Current Date

Search
Close this search box.
Search
Close this search box.

യര്‍മൂകിനുമേലുള്ള കാതടപ്പിക്കുന്ന നിശ്ശബ്ദത

ആഭ്യന്തര കലഹം രൂക്ഷമായ സിറിയയിലെ യര്‍മൂകിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ജനസംഖ്യ ഒരിക്കല്‍ 2,50,000 ഉണ്ടായിരുന്നത് 18,000 ആയി ചുരുങ്ങിയിരിക്കുന്നു. ഇത് ഒരു രാജ്യത്തിന്റെ പരിഛേദമാണ്. നിരന്തരം അവര്‍ അനുഭവിക്കുന്ന വേദന നമുക്കെല്ലാം നാണക്കേടാണ്. അഭയാര്‍ഥികളായാലും സിറിയയുടെ മറ്റുഭാഗങ്ങളിലേക്ക് ചിതറിപ്പോയവരായാലും യുദ്ധത്തിന്റെ ഭീകരവും നിഷ്ഠൂരവുമായ ഘട്ടങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. യര്‍മൂകില്‍ അവശേഷിച്ച പലരും സിറിയന്‍ സൈന്യത്തിന്റെ ബാരല്‍ ബോംബിനാല്‍ ഛിന്നഭിന്നമായി. അതുമല്ലെങ്കില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ നിയന്ത്രിക്കുന്ന അല്‍ നുസ്‌റ ഫ്രണ്ട്, ഐഎസ് തുടങ്ങിയ അക്രമിസംഘങ്ങളുടെ ഇരകളായി.

ദേഹസുരക്ഷയോര്‍ത്ത് എങ്ങനെയോ രക്ഷപ്പെട്ടവരൊക്കെയും പട്ടിണിയിലാണ്. ആഭ്യന്തര കലഹത്തില്‍ പങ്കാളികളായവര്‍ക്കെല്ലാം യര്‍മൂകിലെ പട്ടിണിയില്‍ ഉത്തരവാദിത്വമുണ്ട്. അവര്‍ അനുഭവിക്കുന്ന ദൈന്യതകള്‍ ലോകസമൂഹത്തിന്റെ, വിശേഷിച്ച് അറബ് ലീഗിന്റെ, നെറ്റിയില്‍ നാണക്കേടിന്റെ ചാപ്പ കുത്തുന്നു. യര്‍മൂകിലെ ദുരിതങ്ങള്‍ പിന്നില്‍ ചില കുറ്റവാളികളുണ്ട്.

യര്‍മൂകിലെ അഭയാര്‍ഥികളുടെ കഷ്ടതകള്‍ക്ക് ഇസ്രായേലിന് നേര്‍ക്കുനേരെയുള്ള ഉത്തരവാദിത്വമുണ്ട്. യര്‍മൂകിലെ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും പൂര്‍വ ഫലസ്തീനില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. ദശലക്ഷം ഫലസ്തീനികളെ കുടിയൊഴിപ്പിച്ച 1947-ലെ നഖ്ബ സംഭവത്തിന് 10 വര്‍ഷം കഴിഞ്ഞപ്പോഴാണ് ക്യാമ്പ് സ്ഥാപിക്കുന്നത്. താല്‍ക്കാലിക സംവിധാനമെന്ന് ഉദ്ദേശിച്ചത് പിന്നീട് സ്ഥിരവാസസ്ഥലമാവുകയായിരുന്നു. യുഎന്നിന്റെ 194-ാം പ്രമേയം അംഗീകരിച്ച ഫലസ്തീനികള്‍ക്ക് മടങ്ങി പോകാനുള്ള അവകാശം അവരൊരിക്കലും കൈയ്യൊഴിഞ്ഞില്ല.

അഭയാര്‍ഥികളുടെ ഓര്‍മകളാണ് തങ്ങളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഇസ്രായേലിനറിയാം. അതുകൊണ്ട് തന്നെ, യര്‍മൂകിലെ അഭയാര്‍ഥികള്‍ക്ക് വെസ്റ്റ് ബാങ്കിലേക്ക് മാറാന്‍ അനുവാദം നല്‍കണമെന്ന് ഫലസ്തീന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ: അവര്‍ തങ്ങളുടെ മടങ്ങി വരാനുള്ള അവകാശം കൈയ്യൊഴിയണം ഫലസ്തീനികള്‍ വിസമ്മതിച്ചു. വാക്കുകള്‍ക്കതീതമായ ഏത് ദുരിതങ്ങളും തങ്ങള്‍ അതിജീവിക്കുമെന്നും ഫലസ്തീനിനു മേലുള്ള അവകാശം ഫലസ്തീനികള്‍ കൈയ്യൊഴിയില്ലെന്നും ചരിത്രം നമുക്ക് കാണിച്ചു തന്നതാണ്. അത്തരമൊരു ആവശ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ഉന്നയിക്കുന്നത് ഫലസ്തീനിന്റെ സ്മരണകളോടുള്ള ഭയം മാത്രമല്ല സാക്ഷ്യപ്പെടുത്തുന്നത്; ഇസ്രായേല്‍ സര്‍ക്കാരിന്റെ അവസരമുതലെടുപ്പും ക്രൂരതയുമാണ്.

