Current Date

Search
Close this search box.
Search
Close this search box.

മുആദ് ബിന്‍ ജബല്‍ : പണ്ഡിതന്മാരുടെ നായകന്‍

ഹിംസിലെ പള്ളിയില്‍ ഒരു യുവാവിന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ജനങ്ങള്‍ ആകെ തരിച്ച് നില്‍ക്കുകയായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വായില്‍ നിന്നും വൈഢൂരവും വെളിച്ചവും പ്രസരിക്കുന്നു.
ആരാണയാളെന്നന്വേഷിച്ചു ഞാന്‍. മുആദ് ബിന്‍ ജബല്‍(റ) ആണെന്ന് അദ്ദേഹമെന്ന് അവര്‍ പറഞ്ഞു. (അബീ ബഹ്‌രിയ്യ യസീദ് ബിന്‍ ഖുതൈബില്‍ നിന്ന് നിവേദനം ചെയ്ത റിപ്പോര്‍ട്ട്)

മുഴുവന്‍ പേര് മുആദ് ബിന്‍ ജബല്‍ ബിന്‍ അംറുല്‍ ആസില്‍ അന്‍സാരി അല്‍ഖസ്‌റജി. അബൂ അബ്ദുറഹ്മാന്‍ എന്നപേരിലും അറിയപ്പെട്ടിരുന്നു. കര്‍മശാസ്ത്ര വിശാരദരുടെ നേതാവും വിജ്ഞാനനിധിയുമായിരുന്നു. അന്‍സാരി സ്വഹാബികളില്‍ പക്വതയും വിനയവും ഉദാരതയും കൊണ്ട് ഉന്നതനായിരുന്നു അദ്ദേഹം. കൂടാതെ സുന്ദരനും സൗമ്യനുമായിരുന്നു.

ഇസ്‌ലാമിക ചരിത്രത്തിലെ അഖബാ ഉടമ്പടി, ബദ്ര്‍ യുദ്ധം തുടങ്ങി ഒട്ടേറെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. പതിനെട്ടാം വയസ്സിലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. അഖബ ഉടമ്പടിയില്‍ പങ്കെടുത്ത എഴുപത് പേരില്‍ അദ്ദേഹവുമുണ്ടായിരുന്നു. ബദ്‌റില്‍ നബി(സ) അദ്ദേഹത്തെ തന്റെ വാഹനത്തിന്റെ പിന്നിലിരുത്തിയാണ് യുദ്ധംചെയ്തത്.

യമനിലെ ജനങ്ങള്‍ക്ക് ഖുര്‍ആനും ഇസ്‌ലാമിക നിയമവശങ്ങളും പഠിപ്പിക്കുവാനും ന്യായപൂര്‍വ്വം അവര്‍ക്കിടയില്‍ വിധികല്‍പ്പിക്കാനുമായി പ്രവാചകന്‍ (സ) നിയോഗിച്ചത് മുആദ് ബിന്‍ ജബലിനെയായിരുന്നു. തബൂക്ക് യുദ്ധാനന്തരമാണ് അദ്ദേഹത്തെ അവിടേക്ക് നിയോഗിച്ചത്.

പ്രവാചക സാക്ഷ്യം
അബൂ ഹുറൈറ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതര്‍ ഇപ്രകാരം പറഞ്ഞു. അബൂബക്കര്‍ എത്ര നല്ലവ്യക്തിയാണ്, ഉമര്‍ എത്ര നല്ലപുരുഷനാണ്, മുആദ് ബിന്‍ അംറ് ബ്ന്‍ ജുമൂഅ എത്ര നല്ലവനാണ്, മുആദ് ബിന്‍ ജബല്‍ എത്ര നല്ലവനാണ്, അബൂ ഉബൈദത് ബിന്‍ല്‍ ജര്‍റാഹ് മികച്ചവനാണ്. ഇപ്രകാരം തന്നെ ഏഴ് പേരെ എണ്ണി ഇവരെല്ലാം എത്ര മോശമാണെന്നും പറഞ്ഞു.

