Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍ സൗദിയോട് ക്ഷമാപണം നടത്തുന്നതെന്തിന്?

hizbulla-saudi.jpg

സൗദിയുടെ നേതൃത്വത്തില്‍ നാല് രാജ്യങ്ങള്‍ ലബനാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അവിടേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നു. അവിടെയുള്ളവരോട് എത്രയും വേഗം നാട്ടിലേക്ക് തിരിക്കാന്‍ ആവശ്യപ്പെടുന്നു. ഇറാനെ അപലപിച്ചു കൊണ്ടുള്ള അറബ് പ്രധാനമന്ത്രിമാരുടെ പ്രമേയത്തോട് ലബനാന്‍ ഭരണകൂടം ‘നിഷ്പക്ഷത’ കാണിച്ചതിനുള്ള ശിക്ഷയായിട്ടാണിത്. അറബ് രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകളെ അപലപിച്ചു കൊണ്ടുള്ള പ്രമേയത്തില്‍ നിന്ന് ലബനാന്‍ വിട്ടുന്നത് രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ പരിഗണിച്ചാണ്.

സൗദി ലബനാനിലെ തങ്ങളുടെ സഖ്യകക്ഷിക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അവിടത്തെ സൈന്യത്തെയും സുരക്ഷാ വിഭാഗങ്ങളെയും ഫ്രഞ്ച് ആയുധങ്ങളാല്‍ ആയുധവല്‍കരിക്കുന്നതിന് സൗദി ലബനാനിന് നാല് ബില്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനവും ചെയ്തിരുന്നു. എന്നാല്‍ അതിന് പകരമായി ആവശ്യപ്പെട്ടത് അവിടത്തെ ഭരണകൂടവും മുഴുവന്‍ കക്ഷികളും തങ്ങളുടെ അന്തസ്സും പരമാധികാരവും ഒരുവശത്തേക്ക് മാറ്റിവെക്കണമെന്നായിരുന്നു. എന്നിട്ട് സൗദി എന്താണോ പറയുന്നത് അതനുസരിച്ചായിരിക്കണം അവര്‍ നീങ്ങേണ്ടത്. ഇറാനും ഹിസ്ബുല്ലയും അടക്കമുള്ള സൗദിയുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കണം. അതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളോ രാജ്യം അനുഭവിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളോ സാമൂഹ്യഘടനയിലുണ്ടാകുന്ന വിള്ളലുകളോ ഒന്നും പരിഗണക്കേണ്ടതില്ല.

രാഷ്ട്രീയ രംഗത്തും മത മേഖലയിലുമുള്ള (അധികവും സുന്നികള്‍) നിരവധി ലബനാന്‍ വ്യക്തിത്വങ്ങള്‍ ‘ക്ഷമാപണം’ നടത്തി കൊണ്ട് ബൈറൂത്തിലെ സൗദി എംബസ്സിയിലേക്ക് ‘തീര്‍ഥാടനം’ ചെയ്തതിന്റെ രംഗങ്ങള്‍ വേദനയുണ്ടാക്കുന്ന കാഴ്ച്ചയായിരുന്നു. പൊതുവിഷയങ്ങളില്‍ അറബികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രധാന്യം പറഞ്ഞ് ലബനാന്‍ മന്ത്രിസഭ പ്രസ്താവനയിറക്കി. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സൗദി ലബനാനിന് നല്‍കിയ സാമ്പത്തിക രാഷ്ട്രീയ സഹായങ്ങളെ ഒരിക്കലും മറക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് അതില്‍ പറഞ്ഞത്. ക്ഷമാപണം നടത്തുന്നതിനും തെറ്റിധാരണകള്‍ നീക്കുന്നതിനും സൗദിയില്‍ നിന്നാരംഭിക്കുന്ന ഗള്‍ഫ് പര്യടനത്തെ കുറിച്ച് ലബനാന്‍ പ്രധാനമന്ത്രി തമാം സലാം പ്രഖ്യാപനവും നടത്തി. എന്നാല്‍ ഈ ക്ഷമാപണങ്ങളൊന്നും തന്നെ സൗദി സ്വീകരിച്ചില്ല. ലബനാന്‍ മന്ത്രിസഭയുടെ പ്രസ്താവനയെ പരിഹസിച്ച് തള്ളുകാണ് സൗദി ചെയ്തത്. ഒരൊറ്റ ഡോളര്‍ പോലും അവിടേക്ക് അയക്കേണ്ടതില്ലെന്ന നിലപാടില്‍ സൗദി ഉറച്ചു നിന്നു. ലബനാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള അപേക്ഷക്ക് പോലും മറുപടി നല്‍കാതെ ആ എഴുത്തിനെ പോലും നിന്ദിക്കുകയും ചെയ്തു.

