Current Date

Search
Close this search box.
Search
Close this search box.

രണ്ട് തെരഞ്ഞെടുപ്പുകള്‍ ; രണ്ട് നിലപാടുകള്‍

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ രണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. രണ്ടും അറബ് രാജ്യങ്ങളില്‍ നിന്ന് തന്നെ. എന്നാല്‍ രണ്ട് തെരഞ്ഞെടുപ്പുകളെയും അവയുടെ ഫലങ്ങളെയും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ലോക രാഷ്ട്രങ്ങളും മാധ്യമങ്ങളും വിലയിരുത്തുന്നത് എന്നതും ഈ തെരഞ്ഞെടുപ്പുകളുടെ പ്രത്യേകതയാണ്.

വടക്കന്‍ ആഫ്രിക്കയിലെ മുസ്‌ലിം രാജ്യമായ ഈജിപ്തില്‍ മെയ് 26,27,28 തീയ്യതികളിലായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഒന്നാമത്തേത്. രണ്ട് ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനമെങ്കിലും പോളിംഗ് ശതമാനം 30 ലും താഴെ ആയതിനെ തുടര്‍ന്ന് മൂന്നാമത്തെ ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡും രാജ്യത്തെ അട്ടിമറി വിരുദ്ധരും ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത് കേവലം 46 ശതമാനം പേര്‍ മാത്രം (ഇത് സര്‍ക്കാര്‍ പറയുന്ന കണക്കാണ്. യഥാര്‍ഥ വോട്ടിംഗ് ശതമാനം ഇതിലും താഴെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്). 96 ശതമാനം വോട്ട് നേടി അട്ടിമറി നേതാവും മുന്‍ സൈനിക മേധാവിയുമായ അബ്ദുല്‍ഫത്താഹ് സീസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ ബ്രദര്‍ഹുഡിനെയും യുവജനങ്ങളുടെ നേതൃത്വത്തില്‍ പുതുതായി രൂപം കൊണ്ട ‘ഏപ്രില്‍ 6’ പ്രസ്ഥാനത്തെയും നിരോധിച്ച് ജനങ്ങള്‍ക്ക് നിര്‍ഭയമായ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ച് ഈജിപ്തില്‍ നടന്ന തെരഞ്ഞെടുപ്പ് നാടകത്തെ സാധൂകരിക്കാന്‍ പടിഞ്ഞാറിന്റെ ഏറാന്‍ മൂളികളായ നിരീക്ഷകരും ഈജിപ്തിലെത്തിയിരുന്നു. എന്നാല്‍ 2012 ല്‍ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ജനാധിപത്യവാദികളെ കൂട്ടക്കശാപ്പ് നടത്തിയും പ്രതിഷേധക്കാരെ തുറങ്കിലടച്ചും ക്രൂരമായി വേട്ടയാടിയും സൈനിക സര്‍ക്കാര്‍ നടത്തുന്ന ‘ജനാധിപത്യ തെരഞ്ഞെടുപ്പ് നാടകത്തെ’ ഈജിപ്തിലെ ഭൂരിപക്ഷ ജനതയും തള്ളിപ്പറഞ്ഞു എന്നതിന്റെ തെളിവാണ് വോട്ടിംഗ് ശതമാനം കുറഞ്ഞത്. എങ്കിലും തെരഞ്ഞെടുപ്പ് നാടകത്തെ ഈജിപ്തിന്റെ ജനാധിപത്യത്തിലേക്കുള്ള തിരിച്ചു പോക്കായി വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണ് പടിഞ്ഞാറും അവരുടെ സില്‍ബന്ധികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഈജിപ്തില്‍ സൈന്യം അട്ടിമറിച്ചത് മുസ്‌ലിം ബ്രദര്‍ഹുഡെന്ന ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെയാണ്. പുതുതായി അധികാരത്തിലേറുന്നത് പടിഞ്ഞാറിന്റെയും സിയോണിസ്റ്റ് ശക്തികളുടെയും അറബ് ഏകാധിപതികളുടെയും ഇഷ്ടക്കാരുമാണ്. സ്വാഭാവികമായും പടിഞ്ഞാറും പടിഞ്ഞാറന്‍ മാധ്യമങ്ങളും അവരെ ഏറ്റുപാടുന്നവരും പുതിയ പ്രസിഡന്റിന് ആശംസകള്‍ നേരും. സഹായങ്ങള്‍ പ്രഖ്യാപിക്കും. ഇപ്പോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജാക്കന്മാരും സീസിയെ അഭിനന്ദിക്കുന്നതിന്റെ തിരക്കിലാണ്. ആയിരത്തിലധികം വരുന്ന ബ്രദര്‍ഹുഡ് അനുകൂലികളുടെ രക്തക്കറയുമായി ഈജിപ്തിന്റെ പ്രസിഡന്റ് പദവിയില്‍ ഉപവിഷ്ടനാകാന്‍ പോകുന്ന സീസിയെ ആദ്യം വിളിച്ച് അഭിനന്ദിച്ചതും സഹായം പ്രഖ്യാപിച്ചതും സാക്ഷാല്‍ ‘ഖാദിമുല്‍ ഹറമൈന്‍’ തന്നെ! പടിഞ്ഞാറന്‍ ഭരണാധികാരികളും യൂറോപ്യന്‍ യൂണിയനുമെല്ലാം സീസിയെ അഭിനന്ദിച്ചപ്പോഴും ഈജിപ്തിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സഊദിയിലെ അബ്ദുല്ല രാജാവ് അടക്കമുള്ള അറബ് ഭരണാധികാരികള്‍ക്ക് അങ്ങനെയൊരു ആശങ്കയേ ഇല്ല.

