Current Date

Search
Close this search box.
Search
Close this search box.

മോഡിക്കു പിന്നിലെ ആര്‍. എസ്സ്. എസ്സ് വികാരം എന്ത്?

ബൈബിള്‍ പ്രകാരം ദൈവം തന്റെ തന്നെ രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അതുപോലെ ഇവിടെ ആര്‍. എസ്സ്. എസ്സ് ഇന്ത്യന്‍ ജനാധിപത്യത്തെ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് രൂപപ്പെടുത്തുകയാണിന്ന്. പക്ഷെ ഇവിടെ ഒരു ചെറിയ വ്യത്യാസം കാണാം. സംഘ് പരിവാറിന്റെ രാഷ്ട്രീയ വിശാരദന്‍മാര്‍ നമ്മുടെ രാജ്യത്തിന്റെ ബഹുകക്ഷി ജനാധിപത്യ സംസ്‌കാരത്തെ അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിന്റെ രീതിയില്‍ പുന: രൂപകല്‍പന നടത്താനാണ് ആഗ്രഹിക്കുന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള ആര്‍. എസ്സ്. എസ്സിന്റെ ധൃതി പിടിച്ചുള്ള നീക്കവും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രഭാഷണം പോലെ മോഡി ഗുജറാത്തില്‍ നിന്നും നടത്തിയ പ്രഭാഷണവും വന്‍ പ്രചാരം നല്‍കി ചാനലുകള്‍ ആഘോഷിച്ചതും ഒക്കെ കൂട്ടി വായിക്കുമ്പോള്‍ ഇത്തരം ഒരു ഉയര്‍ത്തിക്കാട്ടല്‍ ചില സംശയങ്ങള്‍ക്ക് കാരണമാകുന്നു. എന്തിനേറെ ബി. ജെ. പിയുടെയും മോഡിയുടെ തന്നെയും സുഹൃത്തുക്കളായവര്‍ക്ക് പോലും അത്ര ദഹിക്കാത്ത രീതിയിലായിരുന്നു ധൃതി പിടിച്ച ഈ തീരുമാനമെന്ന് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.
മാധ്യമ സംഘങ്ങളും പോളിംഗ് ഏജന്‍സികളും നടത്തിയ സര്‍വേ പ്രകാരം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലുമുള്ള ജനതയില്‍ നിന്നും വരുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ബി. ജെ. പിക്കോ എന്‍. ഡി. എക്കോ പ്രതീക്ഷക്കു വക നല്‍കുന്ന ഒരു പ്രതികരണവും ലഭിക്കില്ല എന്നത് വ്യക്തമാണ്. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഘണ്ട്, ഗോവ തുടങ്ങി ബി. ജെ. പിയുടെ ശക്തിപ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ അവര്‍ അവരുടെ പരമാവധിയിലാണുള്ളത്. ഇനി അഥവാ ഏതെങ്കിലും തരത്തിലുള്ള വര്‍ദ്ധനവ് ഈ പ്രദേശങ്ങളില്‍ ഉണ്ടാകുമെങ്കില്‍ തന്നെ അത് അത്ര വലുതാകാന്‍ സാധ്യത കുറവാണ്. രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി. ജെ. പിയും സഖ്യകക്ഷികളും ചെറിയ വളര്‍ച്ച നേടാന്‍ സാധ്യതയുണ്ട്. പക്ഷെ അടുത്തിടെ തെക്കേ ഇന്ത്യയിലെ അവരുടെ ആദ്യ അടിത്തറയായ കര്‍ണ്ണാടകയിലെ അവസ്ഥ മുമ്പില്‍ വച്ച് നോക്കിയാല്‍ വടക്കു പടിഞ്ഞാറെ ഇന്ത്യയിലെ എന്‍. ഡി. എയുടെ അടിത്തറയും അടുത്തുതന്നെ ഇളകുമെന്നാണ് സൂചിപ്പിക്കുന്നത്. നിതീഷ് കുമാര്‍ സംഖ്യം വിട്ടതോടെ ബീഹാറില്‍ അവരുടെ കാര്യം കഷ്ടമാണ്. കഴിഞ്ഞ തവണ 32 സീറ്റ് കിട്ടിയിടത്ത് ഇപ്രാവശ്യം പകുതിയോ മൂന്നിലൊന്നോ കിട്ടുമെന്ന പ്രതീക്ഷയില്ല. ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിന്റെ തെക്കന്‍ ഭാഗങ്ങളിലും മഹാരാഷ്ട്രയിലും ബീഹാറിന്റെയും ഝാര്‍ഘണ്ടിന്റെയും കിഴക്കന്‍ ഭാഗങ്ങളിലും അവഗണക്കാവുന്ന സാന്നിദ്ധ്യമേ ബി. ജെ. പിക്കുള്ളൂ. മുസ്സഫര്‍ നഗര്‍ കലാപം, അയോധ്യ ഗൂഢപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പില്‍ ചെറിയ രീതിയില്‍ ഗുണം ചെയ്യുമെങ്കിലും ഉത്തര്‍ പ്രദേശില്‍ പോലും ആകെയുള്ള 80 സീറ്റില്‍ 30 കൂടുതല്‍ പ്രതീക്ഷിക്കാന്‍ ബി. ജെ. പിക്ക് കഴിയില്ല. 30 എന്നത് തന്നെ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയാണ്.
