Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിമിനോട് ഇന്ത്യന്‍ നഗരങ്ങള്‍ ചെയ്യുന്നത്

കുടുംബപേര് കാരണം മുംബൈയില്‍ ഒരു യുവതിക്ക് ഫ്ലാറ്റ് നിഷേധിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള വ്യാപകമായ പ്രതിഷേധസ്വരങ്ങള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്താചാനലുകളിലും ഉയര്‍ന്നു കണ്ടു. വാദാലയിലെ ഫ്ലാറ്റിലേക്ക് താമസം മാറാന്‍ ചെന്ന മിസ്ബാഹ് ഖാദിരിയോട് ബില്‍ഡിങ്ങിലെ മറ്റുതാമസക്കാര്‍ മുസ്‌ലിംകളെ വെറുക്കുന്നുവരാണെന്നും അതിനാല്‍ താമസസൗകര്യം നല്‍കാനാവില്ലെന്നും അവരുടെ ബ്രോക്കര്‍ അറിയിച്ചു.

നിരവധി ചാനലുകള്‍ യുവതിയെ ഇന്റര്‍വ്യു നടത്തുകയും പുതിയൊരു പ്രതിഭാസം കണ്ടത് പോലെ നാം നടിക്കുകയും ചെയ്തു. ശരിക്കും അങ്ങനെയാണോ? കോസ്‌മോപൊളിറ്റന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും മുസ്‌ലിമാണെന്നതിന്റെ ഫ്ലാറ്റുകള്‍ ലഭിക്കാതിരുന്ന കഥകള്‍ പറയാനില്ലാത്ത എത്ര മുസ്‌ലിം സുഹൃത്തുക്കള്‍ നമുക്കുണ്ട്?

സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് അപാര്‍ട്ട്‌മെന്റിലും ബാഗും സാധനകെട്ടുകളും കൊണ്ട് മുംബൈയില്‍ നിന്നും വന്നപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ച ഫ്ലാറ്റ് ഞാന്‍ വന്നപ്പോള്‍ പൂട്ടിയ നിലയില്‍ കണ്ടതോര്‍ക്കുന്നു. അതിന് ഒരാഴ്ച മുമ്പ് ഫ്ലാറ്റിന്റെ ഉടമസ്ഥരായ കുടുംബത്തെ ഞാന്‍ കണ്ടതാണ്. ലണ്ടനില്‍ നിന്നും വെക്കേഷനില്‍ ഡല്‍ഹിയിലെത്തിയ ഡോക്ടറായ മകന്‍, ഹരിയാനയിലെ ബിസിനസുകാരനായ അഛന്‍ എന്നിവരടുങ്ങുന്ന കുടുംബം. ഗേറ്റിലെത്തിയപ്പോള്‍ എന്നെ അകത്ത് കടത്താനുള്ള അനുവാദമില്ലെന്നായിരുന്നു വാച്ച്മാന്‍ എന്നോട് പറഞ്ഞത്. കരാര്‍ ഒപ്പിട്ടിരുന്നു. മുന്‍കൂര്‍ പണവും ഉടമസ്ഥന് നല്‍കി. ബ്രോക്കര്‍ക്ക് അയാളുടെ ഫീസും കൊടുത്തിരുന്നു. പലതവണ ഞാന്‍ ബ്രോക്കറെ വിളിച്ചു. അയാളെന്നോട് അറിവില്ലായ്മകൊണ്ട് പറ്റിയതാണെന്ന് പറഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞ് അയാള്‍ വന്ന് ഡെപോസിറ്റും അയാളുടെ കമീഷനും തിരിച്ച്തന്നു.

മാഡം, നിസാമുദ്ദീനിലോ മറ്റോ, താങ്കളെ പോലുള്ളയാളുകള്‍ താമസിക്കുന്ന സ്ഥലത്ത് അന്വേഷിക്കൂ, മുസ്‌ലിംകള്‍ കൂടുതല്‍ താമസിക്കുന്ന ഡല്‍ഹിയിലെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ച് കൊണ്ട്. അയാള്‍ എന്നോട് പറഞ്ഞു. അത്രമേല്‍ ഞാന്‍ ചൂളിപോയ ഒരു സന്ദര്‍ഭം വേറെ എനിക്കുണ്ടായിരുന്നതായി തോന്നുന്നില്ല. പലരും ഇത്തരം പ്രയാസങ്ങള്‍ എന്നോട് പങ്ക് വെച്ചിട്ടുണ്ട്. ഒരു ഫോട്ടോ ജേണലിസ്റ്റിന് ഫ്ലാറ്റ് കിട്ടിയിട്ടും ഓള്‍ഡ് ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ഒരു ഹോസ്റ്റലില്‍ രണ്ടുമാസത്തോളം താമസിക്കേണ്ടി വന്നു. അദ്ദേഹത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന ഭയത്തിലായിരുന്ന ഉടമസ്ഥര്‍. കാരണം അയാള്‍ കാശ്മീരി മുസ്‌ലിമായിരുന്നു.

കോസ്‌മോപൊളിറ്റന്‍ നഗരമായ മുംബൈയിലാണ് ഇത് സംഭവിച്ചതെന്നത് കൊണ്ടാണ് നമ്മള്‍ നടുക്കം രേഖപ്പെടുത്തുന്നത്. ക്ഷമിക്കണം, ഈ കാണിക്കുന്ന പ്രതിഷേധങ്ങള്‍ കണ്ടിട്ട് അത്ഭുതമാണ് തോന്നുന്നത്. നരിമാന്‍ പോയിന്റിലെ ഇന്ന ഭാഗം ജൈനമതക്കാര്‍ മാത്രം താമസിക്കുന്ന സ്ഥലമാണെന്ന് പറയുന്ന ബ്രോക്കറുള്ള, വാക്ശവാറിലെ അറിയപ്പെടുന്ന ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മുസ്‌ലിമിനെ പ്രവേശിപ്പിച്ചാല്‍ ലക്ഷ്മി ദേവി ഇറങ്ങിപോകുമെന്ന് തുറന്ന് പറയുന്ന ഉടമസ്ഥരുള്ള നഗരമാണിതെന്ന് ഓര്‍ക്കണം.

ഒരുവേള, ഇത്തരം ഉയര്‍ന്നവിഭാഗത്തെ നമുക്ക് ഒഴിവാക്കാം. നവി മുംബൈയിലാണ് എന്റെ കുടുംബം താമസിക്കുന്നത്. എന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വാശിക്കടുത്തുള്ള ഒരു ഫഌറ്റിലേക്ക താമസം മാറാന്‍ എന്റെ ചെറിയ സഹോദരനുദ്ദേശിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി ആ ഫ്ലാറ്റ് വില്‍ക്കണമെന്ന് ബില്‍ഡറും ബ്രോക്കറും ഒരു പോലെ എന്റെ സഹോദരനോട് ആവശ്യപ്പെടുന്നു. ആ ഫ്ലാറ്റിന് ഭീമമായ മാര്‍ജിനില്‍ തന്നെ ലാഭം നല്‍കാമെന്നൊക്കെയുള്ള വാഗ്ദാനങ്ങളുമുണ്ട്. കാരണമിതാണ്, ഒന്നൊഴികെ അറുപത് ഫഌറ്റുകളിലെല്ലാം അമുസ്‌ലിംകളാണ്. പെരുന്നാള്‍ ദിനത്തില്‍ ഇറച്ചി കാണുന്നത് മറ്റുള്ളവര്‍ക്ക് നീരസമുണ്ടാക്കുമെന്നാണ് ബില്‍ഡര്‍ പറയുന്നത്.

കഴിഞ്ഞ ആറുമാസമായി ഓഫീസിലേക്ക് നിരന്തരം പോകേണ്ടി വരികയും എപ്പോഴും ഇതേ ആവശ്യമുയര്‍ത്തുകയും ചെയ്യുമ്പോള്‍ വല്ലാതെ ചെറുതായി പോകുന്നതായി അദ്ദേഹത്തിന് തോന്നുന്നു. അതോടെ, ഇനിയും സമ്മര്‍ദ്ദം ചെലുത്തിയാല്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചൊന്ന് അയഞ്ഞ മട്ടാണ്.

