Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ പ്രശ്‌നം; സ്ഥായിയായ പരിഹാരങ്ങളാണ് വേണ്ടത്

rohingya.jpg

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ആന്‍ഡമാന്‍ കടലിലേക്ക് തള്ളപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും മ്യാന്‍മറിലെ റാഖൈന്‍ പ്രവിശ്യയിലെ ന്യൂനപപക്ഷമായ അവര്‍ അനുഭവിക്കുന്ന പീഡനങ്ങളും മര്‍ദനങ്ങളും അനുസ്യൂതം തുടരുകയാണ്. പീഡനങ്ങളും കൂട്ടബലാല്‍സംഗങ്ങളും എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളും കുടിയൊഴിപ്പിക്കലുകളുമടക്കം മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യകള്‍ക്കെതിരെ നടമാടുന്ന ആസൂത്രിത ആക്രമണങ്ങളെ കുറിച്ച് പല അന്താരാഷ്ട്ര വേദികളും വാര്‍ത്താ ഏജന്‍സികളും റിപോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഈയടുത്ത് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട കണക്ക് പ്രകാരം 1250ഓളം റോഹിങ്ക്യന്‍ വീടുകള്‍ അധികൃതര്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.

ഒക്ടോബര്‍ ഒമ്പതിന് ഒമ്പത് അതിര്‍ത്തി രക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അടിച്ചമര്‍ത്തല്‍ നടപടികളില്‍ നൂറില്‍ പരം പേര്‍ കൊല്ലപ്പെടുകയും 600 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് അവിടത്തെ മാധ്യമങ്ങളുടെ റിപോര്‍ട്ട്. സൈനികരുടെ മരണത്തിന്റെ ഉത്തരവാദിത്വം റോഹിങ്ക്യകള്‍ക്ക് മേലാണ് അധികൃതര്‍ കെട്ടിവെക്കുന്നത്.

റോഹിങ്ക്യകളെ ഒന്നടങ്കം ശിക്ഷിക്കുന്നതില്‍ മ്യാന്‍മര്‍ സൈന്യത്തിനും അതിര്‍ത്തി രക്ഷാസേനക്കും പങ്കുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സി പറഞ്ഞിട്ടുള്ളത്. മ്യാന്‍മര്‍ ഭരണകൂടം ഇതുവരെ ഈ ആരോപണത്തെ നിഷേധിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും സഹായ ഏജന്‍സികള്‍ക്കും മുമ്പില്‍ റാഖൈന്‍ പ്രവിശ്യ അടഞ്ഞു തന്നെ കിടക്കുകയാണെന്നതാണ് പ്രധാന പ്രശ്‌നം. വസ്തുതകളും റിപോര്‍ട്ടുകളും സ്ഥിരീകരിക്കുന്നത് തടയുന്നതിനാണത്.

