Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ ദൗത്യം

ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നത്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഈ സമൂഹത്തിനെതിരെ നിരന്തരമായി കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ എല്ലാ വ്യക്തികളും സംഘങ്ങളും ഐക്യത്തോടെ പ്രതിരോധ മതില്‍ ഒരുക്കേണ്ട സന്ദര്‍ഭമാണിത്. സാമൂഹിക സംസ്‌കരണത്തില്‍ മുസ്‌ലിം സ്ത്രീക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ട്. കാരണം അവളാണ് പുരുഷകേസരികള്‍ക്ക് ജന്മം നല്‍കുന്ന ഉമ്മ, ഭര്‍ത്താവിന് കരുത്തുപകരുന്ന ഇണ, മുസ്‌ലിം കുടുംബത്തിന് സംസ്‌കരണം നല്‍കുന്നതും അവള്‍ തന്നെ. മാറ്റത്തിനു വേണ്ടി സ്ത്രീയും പുരുഷനും രംഗത്ത് വരുമ്പോള്‍ മാത്രമേ യഥാര്‍ഥ സമൂഹ സംസ്‌കരണം അതിന്റെ എല്ലാ തലങ്ങളിലും സാധ്യമാകുകയുള്ളൂ. സ്ത്രീകള്‍ തങ്ങളുടെ ദൗത്യം പ്രവാചക കാലഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞതിനാലാണ് സജ്ജനങ്ങളുടെ തലമുറയെ നമുക്ക് സംഭാവന നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞത്. അമ്മിഞ്ഞപ്പാലിനൊപ്പം ആദരണീയതയുടെയും അഭിമാനത്തിന്റെയും പാഠങ്ങള്‍ അവര്‍ പകര്‍ന്നു നല്‍കുന്നു. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചവര്‍ രാഷ്ട്രത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തപ്പോഴാണ് അവര്‍ ലോകത്തെ സമാധാനത്തിലേക്കും സുരക്ഷയിലേക്കും നയിച്ചത്.

സ്ത്രീകള്‍ സമൂഹത്തിന്റെ സംസ്‌കരണത്തിലും വിപ്ലവത്തിലും ഒരു പങ്ക് വഹിച്ചിട്ടില്ല, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എന്നത് പുരുഷന്മാരുടെ ജോലിയാണ് എന്ന് ചിലര്‍ പറയാറുണ്ട്. സ്ത്രീയെ ആദരിച്ച  ഇസ്‌ലാം അവരുടെ നഷ്ടപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുത്തു. ധ്വംസിക്കപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ തിരിച്ചു നല്‍കി. മനുഷ്യന്റെ സൃഷ്ടിപ്പ് മുതല്‍ തന്നെ ഇസ്‌ലാം അവരുടെ ജീവിതാവകാശങ്ങള്‍ നല്‍കുകയുണ്ടായി. ‘ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു’ (അന്നിസാഅ് 1). ‘അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി: ‘പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല. നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍ നിന്നുണ്ടായവരാണ്’ (ആലുഇംറാന്‍ 195). ‘ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല.’ (അന്നിസാഅ് 124).

അവകാശങ്ങളും പ്രതിഫലവും അവര്‍ക്കിടയില്‍ തുല്യമായി വിഭജിച്ചിരിക്കുന്നു. ഒരു ബലപ്രയോഗവും കൂടാതെ സ്ത്രീകള്‍ ഇസ്‌ലാമിനെ തങ്ങളുടെ ജീവിത വ്യവസ്ഥയായി തെരഞ്ഞെടുത്തു. അതുതന്നെ അവരുടെ ജീവിതത്തിലെ വലിയ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. ബൈഅത്ത്, ഹിജ്‌റ, വിജ്ഞാന സമ്പാദനം, അഭിപ്രായ സ്വാതന്ത്ര്യം, തീരുമാനമെടുക്കല്‍, അവരുമായി കൂടിയാലോചിക്കല്‍.. തുടങ്ങിയ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും അവര്‍ പങ്കാളിയായി. അതിന്റെ പാരമ്യതയാണ് യുദ്ധങ്ങളില്‍ വരെയുള്ള അവരുടെ പങ്കാളിത്തം. യുദ്ധത്തില്‍ പുരുഷന്മാര്‍ക്ക് മനോവീര്യം പകരുകയും രോഗികളെ ശുശ്രൂഷിക്കുകയും മുറിവേറ്റവരെയും രക്തസാക്ഷിത്വം വരിച്ചവരെയും ശുശ്രൂഷിക്കുകയുണ്ടായി… ആയുധമേന്തി ശത്രുക്കളോട് പോരാടുകയും അമ്പെയ്ത് നടത്തുകയും ചെയ്തതായി കാണാം. ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷി സുമയ്യ(റ)യാണ് എന്നത് ഇതിന്റെ മകുടോദാഹരണം ആണ്. ഉമ്മത്തിന്റെ സംസ്‌കരണത്തിനായുള്ള പരിശ്രമത്തില്‍ മഹത്തായ സംഭാവനകളര്‍പിച്ച സഹാബി വനിതകളുടെയും ഉമ്മഹാതുല്‍ മുഅ്മിനീന്റെയും പാതയാണ് നമുക്ക് കരുത്ത് പകരേണ്ടത്.

ഇന്ന് രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിദ്ധ്യം എല്ലാവരും അംഗീകരിക്കപ്പെട്ടതാണ്. പല രാജ്യങ്ങളിലും അമ്പതിലേറെ ശതമാനം വോട്ടര്‍മാരും സ്ഥാനാര്‍ഥികളും സ്ത്രീകളാണ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ സത്രീകളുടെ കഴിവുകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ നാം പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നാട്ടില്‍ നിന്നും തിന്മയും അധര്‍മങ്ങളും ഉഛാടനം ചെയ്യുന്നതിനും സ്ത്രീകള്‍ അനിവാര്യമായും രംഗത്തുവരേണ്ടതുണ്ട്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles