Current Date

Search
Close this search box.
Search
Close this search box.

രണ്ടുകുടം ഹൈഡ്രജന്‍ ഒരു കുടം ഓക്‌സിജന്‍ = നാല് കുടം വെള്ളം കിട്ടുമോ..

കുഞ്ഞ്‌നാളിലെ കഥകള്‍ , ഓര്‍മ്മകള്‍ ..
എല്ലാം എത്ര പറഞ്ഞാലാണ് നമുക്ക് മതി വരിക..
എത്രയെതെ അബദ്ധങ്ങളാണ് നമ്മളൊക്കെ ചെയ്തു കൂട്ടിയത്..
ചെയ്ത അബദ്ധങ്ങള്‍ക്ക് ചിലപ്പോഴൊക്കെ കിട്ടിയ അടിയുടെ മധുരം ഇപ്പോഴും മുതുകത്ത് നിന്ന് പോയിക്കാണില്ല..

ഓര്‍മകാണുമോ ആദ്യമായി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ അന്നുകള്‍ ..
ഇക്കാ.., റവയുണ്ടോ എന്ന് ഫര്‍ണീച്ചര്‍ കടയില്‍ പോയി ചോദിച്ചത്..
മെഡിക്കള്‍ ഷോപ്പില്‍ ചെന്ന് തീപ്പെട്ടി അന്വേഷിച്ചത്..

എത്രയെത്ര സാധനങ്ങളുടെ പേരാണ് കടയിലെത്തുമ്പോള്‍ മറന്ന്, മാറിപ്പറഞ്ഞ്.., വീട്ടിലെത്തുമ്പോള്‍ ഉമ്മയുടെ കലിതുള്ളല്‍ കണ്ട് ഞെട്ടിയത്..

ആദ്യമായി കടയിലേക്കയക്കുമ്പോള്‍ ഉമ്മയുടെ മുഖത്തെ ആധി ഇന്നും നമുക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലേ..

കേരള എക്‌സ്പ്രസ് ബ്ലോഗിലെ(http:/trivandrumcetnral.blogspot.in/) ഒരു പായസം ഉണ്ടാക്കിയ കഥ എന്ന ഡിജെയുടെ പോസ്റ്റ് നമ്മെ പിറകിലേക്ക് , കുഞ്ഞുകാലങ്ങളിലേക്ക് വഴി നടത്തിക്കുന്നുണ്ട്..

‘ഡാ …. എന്തുവാടാ രാവിലെ സ്വപ്‌നം കണ്ടോണ്ടിരിക്കുന്നത്..
നിന്നോട് ആ മില്‍മാ ബൂത്തില്‍ നിന്ന് ഒരു കവര്‍ പാല്‍ മേടിച്ചോണ്ട് വരാന്‍ പറഞ്ഞിട്ട് എത്രനേരം ആയി…’ അഛന്‍ അലറലോടലറല്‍…

‘അത് പിന്നെ……..’

‘നിന്റെയൊക്കെ പ്രായത്തില്‍ ഞാന്‍ അഞ്ച് മൈല്‍ നടന്നു പോയി അരിയും പച്ചക്കറിയും മേടിച്ചോണ്ട് വരുമായിരുന്നു.. അല്ല ഇതിപ്പോ ആരോട് പറയാന്‍ … നിന്നെയൊക്കെ വളര്‍ത്തുന്ന നേരം കൊണ്ട് നാല് വാഴ വെച്ചിരുന്നെങ്കില്‍ …’

ഇന്നിപ്പോ നാലാം തവണയാണ് അഛന്‍ ഈ വാഴ സ്‌റ്റോറി പറയുന്നത്..
ചിലപ്പോ വാഴക്ക് പകരം തെങ്ങ് വെക്കുന്ന കാര്യം പറയും.. പക്ഷെ എല്ലാത്തിന്റേയും ക്ലൈമാക്‌സ് ഒന്നുതന്നെ….

– ഓര്‍മകളുടെ ഒരായിരം ആകാശങ്ങളിലേക്ക് നമ്മെ കൊണ്ട് പോകുന്നു ഡിജെ….

****************************************************************************************

ശ്രദ്ധേയന്റെ കരിനാക്ക് ബ്ലോഗിലെ(http://www.shradheyan.com) ചരമക്കവിത ശ്രദ്ധേയം..
തന്റെ മരണമറിയിച്ച് മരിച്ചവര്‍ക്ക് ചിരിച്ചിരിക്കാനുള്ള ഇടമാണ് ചരമക്കോളം എന്ന് പറയുന്നു ഷഫീഖ് (shafeeq parappummal)

ചരമം

തന്റെ മരണമറിയിച്ച്
മരിച്ചവര്‍ക്ക്
ചിരിച്ചിരിക്കാനുള്ള
ഇടമാണ് ചരമ കോളം.

