Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പെണ്‍കുട്ടി തലമറക്കുമ്പോള്‍ വെളിവാകുന്നത് കപട മതേതരത്വത്തിന്റെ മുഖം

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുന്ന വേളയില്‍ ന്യൂനപക്ഷ മുസ്‌ലിം സമ്മേളനങ്ങള്‍ക്ക് നല്ല സാധ്യതയാണുള്ളത്. കേരളത്തിലായാലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായാലും മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ അധികാരത്തിലെത്താന്‍ കൊതിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെയധികം ആവശ്യമുളളതാണ്. ഇടതുപക്ഷമാണ് ഇക്കാര്യത്തില്‍ നേരത്തെ ഗോദയിലിറങ്ങി കളി ആരംഭിച്ചിരിക്കുന്നത്. ബംഗാളില്‍ 35 വര്‍ഷം ഭരണം നടത്തിയിട്ട് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വികസനത്തിന് കാര്യമായിട്ടൊന്നും ചെയ്യാത്ത ഇടതുപക്ഷം കേരളത്തില്‍ മുസ്‌ലിം സമുദായത്തിലുണ്ടായ നവോത്ഥാന ശ്രമങ്ങളുടെയെല്ലാം രക്ഷാകര്‍തൃത്വം ഏറ്റെടുത്തുകൊണ്ട് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് കണ്ണൂരില്‍ ഗംഭീരമായൊരു മുസ്‌ലിം സമ്മേളനം നടത്തുകയുണ്ടായി. വോട്ടിനു വേണ്ടിയാകുമ്പോള്‍ സ്വത്വവാദ രാഷ്ട്രീയത്തോട് പാര്‍ട്ടിക്കുള്ള പ്രത്യശാസ്ത്ര വിയോജിപ്പികളൊന്നും ഇതിന് തടസമാകുന്നില്ല. ഇതിനുപുറമെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് പുതിയ മാസിക പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നു സി.പി.എം. ‘മുഖ്യധാര’ എന്ന് പേരിട്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള മാസികയുടെ പേരു തന്നെ, ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ മുഖ്യധാരക്ക് പുറത്താണെന്നും ന്യൂനപക്ഷങ്ങളുടെ പുരോഗമനത്തിനും മുഖ്യധാരയിലേക്കുള്ള കടന്നു വരവിനും സി.പി.എമ്മിന്റെ കൂടെ നില്‍ക്കല്‍ അനിവാര്യമാണെന്നും പറയാതെ പറയുന്നുണ്ട്.

സി.പി.എമ്മിന്റെ മുസ്‌ലിം സമ്മേളനത്തിനേക്കാള്‍ രസകരമായ മറ്റോരു സമ്മേളനം രണ്ട് ദിവസം മുമ്പ് കോഴിക്കോട് വെച്ചു നടക്കുകയുണ്ടായി. ‘മുസ്‌ലിം’ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും സാംസ്‌കാരിക നായകന്മാരുടെയും നേതൃത്വത്തില്‍ നടന്ന ‘മാനവിക മുസ്‌ലിം സംഗമം’. ഒക്ടോബര്‍ 29 ന് കോഴിക്കോട് നടന്ന സമ്മേളനത്തിന്റെ ലക്ഷ്യം ‘മലപ്പുറം ഭാഷയില്‍ സംസാരിക്കുന്ന നാലാം ക്ലാസ്സ് വരെ മാത്രം പഠിച്ച, ശേഷം ദര്‍സില്‍ പഠിച്ച കിതാബ് മാത്രമറിയുന്ന മുസ്‌ലിം മൊല്ലാക്കമാരുടെ’ പിടിയില്‍ നിന്നും സമുദായത്തെ രക്ഷപ്പെടുത്തി സമുദായത്തിന്റെ പുരോഗതിക്ക് മുന്നില്‍ നിന്ന് നേതൃകൊടുക്കലാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംഗമം നടന്നത്. പ്രമുഖ എഴുത്തുകാരന്‍ പി.ടി കുഞ്ഞിമുഹമ്മദ്, ഹമീദ് ചേന്ദമംഗല്ലൂര്‍, കാരശ്ശേരി മാഷ്, ആര്യാടന്‍ ഷൗകത്ത്, പ്രമുഖ യുക്തിവാദി ജബ്ബാര്‍ മാഷ് തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുത്തവര്‍. നാക്കും പേനയും ഇസ്‌ലാമിനെയും ഖുര്‍ആനിനെയും വിമര്‍ശിക്കാന്‍ മാത്രം ഉപയോഗിക്കുന്നവരുടെ നേതൃത്വത്തിലാണ് സമുദായ പുരോഗമനത്തിനുള്ള കൂട്ടായ്മ എന്നത് അതിശയകരം തന്നെ.

