Current Date

Search
Close this search box.
Search
Close this search box.

റബീഅ് ബിന്‍ ഖുസൈം

ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഇറാഖിലെ കൂഫാ പട്ടത്തില്‍ ജനിച്ച പ്രമുഖ താബിഈ ആണ് റബീഅ് ബിന്‍ ഖുസൈം. അബ്ദുല്ലാഹ് ബിന്‍ മസ്ഊദി(റ)ന്റെ ഉറ്റ ശിഷ്യനായിരുന്ന റബീഅ് വിജ്ഞാന സമ്പാദനാര്‍ഥം അദ്ദേഹത്തെ നിരന്തരമായി സമീപിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെകുറിച്ച് ഇബ്‌നു മസ്ഊദ്(റ) പറയുന്നു.: ‘അല്ലാഹുവിന്റെ അനുസരണ ശീലന്മാരായ ദാസന്മാരിലൊരാളായിട്ടാണ് ഞാന്‍ നിന്നെ കാണുന്നത്. പ്രവാചകന്‍ നിന്നെ കണ്ടിരുന്നെങ്കില്‍ അങ്ങേയറ്റം ഇഷ്ടപ്പെടുമായിരുന്നു.’
അല്‍ഖമ ബിന്‍ മുര്‍സിദിന്റെ വാക്കുകളില്‍: വിരക്തിയുടെ അവകാശികള്‍ ഏട്ടുപേരാണ്. അതിലാണ് റബീഅ് ബിന്‍ ഖുസൈമിന്റെ സ്ഥാനവും.

ഐഹികതയുടെ ശബളിമയില്‍ നിന്ന് തന്റെ ശരീരത്തെയും ആത്മാവിനെയും മോചിപ്പിച്ചവനായിരുന്നു റബീഅ്. അല്ലാഹുവും അന്ത്യനാളിലെ മോചനവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അബൂഹയ്യാന്‍ വിവരിക്കുന്നു: ഇരുപത് വര്‍ഷം റബീഇന്റെ കൂടെ ചെലവഴിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഭൗതികതയുടെ വര്‍ത്തമാനങ്ങള്‍ ഇതുവരെ അദ്ദേഹത്തില്‍ നിന്ന് ഞാന്‍ കേട്ടിട്ടില്ല’ .
അദ്ദേഹത്തോടൊപ്പമുള്ള സഹവാസത്തെകുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇബ്രാഹീം അത്തമീമി നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു’ ഇരുപത് വര്‍ഷത്തെ സഹവാസത്തിനിടെ ആക്ഷേപകരമായ ഒരുശരവും എനിക്ക് കേള്‍ക്കാനായിട്ടില്ല’.

ഇരുപത് വര്‍ഷത്തെ സുഹൃദ് ബന്ധത്തിനിടയില്‍ നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ, മസ്ജിദ് എവിടെയാണ് എന്നീ രണ്ട് ചോദ്യങ്ങള്‍ മാത്രമാണ് അദ്ദേഹം ചോദിച്ചതെന്ന് ഒരു സുഹൃത്ത് വിവരിക്കുകയുണ്ടായി.
ഇഹലോക ചിന്തകളില്‍ നിന്ന് അദ്ദേഹം സ്വയം മാറി നിന്നു. അല്ലാഹുവിനെയും അവന്റെ ദൃഷ്ടാന്തങ്ങളെയും കുറിച്ചുള്ള ചിന്തയില്‍ മാത്രം നിമഗ്നനായി. രാപ്പകലുകള്‍,  സൂര്യ ചന്ദ്രാതികള്‍, മരണം- മരണാനന്തരം, അന്ത്യനാളിലെ ഭീകരത, സ്വിറാത്ത് പാലം….എന്നിവയെല്ലാമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളെ നയിച്ചിരുന്നത്.