നവി മുംബൈയിലെ ഇത്രയും പ്രധാനപ്പെട്ട സ്ഥലത്ത് ഒരു അപാര്‍ട്ട്‌മെന്റ് കിട്ടിയത് തന്റെ ഭാഗ്യമാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. മുസ്‌ലിംകള്‍ അവരുടെയാളുകള്‍ മാത്രമുള്ള സ്ഥലങ്ങളിലാണ് താമസിക്കുകയെന്നവര്‍ പറയുന്നു. അത്തരം സ്ഥലങ്ങള്‍ മിക്കപ്പോഴും ഇടുങ്ങിയതും വൃത്തിക്കുറവുള്ളതുമായിരിക്കും. ഖാന്‍ ത്രിമൂര്‍ത്തികളായ ആമിര്‍ ഖാനെയും, സല്‍മാന്‍ ഖാനെയും, ഷാരൂഖ് ഖാനെയും ഉള്‍കൊള്ളുന്ന അതേ നഗരത്തെ കുറിച്ച് തന്നെയാണ് പറയുന്നത്. പക്ഷേ പലപ്പോഴും, മുംബൈയുടെ കോസ്‌മോപൊളിറ്റന്‍ സ്വഭാവത്തിന്റെ പരിധിയും അവിടെ അവസാനിക്കുന്നു. അത്ര പേരെടുത്തിട്ടില്ലാത്ത ഇമ്രാന്‍ ഹാശ്മി വിശ്വാസത്തിന്റെ പേരില്‍ ഫ്ലാറ്റ് നിഷേധിക്കപ്പെട്ടെന്ന് പരാതിപ്പെട്ടതോര്‍ക്കുക.

സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായി അത്യപൂര്‍വ്വമായി നടക്കുന്നതാണിതെല്ലാമെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓക്കാനം വരുന്നു. ഇതേ നഗരത്തിലിരുന്നാണ് സാദത്ത് ഹസന്‍ മാന്റൊ തന്റെ ഏറ്റവും മികച്ച പുസ്തകങ്ങള്‍ പുറത്തിറക്കിയത്. മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ ബൈകുലയെന്ന അറബ് ഗല്ലിയിലെ നിറം പിടിച്ച തെരുവുകളെ കുറിച്ച് മാന്റോ മനോഹരമായി എഴുതി. ലാഹോറില്‍ നിന്നും അദ്ദേഹമെഴുതി: ഞാന്‍ നടക്കുന്ന, സംസാരിക്കുന്ന ബോംബെയാണ്. ഞാനെവിടെയായിരുന്നാലും അവിടെയിരുന്നാണ് ഞാനെന്റെ ലോകം പണിയുന്നത്. എന്നാല്‍ അന്നത്തെ ബോംബെയിലിരുന്ന് തന്റെ ആദ്യരചന എഴുതിയ അതേ മാന്റോയെ അശോക് കുമാര്‍ എന്ന നടനാണ് വിഭജാനന്തരം നഗരത്തിലുണ്ടായ കലാപത്തില്‍ നിന്നും അദ്ദേഹത്തെ തന്റെ കാറില്‍ കടത്തിക്കൊണ്ട് പോയി രക്ഷിച്ചത്.

അതെ, ദിലീപ് കുമാര്‍, മധുപാല, മീനാകുമാരി, മെഹ്മൂദ്, ജോണി വാകര്‍ എന്നിങ്ങനെ ബഹുമാനത്തോടെ നാം നിരന്തരമോര്‍ക്കുന്ന സ്വതന്ത്രചിന്താഗതിയുള്ളവരെല്ലാം ജീവിച്ച നഗരമാണിത്. അവരാണ് ബാന്ദ്രക്കും അന്ദേരിക്കും ഇത്രമേല്‍ പെരുമ നല്‍കിയത്.