മേല്‍ പറഞ്ഞ ‘മുസ്‌ലിം’ സാംസ്‌കാരിക നായകന്മാരായാലും സി.പി.എം അടക്കുമുള്ള ഇടതുപക്ഷ സംഘടനകളായാലും പൊതുവില്‍ ഇടപെടാറുള്ള മുസ്‌ലിം വിഷയങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ഏതു കൊച്ചു കുട്ടിക്കും മനസിലാകും ഇവരുടെ കപട സാമുദായിക സ്‌നേഹവും മതേതര പൊയ്മുഖവും. മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കാന്‍ അവസരം കിട്ടുമ്പോഴെല്ലാം രംഗത്തിറങ്ങുകയും വിവാദങ്ങള്‍ക്ക് കൊഴുപ്പേകുകയും ചെയ്യുന്ന ഇവര്‍ സമുദായം നേരിടുന്ന പ്രതിസന്ധികളില്‍ സംരക്ഷകരായി എവിടെയും പ്രത്യക്ഷപ്പെടാറില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കണ്ണൂരില്‍ ശിരോവസ്ത്രവുമായി ബന്ധപ്പെട്ടുണ്ടായ സംഭവം. മഫത് ധരിച്ച പെണ്‍കുട്ടികള്‍ക്ക് അറ്റസ്റ്റ് ചെയ്തു കൊടുക്കാന്‍ സര്‍ക്കാറിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന എ.ഇ.ഒ തയ്യാറായില്ല. തട്ടമിട്ടു വന്ന തലശ്ശേരിയിലെ സ്വകാര്യ കോളേജിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹാള്‍ടിക്കറ്റ് അറ്റസ്റ്റ് ചെയ്തു തരാനാവില്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥിനികളെ എ.ഇ.ഒ തിരിച്ചയച്ചു. ഈ വിഷയത്തില്‍ കുട്ടികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ്. ശിരോവസ്ത്രം ധരിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ വിവേചനത്തിനിരയാവാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. വര്‍ഷങ്ങളായി നമ്മുടെ നാട്ടിലെ സ്‌കൂളുകളിലും ഓഫീസികളിലും ഈ അര്‍ഥത്തിലുള്ള വിവേചനത്തിന് ശിരോവസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ ഇരയാവുന്നു. ആലപ്പുഴയിലും എറണാംകുളത്തും മലപ്പുറത്തും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികള്‍ വിവേചനത്തിനിരയായതും സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സംഭവങ്ങളും നമ്മള്‍ കേട്ടതും കണ്ടതുമാണ്. ഇതിനെതിരെ പ്രതിഷേധിച്ചവരെ ഭീകരവാദികളാക്കി ചിത്രീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചത്. ശിരോവസ്ത്ര വിഷയത്തില്‍ പ്രതിഷേധിക്കുന്നവര്‍ പ്രശ്‌നക്കാരാണെന്ന് കാണിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ നിന്ന് താഴേതലത്തിലേക്ക് സര്‍ക്കുലര്‍ അയച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മുസ്‌ലിം മന്ത്രി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ തന്നെയാണ് ഇത്തരം വിവേചനങ്ങളുണ്ടാകുന്നത് എന്നത് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ തലങ്ങളില്‍ ഇരിക്കുന്നവരുടെ വര്‍ഗീയ മനോഗതിയും കപട മതേതര മനസും എത്രത്തോളമാണെന്ന് നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കുന്നത് അവരുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് വിഘാതമാകുമെന്ന പറഞ്ഞ് നാടുനീളെ സെമിനാറുകളും പ്രകടനങ്ങളും നടത്തുന്ന ഒരൊറ്റ ‘മതേതര’ പാര്‍ട്ടികളെയും സാസ്‌കാരിക നായകന്‍മാരെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തു കാണാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ പേനയുടെ മഷി വറ്റിപോകുന്നതും വാക്കുകള്‍ മുറിഞ്ഞു പോകുന്നതും നമ്മള്‍ നിരന്തരം കാണുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരന്തരം മുറവിളി കൂട്ടുന്നവര്‍ പഠിക്കാന്‍ പോകുന്ന മുസ്‌ലിം വിദ്യാര്‍ഥിനി സ്‌കൂളിലും മറ്റിടങ്ങളിലും അവരുടെ മതചിഹ്നങ്ങളണിഞ്ഞതിന്റെ പേരില്‍ വിവേചനത്തിനിരയാകുമ്പോള്‍ രംഗത്തു വരുന്നില്ല എന്നതില്‍ നിന്നു തന്നെ അവരുടെ കപട സാമുദായിക സ്‌നേഹം വെളിവാകുന്നുണ്ട്.

ശിരോവസ്ത്ര വിവാദങ്ങളില്‍ ഒരു ശാശ്വത പരിഹാരം അനിവാര്യമാണ്. തലമറച്ചതിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ നിരന്തരം വിവേചനത്തിനും പീഡനത്തിനും ഇരയാവുന്ന സാഹചര്യം ഇനിയും സൃഷ്ടിക്കപ്പെടാതെ നോക്കാന്‍ ഇവിടത്തെ സാംസ്‌കാരിക നായകന്‍മാര്‍ക്കും അതിനേക്കാള്‍ ഉപരി സര്‍ക്കാറിനും ബാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തെറ്റായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തലത്തില്‍ ശിക്ഷിക്കാനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ സര്‍ക്കാറുകള്‍ തയ്യാറാകാത്തതാണ് ഇത്തരം വിവേചനങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. ഈ വിഷയത്തില്‍ കാപട്യം വെടിയാന്‍ സര്‍ക്കാറുകളും അതോടൊപ്പം സമുദായത്തിന്റെ പുരോഗതി ആത്മാര്‍ത്ഥമായി ലക്ഷ്യം വെക്കുന്നവരും മുന്നോട്ട് വരേണ്ടതുണ്ട്. അല്ലാത്തപക്ഷം സര്‍ക്കാറിന്റെ കൂടി ഒത്താശയോടു കൂടിയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ജനം കരുതിയാല്‍ അവരെ കുറ്റം പറയാനാവില്ല.

Related Articles