Current Date

Search
Close this search box.
Search
Close this search box.

യുവാക്കളുടെ സാമൂഹിക പങ്കാളിത്തം

യുവാക്കളുടെ സാമൂഹ്യ പങ്കാളിത്വത്തിന് ആഹ്വാനം ചെയ്തു കൊണ്ടാണ് ഐക്യരാഷ്ട്രസഭ ഇത്തവണ ആഗസ്റ്റ് 12-ന് യുവജനദിനം ആചരിക്കുന്നത്. ഒരു സമൂഹത്തിന്റെ പുരോഗതയിയിലും വളര്‍ച്ചയിലും യുവാക്കള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ചാലക ശക്തികളായത് യുവാക്കളായിരുന്നു എന്ന് കാണാം. യുവത്വത്തെ ഏത് രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും നിലകൊള്ളുന്നത്. പൊതുവിഷയങ്ങളിലെ യുവാക്കളുടെ പങ്കാളിത്തം പരിമിതമായ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭ യുവാക്കള്‍ പൊതുവിഷയങ്ങളില്‍ പങ്കാളികളാവേണ്ടതിന്റെ പ്രാധാന്യത്തെയും അതുമൂലം വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും ബോധവല്‍കരണം നടത്താനുള്ള അവസരമായി യുവജനദിനം ആചരിക്കുന്നത്.

യുവാക്കളാണ് സമൂഹത്തിന്റെ ഗതി മാറ്റുന്നതെന്ന് തിരിച്ചറിഞ്ഞ സ്വേച്ഛാധിപതികളും ഭരണകൂടങ്ങളും അവരെ നിഷ്‌ക്രിയരാക്കാനും രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധ തെറ്റിച്ചു വിടാനുമാണ് ശ്രമിച്ചിട്ടുള്ളതും ശ്രമിച്ചു കൊണ്ടിരിക്കുന്നതും. കാരണം അരാഷ്ട്രീയ വല്‍കരിക്കപ്പെട്ട യുവത തങ്ങളുടെ വഴികേടുകളെ ചോദ്യം ചെയ്യാനോ അതിനെതിരെ കയ്യുയര്‍ത്താനോ വരില്ലെന്നുള്ളത് തന്നെയാണ്. അതുകൊണ്ടു തന്നെ ലഹരിയിലും അധാര്‍മികതയിലും മുങ്ങി യുവത്വം നശിക്കുമ്പോള്‍ അതിന്റെ നഷ്ടം സമൂഹത്തിന് തന്നെയാണ്. അത് ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ നഷ്ടമായി ഒതുങ്ങുന്നില്ല. എന്നാല്‍ യുവജനങ്ങളില്‍ വലിയൊരു ഭാഗം രാഷ്ട്രീയകാര്യങ്ങളിലോ സാമൂഹ്യപ്രവര്‍ത്തനങ്ങളിലോ താല്‍പര്യമില്ലാതെ, സമൂഹത്തില്‍ നിന്നും തനിക്കു ചുറ്റും ഒരു വലയം തീര്‍ത്ത് അതിനകത്ത് ചുരുണ്ടുകൂടിയിരിക്കുന്നു. അതേസമയം തന്നെ യുവശക്തിയുടെ ഒരു ഭാഗം സമൂഹത്തിനും നാടിനും ദോഷം വരുത്തുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളിലും വര്‍ഗീയതയിലും തീവ്രവാദത്തിലുമാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.

സമൂഹത്തിനും രാജ്യത്തിനും ഉപയോഗപ്പെടുന്നവരാക്കി യുവാക്കളുടെ ശക്തി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിക്കാന്‍ സാധിക്കുക യുവജന പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കുമാണ്. അതിന് സഹായിക്കുന്ന രീതിയില്‍ അവര്‍ അജണ്ടകള്‍ ഒരുക്കുകയും യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലത് അവതരിപ്പിക്കുകയുമാണ് വേണ്ടത്. ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതികൂട്ടില്‍ നിര്‍ത്താന്‍ ലോകം ശ്രമിക്കുന്ന നിലവിലെ സാഹചര്യത്തില്‍ മുസ്‌ലിം യുവജനസംഘടനകള്‍ ഇതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. തീവ്രവാദത്തിലേക്ക് ഏറ്റവുമധികം ആകര്‍ഷിക്കപ്പെടുന്നത് യുവാക്കളാണെന്നിരിക്കെ ഇസ്‌ലാമിന്റെ മധ്യമനിലപാട് അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ വലിയൊരു വിഭാഗമായ അതിന്റെ യുവാക്കള്‍ ഇസ്‌ലാമിന്റെ ശരിയായ നിലപാടുകളെ പൊതുസമൂഹത്തിന് മുന്നില്‍ പ്രതിനിധീകരിച്ചാല്‍ തന്നെ ഇസ്‌ലാമിനെ കുറിച്ച തെറ്റിധാരണകളെ വലിയൊരളവോളം ഇല്ലാതാക്കാന്‍ അതിലൂടെ സാധിക്കും. അപ്രകാരം സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അന്യന്റെ പ്രശ്‌നമായി കാണുന്നതിന് പകരം സ്വന്തത്തിന്റെ പ്രശ്‌നമായി ഏറ്റെടുക്കുന്നവരാക്കി യുവാക്കളെ മാറ്റാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതും അനിവാര്യമാണ്.

Related Articles