ഇതേ നഗത്തില്‍ കാത്തോലിക്കരും മുസ്‌ലിംകളും പാര്‍ക്കുന്ന ഇടങ്ങളും എളുപ്പത്തില്‍ മനസിലാവും. ഇതെല്ലാമറിയുമ്പോള്‍ വിഷമിക്കുന്നവരോട്, ഇത്തരത്തില്‍ മുംബൈക്കുണ്ടായിരുന്ന കോസ്‌മോപൊലിറ്റന്‍, (സാര്‍വജനീയം) സ്വഭാവം മുംബൈ കലാപാനന്തരം രണ്ട് സമുദായങ്ങള്‍ പരസ്പരം കുത്തികൊല വിളിച്ചപ്പോള്‍ മാരകമായ പരിക്കുപറ്റി. നഗരവത്കൃത മുംബൈ ബൈകുലയോടെ അവസാനിക്കുന്നു. നാഗ്പാടയിലും മുഹമ്മദ് അലി റോഡിലുമാണ് അത്ര വിദ്യാഭ്യാസമില്ലാത്ത, പാവപ്പെട്ട മുസ്‌ലിംകള്‍ തിങ്ങിപാര്‍ക്കുന്ന ഇടം. അവിടെയാണ് പുരോഗമന, പത്രാസുള്ള മുംബൈകാര്‍ റമദാനില്‍ തങ്ങളെ കാത്തിരിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിനായി പോകുന്നത്. അതുകൊണ്ടാണ് ഫിര്‍നിയും ബേജ ഫ്രൈയും ദാല്‍ ഗീയും കിട്ടുന്ന മുഹമ്മദ് അലി റോഡിലേക്ക് റമദാന്‍ ഇഫ്താര്‍ കഴിക്കാന്‍ സല്‍കരിക്കുന്ന മുസ്‌ലിം സുഹൃത്തിനെ കുറിച്ച് അമുസ്‌ലിം സുഹൃത്തുക്കള്‍ ആവേശത്തോടെ സംസാരിക്കുന്നത്.

ഇതേ നഗരത്തിലാണ് പൃഥ്വി തിയേറ്ററില്‍ നസറുദ്ദീന്‍ ഷാ നാടകമവതിരിപ്പിക്കുമ്പോള്‍ രോമാഞ്ചം കൊള്ളുകയും തൊട്ടടുത്ത നിമിഷം അദ്ദേഹത്തിന്റെ പാകിസ്താന്‍ ബാന്ധവത്തെ ചൊല്ലി കലികൊള്ളുന്നതും.

വര്‍ണപൊലിമയില്‍ തിളങ്ങുന്ന മുംബൈയുടെ ഈ വൃത്തികെട്ട മുഖത്തെ കുറിച്ച് ഇനിയുമറിഞ്ഞിട്ടില്ലാത്ത നിര്‍ഭാഗ്യ സുഹൃത്തുക്കളോട്, രാജ്യത്തെ മറ്റേതൊരു നഗരത്തെയും പോലെ മുംബൈയും ‘നമ്മള്‍ അവര്‍’ എന്ന തരത്തിലുള്ള വിഭജനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അപരിഷ്‌കൃതരാണെന്ന് അറിയുക. ഒരു നഗരമെന്ന നിലയില്‍ നാമത് സ്വീകരിച്ച് കഴിഞ്ഞു, പക്ഷെ അതെപ്പോഴും സമ്മതിക്കാറില്ല. വളരെകാലം മുമ്പൊന്നുമല്ല, ഞാനും അങ്ങനെ തന്നെയായിരുന്നു.

മിസ്ബാഹ് ഖാദിരിയെ പോലുള്ള ആയിരക്കണക്കിന് സംഭവങ്ങള്‍ ദിനേന ഈ മെട്രോപൊളിറ്റന്‍ നഗരത്തിലുണ്ടാവുന്നുണ്ട്. എന്നെ പോലെ തന്നെ ഭൂരിഭാഗം പേര്‍ക്കും, ഇതിനെതിരെയൊന്നും പോരാടാനുള്ള സമയവും ഊര്‍ജ്ജവും ത്രാണിയുമില്ലെന്ന് മാത്രമേയുള്ളൂ. അതില്‍ നാമെല്ലാവരും ഒരുപോലെ കുറ്റവാളികളാണ്.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles