Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയക്കാരന്റെ ആയുധമാകുന്ന ആത്മീയ സദസ്സുകള്‍

എന്തിനെയും വ്യാപാര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുക എന്ന രീതി നമ്മുടെ ചിന്തകളിലേക്ക് കടന്ന് വന്നിട്ട് അധിക കാലമായിട്ടില്ല, മതവും മതാചാരങ്ങളും ഇന്ത്യാക്കാരെ സംബന്ധിച്ചേടത്തോളം പണവും സ്വാധീനവും  ഉണ്ടാക്കുവാനുള്ള ഉപകരണങ്ങളായിരുന്നില്ല, നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന വാണിജ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ പോലും മതപ്രവര്‍ത്തനത്തെ പണം നേടുവാനുള്ള ഒരു തൊഴിലായി ഇപ്പോഴും അംഗീകരിക്കുന്നില്ല.

രാഷ്ട്രീയ പ്രവര്‍ത്തനവും, മത പ്രവര്‍ത്തനവും ഒരു വ്യാപാരാനുബന്ധ പ്രവര്‍ത്തനമായി ഇന്ത്യക്കാര്‍ തത്വത്തില്‍ വിശ്വസിച്ചിരുന്നില്ല, ഇന്നും അങ്ങനെ വിശ്വസിക്കാത്തവരുണ്ട്. എന്നാല്‍ അടുത്ത കാലത്തായി നമ്മുടെ വ്യാപാര തന്ത്രങ്ങളിലും രാഷ്ട്ര തന്ത്രങ്ങളിലും മതവിശ്വസങ്ങളും പാരമ്പര്യങ്ങളും മൈലേജുള്ള പബ്ലിക് റിലേഷന്‍ ഉപകരണമായി മാറിയിരിക്കുന്നു. ജനങ്ങളോട് കൂടുതല്‍ അടുപ്പവും അവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്നവനുമായിരിക്കണം രാഷ്ട്രീയക്കാരന്‍ എന്ന തത്വത്തെ മുഖ്യ ധാര രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം മറികടന്നിരിക്കുന്നു. ഇന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ഒരു വ്യാപാരമായി മാറിയിരിക്കുന്നു. മനുഷ്യ വികാരങ്ങളെ ചൂടുപിടിപ്പിച്ച് ഉല്‍പന്നത്തിന് ചോദനമുണ്ടാക്കുക എന്നത് വിപണിഭരണ തന്ത്രം ഇന്ന് രാഷ്ടീയത്തിലും കാണുന്നു.  മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ കൊണ്ട് അതാണല്ലോ ഉദ്ദേശിക്കുന്നത്. ഈ വിപണീ തന്ത്രം രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് അപകടകരമാണ്. ആത്മാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാവുമ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ മറ്റു വഴികള്‍ തേടേണ്ടി വരുന്നു. അപ്പോഴാണ് മതവും ആചാരങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളിലേക്കുള്ള കുറുക്കു വഴികളാകുന്നത്.

മത മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം മതവികാരങ്ങളും ആചാരങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് മുഖ്യധാര പാര്‍ട്ടികളെല്ലാം ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഹിന്ദുമത വിശ്വാസിയായ മോഡിക്ക് പര്‍ദ്ദ വിതരണം ചെയ്യേണ്ടി വരുന്നത്. അങ്ങനെ വ്യത്യസ്ത ജാതിക്കാരും പാമ്പര്യക്കാരും വ്യത്യസ്ത പാര്‍ട്ടികളുടെ വോട്ട് ബാങ്കുകളായി മാറുന്നു. മതസ്ഥാപനങ്ങളും യാഗശാലകളും ആത്മീയ സ്ഥാപനങ്ങളാകുന്നതിന് പകരം അവ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വോട്ടുബാങ്ക് ഒരുക്കുന്നതിനുള്ള സംവിധാനമായി മാറുന്നു എന്നാണ് ബാബാ രാം ദേവിന്റെ പത്രസമ്മേളനം വ്യക്തമാക്കുന്നത്. കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് രാം ദേവ് സോമയാഗത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന രാഷ്ട്രീയ ബോധം വെച്ചുപുലര്‍ത്തുന്ന കേരളം പോലുള്ള സംസ്ഥാനത്ത് ഇത് നടക്കുന്നത് അപമാനകരമാണ്.

മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെ മുഖ്യ ധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭയപ്പെടുന്നു. എന്നാല്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി അവര്‍ വികാരങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. വൈകാരികമായി ആളുകളെ സംഘടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗമായിട്ടാണ് ഇന്ന് മതവും മതത്തിന്റെ പേരില്‍ നടക്കുന്ന ആഘോഷങ്ങളും. ചോദ്യങ്ങള്‍ ചോദിക്കാതെ ഉന്മാദികളായി യാഗശാലകളില്‍ നിന്നും ആത്മീയ സദസ്സുകളില്‍ നിന്നും ഇറങ്ങി വരുന്ന ഉന്മാദികളെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാവശ്യം. അതിനായി വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ആത്മീയ സദസുകളെ അവര്‍ വിലക്കെടുക്കുന്നു. മൂല്യങ്ങള്‍ പഠിപ്പിക്കുന്ന ഗുരുവിന്റെ സ്ഥാനത്ത് നിന്ന് പരസ്യത്തിലഭിനയിക്കുന്ന മോഡലുകളെപ്പോലെ ജീവിതത്തെ അഭിനയിക്കുന്നവരായി ആത്മീയ നേതാക്കളും സന്യാസിമാരും അധ:പതിക്കുന്നതാണ് നാമിന്ന് കാണുന്നത്. മൂല്യ ബോധമുള്ളവരാരെങ്കിലും ആത്മീയ നേതാക്കളിലും സന്യാസിവര്യന്മാരിലുമുണ്ടെങ്കില്‍ ഇതിനെതിരെ ശബ്ദിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട് അല്ലെങ്കില്‍ ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നകന്നത് പോലെ മതമൂല്യങ്ങളില്‍ നിന്നും അകന്ന് പോയേക്കും.

Related Articles