അബ്ദുല്ലാഹ് ബിന്‍ ഉമറില്‍ നിന്ന് നിവേദനം. പ്രവാചകന്‍(സ) പറഞ്ഞതായി ഞാന്‍ കേട്ടു. നാല് പേരുടെ ഖുര്‍ആന്‍ പാരായണം നിങ്ങള്‍ക്ക് അനുധാവനം ചെയ്യാം. ഇബ്‌നു മസ്ഊദ്, അബൂ ഹുദൈഫ, ഉബയ്യ് ബിന്‍ കഅ്ബ്, മുആദ് ബിന്‍ ജബല്‍.

പ്രവാചകന്‍(സ) ഓരോ സ്വഹാബിയിലും മികച്ചു നിന്നിരുന്ന കഴിവും യോഗ്യതയും അംഗീകരിച്ചിരുന്നു. അനസ് ബിന്‍ മാലികില്‍ നിന്ന് നിവേദനം. റസൂല്‍(സ) പറഞ്ഞു. എന്റെ ഉമ്മത്തില്‍ ഏറ്റവും കാരുണ്യമുള്ളവന്‍ അബൂബക്കറാണ്. ഏറ്റവും കണിശതയുള്ളവന്‍ ഉമറാണ്. ലജ്ജാശീലന്‍ ഉസ്മാനാണ്. അല്ലാഹുവിന്റെ ഗ്രന്ഥം നന്നായി പാരയണം ചെയ്യുന്നവന്‍ ഉബയ്യ് ബിന്‍ കഅ്ബാണ്. ഏറ്റവും ബാധ്യതയുള്ളവന്‍ സൈദ് ബിന്‍ സാബിത് ആണ്. ഹലാലും ഹറാമും കൃത്യമായി അറിയുന്നവന്‍ മുആദ് ബിന്‍ ജബലാണ്. എല്ലാ സമൂഹത്തിലും ഒരു വിശ്വസ്തനുണ്ടാവും. എന്റെ സമുദായത്തിലെ വിശ്വസ്തന്‍ അബീ ഉബൈദതുല്‍ ജര്‍റാഹ് ആണ്.

മുആദിന്റെ മഹത്വം
അബീ മുസ്‌ലിം അല്‍ ഖൗലാനിയില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. ഞാന്‍ ഒരിക്കല്‍ ദമസ്‌കസിലെ പള്ളിയില്‍ വന്നപ്പോള്‍ തിളങ്ങുന്ന കണ്ണുകളുള്ള ഒരു യുവാവിനെ കണ്ടു. അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങള്‍ പരിഹരിക്കാനായി ആളുകള്‍ ആ യുവാവിനെ സമീപിച്ചിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. ആരാണ് ഇദ്ദേഹം. അപ്പോള്‍ അവര്‍ പറഞ്ഞു. അത് മുആദ് ബിന്‍ ജബലാണ്.
വാഖിദിയില്‍ നിന്നും നിവേദനം. അദ്ദേഹം വെളുത്ത നിറമുള്ള ഒരു അതികായനായിരുന്നു. നല്ല മുടിയും കണ്ണുകളും അദ്ദേഹത്തിനുണ്ടായിരന്നു.

റസൂലുമായുള്ള സാമിപ്യം
നബി(സ) മുആദ് ബിന്‍ ജബല്‍(റ)യോട് ഹിജ്‌റക്ക് മുമ്പ് തന്നെ മദീനയിലേക്ക് പോവാന്‍ കല്പിച്ചു. ഖുര്‍ആനും ഇസ്‌ലാമികാധ്യാപനങ്ങളും അദ്ദേഹം പ്രത്യേകം പഠിക്കുകയും അത് മറ്റുള്ളവരെ നന്നായി പഠിപ്പിക്കുകയും ചെയ്തു. പ്രവാചകന്‍(സ) യുടെ കാലത്ത് തന്നെ ഖുര്‍ആന്‍ മനപാഠമുണ്ടായിരുന്നവരില്‍ ഒരാളായിരുന്നു മുആദ് ബിന്‍ ജബല്‍.

