Current Date

Search
Close this search box.
Search
Close this search box.

റാബിഅ കൂട്ടകശാപ്പിന് ഒരു വയസ്സ്

ആധുനിക അറബ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടകൊല അരങ്ങേറിയിട്ട് നാളേക്ക് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 14-നായിരുന്നു സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ സംഘടിച്ച ആയിരങ്ങളെ ഈജിപ്ത് ഭരണകൂടം അറുകൊലചെയ്തത്. വിപ്ലത്തിലൂടെ തങ്ങള്‍ നേടിയെടുത്ത ജനാധിപത്യം അട്ടിമറിക്കപ്പെട്ടത് അംഗീകരിക്കാന്‍ കഴിയാത്ത ജനങ്ങള്‍ അവിടത്തെ റാബിഅ സ്‌ക്വയറിലും അന്നഹ്ദ സ്‌ക്വയറിലും സംഘടിച്ചു. തങ്ങള്‍ വിപ്ലവത്തിലൂടെ നേടിയെടുത്തത് നഷ്ടപ്പെടാതിരിക്കാന്‍ അസാമാന്യ ധൈര്യവും സ്ഥൈര്യവും കാണിച്ച അവരെ പിരിച്ചു വിടാന്‍ സൈന്യം കണ്ടെത്തിയ എളുപ്പ മാര്‍ഗം ശത്രു രാജ്യങ്ങള്‍ക്ക് നേരെ ഉപയോഗിക്കാനുള്ള ഉപയോഗിക്കുക എന്നതായിരുന്നു.

ആയിരത്തിലേറെ സാധാരണക്കാരായ ജനങ്ങളുടെ ജീവനെടുത്തിട്ട് അതിനുത്തരവാദികളായവരെ വിചാരണ ചെയ്ത് നടപടികള്‍ സ്വീകരിക്കുന്നതിന് പകരം അവരെ ന്യായീകരിക്കാനായിരുന്നു ഈജിപ്ത് ഭരണകൂടം ശ്രമിച്ചത്. കൊല്ലപ്പെട്ടവരുടെ എണ്ണം കുറച്ച് കാണിച്ച് അതിന്റെ ഗൗരവം കുറച്ച് കാണിക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തി നോക്കി. എന്നാല്‍ റാബിഅ അദവിയ്യ സ്‌ക്വയറില്‍ നടന്ന സൈനിക നടപടി ഭരണകൂടത്തിന്റെ അറിവോടെയും ഒത്താശയോടുമായിരുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അതിന്റെ റിപോര്‍ട്ടിപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇപ്പോഴത്തെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിക്കെതിരെ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും 2014 ആഗസ്റ്റ് 12-ന് പുറത്തുവിട്ട റിപോര്‍ട്ട് ആവശ്യപ്പെടുന്നു. സൈനിക നടപടിയില്‍ നിന്ന് രക്ഷപെട്ടവരുടെ മൊഴികള്‍ അടിസ്ഥാനമാക്കിയാണ് പ്രസ്തുത റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഇത്രയധികം ആളുകള്‍ കൊലചെയ്യപ്പെട്ട സംഭവം ചരിത്രത്തില്‍ തന്നെ അപൂര്‍വമാണെന്നും റിപോര്‍ട്ട് പറയുന്നു.

റാബിഅ കൂട്ടകൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പലരും ഇന്നത്തെ ഈജിപ്ത് ഭരണകൂടത്തിന്റെ ഭാഗമാണ്. കൂട്ടകൊല നടക്കുമ്പോള്‍ പ്രതിരോധ മന്ത്രിയായിരുന്ന സീസിയാണ് പ്രസിഡന്റ്. റിപോര്‍ട്ട് പ്രകാശനത്തിനായി കെയ്‌റോയിലെത്തിയ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സംഘത്തെ തിരിച്ചയച്ചതിന്റെ കാരണം ഇത് വ്യക്തമാക്കുന്നു. ആയുധവുമായിട്ടാണ് ആളുകള്‍ കുത്തിയിരിപ്പ് സമരത്തിനെത്തിയത്, അവര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയം അനുവദിച്ചിരുന്നു, അവര്‍ ഒരു സൈനികനെ കൊലപ്പെടുത്തിയതോടെയാണ് സൈന്യം വെടിവെച്ചത് തുടങ്ങിയ ന്യായങ്ങളാണ് ഈജിപ്തിന്റെ ഔദ്യോഗിക ന്യായങ്ങള്‍. ഈ മൂന്ന് ന്യായങ്ങളെയും റിപോര്‍ട്ട് ഖണ്ഡിക്കുന്നു.

ലോകത്ത് മുഴുവന്‍ ജനാധിപത്യം സ്ഥാപിക്കാനും സംരക്ഷിക്കാനും ഇറങ്ങി തിരിച്ചിരിക്കുന്ന അമേരിക്കയോ ബ്രിട്ടനോ ഈജിപ്തിലെ ജനാധിപത്യ സമരങ്ങളെ കണ്ടില്ല. അവര്‍ അവിടെ കണ്ടത് മുസ്‌ലിം ബ്രദര്‍ഹുഡും മറ്റ് സമാനചിന്താഗതിക്കാരായവരും ഭരണകൂടത്തിനെതിരെ നടത്തുന്ന സമരം മാത്രമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതുമാണ് നാമവിടെ കാണുന്നത്. ബ്രദര്‍ഹുഡിന് ഭീകരമുദ്ര ചാര്‍ത്തി നിരോധിച്ചിരിക്കുന്നു. പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി അടക്കമുള്ള അതിന്റെ നേതാക്കന്‍മാരെല്ലാം ജയിലുകളിലാണുള്ളത്. ഭരണകൂടത്തിന്റെ ആശ്രിതരായി കഴിയുന്ന മാധ്യമങ്ങള്‍ ശ്രമിക്കുന്നതും അവരെ ഭീകരരും കുറ്റവാളികളുമാക്കി ചിത്രീകരിക്കാനാണ്. ഇത്തരം അടിച്ചമര്‍ത്തലുകളും മര്‍ദനങ്ങളും തുടരുന്നത് സമാധാനപരമായ സമരങ്ങളിലുള്ള യുവാക്കളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന നാം ഭയക്കേണ്ടിയിരിക്കുന്നു. പിന്നീട് അവര്‍ അക്രമത്തിന്റെയും പ്രതികാരത്തിന്റെയും മാര്‍ഗങ്ങള്‍ തെരെഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈജിപ്തിലെ പ്രതിഷേധക്കാര്‍ സമാധാനത്തിന്റെ പാത കൈവിട്ടിട്ടില്ലെന്നാണ് അവിടെ നിന്നുള്ള റിപോര്‍ട്ടുകള്‍ നമ്മോട് പറയുന്നത്. റാബിഅ കൂട്ടകശാപ്പിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് റാബിഅയുടെ കഥ ലോകത്തോട് വിളിച്ചുപറയാന്‍ ബോധവല്‍കരണ കാമ്പയിന് ഒരുങ്ങുകയാണവര്‍. പ്രതിപക്ഷ ചാനലുകളുടെ സഹകരണത്തോടെയാണിത് നടത്തുന്നത്. വാര്‍ഷിക ദിനത്തില്‍ അതിനായി ഒരു ചാനലും അവര്‍ ആരംഭിക്കുന്നു. ഇത്തരം ക്രിയാത്മകമായ പ്രതികരണങ്ങളിലൂടെ സമാധാന തല്‍പരരായ ജനാധിപത്യ പോരാളികള്‍ക്ക് മാതൃകയാവുകയാണവര്‍.

Related Articles