ലബനാന്‍ പ്രധാനമന്ത്രിയില്‍ നിന്നും അവിടത്തെ രാഷ്ട്രീയ പ്രമുഖരില്‍ നിന്നും സൗദി നേതൃത്വം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് നമുക്കറിയില്ല. ലബനാന്‍ പ്രധാനമന്ത്രി ബൈറൂത്തില്‍ നിന്നും കാല്‍മുട്ടിലിഴഞ്ഞ് റിയാദിലെത്തി ക്ഷമാപണം നടത്തുന്നതാണോ അവര്‍ പ്രതീക്ഷിക്കുന്നത്? എന്നാല്‍ തന്നെ അവരുടെ വിദേശകാര്യ മന്ത്രി ചെയ്ത ‘മഹാഅപരാധം’ പൊറുത്തു കൊടുക്കുമെന്ന് ഉറപ്പു പറയാനാവില്ല.

ഈ നാളുകളിലെ സൗദിയുടെ രാഷ്ട്രീയം നയങ്ങള്‍ മനസ്സിലാക്കല്‍ കുറച്ച് പ്രയാസകരമായിരിക്കുകയാണ്. അസ്വസ്ഥപ്പെടുത്തും വിധമാണ് അവരുടെ മിത്രങ്ങളുടെ എണ്ണം കുറയുന്നത്. അതേ സമയം ശത്രുക്കളുടെയും വിയോജിക്കുന്നവരുടെയും എണ്ണം കൂടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ അവരുടെ കൈയ്യിലെ പ്രധാന ആയുധമായ ‘പണം’ ഇല്ലാതായി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ധന വിലയിടിവും അവരേര്‍പ്പിട്ടിരിക്കുന്ന രണ്ട് യുദ്ധങ്ങളും അതില്‍ മുഖ്യപങ്കുവഹിക്കുന്നു.

ലബനാന്‍ ആവശ്യപ്പെട്ടിട്ടല്ല സൗദി സഹായം വാഗ്ദാനം ചെയ്തത്. ഇസ്രയേല്‍ ആക്രമണത്തെ നേരിടുക എന്നത് ആദര്‍ശമായി സ്വീകരിച്ച, കക്ഷിഭേദമന്യേ മുഴുവന്‍ ലബനാനികളുടെയും സൈന്യമായി കരുതപ്പെടുന്ന അവിടത്തെ സൈന്യത്തെ സഹായിക്കാന്‍ സൗദി സ്വയം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. സൗദി ഈ സഹായം വേണ്ടെന്ന് വെച്ചാല്‍ ആ സൈന്യത്തിന്റെ ആയുധങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് നടക്കാതിരിക്കുക. അതിന്റെ ഏറ്റവും വലിയ ഗുണം അനുഭവിക്കുക ഇസ്രയേലായിരിക്കും. മുന്‍ഗണനാ ക്രമത്തില്‍ സൗദി പ്രഥമ പരിഗണന നല്‍കുന്ന ‘ഭീകരത’യെ നേരിടുന്നതിലുള്ള അവരുടെ ശേഷി അത് കുറക്കുകയും ചെയ്യും.

സൗദി ‘ഹിസ്ബുല്ല’യെ വെറുക്കുന്നു. സദ്ദാം ഹുസൈന്റെ ഭരണത്തെയും ബഅഥ് പാര്‍ട്ടിയെും അമേരിക്കയുടെ ഇറാഖ് അധിനിവേശം ഇല്ലാതാക്കിയ പോലെ 2006ലെ ഇസ്രയേല്‍ ആക്രമണം ഹിസ്ബുല്ലയുടെ കഥകഴിയുമെന്ന് പ്രതീക്ഷ വെക്കുകയും ചെയ്തു. യമനിലെ ഹൂഥി-സാലിഹ് സഖ്യത്തെ അപ്രകാരം ഇല്ലാതാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നാല്‍ അത്യാധുനിക യുദ്ധ വിമാനങ്ങളും ടാങ്കുകളും ഉപയോഗിച്ച് ഇസ്രയേല്‍ 31 ദിവസം ആക്രമണം നടത്തിയിട്ടും ആ ലക്ഷ്യം നേടുന്നതില്‍ ഇസ്രയേല്‍ വിജയിച്ചില്ല. പ്രദേശത്തെ വന്‍ ശക്തിയായ ഇസ്രയേലിനെ കൊണ്ട് സാധിക്കാത്തത് ലബനാന്‍ സൈന്യത്തെ കൊണ്ട് സാധിക്കുമെന്നാണോ സൗദി കരുതുന്നത്?

ലബനാന്‍ എന്ന ദുര്‍ബല രാഷ്ട്രത്തിലെ ഏറ്റവും വലിയ ശക്തി തന്നെയാണ് ‘ഹിസ്ബുല്ല’. പല വലുപ്പത്തിലും ഭാരത്തിലും ശേഷിയിലുമുള്ള ലക്ഷത്തിലേറെ മിസൈലുകള്‍ അവരുടെ പക്കലുണ്ട്. കക്ഷികളുടെ അനുരഞ്ജനത്തിലും സന്തുലിതത്വം പാലിച്ചുമാണ് ലബനാനിലെ ഭരണകൂടം നിലകൊള്ളുന്നത്. അവിടത്തെ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ഉടമ്പടിയുണ്ടാക്കിയതും സൗദി മണ്ണില്‍ വെച്ച് അവരുടെ മധ്യസ്ഥതയിലായിരുന്നു. അഥവാ ഹിസ്ബുല്ലയുടെ ശക്തി രഹസ്യമല്ലെന്നര്‍ഥം. അവര്‍ ഇത്രത്തോളം ശക്തിപ്പെട്ടതിന്റെ ഉത്തരവാദിത്വം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ സൗദിക്ക് മാത്രമാണത്. അമേരിക്കന്‍ പ്രേരണക്കനുസരിച്ച് സുന്നികളായ ഫലസ്തീന്‍ സൈനികരെ ലബനാനില്‍ നിന്ന് പുറത്താക്കിയതിന് മധ്യസ്ഥത വഹിച്ചത് അവരായിരുന്നു. ഹിസ്ബുല്ലക്കും ഇറാനോടും സിറിയയോടും കൂറുപുലര്‍ത്തുന്ന മറ്റ് സായുധ ഗ്രൂപ്പുകള്‍ക്കും കളം പൂര്‍ണമായി തുറന്നു കൊടുക്കുകയും ചെയ്തു.

