Current Date

Search
Close this search box.
Search
Close this search box.

രാജ്യസുരക്ഷാ നിയമങ്ങള്‍ പൗരസുരക്ഷയോട് ഏറ്റുമുട്ടുമ്പോള്‍

നമ്മുടെ രാജ്യത്ത് ഒട്ടേറെ കരിനിയമങ്ങള്‍ നിലവിലുണ്ട്. അവ എങ്ങിനെ, ആര്‍ക്കെതിരെ ഉപയോഗിച്ചു എന്നത് പ്രത്യേകം പരിശോധിക്കപ്പെടേണ്ട ഒന്നു തന്നെയാണ്. പലപ്പോഴും കരിനിയമങ്ങള്‍ ന്യൂനപക്ഷ, ദലിത്, ആദിവാസി വിഭാഗങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ഇത്തരം കരിനിയമങ്ങളിലൂടെ ആയിരക്കണക്കിന് നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഈയടുത്ത് റദ്ദാക്കിയ രണ്ട് കരിനിയമങ്ങളാണ് പോട്ട, ടാഡ എന്നിവ. എന്നാല്‍ പ്രസ്തുത നിയമങ്ങള്‍ റദ്ദാക്കിയിട്ടും അവ ചുമത്തപ്പെട്ട് ജയിലില്‍ കിടക്കുന്ന നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണുള്ളത്. അതുപോലെ വളരെ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കരിനിയമമാണ് യുഎപിഎ. അതില്‍ പെട്ട് ജീവിതത്തിന്റെ സുപ്രധാനമായ ഒരു കാലഘട്ടം നഷ്ടപ്പെട്ട നിരപരാധികളില്‍ ഒരാളാണ് ഇപ്പോള്‍ മോചിതനായ യഹ്‌യ കമ്മുക്കുട്ടി.

ഇത്തരം ഭീകരമായ കരിനിയമങ്ങള്‍ കൊണ്ട് മാത്രമേ രാജ്യം രക്ഷപ്പെടൂ എന്നുള്ള വാദം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. അങ്ങനെയായിരുന്നുവെങ്കില്‍ മുമ്പ് ഉണ്ടാക്കിയിട്ടുള്ള എത്രയോ കരിനിയമങ്ങള്‍ കൊണ്ട് രാജ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ കൊണ്ട് തന്നെ ഇവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനെല്ലാം പുറമെ ഇത്തരം കേസുകളില്‍ അകപ്പെടുന്നവരെ സമൂഹം മാറ്റിനിര്‍ത്തുന്ന ഒരു സമീപനമുണ്ട്. ആരോപണ വിധേയനായി അറസ്റ്റ് ചെയ്യുമ്പോഴേക്കും അവരെ പ്രതിയായി മുദ്രകുത്തുന്ന മാധ്യമങ്ങളുടെ രീതി മാറേണ്ടതുണ്ട്.

ഹുബ്ലി സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതികളെ വെറുതെവിട്ട സാഹചര്യത്തില്‍ രാജ്യത്ത് നടന്ന സ്‌ഫോടനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ഈ കേസുകളില്‍ വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം വേണം. സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സോളിഡാരിറ്റിയടക്കമുള്ള സംഘടനകളും രാജ്യത്തുനടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ സംശയങ്ങളെ ശരിവെക്കുന്നതാണ് ഈ വിധി. വിട്ടയക്കപ്പെടുന്ന മുഴുവന്‍ പ്രതികള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണം. ആ നഷ്ടപരിഹാരം കെട്ടിചമച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം. യുഎപിഎ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ പോലും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോള്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വ്യാപകമായി യുഎപിഎ ചാര്‍ത്തികൊണ്ടിരിക്കുകയാണ്. ടാഡയും പോട്ടയും ഉപയോഗിക്കാത്ത കേരളം യുഎപിഎയോട് സ്വീകരിച്ചിരിക്കുന്ന സമീപനത്തിനെതിരെ സമൂഹമനസ്സാക്ഷി ഉയര്‍ന്നു വരേണ്ടതുണ്ട്.

Related Articles