Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മര്‍ ഭരണകൂടവും കോഫി അന്നാന്റെ നിര്‍ദേശങ്ങളും

annan-suu-kyi.jpg

ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ കഴിഞ്ഞ ആഗസ്റ്റ് 25 മുതല്‍ നടമാടുന്ന കൂട്ടകശാപ്പിനെ സംബന്ധിച്ച പ്രതികരണങ്ങളില്‍ മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകി നേതൃത്വം നല്‍കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി ഭരണകൂടം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. അറാകാനിലെ മുഴുവന്‍ ജനങ്ങളെയും സാധ്യമായ രീതിയിലെല്ലാം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നാണ് സെപ്റ്റംബര്‍ അഞ്ചിന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സൂകി പറഞ്ഞത്. എന്നാല്‍ അറാകാനിലെ ആക്രമണങ്ങള്‍ സംബന്ധിച്ച തെറ്റായ പ്രചരണങ്ങളുടെ കൂറ്റന്‍ മഞ്ഞുമലക്ക് പിന്നില്‍ ‘ഭീകരരാണെ’ന്നാണ് തൊട്ടടുത്ത ദിവസത്തെ സൂകിയുടെ പ്രസ്താവന ആരോപിച്ചത്. അപ്രകാരം അവിടെ മുസ്‌ലിംകള്‍ക്കെതിരെ സ്വീകരിക്കുന്ന സമീപനത്തില്‍ അവര്‍ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയോ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രാജ്യത്തെ വംശീയ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന തന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് അവര്‍ പിന്നോട്ടടിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ നിലപാട്.

അറാകാനിലെ പ്രതിസന്ധിയെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പിക്കാന്‍ മുന്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി കോഫി അന്നാന്റെ നേതൃത്വത്തില്‍ 2016 സെപ്റ്റംബറില്‍ രൂപീകരിച്ച പ്രാദേശിക-അന്താരാഷ്ട്ര സമിതി സൂകിയുടെ ഓഫീസുമായി സഹകരണത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രസ്തുത സമിതിയുടെ നിര്‍ദേശങ്ങള്‍ വന്ന് രണ്ടാഴ്ച്ച മാത്രം പിന്നിടുമ്പോഴാണ് സൂകിയുടെ ഈ പ്രസ്താവനകളെന്നതാണ് മറ്റൊരു വിരോധാഭാസം.

പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്ട്രീയക്കാര്‍, രാഷ്ട്രീയ നിരീക്ഷകര്‍ തുടങ്ങിയവരുമായി 12 മാസത്തോളം കാലം അഭിമുഖങ്ങള്‍ നടത്തുകയും പ്രാദേശികമായി റാഖൈന്‍ എന്നറിയപ്പെടുന്ന അറാകാന്‍ പ്രദേശത്ത് നേരിട്ട് സന്ദര്‍ശനങ്ങള്‍ നടത്തിയുമാണ് സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ‘റാഖൈന്‍ ജനതയുടെ സമാധാനപൂര്‍ണവും സന്തോഷകരവും ശോഭനവുമായ ഭാവിക്ക്’ എന്ന തലക്കെട്ടോട് കൂടിയ 63 പേജുകളുള്ള കോഫി അന്നാന്റെ റിപോര്‍ട്ട് മൂന്ന് പ്രതിസന്ധികളെയാണ് പ്രശ്‌നത്തിന്റെ അടിവേരായി കാണുന്നത്.

അതില്‍ ഒന്നാമത്തേത് വികസനവുമായി ബന്ധപ്പെട്ടതാണ്. ദേശീയ നിരക്കിനേക്കാള്‍ ഉയര്‍ന്ന ദാരിദ്ര്യ നിരക്കാണ് അറാകാനില്‍. അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. ലോക തലത്തില്‍ തന്നെ പൗരത്വമില്ലാത്ത ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്നത് അറാകാനിലാണ്. മൂന്നാമത്തേത് സുരക്ഷാപരമാണ്. വംശീയ വിവേചനവും അതിന്റെ ഫലമായി 2012ല്‍ ഉണ്ടായ ആക്രമണ സംഭവങ്ങളും, റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മിയുടെ ആക്രമണങ്ങളും അതിനെ തുടര്‍ന്ന് ആയിരക്കണക്കിന് മുസ്‌ലിംകളെ ബംഗ്ലാദേശിന്റെ ഭാഗത്തേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയ സൈന്യത്തിന്റെ നടപടികളും അതിന്റെ ഭാഗമാണ്.

2012ലെ സംഭവങ്ങള്‍ക്ക് ശേഷം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കഴിഞ്ഞിരുന്ന അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ കോഫി അന്നാന്‍ റിപോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. റോഹിങ്ക്യകള്‍ക്ക് പൗരത്വവും നല്‍കുന്നതിനും അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാനും റിപോര്‍ട്ട് ഭരണകൂടത്തോട് നിര്‍ദേശിച്ചതാണ്. പ്രസ്തുത റിപോര്‍ട്ടിനെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി ഭരണകൂടം സ്വാഗതം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ രംഗത്ത് തന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള ശ്രമമായിട്ട് പല നിരീക്ഷകരും അതിനെ വിലയിരുത്തുകയും ചെയ്തു. അതേസമയം സൈന്യം പ്രസ്തുത റിപോര്‍ട്ടിനെ നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല, അറാകാനിലെ പോലീസ് ആസ്ഥാനങ്ങള്‍ മുസ്‌ലിം ‘കലാപകാരികള്‍’ ആക്രമിച്ച സമയത്തെയും റിപോര്‍ട്ട് പുറത്തുവന്ന സമയത്തെയും അവര്‍ ബന്ധിപ്പിക്കുകയും ചെയ്തു. പ്രസ്തുത ആക്രമണത്തെ ഉപയോഗപ്പെടുത്തിയാണ് പ്രവിശ്യയില്‍ സൈന്യം അഴിഞ്ഞാടിയത്.

ബുദ്ധ ദേശീയത
ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് ഈയടുത്ത് പ്രസിദ്ധീകരിച്ച Buddhism and State Power in Myanmar എന്ന തലക്കെട്ടിലുള്ള റിപോര്‍ട്ടില്‍ 2011നെ അപേക്ഷിച്ച് മ്യാന്‍മറില്‍ ബുദ്ധ തീവ്രവാദത്തിനുണ്ടായ വളര്‍ച്ചയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സൈന്യവും അനുബന്ധ സംവിധാനങ്ങളും അറാകാനില്‍ നടത്തുന്ന അതിക്രമങ്ങളോടുള്ള സമീപനത്തില്‍ സൂകി പാലിക്കുന്ന കരുതലും അതാണ് വ്യക്തമാക്കുന്നത്. മനുഷ്യാവകാശ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള നീക്കത്തെ പല മതദേശീയവാദികളും ഇസ്‌ലാമിന്റെ കടന്നുവരവിന് സൗകര്യമൊരുക്കുന്ന ഒന്നായിട്ടാണ് കാണുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

ഗ്രൂപിന്റെ തന്നെ മറ്റൊരു റിപോര്‍ട്ട് പ്രശ്‌നത്തിന്റെ കാരണം തേടുന്നത് കൊളോണിയല്‍ കാലഘട്ടത്തിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവിടെ സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് കൊളോണിയലിസം ന്യൂനപക്ഷങ്ങളായ ചൈനീസ്, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്ന ഭരണമാണ് നടത്തിയിരുന്നതെന്ന് അതില്‍ പറയുന്നു.

വിവ: നസീഫ്‌

Related Articles