ഹിസ്ബുല്ല ഇറാന്റെ സഖ്യമാണെന്നതാണ് രണ്ടാമത്തെ കാര്യം. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ല തന്നെ പല സന്ദര്‍ഭങ്ങളിലും അത് വ്യക്തമാക്കിയിട്ടുള്ളതാണ്. ലബനാനിലെ തങ്ങളുടെ സഖ്യകക്ഷിയോട് തെരുവിലിറങ്ങാനാണ് സൗദി പ്രേരിപ്പിക്കുന്നത്. ചില അറബ് എഴുത്തുകാര്‍ ആവശ്യപ്പെടുന്നത് പ്രധാനമന്ത്രി സലാം രാജി വെക്കുകയെങ്കിലും ചെയ്യണമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഗുണം ഹിസ്ബുല്ലക്കും ഇറാനുമായിരിക്കും. ലബനാന്‍ കുഴപ്പങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കും ഒരുപക്ഷേ ആഭ്യന്തര യുദ്ധത്തിലേക്ക് വരെ എത്താനത് കാരണമായേക്കും.

ഇതേ സൗദി ഭരണകൂടം തന്നെ അല്‍അഹ്‌സായിലെ ശിയാക്കളോട് അടുപ്പം കാണിക്കുന്നു. അവിടത്തെ മസ്ജിദില്‍ ഐഎസ് സ്‌ഫോടനം നടത്തിയപ്പോള്‍ കിരീടാവകാശി നേരിട്ട് ചെന്ന് അനുശോചനം അറിയിക്കുക വരെ ചെയ്തു. അതില്‍ കൊല്ലപ്പെട്ടവരെ അദ്ദേഹം രക്തസാക്ഷികളെന്നായിരുന്നു വിശേഷിപ്പിച്ചത്. ലബനാനില്‍ ഹിസ്ബുല്ലയുമായി അനുരഞ്ജനത്തിലേര്‍പ്പെട്ടിരിക്കുന്ന സുന്നികള്‍ അവര്‍ക്കെതിരെ യുദ്ധത്തിനിറങ്ങണമെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? തെഹ്‌റാനിലെ സൗദി എംബസി അഗ്നിക്കിരയാക്കിയപ്പോള്‍ ലബനാന്റെ അപലപിക്കല്‍ വേണ്ടത്ര മതിയായില്ല എന്നതാണോ ന്യായം?

സൗദിയോടുള്ള ഹിസ്ബുല്ലയുടെ നിലപാട് മോശമാണെന്ന് നിങ്ങള്‍ പറയും. അത് ശരിയുമാണ്. എന്നാല്‍ അവരോട് മോശമായി പെരുമാറുന്നതില്‍ സൗദി വല്ല കുറവും വരുത്തിയിട്ടുണ്ടോ? ഹിസ്ബുശ്ശൈത്താന്‍ (പിശാചിന്റെ പാര്‍ട്ടി), ഹാലിശ് (ഐ.എസ് അറിയപ്പെടുന്ന ദാഇശ് നോട് ഉപമിച്ച് ഹിസ്ബുല്ലക്ക് നല്‍കി പേര്), ഹിസ്ബുല്ലാത്ത (ലാത്തയുടെ പാര്‍ട്ടി), മജൂസികള്‍, മുത്അയുടെ മക്കള്‍ (മുത്അ വിവാഹം) തുടങ്ങിയ നിന്ദ്യമായ വിശേഷണങ്ങള്‍ അവര്‍ക്ക് ചാര്‍ത്തി നല്‍കിയത് വിശുദ്ധ കഅ്ബയുടെ നാട്ടുകാരായ ഏകദൈവ വിശ്വാസികള്‍ അല്ലേ?

ലബനാന്‍ വിദേശകാര്യ മന്ത്രി ജിബ്‌റാന്‍ ബാസില്‍ സൗദി ഭരണകൂടത്തിന്റെ മന്ത്രിയല്ലെന്ന് സൗദി മനസ്സിലാക്കണം. അതുകൊണ്ട് തന്നെ വിഭാഗീയ സന്തുലിതത്വവും രാഷ്ട്രീയനയങ്ങളും മാനിച്ചേ അദ്ദേഹത്തി മുന്നോട്ടു പോകാന്‍ സാധിക്കൂ. പ്രധാനമന്ത്രി തമാം സലാമിന്റെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത്. അതിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ അവരോട് ആവശ്യപ്പെടുന്നത് നയതന്ത്രപരവും ധാര്‍മികവുമായ വീഴ്ച്ചയാണ്. സൗദിയുടെ ഇത്തരം നയങ്ങള്‍ ഹിസ്ബുല്ലയുടെയും ഇറാന്റെ സ്വാധീനം വര്‍ധിപ്പിക്കാനാണ് ഉപകരിക്കുക. തീര്‍ത്തും വിരുദ്ധമായ ഫലങ്ങളാണ് അതുണ്ടാക്കുക.

