Current Date

Search
Close this search box.
Search
Close this search box.

മുസഫര്‍നഗര്‍; നേട്ടം കൊയ്യുന്നതാര്?

ഇന്ത്യന്‍ സമൂഹത്തിന്റെ നാശഹേതുവായി മാറുകയാണ് വര്‍ഗീയത. കഴിഞ്ഞ മൂന്ന് ദശകങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. 1893 മുതലാണ് ഇതാരംഭിച്ചതെന്നും വ്യത്യസ്ത മുഖങ്ങളോട് കൂടി അത് പിന്നീട് തുടര്‍ന്ന് പോന്നതായും നമുക്ക് മനസ്സിലാക്കാം. 1937 ആയപ്പോഴേക്കും കൂടുതല്‍ ശക്തിപ്പെടുകയും വിഭജനാനന്തരം നടന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ കൂട്ടക്കുരുതിയോടെ അത് അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയതായും കാണാം. ഒരു ദശകത്തിന്റെ നിശ്ശബ്ധതക്കു ശേഷം പിന്നെയും കലാപങ്ങള്‍ തുടര്‍ന്നു. 1961 ലെ ജബല്‍പൂര്‍ കലാപം, 1984 ലെ സിഖ് വിരുദ്ധ കലാപം. യഥാര്‍ഥത്തില്‍ ഇതൊന്നും കലാപങ്ങളായിരുന്നില്ല, മറിച്ച് വംശ നശീകരണങ്ങളായിരുന്നു. തുടര്‍ന്നിങ്ങോട്ട് മീററ്റ്, ബഗല്‍പൂര്‍, മുംബൈ, ഗുജറാത്ത്, തുടങ്ങി കലാപങ്ങളുടെ തിര ആഞ്ഞടിക്കുന്നത് നാം കാണുകയുണ്ടായി. കുട്ടത്തില്‍ ഏറ്റവും വൃത്തികെട്ടതായിരുന്നു ഗുജറാത്ത് കലാപം. വിഭജനത്തിനു മുമ്പ് മുസ്‌ലിം ലീഗും ഹിന്ദു മഹാസഭയും ആര്‍. എസ്സ്. എസ്സുമൊക്കെയായിരുന്നു ഇത്തരം നശീകരണക്കളികളുടെ ചുക്കാന്‍ പിടിച്ചിരുന്നത്. ഈ പ്രതിഭാസം ജനങ്ങളെ വര്‍ഗീയമായി തിരിക്കാന്‍ ഇടയാക്കി. ഇപ്പോഴും തുടരുന്ന കലാപങ്ങളുടെ കാരണങ്ങളില്‍ മുഖ്യമായത് ഇത്തരം വര്‍ഗീകരണമാണ്. ‘അപരര്‍’ എന്ന കാഴ്ചപ്പാട് കൂടുതല്‍ വൃത്തികെട്ട തലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. സമുദായങ്ങള്‍ തമ്മില്‍ പിളര്‍പ്പുകള്‍ കൂടതല്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സമൂഹത്തില്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്തിയ ഈ അപരവല്‍കരണ കാഴ്ചപ്പാടുകള്‍ ജനങ്ങളെ കൂടുതല്‍ വര്‍ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
മുസഫര്‍ നഗര്‍ കലാപത്തിന്റെ കാരണങ്ങളന്വേഷിച്ചാല്‍ നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയെന്ന പദ്ധതിയുടെ തുടര്‍ച്ചയായി നമുക്കതിനെ മനസ്സിലാക്കാം. നഗരങ്ങള്‍ വര്‍ഗീയമായി ചേരിതിരിഞ്ഞു കഴിഞ്ഞാല്‍ ഗ്രാമപ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുകയെന്നതാണ്  