Current Date

Search
Close this search box.
Search
Close this search box.

റഷ്യന്‍ വാതില്‍ തുറക്കാന്‍ എര്‍ദോഗാന്‍ ഉപയോഗിച്ച പാസ്‌വേര്‍ഡ്

erdogan-putin.jpg

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായുള്ള സംഭാഷണങ്ങള്‍ക്ക് ശേഷം ‘റഷ്യയുടെയും തുര്‍ക്കിയുടെയും ലക്ഷ്യങ്ങള്‍ പരസ്പരം പൊരുത്തമുള്ളതാണ്’ എന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ പറയുന്നു. അതിന് മറുപടിയായി ‘ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ പുതിയ അധ്യായം ഞങ്ങള്‍ തുറക്കുമെന്നും അത് പ്രദേശത്തെ പ്രതിസന്ധികള്‍ക്ക് വലിയ അളവില്‍ പരിഹാരമുണ്ടാക്കുമെന്ന്’ എര്‍ദോഗാനും പറയുന്നു. ഇരുരാഷ്ട്രങ്ങളും അനുരഞ്ജനത്തിലെത്തിയിരിക്കുന്നു, അല്ലെങ്കില്‍ അതിന്റെ വക്കിലെത്തിയിരിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. അതിന്റെ ഫലമെന്നോണം അമേരിക്ക- തുര്‍ക്കി ബന്ധത്തിലും സമൂലമായ മാറ്റങ്ങള്‍ വരും ആഴ്ച്ചകളില്‍ പ്രതീക്ഷിക്കാം.

രണ്ട് പാസ്‌വേര്‍ഡുകളാണ് ഈ മുന്നേറ്റത്തിന് പിന്നിലുള്ളത്. അതില്‍ ഒന്നാമത്തേത് ഫത്ഹുല്ല ഗുലനും അദ്ദേഹത്തിന്റെ സൈനിക അട്ടിമറിയുമാണെങ്കില്‍ രണ്ടാമത്തേത് എര്‍ദോഗാന്റെ ക്ഷമാപണ സന്ദേശമാണ്. ബിസിനസുകാരനും മുന്‍ തുര്‍ക്കി മന്ത്രിയുമായ ജാവേദ് ജാഗ്ലറും കസാകിസ്താന്‍ പ്രസിഡന്റ് നൂര്‍ സുല്‍ത്താന്‍ നിസാര്‍ ബായീഫും നടത്തിയ മധ്യസ്ഥ ശ്രമം വിജയച്ചതിന് ശേഷമായിരുന്നു എര്‍ദോഗാന്‍ ക്ഷമാപണ സന്ദേശവുമായി ദൂതനെ അയച്ചത്. ഇംഗ്ലീഷിലെ sorry, apologize എന്നീ പദങ്ങള്‍ക്ക് പകരം റഷ്യന്‍ ഭാഷയിലായിരുന്നു ആ ക്ഷമാപണം. തുര്‍ക്കിയില്‍ സൈനിക അട്ടിമറി പരാജയപ്പെടുത്തപ്പെട്ടപ്പോള്‍ എര്‍ദോഗാനെ ടെലഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചവരുടെ മുന്‍പന്തിയില്‍ പുടിനുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. റഷ്യന്‍ ഇന്റലിജന്‍സ് സൈനിക അട്ടിമറിയെ സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റിന് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നു എന്നും വാര്‍ത്തകളുണ്ട്.

പുടിന്‍ ബന്ധപ്പെട്ടത് തുര്‍ക്കി ജനതയെയും അവിടത്തെ ഉദ്യോഗസ്ഥരെയും സന്തോഷിപ്പക്കുന്നത് പോലെ തന്നെയും അതിയായി സന്തോഷിപ്പിക്കുന്നുവെന്ന് എര്‍ദോഗാന്‍ പറയുകയും ചെയ്തു. പുടിനെ പലതവണ അദ്ദേഹം ‘സുഹൃത്ത്’ വിശേഷിപ്പിക്കാനും അദ്ദേഹം മറന്നില്ല. അതേസമയം അത്തരത്തില്‍ പ്രതികരിക്കാത്ത കാരണത്താല്‍ അമേരിക്കയിലെയും യൂറോപിലെയും അറബ് ലോകത്തെയും നേതാക്കളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

