Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പെണ്‍കുട്ടികളുടെ വീഴ്ച്ചകള്‍ മാത്രം കാണുന്നവരോട്

തൊട്ടതിനും പിടിച്ചതിനുമെല്ലാം പെണ്‍കുട്ടികളെയും സ്ത്രീകളെയും പ്രതിക്കൂട്ടിലാക്കുന്ന സ്വഭാവമാണ് സമുദായത്തിന് പൊതുവെയും മതപണ്ഡിതന്മാര്‍ക്ക് പ്രത്യേകമായും കണ്ടു വരുന്നത്. അവരുടെ പര്‍ദ്ദകളിലും തട്ടങ്ങളിലുമാണ് പലരുടെയും നിരീക്ഷണം. പിന്നെ അത് നെടുനീളന്‍ മതപ്രഭാഷണങ്ങളായും വിഡിയോ ക്ലിപ്പുകളായും പുറത്ത് വരുന്നു. മാത്രമല്ല, സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള നന്മകള്‍ പൊതുവേ അംഗീകരിക്കപ്പെടുകയോ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുകയോ ചെയ്യാറില്ല.

അതിനാല്‍ ഒരു വസ്തുത ശ്രദ്ധയില്‍ പെടുത്തട്ടെ. ഡോ: ഹാദിയ, ആഇശ തുടങ്ങി വാര്‍ത്തകളില്‍ കത്തിനില്‍ക്കുന്ന യുവതികളും സമാന ചിന്താഗതിക്കാരും മീഡിയകളില്‍ നിരന്തരം തുറന്നു പറഞ്ഞ ഒരു കാര്യമുണ്ട്. തങ്ങളുടെ മനപരിവര്‍ത്തനത്തിന്റെ കാരണം കൂടെ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ ജീവിതരീതിയാണ്. അവരുടെ വിശ്വാസദാര്‍ഢ്യത, നമസ്‌കാരത്തിലെ കൃത്യത, സത്യസന്ധത, വേഷവിധാനത്തിലെ മാന്യത, സ്‌നേഹപൂര്‍ണമായ ഇടപെടല്‍, ജീവിതത്തെ പ്രസന്നതയോടെ അഭിമുഖീകരിക്കല്‍ എന്നിവയാണ് ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പൊതുവേ ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍.

കേരള ഹൈക്കോടതി പോലും നിരീക്ഷിച്ച വസ്തുതകളാണിവ. ഇത് സംബന്ധിച്ച് സിനിമാ സംവിധായകനും സാഹിത്യകാരനുമായ ശ്രീ. കെ.പി ശശി എഴുതുന്നു: ”നമുക്ക് വീണ്ടും കോടതി വിധിയിലേക്ക് വരാം.ഇസ്‌ലാം സ്വീകരിക്കാനിടയായ സാഹചര്യം സത്യവാങ്മൂലത്തില്‍ അവള്‍ അറിയിച്ചു.കൂട്ടുകാരികളായ ജസീനയുടെയും ഹസീനയുടെയും കൃത്യ സമയങ്ങളിലുള്ള പ്രാര്‍ത്ഥനകളും ഉത്തമ സ്വാഭാവങ്ങളും തന്നില്‍ മതിപ്പുളവാക്കിയിരുന്നു.അങ്ങനെയാണ് ഇസ്‌ലാമിക പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയത്.സ്വന്തം താല്‍പര്യപ്രകാരം ഇന്റര്‍നെറ്റ് വഴി ഇസ്‌ലാമിക കാര്യങ്ങള്‍ അഭ്യസിക്കുകയും ചെയ്തു.നിരവധി ദൈവങ്ങള്‍ എന്ന സങ്കല്‍പം ഏത് ദൈവത്തോടാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി.ക്രമേണ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏകദൈവ സങ്കല്‍പത്തില്‍ താല്‍പര്യം ജനിക്കുകയും അതാണ് യുക്തിപൂര്‍ണം എന്ന് ബോധ്യപ്പെടുകയും ചെയ്തു.” (കമല സുറയ്യ മുതല്‍ ഹാദിയ വരെ, മാധ്യമം ദിനപത്രം 5.10.2017)

യഥാര്‍ത്ഥത്തില്‍ ഇതാണ് വിശുദ്ധ ഖുര്‍ആന്‍ വരച്ചുകാട്ടിയ സത്യസാക്ഷ്യം. ജീവിതം കൊണ്ടുള്ള കര്‍മ്മസാക്ഷ്യം.കൂട്ടത്തില്‍ ഒന്നുകൂടി സൂചിപ്പിക്കട്ടെ. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല അടുത്തിടെ ചോദിച്ചതു പോലെ എന്തുകൊണ്ട് നമ്മുടെ പെണ്‍കുട്ടികളെ പോലെ ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെ മനുഷ്യരോട് സംസ്‌കാര സമ്പന്നമായി പെരുമാറാന്‍ പറ്റുന്നില്ല?

Related Articles