ജനങ്ങളെല്ലാം നിദ്രയിലാണ്ടിരിക്കെ താങ്കള്‍ എന്തിന് ഉറക്കമൊഴിക്കുന്നു എന്ന് അദ്ദേഹത്തിന്റെ മകന്‍ ഒരിക്കല്‍ ചോദിച്ചു. മകനെ, നരകമാണ് എന്നെ ഉറക്കത്തില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നത്. ഉറക്കത്തിലായിരിക്കെ മരണത്തെ പുല്‍കുന്നതിനെ അദ്ദേഹം ഭയപ്പെട്ടിരുന്നു.  കാരണം നിദ്രാവേളയില്‍ ഇബാദത്തുകളില്‍ നിന്നകന്ന് വല്ല അശ്രദ്ധയിലുമായിരിക്കുമോ എന്ന അങ്കലാപ്പായിരുന്നു അദ്ദേഹത്തെ വേട്ടയാടിയിരുന്നത്.

അബൂവാഇല്‍ പറയുന്നു: അബ്ദുല്ലാഹ് ബിന്‍ മസ്ഊദിന്റെയും റബീഅ് ബിന്‍ ഖുസൈമിന്റെയും കൂടെ ഞങ്ങള്‍ പുറപ്പെട്ടു.  യൂഫ്രട്ടീസ് തീരത്തുള്ള ഒരു ഉരുക്കുശാലയുടെ അടുത്ത് കൂടെ ഞങ്ങള്‍ സഞ്ചരിക്കുകയുണ്ടായി. അതില്‍ നിന്നും തീ പുക ഉയരുന്നത് കണ്ടപ്പോള്‍ അബ്ദുല്ലാഹ് ബിന്‍ മസ്ഊദ് ഈ സൂക്തം പാരായണം ചെയ്യുകയുണ്ടായി. ‘അന്ത്യദിനത്തെ തള്ളിപ്പറയുന്നവര്‍ക്ക് നാം കത്തിക്കാളുന്ന നരകത്തീ ഒരുക്കിവെച്ചിരിക്കുന്നു. ദൂരെ നിന്നു അതവരെ കാണുമ്പോള്‍ തന്നെ അതിന്റെ ക്ഷോഭവും ഇരമ്പലും അവര്‍ക്ക് കേള്‍ക്കാനാവും.'(അല്‍ ഫുര്‍ഖാന്‍ 11,12). ഇത് കേട്ടമാത്രയില്‍ റബീഅ് ബിന്‍ ഖുസൈം ബോധരഹിതനായി വീണു. അദ്ദേഹത്തെയും വഹിച്ച് ഞങ്ങള്‍ വീട്ടിലേക്ക് പോയി. ളുഹ്‌റും അസ്‌റും കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് ബോധം തെളിഞ്ഞത്.

ഈസ ബിന്‍ ഫറൂഖ് രേഖപ്പെടുത്തുന്നു. റബീഅ് ബിന്‍ ഖുസൈം രാത്രിയായാല്‍ ജനങ്ങളില്‍ നിന്നും അപ്രത്യക്ഷനായി ഖബര്‍സ്ഥാനിലേക്ക് പോകുമായിരുന്നു. ഖബറില്‍ കഴിയുന്നവരേ! ഞങ്ങളിവിടെയും നിങ്ങളവിടെയുമാണ്. നിങ്ങള്‍ ജീവിച്ചിരിക്കെ എന്തെല്ലാമായിരുന്നു പ്രവര്‍ത്തിച്ചതെന്ന് ഖബറില്‍ കഴിയുന്നവരോട് ചോദിക്കും. എന്തുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പ്രഭാതമായാല്‍ ഖബ്‌റില്‍ നിന്ന് പുനര്‍ജീവിക്കുന്നതു പോലെ എഴുന്നേല്‍ക്കുമായിരുന്നു.