എടോ ഗോപാലകൃഷ്ണാ
നിന്റെ ഭാര്യ യശോദയുടെ
അടുത്ത ബന്ധുവായ,
അഞ്ചിലും ആറിലും ഒപ്പം പഠിച്ച
ഞാനിതാ
പരലോകം പൂകിയിരിക്കുന്നുവെന്ന്
കട്ടിക്കണ്ണടവെച്ച്
രാമചന്ദ്രന്‍ പുഞ്ചിരി തൂകും .
വയസ്സല്പം ഇളയതാണേലും
പിടിപ്പത് രോഗം വന്ന്
ഞാന്‍ നേരത്തെ പോകുന്നൂവെന്ന്
വോട്ടര്‍ കാര്‍ഡിലെ പരിഭ്രമച്ചിരിയില്‍
രാധാമണി മൊഴിയും.

വര്‍ഗീസേട്ടന്റെ വയസ്സന്‍ ചിരി
കാര്‍ത്തികയുടെ മോഡേണ്‍ ചിരി
കരീംക്കയുടെ ഗള്‍ഫ് ചിരി…
ആത്മാക്കളുടെ ചിരിയിലും.
നാനാത്വത്തില്‍ ഏകത്വം ഒക്കുന്നുണ്ട്.

പേരോര്‍മയില്ലാത്ത
ചിരികളാണ് ആശങ്ക നിറക്കാറ്.
‘എട്യേ… ഇത് നാസറല്ലേ,
നമ്മുടെ ആയിശുമ്മാന്റെ മോന്‍?
അസീസല്ലേ, ശഹനാസിന്റെ
കെട്ട്യോന്റെ അനിയന്‍?
നവാസല്ലേ? അബ്ബാസല്ലേ?’
‘നാവിന്റെ തുമ്പോളം കിട്ടുന്നുണ്ട്,
ആരായാലും എന്ത് പളുങ്കു പോലത്തെ
ചെറുപ്പക്കാരനാ? ബല്ലാത്ത ചിരിയാ..’
കണ്ണ് തുടച്ച് മൈമൂന
അടുത്ത ചിരിയിലേക്ക് നീങ്ങും.

‘അന്നം തന്ന കൈ കൊണ്ട് തന്നെയാ
വിഷം തീറ്റിച്ചത്,
അച്ഛനെന്ന് തന്നെയാ
പിടയുമ്പോഴും വിളിച്ചത്,
അമ്മയും ഞാനും പോന്നേക്കാം
അനിയത്തിയെയെങ്കിലും
ജീവിക്കാന്‍ വിട്ടേക്കച്ഛാ എന്നാണ്
ഒടുവിലും കരഞ്ഞത്…’
നിരത്തി വെച്ച
നാലു ചിരികള്‍ക്കിടയിലെ
കുഞ്ഞു ചിരി വാചാലമാവുമ്പോള്‍
പത്രം മടക്കി മൂലക്കെറിയും.

സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ;
തന്റെ മരണമറിയിച്ച്
മരിച്ചവര്‍ക്ക്
ചിരിച്ചിരിക്കാനുള്ള
ഇടം തന്നെയാണ് ചരമ കോളം.

നല്ലൊരു ചിരി ഇപ്പോഴേ
തിരഞ്ഞു വെക്കട്ടെ,
ഇതെന്തോന്ന് ചിരിയെന്നോര്‍ത്ത്
നാളെ നിങ്ങള്‍ ചിരിക്കരുതല്ലോ.

****************************************************************
ഈ വരള്‍ച്ചാകാലത്തെ വെള്ളമില്ലാതെ വെയിലുകൊണ്ട് വിയര്‍ക്കുകയാണ് സര്‍വരും… ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നാല്‍ വെള്ളമുണ്ടാകും എന്നൊക്കെ പറയുന്നത് ചുമ്മാതാണെന്നും പറഞ്ഞുള്ള ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു തമാശ ഒട്ടേറെ നേരം ചിരിപ്പിച്ചു..
ഇനി തമാശയിലേക്ക്

വെള്ളമുണ്ടാകുന്നത് എങ്ങനെയെന്ന് കെമിസ്ട്രി ടീച്ചര്‍ ചോദിച്ചപ്പോള്‍ മഴപെയ്താണെന്ന് ഞാന്‍ പറഞ്ഞു.. അന്ന് എന്നെ ബെഞ്ചിന്റെ മുകളില്‍ കയറ്റി നിറുത്തിയപ്പോള്‍ നീയൊക്കെ പറഞ്ഞു.. എട പൊട്ടാ വെള്ളമുണ്ടാകുന്നത് 2 ഹൈഡ്രജനും 1 ഓക്‌സിജനും ചേര്‍ന്നാണെന്ന് …..
അന്നു ഞാന്‍ 1000 തവണ ഇമ്പോസിഷന്‍ എഴുതി..
എച്ച് റ്റു ഒ സമം വാട്ടര്‍ എന്ന്……

ഇപ്പോ എങ്ങനെണ്ട് .. ഉണ്ടാക്കടാ.. നീയൊക്കെ ഉണ്ടാക്ക്….
രണ്ട് കൂടം ഹൈഡ്രജനും ഒരു കുടം ഓക്‌സിജനും ചേര്‍ത്ത് നാല് കുടം വെള്ളം…

Related Articles