സീസിയെ അഭിനന്ദിച്ച് അബ്ദുല്ല രാജാവ് അയച്ച കത്തില്‍ ഈജിപ്ത് നേരിടുന്ന കടുത്ത സാമ്പത്തിക പ്രയാസത്തിന് പരിഹാരം കാണാന്‍ സീസി അനുകൂലികളായ രാഷ്ട്രങ്ങള്‍ അടിയന്തിരമായി യോഗം ചേരേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിനെതിരെ നടന്ന വിപ്ലവം ഗൂഢശക്തികളുടെ ആസൂത്രണത്തില്‍ നടന്ന കലാപമായിരുന്നെന്നും അവരെ അമര്‍ച്ച ചെയ്യണമെന്നും രാജാവ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഈജിപ്ഷ്യന്‍ ജനതയുടെ വിപ്ലവ വീര്യത്തെ, അവിടെ ജനാധിപത്യം പുലരുന്നതിനെ, ഇസ്‌ലാമിക പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നതിനെ ‘ഖാദിമുല്‍ ഹറമൈനിനെ’ പോലുള്ള അറബ് ഭരണാധികാരികള്‍ എന്തിനാണിത്ര പേടിക്കുന്നത്? കാര്യം വ്യക്തമാണ്, എതിര്‍പ്പിന്റെ ചെറുനാമ്പുകള്‍ പോലും വെച്ച് പൊറുപ്പിക്കാതെ കാലങ്ങളായി തുടരുന്ന തങ്ങളുടെ ‘ഇസ്‌ലാമിക രാജാധിപത്യത്തിന്’ ജനാധിപത്യ ഈജിപ്ത് വരുത്തി വെക്കുന്ന വിപത്ത് വലുതായിരിക്കുമെന്ന് അവര്‍ നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നു.

