകരനെന്ന് പറഞ്ഞു ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹോളി ആഘോഷവേളയില്‍ തലസ്ഥാനത്തു ചാവേറാക്രമണം നടത്തി കുഴപ്പമുണ്ടാക്കാനായി പദ്ധതിയിട്ട് നുഴഞ്ഞുകയറിയതാണ് ലിയാഖത്ത് എന്നാണു ഡല്‍ഹി പോലിസ് പത്രസമ്മേളനം വിളിച്ചു കൊട്ടിഘോഷിച്ചത്.

വിഷയം ജമ്മുകശ്മീര്‍ സര്‍ക്കാരിനും അവിടത്തെ പോലിസിനും നാണക്കേടുണ്ടാക്കിയതു സ്വാഭാവികം. മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തില്‍ ഒട്ടും മോശമല്ലാത്ത റിക്കാര്‍ഡുള്ളവരാണ് ജമ്മുകശ്മീരിലെ ഭരണകൂടവും പോലിസ് അധികാരികളും. പക്ഷേ, അവരെപ്പോലും നാണക്കേടിലാക്കുന്നവിധമാണ് ഏറ്റുമുട്ടല്‍വിദഗ്ധരുടെ സ്വന്തം പോലിസ് സേനയായ ഡല്‍ഹി പോലിസ് പെരുമാറിയത്. തര്‍ക്കം രൂക്ഷമായതോടെ എന്താണു ലിയാഖത്ത് ഷാ പ്രശ്‌നത്തിന്റെ യാഥാര്‍ഥ്യമെന്ന് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഡല്‍ഹി പോലിസിന്റെ വിടുവായത്തവും ഗൂഢപദ്ധതികളും അത്തരമൊരു അന്വേഷണത്തില്‍ വെളിവാകുമെന്നാണ് കശ്മീരിലെ അധികാരികള്‍ പ്രതീക്ഷിക്കുന്നത്.

പക്ഷേ, ലിയാഖത്ത് ഷാ സംഭവം തുറന്നുകാട്ടുന്നത്, തീവ്രവാദ ഭീഷണിയും തീവ്രവാദി വേട്ടയും രാജ്യത്തെ പോലിസ്‌വിഭാഗങ്ങള്‍ക്ക് ചക്കരക്കുടംപോലെയുള്ള ഒരു ഏര്‍പ്പാടാണെന്നാണ്. ഭീകരരെ വേട്ടയാടാന്‍ കണക്കറ്റ ധനവും സൗകര്യങ്ങളും അധികാരങ്ങളുമാണ് പോലിസ് സേനയ്ക്കു ലഭിക്കുന്നത്. അതില്‍ മഹാഭൂരിപക്ഷവും കീശയിലാക്കാന്‍ മിടുക്കന്മാരാണ് പോലിസ്‌സേനയുടെ തലപ്പത്തു വിരാജിക്കുന്ന മാന്യന്മാര്‍. ആവശ്യത്തിനു ‘ഭീകരര്‍’ ലഭ്യമല്ലാതെ വന്നാല്‍ വഴിയെ പോവുന്ന പാവങ്ങളെ പിടിച്ചു വെടിവച്ചുകൊന്ന്, കൈയിലൊരു തോക്കും ഗ്രനേഡും തിരുകി അല്‍പ്പം വിപ്ലവസാഹിത്യമോ അറബിവചനങ്ങളോ ഉള്ള കടലാസ് ചുറ്റിലും വിതറി പ്രമാദമായ ഭീകരവേട്ടകള്‍ അരങ്ങേറുന്ന നാടകങ്ങളും അവര്‍ക്കിടയില്‍ പതിവാണ്. ഇത്തരം തിരക്കഥകളും നാലാംകിട നാടകങ്ങളും യാതൊരു ചോദ്യവും കൂടാതെ വിഴുങ്ങിവന്നവരാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍. അങ്ങനെയാണ് രാജ്യത്തിന്റെ നാനാഭാഗത്തും ഭീകരവേട്ടയുടെ യക്ഷിക്കഥകള്‍ പതിവായത്. ആയിരക്കണക്കിനു യുവാക്കളുടെ ജീവനാണ് ഇങ്ങനെ വ്യാജ ഏറ്റുമുട്ടലുകളില്‍ പൊലിഞ്ഞുപോയത്.  

അതിനാല്‍ ലിയാഖത് ഷായുടെ കാര്യം അന്വേഷിക്കുന്നപോലെ തന്നെ, രാജ്യമെങ്ങുമുള്ള ഭീകരവേട്ടയ്ക്കു പിന്നിലെ യഥാര്‍ഥ വസ്തുതകളും അന്വേഷണവിധേയമാക്കേണ്ടിയിരിക്കുന്നു. യഥാര്‍ഥ ഭീകരന്മാര്‍ മറഞ്ഞിരിക്കുന്നത് എവിടെയാണ് എന്ന് അപ്പോള്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

(കടപ്പാട്: തേജസ്)

Related Articles