ഫലസ്തീനിലേക്ക് മടങ്ങി വരാനുള്ള അവകാശം കൈയ്യൊഴിയാമെന്ന ഒരു ചെറിയ സംഘം ഫലസ്തീനികളുടെ ഉറപ്പിനുമേലാണ് 1994 ല്‍ ഫലസ്തീന്‍ അതോറിറ്റി രൂപീകരിക്കുന്നത്. ഫലസ്തീന്റെ പരമാധികാരത്തിനുമേലുള്ള അവകാശവും രാഷ്ട്രപദവിയും ഉന്നയിക്കില്ലെന്ന ഉറപ്പിനുമേല്‍ അവര്‍ക്ക് അധിനിവേശ പ്രദേശങ്ങളില്‍ താമസിക്കാനും ബില്ല്യന്‍ കണക്കിന് ഡോളറുകളുടെ അന്താരാഷ്ട്ര സഹായത്തോടെ സ്ഥാപനങ്ങള്‍ രൂപീകരിക്കാനും കഴിഞ്ഞു.

സിറിയയിലെ ആഭ്യന്തരകലഹം രൂക്ഷമായപ്പോള്‍ വളരെ പെട്ടെന്ന് തന്നെ അവിടുത്തെ അഭയാര്‍ഥികളെയും ബാധിച്ചു തുടങ്ങി. അന്നേരം, പ്രശ്‌നത്തില്‍ ഫലസ്തീന്‍ ജനതക്ക് അതില്‍ യാതൊരു അനുഭാവവുമില്ലെന്ന പോലെ, പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യാതൊന്നും ചെയ്തില്ല. ശരിയാണ്, സിറിയക്കാര്‍ നടത്തുന്ന പോരാട്ടത്തില്‍ അഭയാര്‍ഥികളെ ഒഴിവാക്കണമെന്ന പ്രസ്താവന അദ്ദേഹം നടത്തി. പക്ഷേ, അതില്‍ കൂടുതലായൊന്നും അദ്ദേഹം നടത്തിയില്ല. ഐഎസ് ആ ക്യാമ്പുകള്‍ കീഴടക്കിയപ്പോള്‍ അബ്ബാസ് തന്റെ തൊഴില്‍ വകുപ്പ് മന്ത്രി അഹ്മദ് മജ്ദലാനിയെ സിറിയയിലേക്കയച്ചു. ക്യാമ്പംഗങ്ങളും സിറിയന്‍ ഭരണകൂടവും ഐഎസിനെതിരെ അണിനിരക്കുമെന്ന് മജ്ദലാനി പ്രസ്താവിച്ചു. അതേ, നൂറു കണക്കിനാളുകളുടെ മരണം അതോടെ ഉറപ്പിച്ചു.

ഹമാസിനെതിരെ അബ്ബാസ് തന്റെ ഗവണ്‍മെന്റ് പ്രചരണോപാധികളിലൂടെ നടത്തുന്ന ശ്രമങ്ങളുടെ പത്ത് ശതമാനമോ, പൊള്ളയായ സമാധാനശ്രമങ്ങളുടെ ചെറിയപങ്കോ ഇതിനായി അദ്ദേഹം ചെലവഴിച്ചിരുന്നെങ്കില്‍ യര്‍മൂകിലെ അഭയാര്‍ഥികളുടെ ദൈന്യതകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിയുമായിരുന്നു. പകരം, അവരെ ഒറ്റക്ക് മരിക്കാന്‍ വിടുകയാണ് അദ്ദേഹം ചെയ്തത്. വിഘടനവാദികള്‍ ഡിസമ്പര്‍ 2012ല്‍ യര്‍മൂക് പിടിച്ചടക്കിയപ്പോള്‍ പ്രസിഡണ്ട് ബശാര്‍ അസദിന്റെ ശക്തികള്‍ ക്യാമ്പുകള്‍ക്ക് നേരെ നിഷ്‌കരുണം ബോംബുകളിട്ടു.