സീസിയുടെ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു മുസ്‌ലിം രാഷ്ട്രമായ സിറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 14 വര്‍ഷമായി പ്രസിഡന്റ് പദത്തില്‍ തുടരുന്ന ബശാറുല്‍ അസദിനെതിരെ 3 വര്‍ഷത്തിലേറെയായി നടക്കുന്ന പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന നടപടിയാണ് ഇത്രയും നാളായി അസദും അസദിന്റെ സൈന്യവും സ്വീകരിച്ചു വരുന്നത്. 3 വര്‍ഷത്തിനുള്ളില്‍ 2 ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും മില്യണ്‍ കണക്കിന് ജനങ്ങള്‍ അഭയാര്‍ഥികളാകുകയും ചെയ്തിരിക്കുന്നു. രാജ്യത്തിന്റെ പകുതിയോളം ഇപ്പോള്‍ അഭയാര്‍ഥികളായാണ് ജീവിക്കുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അസദ് സര്‍ക്കാറിന് നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ മാത്രമായി നടന്ന തെരഞ്ഞെടുപ്പിലൂടെ 88.7 ശതമാനം വോട്ട് നേടി അസദ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സിറിയന്‍ തെരഞ്ഞെടുപ്പിന് ഈജിപ്തില്‍ നിന്നുമുളള ഒരു വ്യത്യാസം തെരഞ്ഞെടുപ്പിന് നിരീക്ഷകരായിട്ട് ആരും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല തെരഞ്ഞെടുപ്പിനെ തന്നെ പാശ്ചാത്യരോ പൗരസ്ത്യരോ അംഗീകരിച്ചിരുന്നില്ല എന്നതാണ്. സിറിയയിലെ പ്രതിപക്ഷവും സഊദി അടക്കമുള്ള മറ്റ് അറബ് രാഷ്ട്രങ്ങളും അമേരിക്കയും യു.എന്നും സിറിയന്‍ തെരഞ്ഞെടുപ്പിനെതിരെ രംഗത്ത് വന്നിരുന്നു.

ഇവിടെ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. പ്രക്ഷോഭകരെ കൊലപ്പെടുത്തി മനുഷ്യാവകാശങ്ങള്‍ ഹനിച്ചാണ് സീസിയും അസദും അധികാരത്തിലെത്തിയതെന്നിരിക്കെ സീസി പാശ്ചാതര്‍ക്കും അറബ് രാജാക്കന്മാര്‍ക്കും പ്രിയങ്കരനും അസദ് വെറുക്കപ്പെട്ടവനുമാകുന്നതെങ്ങനെ?

 ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തിനിടയിലും അസദിനെ പിടിച്ചു നിര്‍ത്തുന്നത് ഇറാന്‍, റഷ്യ, ചൈന, ഹിസ്ബുല്ല എന്നിവരുടെ പിന്തുണയാണ്. അസദിനെ സാമ്പത്തികമായും സായുധമായും പിന്തുണക്കുന്നത് ഇവരാണ്. വന്‍ ശക്തി രാജ്യങ്ങളില്‍ അമേരിക്ക ഒരുവശത്തും ചൈനയും റഷ്യയും മറുവശത്തും നില്‍ക്കുന്നവരാണ്. കൂടാതെ 1979 മുതല്‍ ഇറാനും അമേരിക്കയുടെ കണ്ണിലെ കരടാണ് (ഹസന്‍ റൂഹാനി ഇറാനില്‍ അധികാരത്തില്‍ വന്നതിന് ശേഷം അല്‍പ്പം മാറ്റമുണ്ടെങ്കിലും). സ്വാഭാവികായും സിറിയ അമേരിക്കയുടെ ശത്രു തന്നെ. എന്നാല്‍ സഊദിയെ സംബന്ധിച്ച് മേഖലയിലെ ആധിപത്യം നിലനിര്‍ത്താന്‍ ഇറാന്റെ ശക്തി ക്ഷയിക്കേണ്ടത് ആവശ്യവുമാണ്. അതിനുപുറമെ, ശിയാക്കള്‍ക്ക് ആധിപത്യമുള്ള ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളുമായി സുന്നീ ചിന്താധാരയുടെ വക്താക്കളെന്ന നിലയിലും സഊദി ഉള്‍പ്പെടെയുള്ള സുന്നീ ഭൂരിപക്ഷ അറബ് രാഷ്ട്രങ്ങള്‍ അകലം പാലിക്കുന്നുണ്ട്.

