Current Date

Search
Close this search box.
Search
Close this search box.

റഫ്‌സഞ്ചാനിയുടെ പ്രസ്താവന വാക്കുകളില്‍ ഒതുങ്ങാതിരിക്കട്ടെ

ഇറാന്‍ ഭരണകൂടത്തിന്റെ പരമോന്നത ഉപദേശക സമിതിയുടെ തലവനും മുന്‍ ഇറാന്‍ പ്രസിഡന്റുമായ അക്ബര്‍ ഹാശിമി റഫ്‌സഞ്ചാനിയുടെ അപ്രതീക്ഷിതമായ പ്രസ്താവന ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാം പത്രങ്ങളിലൂടെ വായിച്ചതാണ്. വൈകിയാണെങ്കിലും ഇറാനിലെ ശിയാക്കളുടെ വ്യതിചലിച്ച പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയാണതിലൂടെ അദ്ദേഹം. സഹാബികളെയും പ്രവാചക പത്‌നിമാരെയും ചീത്തവിളിക്കുന്നതിനെയും രണ്ടാം ഖലീഫ ഉമര്‍ ഖത്താബിന്റെ വധം ആഘോഷിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

സ്വതന്ത്രവും ധീരമായ ഈ വാക്കുകളുടെ പേരില്‍ അദ്ദേഹത്തോട് നന്ദി പറയുന്നതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി അതിനോട് കൂട്ടിചേര്‍ക്കാനാഗ്രഹിക്കുന്നു. ഉമര്‍(റ)ന്റെ ഘാതകന്‍ അബൂലുഅ്‌ലുഇന്റെ ഖബ്‌റിന് നല്‍കുന്ന ആദരവ്, തെഹ്‌റാനില്‍ സുന്നികള്‍ക്ക് മസ്ജിദ് നിര്‍മിക്കുന്നതിനുള്ള വിലക്ക്, ഇറാനിലെ സുന്നികളെ പ്രയാസപ്പെടുത്തുന്ന നടപടികള്‍, സുന്നി നാടുകളിലും സമൂഹങ്ങളിലും ശിയാ മദ്ഹബ് വ്യാപിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, ഇറാഖിലെ സുന്നികളെ ദുര്‍ബലപ്പെടുത്തല്‍, സ്വേഛാധിപതിയും കൊലയാളിയുമായ ബശ്ശാര്‍ ഭരണകൂടത്തോടൊപ്പം നിന്ന് സിറിയയില്‍ സുന്നികള്‍ക്കെതിരെ നടത്തുന്ന പോരാട്ടം, ഇത്തരത്തില്‍ ഇറാനിലെ ശിയാക്കള്‍ അവരുടെ സഹോദരങ്ങളായ സുന്നി മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന എണ്ണിതിട്ടപ്പെടുത്താനാവാത്ത പ്രവര്‍ത്തനങ്ങളാണവ.

യഥാര്‍ത്ഥത്തില്‍ ശിയാക്കളാല്‍ എതിര്‍ക്കപ്പെടേണ്ട ഒരു വിഭാഗമല്ല സുന്നികള്‍. ഇസ്‌ലാമിക സമൂഹത്തിന്റെ മഹാഭൂരിപക്ഷത്തെ ഉള്‍ക്കൊള്ളുന്ന, എണ്ണത്തിലും വ്യാപ്തിയിലും മുന്നില്‍ നില്‍ക്കുന്ന വലിയൊരു വിഭാഗമാണത്. ഇസ്‌ലാമിനെ വഹിക്കുകയും സംരക്ഷിക്കുകയും അതിലേക്ക് ആളുകളെ ക്ഷണിക്കുകയും അതിന്റെ മാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിക്കുകയും ചെയ്തവരാണവര്‍. അവരില്ലായിരുന്നുവെങ്കില്‍ ഇന്നും ഇറാനികള്‍ അഗ്നിയെ ആരാധിക്കുന്നവരും രണ്ട് ഇലാഹുകളെ വിളിക്കുന്നവരുമായി അവശേഷിക്കുമായിരുന്നു.

റഫ്‌സഞ്ചാനി ഉണര്‍ത്തിയിരിക്കുന്ന ഇക്കാര്യത്തിലേക്ക് വര്‍ഷങ്ങളായി ഞങ്ങളുടെ ശിയാ സഹോദരങ്ങളെ ഞങ്ങള്‍ വിളിക്കുന്നു. മുസ്‌ലിം വിഭാഗങ്ങളെ പരസ്പരം അടുപ്പിക്കാനുള്ള പത്ത് അടിസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അവയെ ഞങ്ങള്‍ വെക്കുകയും ചെയ്തു. നിഷ്പക്ഷമായി അതിനെ വായിക്കുന്ന ഏതൊരു മുസ്‌ലിമിനും അതിലെ നന്മകള്‍ കാണാനാവും. കാരണം ഈ ഉമ്മത്ത് എല്ലാ കക്ഷികള്‍ക്കും മുകളിലാണെന്നത് പോലെ ഇസ്‌ലാം മദ്ഹബുകള്‍ക്കെല്ലാം മുകളിലാണ്.