യര്‍മൂകിന് വേണ്ടിയുള്ള അഭ്യര്‍ത്ഥനകള്‍ വര്‍ഷങ്ങളായിട്ടുള്ളതാണെങ്കിലും ആരും ചെവികൊണ്ടിരുന്നില്ല. വര്‍ഷങ്ങളായി അവിടത്തെ സാഹചര്യങ്ങളെ കാര്യമാക്കാതിരുന്ന യുഎന്‍ രക്ഷാസമിതി അടുത്തകാലത്താണ് അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു മീറ്റിംഗ് വിളിച്ചുചേര്‍ത്തത്. വിടുവായത്തങ്ങള്‍ക്കും പത്രപ്രസ്താവനകള്‍ക്കുമപ്പുറം അഭയാര്‍ത്ഥികളെ യുഎന്‍ അവഗണിച്ചു എന്നു തന്നെ പറയാം. 60 ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്ന യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യഎ ക്കുള്ള ബജറ്റ് ചുരുങ്ങി ചുരുങ്ങി ഏറ്റവുമൊടുവില്‍ ഇപ്പോള്‍ കടക്കെണിയിലാണ്.

സാമ്പത്തിക ശേഷിയും പ്രശ്‌നപരിഹാരരീതികളും കൈമുതലായുള്ള യുഎന്‍ അഭയാര്‍ഥി ഏജന്‍സി സിറിയയിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ബോധവത്കരണത്തിനും അന്താരാഷ്ട്ര സമൂഹത്തിന്റെ അഭയാര്‍ഥികളോടുള്ള നിസ്സംഗതയെ നേരിടാനും ഏറെ ചെയ്യാമായിരുന്ന UNRWA ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന ഫണ്ടുകള്‍ ലഭിക്കുന്നില്ല.

അറബ് ലീഗാണ് വലിയ ഉത്തരവാദി. ഫലസ്തീന്‍ പ്രശ്‌നത്തിന്മേലുള്ള അറബ് ശ്രമങ്ങളെ ഏകോപിപ്പിക്കുക എന്നതിനാണ് അറബ് ലീഗ് പ്രധാനമായും രൂപീകൃതമായതെന്നിരിക്കെ, ഫലസ്തീനികളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കേണ്ടതില്‍ മുന്നില്‍ നില്‍ക്കേണ്ടിയിരുന്നത് അവരായിരുന്നു. എന്നാല്‍ മറ്റു പല രാഷ്ട്രീയനീക്കങ്ങളും നടത്തേണ്ടി വന്നതിനാല്‍ അറബികള്‍ക്കും ഫലസ്തീന്‍ വേണ്ടാതെയായി.

ഒരിക്കല്‍ ഫലസ്തീനികളുടെ അവകാശത്തിനു വേണ്ടി ഒന്നിച്ചു വേണ്ടി നിലകൊണ്ടിരുന്ന ഒരു സമൂഹത്തില്‍ സിറിയന്‍ പ്രശ്‌നത്തോടെ വമ്പിച്ച ധ്രുവീകരണമാണ് നടന്നിരിക്കുന്നത്. സിറിയന്‍ ഭരണകൂടത്തിന്റെ പക്ഷം പിടിക്കുന്നവര്‍ ക്യാമ്പിലെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ എന്തെങ്കിലും ചെയ്യാമായിരുന്നെന്ന വാദത്തെ ഒരിക്കലും അംഗീകരിക്കുകയില്ല. അസദിന്റെ എതിരാളികള്‍ ആവര്‍ത്തിക്കുന്നത് എല്ലാ ദുരിതങ്ങളും അസദും അയാളുടെ കൂട്ടാളികളും കൊണ്ടുവന്നതാണെന്നുമാണ്.

സിറിയയിലെ വിശേഷിച്ച് യര്‍മൂകിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ബോധവത്കരണത്തിനും ഫണ്ട് സമാഹരണത്തിനും  സഹായത്തിനുള്ള പ്രായോഗികശ്രമങ്ങള്‍ക്ക് രൂപം നല്‍കാനുമുള്ള സമയവും ഊര്‍ജ്ജവും പാഴാക്കുന്നതിലും, ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നതിലും ഈ രണ്ട് കക്ഷികളും ഉത്തരവാദികളാണ്.

എന്നാല്‍, സ്വയം സംഘടിതരായ 18,000 പേര്‍ ഇപ്പോഴും യര്‍മൂകില്‍ കുടുങ്ങിക്കഴിയുന്നുണ്ടെന്ന് ഓര്‍ക്കുകയും, ഏറെ വൈകിയെങ്കിലും, നാമെന്തെങ്കിലും ചെയ്യുകയും വേണം. എന്തെങ്കിലും.

മൊഴിമാറ്റം: മുഹമ്മദ് അനീസ്

Related Articles