മുആദ് ബിന്‍ ജബല്‍(റ) നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ഒരുദിവസം റസൂല്‍(സ) എന്റെ കൈ പിടിച്ച് കൊണ്ട്് പറഞ്ഞു:
‘മുആദ്…അല്ലാഹുവാണ. നിശ്ചയം, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്’
ഞാന്‍ പറഞ്ഞു: എനിക്കങ്ങയെയും.
അപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലയോ മുആദ്…ഞാന്‍ നിന്നോട് ഉപദേശിക്കുന്നു. എല്ലാ നമസ്‌കാരാനന്തരവും നീ പ്രാര്‍ഥിക്കണം: ‘നിന്നെ കുറിച്ചോര്‍ക്കാനും നിനക്ക് കൃതജ്ഞത ചെയ്യാനും നിനക്ക് സര്‍വ്വാത്മനാ വഴിപ്പെടാനും എന്നെ നീ സഹായിക്കേണമേ.’

അബ്ദുല്ലാഹി ബിന്‍ അംറ് ബിന്‍ ആസില്‍ നിന്ന് നിവേദനം. ഒരിക്കല്‍ മുആദ് ബിന്‍ ജബല്‍ ഒരു യാത്ര തീരുമാനിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെ, എന്ന ഉപദേശിക്കുക.
പറഞ്ഞു: ‘അല്ലാഹവിന് ഇബാദത്ത് ചെയ്യുക, അവനില്‍ ഒന്നിനേയും പങ്ക് ചേര്‍ക്കാതിരിക്കുക.’
മുആദ് പറഞ്ഞു:  കൂടുതല്‍ ഉപദേശിച്ചാലും പ്രവാചകരെ, അദ്ദേഹം പറഞ്ഞു: നീ സ്ഥൈര്യത്തോടെ നില്‍ക്കുക. സ്വഭാവം ഭംഗിയാക്കുകയും ചെയ്യുക.

മുആദ് ബിന്‍ ജബലില്‍ നിന്നും ആസിം ബിന്‍ ഹമീദ് നിവേദനം ചെയ്യുന്നു. ‘അല്ലാഹുവിന്റെ ദൂതന്‍ മുആദ് ബിന്‍ ജബലിനെ യമനിലേക്ക് നിയോഗിച്ച സന്ദര്‍ഭം. നബി(സ)ചില ഉപദേശങ്ങള്‍ നല്‍കി അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. മുആദ് വാഹനത്തിലും പ്രവാചകന്‍(സ) നടക്കുകയുമായിരുന്നു അപ്പോള്‍. അങ്ങിനെ പിരിയാന്‍ നേരം പറഞ്ഞു: മുആദ്, ഒരു വര്‍ഷത്തിന് ശേഷം നമുക്കിങ്ങിനെ നേരില്‍ കണ്ടുമുട്ടാം. അല്ലെങ്കില്‍ നിനക്ക് ഈ പള്ളിയില്‍ എന്റെ ഖബറിന്റെ അടുത്തേക്ക് നടക്കാം. അപ്പോള്‍ മുആദ് റസൂലുമായി പിരിയുന്നതില്‍ അങ്ങേയറ്റം വേദനയോടെ കരഞ്ഞു. പിന്നെ മദീനക്ക് നേരെ മുഖം തിരിച്ചു. റസൂല്‍ (സ) പറഞ്ഞു: ‘ജനങ്ങളില്‍ എന്നോട് ഏറ്റവും സമീപസ്ഥന്‍ മുത്തഖികളാണ്. അവരാരായിരുന്നതാലും എവിടെയായിരുന്നാലും.’