അറബികളെ പോലെ തുര്‍ക്കിക്കാരും വൈകാരികമായി ഇടപെടുന്നവരാണ്. എന്നാല്‍ അറബികളില്‍ നിന്ന് ഭിന്നമായി ആ വൈകാരികതയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു കൂടി അവര്‍ക്ക് നിശ്ചയമുണ്ട്. ഫത്ഹുല്ല ഗുലന്റെ അട്ടിമറി – അട്ടിമറിക്ക് പിന്നില്‍ യഥാര്‍ഥത്തില്‍ അദ്ദേഹം തന്നെയാവട്ടെ അല്ലാതിരിക്കട്ടെ – നിരവധി നയങ്ങളില്‍ മാറ്റം വരുത്താനുള്ള സുവര്‍ണാവസരമാണ് എര്‍ദോഗാന് നല്‍കിയത്. യൂറോപും അമേരിക്കയുമായുള്ള ബന്ധം, സിറിയന്‍ പ്രതിസന്ധി, റഷ്യയോടുള്ള തുറന്ന സമീപനം തുടങ്ങിയവയെല്ലാം അതില്‍ പ്രധാനമാണ്.

നിലവില്‍ മൂന്ന് പ്രധാന പ്രതിസന്ധികളാണ് എര്‍ദോഗാനും അദ്ദേഹത്തിന്റെ ഭരണവും നേരിടുന്നത്. അതില്‍ ഒന്നാമത്തേത്ത് ആഭ്യന്തര രംഗം വ്യസ്ഥാപിതമാക്കലാണ്. അതിനായി സൈന്യത്തിലും സുരക്ഷാവിഭാഗത്തിലും സമൂലമായ ശുദ്ധീകരണ പ്രക്രിയകള്‍ ആരംഭിച്ചു കഴിഞ്ഞു. അതിലൂടെ രാഷ്ട്രത്തിന് മേലുള്ള തന്റെ പിടുത്തം കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. റഷ്യയും യൂറോപുമായുള്ള വ്യാപാരബന്ധങ്ങളുടെ തകര്‍ച്ചയുടെ ഫലമായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയാണ് രണ്ടാമത്തെ കാര്യം. രാജ്യത്തിന്റെ സുസ്ഥിരതയും നശിപ്പിച്ച് ഐഎസും കുര്‍ദുകളും നടത്തുന്ന ഭീകരാക്രമണങ്ങളും സ്‌ഫോടനങ്ങളുമാണ് മൂന്നാമത്തെ പ്രശ്‌നം. ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക നിലയെയും പുരോഗതിയെയും ബാധിക്കുന്ന കാര്യങ്ങളാണ്.

തുര്‍ക്കിക്കും റഷ്യക്കും ഇടയിലെ വാര്‍ഷിക വ്യാപാരം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുമെന്ന് പത്രസമ്മേളനത്തില്‍ പുടിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള ഗ്യാസ് പൈപ് ലൈന്‍ പദ്ധതിയുടെ കാര്യത്തിലും കാല്‍വെപ്പ് നടത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് വലിയൊരളവോളം അത് പരിഹാരമാകും. തുര്‍ക്കിയിലെ പി.കെ.കെയും അവരുടെ സിറിയയിലെ സഖ്യങ്ങളുമായും അടുത്ത ബന്ധമുള്ള റഷ്യയുമായി അടുക്കുന്നതിലൂടെ ഭീകരതയെന്ന പ്രശ്‌നത്തിലും തുര്‍ക്കിക്ക് വലിയ ആശ്വാസം ലഭിക്കും.

സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ എന്തൊക്ക ധാരണകളിലാണ് പുടിനും എര്‍ദോഗാനും എത്തിയിട്ടുള്ളതെന്ന് സങ്കല്‍പിച്ച് പറയാന്‍ നമുക്കാവില്ല. ഇരുപ്രസിഡന്റുമാര്‍ക്കും ഇടയില്‍ നടന്ന അടച്ചിട്ട മുറിയിലെ ചര്‍ച്ച നമ്മളോ മറ്റാരെങ്കിലുമോ കട്ടുകേട്ടിട്ടില്ല. എന്നാല്‍ സംയുക്ത പത്രസമ്മേളനത്തിലെ വരികള്‍ക്കിടയില്‍ നിന്ന് ചിലത് നമുക്ക് വായിച്ചെടുക്കാനാവും. പ്രത്യേകിച്ചും പുടിന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും. പൊതുധാരണയിലെത്തി സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇരുപ്രസിഡന്റുമാരും നിശ്ചയിച്ചിട്ടുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയത്. ”ജനാധിപത്യത്തിന്റെ വഴികളുപയോഗിച്ചല്ലാതെ ജനാധിപത്യത്തിലേക്കുള്ള മാറ്റം സാധ്യമല്ലെന്നതില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങുന്നത്.” എന്നാണ് പുടിന്‍ പറഞ്ഞത്. അതായത് സൈനിക ഇടപെടല്‍ കൊണ്ട് ഫലമില്ലെന്നര്‍ഥം. ഇരുരാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാരെയും ഇന്റലിജന്‍സ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മെ സംബന്ധിച്ചടത്തോളം ശ്രദ്ധേയമായ ചില കാര്യങ്ങള്‍ ഇതിലുണ്ട്. കിഴക്കന്‍ അലപ്പോയില്‍ ഉപരോധം ഭേദിക്കാന്‍ സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിക്കെതിരെ ആരോപണമൊന്നും സിറിയന്‍ ഭരണകൂടം ഉയര്‍ത്തിയിട്ടില്ലെന്നതാണ് അതില്‍ പ്രധാനം. സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നും ടണ്‍ കണക്കിന് അത്യാധുനിക ആയുധങ്ങള്‍ തുര്‍ക്കിയുടെ ഭൂപ്രദേശങ്ങളിലൂടെ കടത്തിയിരിക്കെയാണിത്. ഒരുപക്ഷേ ഈ മൗനത്തില്‍ പിന്നില്‍ മോസ്‌കോയുടെ ഉത്തരവുണ്ടാവാം. എര്‍ദോഗാന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് കവറേജ് നല്‍കുന്നതില്‍ അറബ് ചാനലുകള്‍, പ്രത്യേകിച്ചും ‘അല്‍അറബിയ്യ’ പോലുള്ളവ കാണിച്ചിട്ടുള്ള ആലസ്യവും പ്രകടമാണ്.

സിറിയന്‍ പ്രതിസന്ധിയോടോ അവിടത്തെ പ്രതിപക്ഷത്തോടോ ഉള്ള തുര്‍ക്കിയുടെ നിലപാടില്‍ തുര്‍ക്കിക്കും റഷ്യക്കും ഇടയിലെ അടുപ്പം ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ അധ്യക്ഷന്‍ അനസ് അല്‍അബ്ദ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെയും, സിറിയന്‍ പ്രതിപക്ഷത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ സ്വാഭാവികമായും എനിക്ക് ഈ സന്ദര്‍ശനത്തില്‍ ഉത്കണ്ഠയുണ്ടാകുമായിരുന്നു. സിറിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൂട്ടികലര്‍ത്തിയിരിക്കുകയാണ് എര്‍ദോഗാന്റെ മോസ്‌കോ സന്ദര്‍ശനം. അമേരിക്കയും നാറ്റോ സഖ്യവും തുര്‍ക്കിയുടെ സുഹൃത്തുക്കളുടെ കളത്തില്‍ നിന്നും ശത്രുതാവളത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഏറ്റവും ചുരുങ്ങിയത് സൃഹൃത്ത് അല്ലാത്ത അവസ്ഥയിലേക്കെങ്കിലും അത് മാറിയിട്ടുണ്ട്. റഷ്യയുടെ മധ്യസ്ഥതയില്‍ അങ്കാറക്കും ദമസ്‌കസിനും ഇടയില്‍ ചര്‍ച്ചകള്‍ക്കുള്ള കവാടങ്ങള്‍ അത് തുറക്കും. നമുക്ക് കാത്തിരുന്ന് കാണാം.

വിവ: നസീഫ്‌

Related Articles