Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം നാടുകള്‍ പാശ്ചാത്യവല്‍കരിക്കപ്പെടുകയാണോ?

tunisia-women.jpg

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഹിജാബിനും നിഖാബിനും വിലക്കേര്‍പ്പെടുത്തുന്നതും അതിനുള്ള നിയമങ്ങള്‍ അവിടത്തെ പാര്‍ലമെന്റുകളിലും നിയമനിര്‍മാണ സഭകളിലും അവതരിപ്പിക്കപ്പെടുന്നതും അപ്രതീക്ഷിതമായ കാര്യമല്ല. പതിറ്റാണ്ടുകളായി പാശ്ചാത്യര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും വിശ്വാസ, വസ്ത്ര സ്വാതന്ത്ര്യങ്ങളുടെയും മുദ്രാവാക്യങ്ങള്‍ക്ക് നിരക്കാത്തതാണെങ്കിലും അവിടെ അങ്ങനെ സംഭവിക്കുന്നു എന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമല്ല. ഇസ്‌ലാമിനോടുള്ള ശത്രുതയും അവരുടെ നാടുകളില്‍ അത് വ്യാപിക്കുന്നത് സംബന്ധിച്ച ഭയവും അതിനവര്‍ക്ക് അനുവാദം നല്‍കുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രയോജനം മുന്‍നിര്‍ത്തി തങ്ങളുയര്‍ത്തിയ മുദ്രാവാക്യങ്ങളെ ബലിയര്‍പ്പിക്കാനും മുസ്‌ലിംകള്‍ക്കെതിരെ വിവേചനം കാണിക്കാനും യാതൊരു മടിയും അവര്‍ക്കുണ്ടാവില്ല.

എന്നാല്‍ പൗരന്‍മാരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളായിട്ടുള്ള, ഇസ്‌ലാമിനെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി അനുശാസിക്കുന്ന ഭരണഘടനകളുള്ള ഒരു രാഷ്ട്രത്തില്‍ സ്ത്രീ പുരുഷ സമത്വത്തിന്റെ പേരില്‍ വിശുദ്ധ ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും ഖണ്ഡിതമായ പ്രമാണങ്ങള്‍ക്ക് നേര്‍വിരുദ്ധമായ ചില നിയമങ്ങള്‍ നിര്‍മിച്ച് മുസ്‌ലിം സ്ത്രീയെ പാശ്ചാത്യവല്‍കരിക്കാനുള്ള ആഹ്വാനങ്ങള്‍ ഉയരുന്നുവെന്നത് അപകടകരമായ കാര്യമാണ്. പ്രസ്തുത സമൂഹങ്ങളുടെയും നാടുകളുടെയും ഇസ്‌ലാമിക സ്വത്വത്തെയാണത് അപകടപ്പെടുത്തുന്നത്.

തുനീഷ്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മുസ്‌ലിംകളല്ലാത്തവരെ വിവാഹം ചെയ്യുന്നതിനുണ്ടായിരുന്ന വിലക്ക് റദ്ദാക്കിയ തുനീഷ്യന്‍ ഭരണകൂടത്തിന്റെ വിധി ഈ അര്‍ഥത്തില്‍ വായിക്കപ്പെടേണ്ട ഒന്നാണ്. അവിടത്തെ ഭരണകൂടത്തിലെ മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍ അതിനെ കുറിച്ച് പറയുന്നു: ”തുനീഷ്യന്‍ മുസ്‌ലിം സ്ത്രീകള്‍ മുസ്‌ലിംകളല്ലാത്തവരെ വിവാഹം ചെയ്യുന്നത് വിലക്കുന്ന എല്ലാ പ്രമാണങ്ങളും നീതിന്യായ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നു. പങ്കാളിയെ തെരെഞ്ഞെടുക്കുന്നതില്‍ തുനീഷ്യന്‍ സ്ത്രീകള്‍ക്കുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യമാണ് അതുകൊണ്ടര്‍ഥമാക്കുന്നത്.”

അതുപോലെ തുനീഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് അവരുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു: ”തുനീഷ്യന്‍ മുസ്‌ലിം സ്ത്രീകള്‍ വിദേശികളെ വിവാഹം ചെയ്യുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രമാണങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ 1973ലെ പ്രമാണ പത്രവും അനുബന്ധ കാര്യങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. പങ്കാളിയെ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വീണ്ടെടുത്ത തുനീഷ്യന്‍ സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങള്‍.” തുനീഷ്യന്‍ പ്രധാനമന്ത്രി യൂസുഫ് ശാഹിദിന്റെ അംഗീകാരത്തോടെയാണ് നേരത്തെയുണ്ടായിരുന്ന ഈ വിലക്ക് നീക്കിയതെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഗാസി ജരീബിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം തുനീഷ്യയിലെ എല്ലാ കോടതികള്‍ക്കും വിവാഹം രെജിസ്റ്റര്‍ ചെയ്യുന്ന ഓഫീസുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് പ്രാദേശിക വെബ്‌സൈറ്റുകള്‍ പറയുന്നു.

സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്ന രീതിയില്‍ നിയമപരിഷ്‌കരണം കൊണ്ടുവരണമെന്ന് തുനീഷ്യന്‍ പ്രസിഡന്റ് ബാജി ഖായിദ് അസ്സിബ്‌സി തുനീഷ്യയുടെ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13ന് ആഹ്വാനം ചെയ്തിരുന്നു. അത് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ഈ പരിഷ്‌കരണം വരുന്നത്. അനന്തര സ്വത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശം നല്‍കണമെന്നും തുനീഷ്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മുസ്‌ലിംകളല്ലാത്തവരെ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കണമെന്നതും അദ്ദേഹത്തിന്റെ ആഹ്വാനത്തിലുണ്ടായിരുന്നു.