ചുരുക്കത്തില്‍, സിറിയയെ പിന്തുണക്കുന്നത് തങ്ങളുടെ ശാക്തിക ചേരിക്ക് പുറത്ത് നിന്നുള്ളവരാണെന്ന കാരണം മാത്രമാണ് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ അസദിനെതിരെ രംഗത്ത് വരാനുള്ള കാരണം, അല്ലാതെ അസദ് സൈന്യം നടത്തുന്ന ക്രൂരതകളല്ല. രാസായുധ അക്രമണം നടത്തി അസദ് സൈന്യം സിറിയയില്‍ ആയിരങ്ങളെ കൊന്നൊടുക്കിയപ്പോള്‍ സിറിയയില്‍ അമേരിക്ക സൈനിക ഇടപെടല്‍ നടത്തുമെന്ന് വരെ തോന്നിച്ചിരുന്നു. എന്നാല്‍ അമേരിക്ക അതില്‍ നിന്നും പിന്മാറാനുള്ള കാരണം, അസദ് അധികാര ഭ്രഷ്ടനാക്കപ്പെട്ടാല്‍ അവിടെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് ആധിപത്യം ലഭിക്കുമെന്ന ഭീതിയാണ്. ഈജിപ്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയത് അമേരിക്കയെ കൂടുതല്‍ ഭയപ്പെടുത്തിയിരുന്നു. അഥവാ അസദിനെ എതിര്‍ക്കുമ്പോഴും ഇസ്‌ലാമിസ്റ്റുകളെ ഭയന്നാണ് അമേരിക്കയും മറ്റു പാശ്ചാത്യരും സിറിയയില്‍ ഭരണ മാറ്റത്തിന് മുന്‍കൈ എടുക്കാത്തത്. അഫ്ഗാനിലെയും ഇറാഖിലെയും പോലെ സിറിയയില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് നില്‍ക്കാന്‍ തയ്യാറുള്ള ആളുകളെ കിട്ടുന്നത് വരെ പരസ്യമായി അസദിനെ എതിര്‍ക്കുമ്പോഴും സിറിയയിലെ ആഭ്യന്തര യുദ്ധം തുടരണമെന്ന് തന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നത്.

അതേസമയം, അറബ് ഭരണാധികാരികളുടെ നിലപാടാണ് കൂടുതള്‍ അതിശയകരം. ഇസ്‌ലാമിന്റെ പേരില്‍ ഭരണം നടത്തുന്ന അറബ് ഭരണാധികാരികള്‍ക്ക് മനുഷ്യ ജീവനുകള്‍ അപഹരിക്കപ്പെടുന്നതിലോ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിലോ അല്ല പ്രശ്‌നം. തങ്ങളുടെ ഭരണത്തിനും ആധിപത്യത്തിനും ഭീഷണി ഉയര്‍ത്തുന്നവര്‍ ആരോണോ അവരാണ് അറബ് രാജാക്കന്മാരുടെ ശത്രുക്കള്‍. ഈജിപ്തില്‍ അത് ബ്രദര്‍ഹുഡാണെങ്കില്‍ സിറിയയില്‍ അത് ഇറാനും ശീഇസവുമാണ്. അങ്ങനെയാകുമ്പോള്‍ ബ്രദര്‍ഹുഡ് അനുകൂലികളുടെയും ജനാധിപത്യ വിശ്വാസികളുടെയും രക്തം പുരണ്ട സീസിയുടെ കരങ്ങള്‍ക്ക് അറബ് ലോകത്ത് സ്വീകാര്യത ലഭിക്കുന്നു. അതേസയമം സിറിയന്‍ പ്രക്ഷോഭകരെ കൊന്നൊടുക്കുന്ന അസദ് അവര്‍ക്ക് ശത്രുവാകുകയും ചെയ്യുന്നു. സിറിയയിലും ഈജിപ്തിലും പച്ച ജീവനുകള്‍ ചതച്ചരക്കപ്പെടുന്നതില്‍ പാശ്ചാത്യര്‍ക്കോ പൗരസ്ത്യര്‍ക്കോ ആശങ്കകളില്ല, അവര്‍ക്ക് ആശങ്കയുള്ളത് തങ്ങളുടെ ഭരണത്തെ കുറിച്ചും ആധിപത്യത്തെ കുറിച്ചുമാണ്. ചിന്തിക്കുന്ന ജനത തങ്ങളുടെ കപട നിലപാടുകള്‍ക്ക് സാക്ഷികളാണെന്ന് ഇവര്‍ ഓര്‍ക്കുന്നത് നല്ലത്.

Related Articles