സൗദിക്ക് തങ്ങളുദ്ദേശിക്കുന്നവര്‍ക്ക് പണം കൊടുക്കാനും കൊടുക്കാതിരിക്കാനുമുള്ള അവകാശമുണ്ടെന്നതില്‍ തര്‍ക്കമില്ല. അതുപോലെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്ന നടപടികളും സ്വീകരിക്കാം. എന്നാല്‍ അത് പ്രകടിപ്പിക്കുന്നതിന് ഇത്രയൊന്നും പ്രകോപനപരമല്ലാത്ത എത്രയോ വഴികളുണ്ട്. സൗദിക്ക് വേണമെങ്കില്‍ അറിയിപ്പൊന്നും ഇല്ലാതെ ഈ സഹായം നല്‍കുന്നത് വര്‍ഷങ്ങള്‍ നീട്ടിവെക്കാമായിരുന്നു. പെട്രോളിയത്തിന്റെ വിലയിലുണ്ടായ 70 ശതമാനം ഇടിവും, അവര്‍ ഇടപെടുന്ന യുദ്ധങ്ങളും അതിന് മതിയായ ന്യായവുമായിരുന്നു. എന്നാല്‍ ശാന്തവും ബുദ്ധിപരവുമായ നയതന്ത്രത്തില്‍ സൗദി വിശ്വസിക്കുന്നില്ലെന്നാണ് പ്രകടമാവുന്നത്. മിത്രങ്ങളെ ഉണ്ടാക്കിയെടുക്കുന്നതിനും ശത്രുക്കളെ കുറക്കുന്നതിനും വലിയ പ്രാധാന്യമൊന്നും അവര്‍ കല്‍പിക്കുന്നില്ല. കഴിഞ്ഞ എട്ട് പതിറ്റാണ്ടായി അവര്‍ തുടര്‍ന്നു വരുന്ന രീതി ഇതുതന്നെയാണ്.

പ്രതികാര നടപടികളെ കുറിച്ച ഭീഷണികളും നാം കേള്‍ക്കുന്നുണ്ട്. അതില്‍ മുന്‍പന്തിയിലുള്ള സൗദിയും അവരുടെ ഗള്‍ഫ് സഖ്യങ്ങളുമാണ്. തങ്ങളുടെ മണ്ണില്‍ നിന്ന് ലബനാന്‍ പൗരമാരെ അകറ്റും, ഹിസ്ബുല്ലയെ നേരിടുന്നതിന് സുന്നി സായുധ ഗ്രൂപ്പുകള്‍ക്ക് ആയുധം നല്‍കുമെന്നൊക്കെ പറയുന്നത് അതിന്റെ ഭാഗമാണ്. ലബനാന്‍ ആഭ്യന്തര മന്ത്രി നിഹാദ് മശ്‌നൂഖിന്റെ പ്രസ്താവനയും ഇത്തരത്തിലുള്ളതാണ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ലബനാന്‍ പൗരന്‍മാരെയും അവരുടെ ഉപജീവനത്തെയും ദോഷകരമായി ബാധിക്കും. ക്ഷമാപണം നടത്താന്‍ ലബനാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്തുന്നതും ആഭ്യന്തര യുദ്ധം ഒഴിവാക്കാനുമുള്ള ശ്രമമാണോ ക്ഷമാപണം നടത്തേണ്ട ‘അപരാധം’!

മൊഴിമാറ്റം: നസീഫ്‌

Related Articles