ഒരു മുസ്‌ലിം സ്ത്രീ മുസ്‌ലിമല്ലാത്ത ഒരാളെ വിവാഹം ചെയ്യുന്നത് ഇസ്‌ലാമില്‍ നിഷിദ്ധമാണെന്നതില്‍ യാതൊരു സംശയവുമില്ല. വിശുദ്ധ ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും ഖണ്ഡിതമായ പ്രമാണങ്ങളുള്ള കാര്യമാണത്. ”സത്യവിശ്വാസം സ്വീകരിക്കുംവരെ ബഹുദൈവ വിശ്വാസിനികളെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരടിമപ്പെണ്ണാണ് ബഹുദൈവ വിശ്വാസിനിയെക്കാളുത്തമം. അവള്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും ശരി. സത്യവിശ്വാസം സ്വീകരിക്കുവോളം ബഹുദൈവ വിശ്വാസികള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കരുത്. സത്യവിശ്വാസിയായ അടിമയാണ് ബഹുദൈവ വിശ്വാസിയെക്കാളുത്തമം. അവന്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും ശരി. അവര്‍ ക്ഷണിക്കുന്നത് നരകത്തിലേക്കാണ്.” (അല്‍ബഖറ: 221) സൂക്തം തന്നെ അതിന് മതിയായ പ്രമാണമാണ്.

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം ത്വബ്‌രി പറയുന്നു: സത്യവിശ്വാസിനികള്‍ മുശ്‌രികായ ഒരാളെ (ബഹുദൈവ വിശ്വാസി) വിവാഹം ചെയ്യുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു, അവരിലെ ശിര്‍ക് ഏത് ഇനത്തില്‍ പെട്ടതായാലും ശരി. സത്യവിശ്വാസികളെ, നിങ്ങള്‍ ഒരിക്കലും അവരെ (ബഹുദൈവവിശ്വാസികളെ) വിവാഹം ചെയ്യരുത്. നിങ്ങള്‍ക്ക് നിഷിദ്ധമാണത്. സ്വതന്ത്രനായ ബഹുദൈവ വിശ്വാസിയുടെ കുലവും തറവാട് മഹിമയും നിങ്ങളെ എത്രതന്നെ ആകര്‍ഷിച്ചാലും ശരി, അവരേക്കാള്‍ നിങ്ങള്‍ക്കുത്തമം അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്ന അടിമയെ വിവാഹം ചെയ്യുന്നതാണ്. ‘നിങ്ങള്‍ ബഹുദൈവ വിശ്വാസികളെ വിവാഹം ചെയ്യരുത്’ എന്നതിനെ വിശദീകരിച്ചു കൊണ്ട് ഖദാദയും സുഹ്‌രിയും പറയുന്നു: നിന്റെ ദീനില്‍ ഉള്‍പ്പെടാത്ത ജൂതനെയോ ക്രിസ്ത്യാനിയെയോ ബഹുദൈവ വിശ്വാസിയെയോ വിവാഹം ചെയ്യുന്നത് നിനക്ക് (മുസ്‌ലിം സ്ത്രീക്ക്) അനുവദനീയമല്ല. മുസ്‌ലിം സ്ത്രീ മുസ്‌ലിമല്ലാത്ത ഒരാളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമാണെന്നതില്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. ”അവര്‍ യഥാര്‍ഥ വിശ്വാസിനികളാണെന്ന് ബോധ്യമായാല്‍ പിന്നെ നിങ്ങളവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്. ആ വിശ്വാസിനികള്‍ സത്യനിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല.” (അല്‍മുംതഹിന: 10) എന്ന ഖുര്‍ആന്‍ സൂക്തമാണ് അതിന് തെളിവായി ഉദ്ധരിക്കുന്നത്. അതിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു ഖുദാമ അദ്ദേഹത്തിന്റെ മുഗ്‌നിയില്‍ പറയുന്നു: ഒരു സത്യനിഷേധി ഒരു യാതൊരു സാഹചര്യത്തിലും മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്യരുത്. മുസ്‌ലിം സ്ത്രീക്ക് മേല്‍ സത്യനിഷേധിക്ക് കൈകാര്യകര്‍തൃത്വത്തിന് അവകാശമില്ലെന്നതില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു.

അനന്തരസ്വത്തില്‍ സ്ത്രീക്കും പുരുഷനും സമത്വം വേണമെന്ന തുനീഷ്യന്‍ പ്രസിഡന്റിന്റെ വിവാദ പ്രസ്താവനയും ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണ്. അതിനെതിരെയും ഇസ്‌ലാമിക ലോകത്തു നിന്നും കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. തദ്ദേശീയരായ ആളുകളില്‍ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്ന മതത്തിന്റെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമായ ആഹ്വാനങ്ങളും തീരുമാനങ്ങളുമാണിത്. പൗരന്‍മാരുടെ സ്വത്വവും സാമൂഹിക ഭദ്രതയും ഉറപ്പുവരുത്തുന്നതിനാണ് ഭരണകൂടെ ഈ നടപടികള്‍ സ്വീകരിക്കുന്നതെന്നതാണ് ആശ്ചര്യകരം. സമൂഹത്തിന്റെ സ്വത്വത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന ഒരു തീരുമാനവും എടുക്കില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവര്‍ സ്വീകരിക്കുന്നത് സമൂഹത്തിന്റെ സംസ്‌കാരത്തെയും കെട്ടുറപ്പിനെയും വ്യക്തമായി ബാധിക്കുന്ന നടപടികളാണെന്നതും ശ്രദ്ധേയമാണ്.

വിവ: നസീഫ്‌

Related Articles