കാലങ്ങളോളമായിട്ടുള്ള വിവേചനവും നിലവിലെ പീഡനങ്ങളും നിരവധി റോഹിങ്ക്യന്‍ വംശജരെ വീടുപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. സാഹചര്യം വഷളായി തന്നെ തുടരുകയാണെങ്കില്‍ വരും വര്‍ഷത്തില്‍ അഭയാര്‍ഥി പ്രതിസന്ധിയില്‍ അത് വ്യക്തമായി പ്രതിഫലിക്കും. ഐക്യരാഷ്ട്രസഭ അഭയാര്‍ഥികാര്യ ഏജന്‍സിയുടെ (UNHCR) കണക്കുകള്‍ പ്രകാരം 500,000 റോഹിങ്ക്യന്‍ വംശജര്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ട അവസ്ഥയിലാണുള്ളത്. 2014ന് ശേഷം 94,000 പേര്‍ അഭയാര്‍ഥികളായി അയല്‍ രാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഏറെ അപകടകരമായ കടല്‍യാത്രയാണ് അതിനവര്‍ സ്വീകരിച്ച മാര്‍ഗം. ഏകദേശം 142,000 പേരെ സ്വീകരിച്ച മലേഷ്യയാണ് അവര്‍ പ്രധാനമായും യാത്രാലക്ഷ്യമായി കണ്ടത്. ഇന്തോനേഷ്യയിലിപ്പോള്‍ ആയിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളുണ്ട്. ഔദ്യോഗികമായി രെജിസ്റ്റര്‍ ചെയ്യാത്തവരെ മാറ്റിനിര്‍ത്തിയുള്ള കണക്കാണിത്. അഭയാര്‍ഥികള്‍ ലക്ഷ്യമായി കാണുന്ന മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ് പോലുള്ള രാജ്യങ്ങള്‍ കൂടുതല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനും, പ്രത്യേകിച്ചും അവശവിഭാഗങ്ങളായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനുഷിക സഹായങ്ങള്‍ ഒരുക്കാനും തയ്യാറായിരിക്കണമെന്ന് ചുരുക്കം.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമായിട്ടുള്ള സന്ദര്‍ഭമാണിത്. വ്യാജ ചിത്രങ്ങളും മ്യാന്‍മറിലെ ബുദ്ധ വിഭാഗത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങളും നടത്തുന്നതിന് പകരം -അത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയും റോഹിങ്ക്യകള്‍ക്ക് തിരിച്ചടിയായി മാറുകയും ചെയ്യും- ബോധവാന്‍മാരായി നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. റോഹിങ്ക്യകള്‍ക്ക് മാനുഷിക സഹായങ്ങള്‍ നല്‍കുന്ന അസംഖ്യം ഏജന്‍സികളെ പിന്തുണക്കുന്ന ഉത്തരവാദപ്പെട്ട അയല്‍ക്കാരായി നാം വര്‍ത്തിക്കണം.

ഇത്തരത്തിലുള്ള അടിയന്തര ഹ്രസ്വകാല പ്രതികരണങ്ങളോടൊപ്പം പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണങ്ങളെ ചികിത്സിച്ചു കൊണ്ടുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാര ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്. നിലവില്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന അത്തരം ശ്രമങ്ങള്‍ വേണ്ടത്ര മതിയായതല്ല. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് യാത്രാനുമതി നല്‍കുന്ന ഒരു അനൗപചാരിക കരാറുണ്ടാക്കിയിരുന്നു. വിവിധ എന്‍.ജി.ഒകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും ജനങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നു. ‘ആതിഥേയ’ രാജ്യത്ത് വേഗത്തിലുള്ള പുനരധിവാസം അതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക നടപടികള്‍ക്കെടുത്ത കാലദൈര്‍ഘ്യവും ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ നിരക്കില്‍ വരുത്തിയ കുറവും കാരണം അത് പരാജയപ്പെടുകയാണുണ്ടായത്.

അതുകൊണ്ടു തന്നെ ആസിയാന്‍, ഏഷ്യ പസഫിക് തലങ്ങളില്‍ നിന്നുള്ള നിയമപരമായ ചട്ടകൂടുകളോടെയും പ്രാദേശിക മാനദണ്ഡങ്ങള്‍ കണിശമായി പാലിച്ചുമായിരിക്കണം പരിഹാരങ്ങള്‍. ആസിയാന്‍ അംഗരാഷ്ട്രങ്ങളുടെ ഭാഗത്തു നിന്നും റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രതിസന്ധിയില്‍ ഒരു ഗൗരവപ്പെട്ട പുനരാലോചനയുണ്ടാവേണ്ടത് അനിവാര്യമാണ്. റോഹിങ്ക്യകള്‍ക്കെതിരെയുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിന് ആസിയാന്‍ മ്യാന്‍മറിന് മേല്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. റോഹിങ്ക്യകള്‍ വസിക്കുന്നിടത്തേക്ക് എത്തിപ്പെടുന്നതിന് സന്നദ്ധ സഹായസംഘങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിന് ശക്തമായ നയതന്ത്രം ആവശ്യമാണ്. അതിലുപരിയായി അഭയാര്‍ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് ഒരു നിയമസംവിധാനം നിലവില്‍ വരേണ്ടതുണ്ട്. പരമാധികാരത്തില്‍ കൈകടത്താധിരിക്കല്‍ തത്വത്തിന്റെ (non-interference principle) പേരില്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്നത് ആസിയാനെ സംബന്ധിച്ചടത്തോളും ധാര്‍മികമായി ന്യായീകരണമില്ലാത്തതാണ്.

മൊഴിമാറ്റം: നസീഫ്‌

Related Articles