അതുകൊണ്ടുതന്നെ 1998 ലെ അടല്‍ ബിഹാരി വാജ്‌പേയിയുടെ കണക്കുകൂട്ടല്‍ പോലെ പ്രതീക്ഷക്ക് വകയുള്ളതല്ല മോഡിയുടെ കണക്കുകൂട്ടല്‍ എന്നു വേണം കരുതാന്‍. തന്റെ കൂടെയുള്ള സഖ്യകക്ഷികളുടെ പ്രീതി സമ്പാതിക്കാന്‍ വാജ്‌പേയിക്ക് സാധിച്ചതുപോലെ മോഡിക്കു സാധിക്കുന്നുമില്ല. അപ്പോള്‍ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഉയര്‍ത്തിക്കാട്ടലൊക്കെത്തന്നെ ഒരു പ്രചാരണം മാത്രമാണ്. ചില കോര്‍പ്പറേറ്റ് ശക്തികളാണ് ഇതിനു പിന്നില്‍ മുഖ്യമായും കളിക്കുന്നത്. 1996 ലെ വാജ്‌പേയിയെ ഒന്നോര്‍ത്തു നോക്കൂ. വലിയ കാവിത്തിരയടിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അന്നദ്ദേഹം അശക്തനായിരുന്നു.
ഇവിടെ ആര്‍. എസ്സ്. എസ്സ് കളിക്കുകയാണ്. സംഘ് ചാലക് മോഹന്‍ ഭഗവതാണ് മുമ്പില്ലാത്തവിധം മോഡിയുടെ ആരോഹണത്തിന് വേണ്ടി ശക്തമായിക്കളിച്ചത്. ഇത് വളരെ തന്ത്രപരമായി കളിച്ച ഒരു ഗൂഢാലോചനയാണ്. അവരുടെ ആദര്‍ശപരമായ തലത്തില്‍ ‘മോഡി-ഗൂഢാലോചന’ ദീര്‍ഘവീക്ഷണത്തോടെയുള്ള കളിയാണെന്നു കാണാം. 1996 മുതല്‍ 2004 വരെ ഹിന്ദുത്വ അജണ്ട കാര്യമായി എടുത്തുന്നയിക്കാതെ ഏക സിവില്‍ കോഡ് പോലുള്ള കാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിച്ചു അവര്‍. എന്നാല്‍ ഇപ്പോള്‍ ഹിന്ദു ദേശീയത എന്ന ആശയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടുന്ന സമയമാണെന്ന് അവര്‍ കണക്കുകൂട്ടുന്നു. അങ്ങനെ ആര്‍. എസ്സ്. എസ്സ് മനസ്സുള്ള കുടുംബങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ പദ്ധതിയിടുന്നു. ഇന്നത്തെ  വിദ്യാസമ്പന്നരായ ഹിന്ദു ചെറുപ്പക്കാര്‍ മുന്‍ തലമുറയെ അപേക്ഷിച്ച് ലോക കാഴ്ചപ്പാടുകളുള്ളവരും സാങ്കേതിക വിദഗ്ദരും പാക്കിസ്ഥാനെ വെറുക്കുന്നവരും മുസ്‌ലിംകളെക്കുറിച്ച് പേടിയുള്ളവരും എന്നാല്‍ പ്രത്യേകിച്ച് ഒരു കാവി സംഘടനകളിലും അംഗങ്ങളല്ലാത്തവരുമാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന ആര്‍. എസ്സ്. എസ്സ് നേതാക്കള്‍ നടത്തിയ പ്രസ്താവനയില്‍ പറയുകയുണ്ടായി. ഈയൊരു സാഹചര്യത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് നരേന്ദ്ര ഭായി ചെയ്യുക എന്ന് അവര്‍ കണക്കുകൂട്ടുന്നു. ഈ ചെറുപ്പത്തിന്റെ വികാരങ്ങളെ തൃപ്തിപ്പെടുത്താന്‍ അയാള്‍ക്കാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അങ്ങനെ തങ്ങള്‍ക്ക് മുതല്‍കൂട്ടായ സംഘത്തെ സൃഷ്ടിച്ചെടുക്കാന്‍ മോഡിക്കു കഴിയുമെന്ന് ആര്‍. എസ്സ്. എസ്സ് തിരിച്ചറിയുന്നു. മോഡി കൊണ്ടു വരുന്ന സീറ്റുകളുടെ എണ്ണത്തേക്കാള്‍ ഇതൊരു ദീര്‍ഘവീക്ഷണമുള്ള ഗുഢാലോചനയുടെ പ്രവര്‍ത്തനങ്ങളാണ്.

വിവ: അത്തീഖുറഹ്മാന്‍

Related Articles