നിശയുടെ നിശ്ശബ്ദതയില്‍ റബീഅ് എഴുന്നേറ്റ് നമസ്‌കരിക്കുമായിരുന്നു. ‘ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ, അവരുടെ ജീവിതവും മരണവും ഒരേപോലെയാകുമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ.’ (അല്‍ജാസിയ: 21) എന്ന സൂക്തമെത്തിയാല്‍  അല്ലാഹുവേ ഞങ്ങള്‍ ഇതിന്റെ അര്‍ഹരാകുമോ എന്ന് ആലോചിച്ച് നേരം വെളുക്കും വരെ, കരഞ്ഞ് കണ്ണീര്‍ വാര്‍ക്കുമായിരുന്നു. രാത്രിയെ അദ്ദേഹം ഖുര്‍ആന്‍ പാരായണത്തിലും ദൈവസ്മരണയിലും നമസ്‌കാരത്തിലുമായി ജീവസ്സുറ്റതാക്കുമായിരുന്നു.

ഇബാദത്തിലും ദൈവഭയത്തിലും ഭൗതിക വിരക്തിയിലും കെട്ടിപ്പെടുത്തതായിരുന്നു ഇളം പ്രായം മുതല്‍ക്കെയുള്ള അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ െൈദവഭയവും സമര്‍പ്പണവും, ജനങ്ങള്‍ നിദ്രയിലാളുന്ന നിശാവേളയിലെ നിരന്തരമായ പ്രാര്‍ഥനയും നമസ്‌കാരവും കണ്ട ഉമ്മ ചോദിച്ചു. എന്താണ് പൊന്ന് മോനേ നിനക്ക് ബാധിച്ചത്! വല്ല കുറ്റകൃത്യത്തിലും നീ പെട്ടുപോയോ? ആരെയെങ്കിലും നീ വധിച്ചോ!
ഉടന്‍ റബീഅ് മറുപടി പറഞ്ഞു:  അതേ ഉമ്മാ, ഞാന്‍ ഒരു ജീവനെ ഹനിച്ചിട്ടുണ്ട്. ഉമ്മ ചോദിച്ചു, ആരെയാണ് മോനെ നീ വധിച്ചത്! നമുക്ക് അവരുടെ അവകാശികളിലേക്ക് ചെന്ന് മാപ്പിരക്കാം, നീ അനുഭവിക്കുന്ന മനപ്രയാസവും നെടുവീര്‍പ്പിടലും ഉറക്കൊഴിച്ചുള്ള നിന്റെ പശ്ചാത്തപവും അവര്‍ അറിഞ്ഞാല്‍ അല്ലാഹുവാണെ, അവര്‍ നിനക്ക് പൊറുത്തു തരും.
അപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: എന്റെ ജീവനെ തന്നെയാണ് ഞാന്‍ ഹനിച്ചിട്ടുള്ളത്, പാപങ്ങളാലും കുറ്റകൃത്യങ്ങളാലും ഞാന്‍ അതിനെ വധിച്ചിരിക്കുന്നു…..’

ഭക്ഷണത്തോട് അദ്ദേഹം വലിയ താല്‍പര്യമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ശരീരം വളരെ ദുര്‍ബലമായിരുന്നു. കഠിനമായ വിശപ്പ് അനുഭവപ്പെട്ട ഒരുദിവസം വീട്ടുകാരോട് ഭക്ഷണം ഉണ്ടാക്കിത്തീരാന്‍ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇതു കേട്ട വീട്ടുകാര്‍ക്ക് വലിയ സന്തോഷമുണ്ടായി. അവര്‍ വിഭവസമൃദ്ധമായ ഭക്ഷണം അദ്ദേഹത്തിന് വേണ്ടി ഒരുക്കി. ഭക്ഷണം തളികയിലാക്കി നിരത്തിയ സന്ദര്‍ഭത്തില്‍ വാതിലില്‍ ഒരു മുട്ട് കേട്ടു. കതക് തുറന്നപ്പോള്‍ വൃദ്ധനായ മെലിഞ്ഞൊട്ടിയ ഒരു യാചകനെയാണ് റബീഇന് കാണാന്‍ കഴിഞ്ഞത്. തനിക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണം മുഴുവനായി  അദ്ദേഹത്തിന് നല്‍കിയാണ് റബീഅ് അദ്ദേഹത്തെ തിരിച്ചയച്ചത്.