മുഹമ്മദ് ഖാതമിയുടെ ഭരണകാലത്ത് ഞാന്‍ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. എന്റെ സന്ദര്‍ശനവും ആയത്തുല്ലാ, ഹുജജുല്‍ ഇസ്‌ലാം തുടങ്ങിയ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച്ചകളിലും ഈ ആശയത്തിനായിരുന്നു ഞാന്‍ ഊന്നല്‍ കൊടുത്തത്. തെഹ്‌റാനിലും മറ്റ് ഇറാനിയന്‍ നഗരങ്ങളിലും നടത്തിയ സന്ദര്‍ശനത്തിലും അക്കാര്യം തന്നെയാണ് ഞാന്‍ പറഞ്ഞത്.

മുസ്‌ലിംകള്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കപ്പെട്ട സെമിനാറുകളിലും സമ്മേളനങ്ങളിലും ഞങ്ങള്‍ പങ്കെടുക്കുകയും ലോക മുസ്‌ലിം പണ്ഡിതവേദി പ്രതിനിധി സംഘങ്ങളെ അയക്കുകയും ചെയ്തിട്ടുണ്ട്. വാക്കുകള്‍ക്കപ്പുറം പരസ്പരം അടുക്കുന്നത് ഇറാനിലെ ഞങ്ങളുടെ സഹോദരങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ അത്തരം സമ്മേളനങ്ങള്‍ കേവലം ഉപചാര വാക്കുകളില്‍ ഒതുങ്ങി. ഇറാഖില്‍ സുന്നികള്‍ കൊലചെയ്യപ്പെടുത് വിഭാഗീയതോടെ അവര്‍ കണ്ടു. സിറിയന്‍ ജനതയുടെ രക്തത്തില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തിന് വേണ്ട സഹായങ്ങളും നല്‍കി. എല്ലാ നാടുകളിലെയും സുന്നികളെ ശിയാക്കളാക്ക് മാറ്റാനുള്ള ശ്രമങ്ങളും നടത്തി.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിഷിദ്ധമാക്കണമെന്ന് ആയത്തുല്ലയോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് റഫ്‌സഞ്ചാനിയുമായി പ്രസിദ്ധമായ ഒരു ടെലിവിഷന്‍ കൂടിക്കാഴ്ച്ചയും ഞങ്ങള്‍ നടത്തി. സുന്നികളും ശിയാക്കളുമായ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഒരുമിച്ച് അവര്‍ക്ക് അറിയിക്കാനുള്ള കാര്യം പ്രമുഖരെ അറിയിക്കുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ റഫസഞ്ചാനിയും ഇറാന്‍ പണ്ഡിതന്‍മാരും ദീനിലേക്ക് ചായുന്നതിന് പകരം വിഭാഗീയതയിലേക്കാണ് ചാഞ്ഞത്.

റഫ്‌സഞ്ചാനിയില്‍ നിന്നും അദ്ദേഹത്തോടൊപ്പമുള്ളവരില്‍ നിന്നും ഇതിന്റെ പ്രായോഗിക നടപടികളുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ വിഷയങ്ങളിലുള്ള വാക്കുകളോ ഭാവനയോ ആയി പരിമിതപ്പെടാതെ പ്രവര്‍ത്തന തലത്തിലേക്കത് വരുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ അദ്ദേഹത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് സിറിയയില്‍ നിന്ന് ഇറാനികളും ഇറാഖികളുമായുള്ള ശിയാക്കള്‍ പിന്‍വാങ്ങാനുള്ള വ്യക്തമായ ആഹ്വാനം. മുമ്പ് ഇറാനികള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടത് പോലെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പുറത്തിറങ്ങിയിരിക്കുന്നവരെ വധിക്കുന്നത് മതിയാക്കണം. ഇതല്ലാത്തതെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. ഒന്നിപ്പിക്കുന്നതിനും അടുപ്പിക്കുന്നതിനും പോയിട്ട് അതിന്റെ പ്രാഥമിക ഘട്ടത്തിലെത്താന്‍ പോലും കേവല വാക്കുകള്‍ ഉപകരിക്കില്ല.

റഫ്‌സഞ്ചാനിയുടെ പ്രസ്താവനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വൈകിയാണെങ്കിലും തീരെ ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണത്. സമാന വീക്ഷണം പുലര്‍ത്തുന്ന ഈയടുത്ത് വന്ന അദ്ദേഹത്തിന്റെ ചില ഫത്‌വകളും പ്രസ്താവനകളും സ്വാഗതാര്‍ഹമാണ്. ഇസ്‌ലാമിക ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും രാഷ്ട്രത്തിന്റെയും അതിലെ ജനങ്ങളുടെയും ഉന്നമനത്തിനും പുരോഗതിക്കും ഉതകുന്ന നിരവധി പരിശ്രമങ്ങളും അദ്ദേഹത്തില്‍ നിന്നുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
അല്ലാഹുവേ, ഈ ഉമ്മത്തിന്റെ ഇന്നിനെ അതിന്റെ ഇന്നലെകളെക്കാളും, അതിന്റെ നാളെകളെ ഇന്നിനേക്കാളും ഉത്തമമാക്കിയാലും. ഏറ്റവും ഉത്തമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഈ ഉമ്മത്തിലെ അംഗങ്ങളെ നീ തുണക്കുകയും ചെയ്യേണമേ.

മൊഴിമാറ്റം : നസീഫ്‌

Related Articles