ഇപ്പോള്‍ ലക്ഷ്യമിടുന്നത്. നമ്മുടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള നശീകരണത്തിന് കാരണമായിത്തീരുന്നതാണ് ഈ സംഭവങ്ങളെന്നാണ് ഇത്തരം സൂചനകളിലൂടെ തിരിച്ചറിയേണ്ടത്. മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. രാജ്യത്ത് ഇത്തരം കലാപങ്ങള്‍ നടന്നപ്പോഴൊക്കെ അതില്‍ കൂടുതലായി നേട്ടമുണ്ടാക്കിയത് ആര്‍. എസ്സ്. എസ്സും ബി. ജെ. പിയുമാണ്. ആര്‍. എസ്സ്. എസ്സിന്റെ സാമൂഹികതയും ബി. ജെ. പിയുടെ തെരെഞ്ഞെടുപ്പ് സാധ്യതയും വര്‍ദ്ധിക്കുന്നതാണ് അത്തരം ഇടങ്ങളില്‍ കണ്ടു വരുന്നത്. ഗുജറാത്ത് ഇതിനൊരു മികച്ച ഉദാഹരണമാണ്. കലാപാനന്തരം ബി. ജെ. പി സംസ്ഥാനത്ത് തങ്ങളുടെ വേരുകള്‍ ഉറപ്പിച്ചതായും ആര്‍. എസ്സ്. എസ്സ് സംസ്ഥാനത്തെ തെരുവുകള്‍ കൈയ്യടക്കിയതായും നാം കണ്ടു. മുസഫര്‍ നഗറില്‍ രാഷ്ട്രീയ ചതുരംഗക്കളില്‍ കളിച്ചവരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് രണ്ടുകൂട്ടര്‍ തങ്ങളുടെ നേട്ടം കൊയ്തു. സ്ഥിരം ലാഭക്കൊയ്ത്തുകാരായ ബി. ജെ. പി തങ്ങളുടെ പ്രവര്‍ത്തകരെ ഇറക്കിക്കളിച്ചു. മറുഭാഗത്ത് സമാജ്‌വാദി പാര്‍ട്ടി അതേ ശൈലിയില്‍ മുസ്‌ലിം സമൂഹത്തെ ഇറക്കിക്കളിച്ചപ്പോള്‍ ഉത്തര്‍ പ്രദേശ് കലാപപ്രദേശമായി മാറി. ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതാണ് കലാപത്തിനു തുടക്കം. പക്ഷെ സംഭവത്തിനു ശേഷം ഇത്തരം ഒരു കലാപം തടയാന്‍ സര്‍ക്കാരിനു ആവശ്യത്തിലധികം സമയമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. അവരതു ചെയ്തില്ല.  144 പ്രഖ്യാപിച്ചിട്ടും മഹാപഞ്ചായത്തിനായി ഒരു ലക്ഷത്തോളം പേര്‍ ഒത്തുകൂടി. ജാതി വികാരങ്ങളെ ഇളക്കി വിടുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങളുമായപ്പോള്‍ ജാട്ടുകള്‍ ആയുധമേന്തിക്കൊണ്ട് തെരുവിലിറങ്ങി. വര്‍ഗീയ അജണ്ട അതിന്റെ ഉയര്‍ന്ന തലത്തില്‍ തന്നെ നടപ്പില്‍ വരുത്തി. അങ്ങനെ ഇത്തരം കലാപങ്ങല്‍ ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചു. ഇവിടെ ബി. ജെ. പി സാമൂഹികാവസ്ഥയെ വര്‍ഗീയവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് ജാട്ടുകള്‍ക്കിടയില്‍ കൂടുതല്‍ അടിത്തറയില്ലെങ്കിലും ഈ സന്ദര്‍ഭം വിദഗ്ധമായി ഉപയോഗപ്പെടുത്തിക്കൊണ്ട് വിഭജന രാഷ്ട്രീയത്തെ പരിചയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു.
രണ്ട് യാഥാര്‍ഥ്യങ്ങള്‍ ഇവിടെ കാണേണ്ടതുണ്ട്. ഒന്ന് മോഡിയെ ഹിന്ദുക്കളുടെ രക്ഷകനായി ചിത്രീകരിക്കുന്ന ഒരു വശം. ഇവിടെ ജാട്ടുകള്‍ അവരുടെ ജാതിപരമായ അസ്തിത്വത്തില്‍ നിന്നും ഹിന്ദുവെന്ന അസ്തിത്വത്തിലേക്ക് സഞ്ചരിക്കുന്നു. വര്‍ഗീയ രാഷ്ട്രീയത്തില്‍ മതപരമായ അസ്തിത്വത്തിന് വളരെ പ്രാധാന്യമുണ്ട്. മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരും കലാപത്തില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷെ എപ്പോഴും സംഭവിക്കുന്നതു പോലെ ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്ന പോലീസ് സംവിധാനങ്ങള്‍ വളരെ ക്രൂരമായി അവരോട് പെരുമാറുകയും ന്യൂനപക്ഷങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയും ചെയ്തു. കുറെ പേര്‍ നാടുപേക്ഷിച്ച് പോയി. ഇത് അവരില്‍ അരക്ഷിതാവസ്ഥ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ ഈ സാഹസം എന്തുതരം പ്രതിഫലനമാണ് ഉണ്ടാക്കുകയെന്നത് സമയമെടുത്ത് കാണേണ്ടതാണ്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് കലാപങ്ങളെല്ലാം തലപൊക്കുന്ന കാഴ്ചയാണ് കാണുന്നത്. അഖിലേഷിന്റെ ഭരണകാലത്ത് എല്ലാ മാസവും രണ്ട് കലാപങ്ങളെങ്കിലും നടക്കുന്ന സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി. ഇതിനു മുമ്പ് ബി. എസ്. പി ഭരിച്ചിരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥരെ വച്ച് എങ്ങനെയാണ് ഇത്തരം കലാപങ്ങള്‍ അവര്‍ നിയന്ത്രിച്ചിരുന്നത്. തീര്‍ച്ചയായും ഭരിക്കുന്ന പാര്‍ട്ടിയുടെ ഒത്താശയോടെത്തന്നെയാണ് ഇത്തരം ഒരു കലാപം നടന്നിട്ടുള്ളത്. വര്‍ഗീയ ശക്തികളായ ബി. ജെ. പിയും കൂട്ടരും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ കിട്ടുന്ന അവസരത്തിനായി കാത്തിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ജാമ്യത്തിലുള്ള അമിത് ഷായുടെ സാന്നിധ്യം മറ്റൊരു ഘടകമാണ്. അയാള്‍ക്ക് ഗുജറാത്ത് കലാപം നടത്തി മുന്‍പരിചയമുണ്ട്. ഒരു വശത്ത് തങ്ങളുടെ പെണ്‍മക്കളും മരുമക്കളും സുരക്ഷിതരല്ലെന്ന പ്രചാരണം നടത്തുന്നതോടൊപ്പം തന്നെ ബി. ജെ. പിയുടെ എം. എല്‍. എ മുസ്‌ലിം വസ്ത്രധാരികളായവര്‍ രണ്ടു ചെറുപ്പക്കാരെ ക്രൂരമായി അടിച്ചുകൊല്ലുന്ന വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കവര്‍ച്ചക്കാരെന്ന്് ആരോപിച്ച് പാക്കിസ്ഥാനില്‍ നാട്ടുകാര്‍ രണ്ടുപേരെ ശിക്ഷിക്കുന്നതിന്റെ വീഡിയോയാണ് അയാള്‍ പ്രചരിപ്പിച്ചിരുന്നത്. വൈറസുപോലെ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ച ഈ വീഡിയോ ഗ്രാമങ്ങളിലും എത്തുകയും അക്രമോത്സുകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ജാട്ടുകളും മുസ് ലിംകളും വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ട് സമൂഹങ്ങളായിരുന്നു. അടുത്തിടെയായി ചില പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കലാപത്തോടു കൂടി അത് വര്‍ദ്ധിക്കുകയും ചെയ്തു. മാത്രമല്ല ആ അകല്‍ച്ച ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകുയം ചെയ്തു. ഇതിലെ ഭീകരമായ ഒരു വശം മോഡിയെ ശക്തനായ നേതാവും ഹുന്ദുക്കളുടെ രക്ഷകനുമായി ചിത്രീകരിച്ചുകൊണ്ടുള്ള വ്യാപകമായ പ്രചാരണമാണ്. ന്യൂനപക്ഷങ്ങളുടെ തെറ്റായ ഭരണം കൊണ്ട് ഭൂരിപക്ഷ സമൂഹം സുരക്ഷിതരല്ലെന്നുള്ള പ്രചരണത്തിലൂടെ ഒരു ഏകാധിപതിയെ പ്രതിഷ്ഠിക്കാനുള്ള ഒരുക്കത്തിലാണവര്‍. അങ്ങനെ ഭൂരിപക്ഷത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മോഡി ഏറ്റെടുക്കും. ഇതൊക്കെയും സത്യത്തില്‍ നിന്നും അകലെയാണെങ്കിലും പൊതുജനകാഴ്ചപ്പാടുകള്‍ ഇപ്പോഴും ഈ പറയപ്പെടുന്നതു പോലെയാണ് മുന്നോട്ട് പോകുന്നത്. ഭരണവര്‍ഗത്തിന്റെയും പോലീസിന്റെയും റോളിനെക്കുറിച്ച് കുറച്ചു മാത്രം പറയുന്നതാണ് നല്ലത്. ഇത്തരം ഒരു കലാപം നടക്കുന്നില്ല എന്നുറപ്പുവരുത്താന്‍ മാത്രമുള്ള ശക്തി ഭരണസംവിധാനത്തിനുണ്ടായിട്ടും അതിനവര്‍ക്ക് കഴിഞ്ഞില്ല. ഏറ്റവും കുറഞ്ഞത് രണ്ടു ദിവസത്തിനുള്ളിലെങ്കിലും അവര്‍ക്കത് നിയന്ത്രണ വിധേയമാക്കാമായിരുന്നു. എന്നാല്‍ ഉന്നത തലങ്ങളിലുളള പല ഉദ്യോഗസ്ഥരും പക്ഷപാത സമീപനമുള്ളവരാണ്. ഇത്തരം കലാപങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തങ്ങളുടെ പക്ഷത്തിനു ഗുണം ചെയ്യുമെന്നതിനാല്‍ അവര്‍ അനങ്ങാപ്പാറകളാകുകയോ, പക്ഷപാത സമീപനം സ്വീകരിക്കുകയോ ചെയ്യുന്നു. യു. പി. എ സര്‍ക്കാര്‍ വര്‍ഗീയ കലാപങ്ങള്‍ തടയുന്ന ഒരു ബില്‍ കൊണ്ടു വരുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്‍. എ. സിയുടെ സബ്കമ്മിറ്റി ഒരു കരട് രേഖ സമര്‍പ്പിക്കുകുയം ചെയ്തു. എന്നാല്‍ ഈ കരട് രേഖ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളിലൂടെ ആരെയും ദ്രോഹിക്കാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു പോറലുമേല്‍പിക്കാത്ത ഒന്നായിത്തീരുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടതില്ല. ഇത്തരം ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെങ്കില്‍ മുഖം നോക്കാതെയുള്ള ധീരമായ സമീപനങ്ങള്‍ ആവശ്യമാണ്. അവശ്യ സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ നേതൃത്വം നിര്‍ജീവമായിപ്പോകുന്നു എന്നു കാണാം. ഇത്തരം വര്‍ഗീയ അജണ്ടകളെ അവരുടെ ദാര്‍ശനിക, സാമൂഹിക, രാഷ്ട്രീയ തലങ്ങളില്‍ ഇല്ലാതാക്കാന്‍ നമുക്ക് സാധിച്ചാല്‍ മാത്രമെ രക്ഷയുള്ളൂ.

വിവ: അത്തീഖുറഹ്മാന്‍

Related Articles