ആറ് മാസമായി ഇറച്ചിമാംസം കഴിക്കണമെന്ന് കൊതിച്ച വിവരം അദ്ദേഹം തന്റെ ഭാര്യയോട് ഒരിക്കല്‍ പങ്കുവെക്കുകയുണ്ടായി. അനുവദനീയമായ ഈ കാര്യം ഇത്രയും കാലമായി എന്തുകൊണ്ട് അറിയിച്ചില്ല എന്നവള്‍ ചോദിച്ചു. അവള്‍ ഉടനെ തന്നെ ഒരു കോഴിയെ വാങ്ങി പാകം ചെയ്തു. അത് കഴിക്കാന്‍ ഇരുന്നപ്പോള്‍ സദഖ ആവശ്യപ്പെട്ടു കൊണ്ട് ഒരു യാചകന്‍ പ്രത്യക്ഷപ്പെട്ടു. തയ്യാറാക്കിയ ഭക്ഷണം യാചകന് കൊടുക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. സുബ്ഹാനല്ലാഹ്! എന്ന് ഭാര്യ പ്രതിവചിച്ചപ്പോള്‍ ഞാന്‍ കല്‍പിച്ച പ്രകാരം ചെയ്യുക, എന്ന് അദ്ദേഹം അവളോട് നിര്‍ദ്ദേശിച്ചു.

ഇതിനേക്കാള്‍ അദ്ദേഹത്തിന് ഉപകാരപ്രദമായത് ഞാന്‍ നല്‍കാം, താങ്കള്‍ കൊതിച്ച ഈ ഭക്ഷണം താങ്കള്‍ ത്‌ന്നെ കഴിച്ചോളൂ എന്നായി ഭാര്യ. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ഈ ഭക്ഷണത്തിന്റെ വില അദ്ദേഹത്തിന് നല്‍കാം എന്നായിരുന്നു സഹധര്‍മിണിയുടെ മറുപടി.
വളരെ നല്ല തീരുമാനം എന്നു പ്രതികരിച്ച റബീഅ് അവളോട് വില കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അവള്‍ പണം കൊണ്ടുവന്നപ്പോള്‍ ആ ഭക്ഷണത്തോടൊപ്പം അത് വെക്കാന്‍  അദ്ദേഹം ആവശ്യപ്പെട്ടു. എന്നിട്ട് അതെല്ലാം ആ യാചകന് നല്‍കുകയുണ്ടായി.. എന്നിട്ട് സൂറതുല്‍ ഹശ്‌റിലെ സൂക്തം പാരായണം ചെയ്യുകയുണ്ടായി. ‘ . അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍ ‘(അല്‍ഹശര്‍ 9).
റൊട്ടിയെക്കാള്‍ ചെറുതായ വല്ലതും യാചകര്‍ക്ക് അദ്ദേഹം നല്‍കാറുണ്ടായിരുന്നില്ല. കാരണം തന്റെ നന്മയുടെ ത്രാസില്‍ ഇത്രയും ചെറിയ ഒരു നന്മ കാണുന്നതില്‍ അദ്ദേഹം ലജ്ജിച്ചിരുന്നു.

ഹുസൈന്‍ (റ)വിന്റെ രക്തസാക്ഷ്യത്തെ കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹം ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്നു പറഞ്ഞ് ഈ സൂക്തം പാരായണം ചെയ്തു. ‘വല്ല വിപത്തും ബാധിച്ചാല്‍ മനുഷ്യന്‍ നമ്മെ വിളിച്ചുപ്രാര്‍ഥിക്കും. പിന്നീട് നാം വല്ല അനുഗ്രഹവും നല്‍കിയാലോ അവന്‍ പറയും: ‘ഇതെനിക്ക് എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ കിട്ടിയതാണ്.’എന്നാല്‍ യഥാര്‍ഥത്തിലതൊരു പരീക്ഷണമാണ്. പക്ഷേ, അവരിലേറെ പേരും അതറിയുന്നില്ല. ‘ (അസ്സുമര്‍: 49)
ഹുസൈന്‍(റ)ന്റെ കൊലപാതകത്തെകുറിച്ച് ചോദിച്ചപ്പോള്‍ അല്ലാഹുവിലേക്കാണ് അദ്ദേഹത്തിന്റെ മടക്കം, വിചാരണയും അവിടെ തന്നെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന് ഹുസൈന്‍ (റ)വിന്റെ വധത്തില്‍ മനോവിഷമം ഉണ്ടാകാതിരുന്നത് കൊണ്ടല്ല  വൈകാരികമായി പ്രതികരിക്കാതിരുന്നത്, മറിച്ച് ഐഹികതയുടെ നൈമിഷികതയെയും പരലോകത്തിന്റെ വിശാലതയെയും കുറിച്ചുമായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്.
 