സ്വഹാബികളുടെ നിലപാട്
ശഅ്ബിയില്‍ നിന്നും നിവേദനം. ഫര്‍വത് ബിന്‍ നൗഫല്‍ അല്‍ അശ്ജഈ എന്നോട് പറഞ്ഞു. ഇബ്‌നു മസ്ഊദ് ഇപ്രകാരം പറയുകയുണ്ടായി. നിശ്ചയം മുആദ് ബിന്‍ ജബല്‍ അല്ലഹുവിനോട് വിധേയത്വമുള്ളവനും ഋജുമനസ്‌കനുമായിരുന്ന ഒരു ഉമ്മത്തായിരുന്നു. അപ്പോള്‍ പറയപ്പെട്ടു. തീര്‍ച്ചയായും ഇബ്രാഹിം നബിയും ഇപ്രകാരം ആയിരുന്നു. ഫര്‍വത് ചോദിച്ചു ‘ഉമ്മത്തിന്റെയും ഖാനിതിന്റെയും വിവക്ഷ നിനക്കറിയില്ലേ?
ഞാന്‍ പറഞ്ഞു. ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹു മാത്രമാണ്.
ഉമ്മത്തെന്നാല്‍ നന്മയെ കുറിച്ച് നന്നായറിയുന്നവനും ഖാനിത് എന്നാല്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവനുമാണ്. ശഹറു ബിന്‍ ഹൗശബ് പറയുന്നു: മുആദ് ബിന്‍ ജബല്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ ഗാംഭീര്യത്തോടെ സ്വഹാബികള്‍ നോക്കുമായിരുന്നു.

സൗര്‍ ബിന്‍ യസീദില്‍ നിന്ന് നിവേദനം. മുആദ് ബിന്‍ ജബല്‍ രാത്രി എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കുമ്പോള്‍ പറയുമായിരുന്നു. അല്ലാഹുവേ കണ്ണുകള്‍ ഉറങ്ങി, നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങി, നീ ആണ് എന്നെന്നും ജീവിച്ചിരിക്കുന്നവന്‍… അല്ലാഹുവേ എനിക്ക് സ്വര്‍ഗം നല്‍കുകയും നരകത്തില്‍ നിന്ന് അകറ്റുകയും ചെയ്യേണമേ. അല്ലാഹുവേ അന്ത്യനാളില്‍ നിന്റെ സാമീപ്യം നല്‍കേണമേ, നിയാവട്ടെ കരാര്‍ ലംഘിക്കുന്നവലല്ലല്ലോ.

അബ്ദുല്ലാ ബിന്‍ സല്‍മ പറയുന്നു. ഒരാള്‍ മുആദ് ബിന്‍ ജബലിനോട് തന്നെ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു. മുആദ് ചോദിച്ചു. നീ എന്നെ അനുസരിക്കുമോ. താങ്കളെ അനുസരിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്നായി അയാള്‍. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നോമ്പെടുക്കുകയും നോമ്പു മുറിക്കുകയും ചെയ്യുക, നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുക, നേട്ടം കൊയ്യുക പാപിയാവാതിരിക്കുക, മുസ്‌ലിമായിട്ടല്ലാതെ നീ മരണപ്പെടരുത്, മര്‍ദ്ദിതന്റെ പ്രാര്‍ഥനയെ സൂക്ഷിക്കുക.

മുആവിയ ബിന്‍ ഖുറയില്‍ നിന്ന് നിവേദനം. മുആദ് ബിന്‍ ജബലില്‍ തന്റെ മകനോട് ഇപ്രകാരം പറയുന്നു. എന്റെ മോനേ…നീ നമസ്‌കരിക്കുകയാണെങ്കില്‍ വിടവാങ്ങുന്നവനെപ്പോലെ നമസ്‌കരിക്കുക. ഒരിക്കലും നമസ്‌കാരത്തിലേക്ക് മടങ്ങി വരുന്നതിനെകുറിച്ച് വിചാരിക്കരുത്. നീ അറിയണം മോനെ…തീര്‍ച്ചയായും ഒരു സത്യവിശ്വാസി രണ്ട് നന്മകള്‍ക്കിടയിലാണ് മരണപ്പെടുന്നത്. അതിലൊരു നന്മ മരണത്തിന് മുമ്പത്തേതും മറ്റേത് മരാണാനന്തരവുമാണ്.

അന്ത്യം
അവസാന ഘട്ടത്തിലും ദീനീപ്രബോധന രംഗത്ത് മുആദ് ബിന്‍ ജബല്‍ സജീവമായിരുന്നു. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കെയാണ് ശാമിലെ ജോര്‍ഡാനില്‍ വെച്ച് പ്ലേഗ് ബാധിച്ച്് അദ്ദേഹം മരണപ്പെടുന്നത്. മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് എണ്‍പത് വയസ്സായിരുന്നു.

വിവ: സുഹൈറലി തിരുവിഴാംകുന്ന്

 

Related Articles