ജീവിതത്തിന്റെ സായംസന്ധ്യയില്‍ അദ്ദേഹത്തിന് തളര്‍വാദം ബാധിക്കുകയുണ്ടായി. സ്വന്തമായി ചലിക്കാനുള്ള ശേഷി നഷ്ടപ്പെടുകയുണ്ടായി…അദ്ദേഹത്തിനനുഭവിക്കേണ്ടി വന്ന വേദനയും പ്രയാസവുമല്ലാം സഹനത്തോടെ നേരിടുകയുണ്ടായി.
ജമാഅത്ത് നമസ്‌കാരത്തില്‍ നിന്ന് ഒരിക്കലുമദ്ദേഹം പിന്തിനിന്നില്ല. രണ്ടുപേരുടെ ചുമലുകളില്‍ താങ്ങിക്കൊണ്ടായിരുന്നു അദ്ദേഹം പള്ളിയില്‍ എത്തിയിരുന്നത്. അല്ലാഹു നിങ്ങള്‍ക്ക് ഇതിന് ഇളവ് നല്‍കിയിരിക്കുന്നു എന്ന് അദ്ദേഹത്തോട് ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. നമസ്‌കാരത്തിലേക്ക് വരൂ എന്ന ബാങ്കൊലി കേള്‍ക്കുമ്പോള്‍ എനിക്കുത്തരം നല്‍കാതിരിക്കാന്‍ എങ്ങനെ സാധിക്കും! ബാങ്കൊലി കേട്ടാല്‍ മുട്ടിലിഴഞ്ഞെങ്കിലും അതിനുത്തരം നല്‍കുക എന്നാണല്ലോ പ്രവാചകന്‍(സ) പഠിപ്പിച്ചത്.

പ്രഭാതമായാല്‍ അദ്ദേഹം പറയുമായിരുന്നു. അല്ലാഹുവിന്റെ മലക്കുകള്‍ക്ക് സ്വാഗതം! നിങ്ങള്‍ രേഖപ്പെടുത്തിക്കൊളളൂ എന്നു പറഞ്ഞുകൊണ്ട് സുബ്ഹാനല്ലാ, അല്‍ഹംദുലില്ലാ, അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ദിക്‌റുകള്‍ ഉരുവിടുമായിരുന്നു..
അദ്ദേഹം പറയുന്നു:
നീ സംസാരിക്കുകയാണെങ്കില്‍ അല്ലാഹു അത് കേള്‍ക്കുന്നുണ്ട് എന്ന് നീ ഓര്‍ക്കുക!
നീ വല്ലതും ഉദ്ദേശിക്കുകയാണെങ്കില്‍ അത് അല്ലാഹു അറിയുന്നു എന്ന് നീ വിചാരിക്കുക!
നീ വല്ലതും നോക്കുകയാണെങ്കില്‍ അല്ലാഹു നിന്നെ വീക്ഷിക്കുന്നു എന്നു നീ മനസ്സിലാക്കുക!
നീ ചിന്തിക്കുകയാണെങ്കില്‍ അല്ലാഹു നിന്റെ ചിന്താമണ്ഡലങ്ങളിലുള്ളതിനെ എത്തിനോക്കുന്നു എന്ന് നീ അറിയുക. കാരണം അല്ലാഹു പറയുന്നു ‘ നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ.'( അല്‍ ഇസ്രാഅ്: 36).

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles