Current Date

Search
Close this search box.
Search
Close this search box.

മാല്‍കം എക്‌സ്; കാലം നിങ്ങളെ തേടുന്നു

സന്തോഷത്തിന്റെയും ആവേശത്തിന്റെയും സമ്മിശ്രവികാരം ആ ഹാളില്‍ നിറഞ്ഞ് നിന്നിരുന്നു. അതിനകത്തിരുന്നവരുടെ അന്തരാളങ്ങളില്‍ വീര്‍പ്പ്മുട്ടി നിന്നിരുന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിവിട്ട താപം പുറത്ത് അടിച്ചുവീശിക്കൊണ്ടിരുന്ന ഫെബ്രുവരിയിലെ ശൈത്യകാറ്റിനെ തെല്ലുംവകവെച്ചില്ല. മാന്‍ഹാട്ടണിലെ ഔഡുബോണ്‍ നൃത്തഹാളില്‍ അന്ന് നിരത്തിയിട്ടിരുന്ന നാനൂറ് മരക്കസേരകളില്‍ ഒന്നു പോലും കാലിയായി കിടക്കാത്ത വിധം അവിടെ ആളുകള്‍ തിങ്ങിനിറഞ്ഞു. ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ-അമേരിക്കന്‍ യൂണിറ്റി സംഘടിപ്പിക്കാറുള്ള വാരാന്ത യോഗങ്ങള്‍ ധാരാളമാളുകളെ ആകര്‍ഷിച്ചിരുന്നു. മുഖ്യമായും സംഘടനയുടെ സ്ഥാപക നേതാവിന്റെ പ്രഭാഷണം കേള്‍ക്കുവാന്‍ തന്നെയായിരുന്നു അവരില്‍ ഭൂരിഭാഗവും എത്തിയിരുന്നത്. ‘വൈദ്യുതി തരംഗങ്ങളുടെ ശക്തിയുള്ളത്’, ‘പ്രചോദിപ്പിക്കുന്നത്’ എന്നിങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിച്ചായിരുന്നു ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ വിശേഷിപ്പിച്ചിരുന്നത്.

പരിചയപ്പെടുത്തലുകള്‍ക്കിടെ, പരമ്പരാഗത അറബ് അഭിവാദ്യരീതിയായ ‘അസ്സലാമു അലൈക്കും'(നിങ്ങളുടെ മേല്‍ സമാധാനം വര്‍ഷിക്കുമാറാകട്ടെ) എന്ന് പറഞ്ഞു കൊണ്ട് ഉയരം കൂടിയ, മെലിഞ്ഞ ശരീര പ്രകൃതമുള്ള, ചുവന്ന മുടിയുള്ള ഒരു മനുഷ്യന്‍ കടന്നുവന്നു. ‘വഅലൈക്കുമുസ്സലാം’ എന്ന് സദസ്സ് പ്രതിവാദനം ചെയ്തു. അദ്ദേഹം പ്രഭാഷണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ കറുത്ത വര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ആ സദസ്സ് ക്ഷോഭിക്കാന്‍ തുടങ്ങി, ഒരിടത്തു നിന്നും ദേഷ്യത്തോടെയുള്ള ഒരു ആക്രോശം ഉയര്‍ന്നു കേട്ടു. പ്രഭാഷകന്‍ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു : ‘ദയവു ചെയ്ത് അടങ്ങിയിരിക്കൂ, ആരും തന്നെ കുഴപ്പങ്ങള്‍ ഉണ്ടാക്കരുത്’.

അപ്പോഴേക്കും വെടിവെപ്പ് ആരംഭിച്ചു കഴിഞ്ഞിരുന്നു. കൈത്തോക്ക് കയ്യിലേന്തിയ ഒരാള്‍ സ്‌റ്റേജ് ലക്ഷ്യമാക്കി ഓടിയടുത്തു. മറ്റു രണ്ടു പേര്‍ തുടര്‍ച്ചയായി വെടിവെച്ചു കൊണ്ടിരുന്നു. നമ്മുടെ പ്രഭാഷകന്‍ വെടിയേറ്റ് പുറകിലേക്ക് മറിഞ്ഞു വീണു. അപ്പോഴും അദ്ദേഹത്തിന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച അവസ്ഥയില്‍ തന്നെയായിരുന്നു. കൂട്ടക്കരച്ചിലും നിലവിളിയും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി. പുരുഷന്‍മാരും, സ്ത്രീകളും കുട്ടികളുമടങ്ങുന്ന സദസ്സ് വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ നിലത്ത് പറ്റിക്കിടന്നു, ചിലര്‍ മേശകള്‍ക്കടിയില്‍ ഒളിച്ചു. ആ ഭീകരമായ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ വെപ്രാളപ്പെടുകയായിരുന്നു എല്ലാവരും.

പ്രഭാഷകനെയും കൊണ്ട് ചിലര്‍ ആശുപത്രിയിലേക്ക് കുതിച്ചു. തൊട്ടടുത്ത ബ്ലോക്കില്‍ തന്നെ അടിയന്തിര ചികിത്സാസൗകര്യങ്ങളുള്ള ഒരു ക്ലിനിക്ക് ഉണ്ടായിരുന്നു. പക്ഷെ അത് ഹാളില്‍ തന്നെയുണ്ടായിരുന്നാലും കാര്യമില്ലായിരുന്നു. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചു, പക്ഷെ വളരെ വൈകിപ്പോയെന്ന് അവര്‍ക്കറിയാമായിരുന്നു.

ആകര്‍ഷണീയമായ ശബ്ദം

ആശുപത്രിയിലെത്തിച്ച് പതിനഞ്ച് മിനുട്ടിന് ശേഷം, ആ മനുഷ്യന്‍ മരണപ്പെട്ടതായുള്ള അറിയിപ്പ് വന്നു. അങ്ങനെ, അമേരിക്കയിലെ പൗരാവകാശ പ്രസ്ഥാനത്തിലെ ആ മുഴക്കമുള്ള ശബ്ദം, മാല്‍ക്കം എക്‌സ്, വധിക്കപ്പെട്ടു. അന്നത്തെ ആ ഞായറാഴ്ച്ച ദിവസത്തെ ഉച്ച കഴിഞ്ഞിട്ട് ഇന്നേക്ക് അമ്പത് വര്‍ഷമായി. അലക്‌സ് ഹാലിയോടൊപ്പം ചേര്‍ന്ന് രചിച്ച അദ്ദേഹത്തിന്റെ ആത്മകഥ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ നോണ്‍-ഫിക്ഷന്‍ ഇനത്തില്‍ രചിക്കപ്പെട്ടതില്‍ ഏറ്റവും മഹത്തായ ഒന്നായിട്ടാണ് പ്രമുഖര്‍ മാല്‍കം എക്‌സിന്റെ ആത്മകഥയെ കണക്കാക്കുന്നത്.

ഒരു മുന്‍കോപിയായ ചെറുപ്പക്കാരന്‍ എന്ന നിലക്ക് മാല്‍കം എക്‌സിനെ തള്ളിപ്പറയാന്‍ എളുപ്പമാണ്. അദ്ദേഹത്തിന്റെ ആദ്യകാല പ്രഭാഷണങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കാരുടെ മനസ്സുകളില്‍ അമിതമായ ക്രോധാവേശങ്ങള്‍ സൃഷ്ടിച്ചിരുന്നു. ‘ആ അവസരത്തില്‍ അദ്ദേഹം വളരെ ക്ഷോഭിച്ചിരുന്നു- പക്ഷെ അദ്ദേഹം സത്യമാണ് വിളിച്ചു പറഞ്ഞിരുന്നത്,’ സിറ്റി കോളെജ് ഓഫ് ന്യൂയോര്‍ക്കില്‍ മാല്‍കം എക്‌സിന്റെ ജീവതത്തെയും പൈതൃതത്തെയും കുറിച്ച് പഠിപ്പിക്കുന്ന സഹീര്‍ അലി പറഞ്ഞു.

നാഷന്‍ ഓഫ് ഇസ്‌ലാം എന്ന സംഘടനയുടെ ഭാഗമായി കൊണ്ട് ഭിന്നതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരുമയെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല; വെള്ളക്കാര്‍ ചെകുത്താന്‍മാരാണ് എന്നു തുടങ്ങിയ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നും പുറത്ത് വന്നു. പക്ഷെ അദ്ദേഹം കറുത്തവര്‍ക്ക് വേണ്ടിയുളള ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രസ്ഥാനത്തിന് ശക്തമായ അടിത്തറപാകി. അദ്ദേഹത്തിന്റെ ഭാഷ മറ്റുള്ളവരില്‍ ഭയവും, ഉത്കണ്ഠയുമുളവാക്കി.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ അഹിംസാ തത്വശാസ്ത്രത്തിന് ചുട്ടമറുപടിയെന്നോണം മാല്‍കം എക്‌സ് ഒരിക്കല്‍ പറഞ്ഞു: ‘അമേരിക്കയിലെ കറുത്ത വര്‍ഗക്കാരന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇങ്ങനെ നീട്ടിനീട്ടി കൊണ്ടു പോകുന്നതിനെയാണ് അഹിംസ തത്വശാസ്ത്രം എന്ന് പേരിട്ടു വിളിക്കുന്നതെങ്കില്‍, ഞാന്‍ ഹിംസയുടെ കൂടെയാണ് നിലകൊള്ളുന്നത്.’ വിയറ്റ്‌നാമില്‍ അമേരിക്ക കടന്നാക്രമണം നടത്തിയതിനെതിരെ ആദ്യമായി ഉയര്‍ന്ന് കേട്ട ശബ്ദങ്ങളില്‍ ഒന്ന് മാല്‍കം എക്‌സിന്റേതായിരുന്നു. പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധത്തോട് അദ്ദേഹം വളരെ വൈകാരികമായാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപാട് പേരെ ക്രോധപരവശരാക്കി.

1964-ന്റെ ആദ്യത്തില്‍ നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ സമുന്നത നേതാവും, ഒരിക്കല്‍ മാല്‍കം എക്‌സിന്റെ ആരാധനാ പുരുഷനുമായിരുന്നു എലിജാ മുഹമ്മദുമായി ചില സ്വരചേര്‍ച്ചയില്ലായ്മകള്‍ ഉടലെടുത്തു. അതോടെ നാഷന്‍ ഓഫ് ഇസ്‌ലാമുമായുള്ള ബന്ധം മാല്‍കം എക്‌സിന് ഉപേക്ഷിക്കേണ്ടി വന്നു. അതിനിടെ മക്കയില്‍ പോയി ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ മാല്‍കം എക്‌സ് തീരുമാനിച്ചു. ഹജ്ജ് അദ്ദേഹത്തിന്റെ ലോകവീക്ഷണത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കി. ഒരു സുന്നി മുസ്‌ലിമായി മാറുന്നതിലേക്ക് മാല്‍കം എക്‌സിനെ നയിച്ച സുപ്രധാന ഘടകം ഹജ്ജായിരുന്നു. പിന്നീടദ്ദേഹം അല്‍ഹാജ്ജ് മലിക് ഷഹബാസ് എന്ന പേര് സ്വീകരിച്ചു. അടിമത്തിന്റെ ശേഷിപ്പുകള്‍ പേറുന്ന തന്റെ ആദ്യത്തെ വിളിപ്പേര് അദ്ദേഹം നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. എല്ലാ നിറക്കാരെയും, വെളുത്തവരെന്നോ, കറുത്തവരെന്നോ വ്യത്യാസമില്ലാതെ തുല്യതയോടെ പരിചരിക്കുന്ന യഥാര്‍ത്ഥ ഇസ്‌ലാമിനെ കുറിച്ചുള്ള തിരിച്ചറിവ് പിന്നീടങ്ങോട്ടുള്ള വര്‍ണ്ണവിവേചനത്തിനും, വംശീയതക്കും എതിരെയുള്ള പോരാടങ്ങളില്‍ അദ്ദേഹത്തിന് കൃത്യമായ ദിശ നിര്‍ണയിച്ചു നല്‍കി.

മാല്‍കം എക്‌സ് കൂടുതല്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്തുന്ന കാഴ്ച്ചയാണ് പിന്നീട് നമുക്ക് കാണാന്‍ സാധിക്കുന്നത്. കറുത്തവര്‍ക്കും ദരിദ്രര്‍ക്കും ഉപകാരപ്പെടുന്ന യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാത്ത ഇരുകക്ഷികളെയും അദ്ദേഹം തള്ളിപ്പറഞ്ഞു.

കരുത്തുറ്റ പൈതൃകം

മാല്‍കം എക്‌സിന്റെ പേരില്‍ സ്‌കൂളുകളും റോഡുകളും ലൈബ്രറികളും തുറക്കപ്പെട്ടു. പക്ഷെ അതിനേക്കാള്‍ കരുത്തുറ്റതായിരുന്നു അദ്ദേഹം സൃഷ്ടിച്ച ചരിത്രനിമിഷങ്ങള്‍. മാല്‍കം എക്‌സ് ആരായിരുന്നു എന്നറിയാന്‍ വേണ്ടി ഹാര്‍ലെമിലെ ‘മാല്‍കം എക്‌സ് തെരുവില്‍’ കണ്ടുമുട്ടിയവരോടെല്ലാം ഞാന്‍ സംസാരിച്ചു. ഒരു യുവതി എന്നോട് പറഞ്ഞു: ‘അദ്ദേഹം കേവലം ഒരു ക്രോധാവേശം കയറിയ മനുഷ്യനായിരുന്നില്ല. അദ്ദേഹത്തിന്റെ വൈകാരികമായ കാഴ്ച്ചപ്പാടുകള്‍ക്ക് മാറ്റം സംഭവിച്ചിരുന്നു. ഞങ്ങളെപ്പോലെയായിരുന്നില്ല മാല്‍കം എക്‌സ്, ഒരു ബഹുമുഖ വ്യക്തിത്വം തന്നെയായിരുന്നു അദ്ദേഹം.’

മാല്‍കം എക്‌സ് ജീവിച്ചിരുന്ന കാലത്ത് കുട്ടിയായിരുന്ന ഒരു വൃദ്ധനുമായി ഞാന്‍ സംസാരിച്ചു: ‘ആദ്യകാലത്ത് താന്‍ വിശ്വസിച്ചിരുന്ന ആദര്‍ശത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു മൗലികവാദി തന്നെയായിരുന്നു. പിന്നീട് വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട ആളുകളെ കുറിച്ചും അവരുടെ മനുഷ്യാവകാശ പോരാട്ടങ്ങളെ കുറിച്ചും പഠിക്കാന്‍ സമയം ചെലവഴിച്ച അദ്ദേഹം, എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന ഒരു വ്യക്തിത്വമായി മാറുകയാണുണ്ടായത്.’

അമേരിക്കയിലെ ഫെര്‍ഗൂസന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഈയടുത്ത കാലത്ത് നിരായുധരായ കറുത്തവര്‍ഗത്തില്‍ പെട്ട ചെറുപ്പക്കാരെ പോലീസ് വെടിവെച്ച് കൊന്നസംഭവങ്ങളുണ്ടായി. മാല്‍കം എക്‌സിന്റെ ചിന്തകളും, വാക്കുകളും ഇന്നും പ്രസക്തമാണ് എന്ന് പലരും വിലയിരുത്തുകയുണ്ടായി. വംശീയതയുടെയും വര്‍ണ്ണവെറിയുടെയും ദുഷിച്ചപാടുകള്‍ മാഞ്ഞുപോയി എന്നാണ് പൊതുസമൂഹം ധരിച്ചുവെച്ചിരുന്നത്. പക്ഷെ അതൊരു മിഥ്യാധാരണയാണെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവവികാസങ്ങള്‍.

‘ശത്രുതതയുടെ ഉച്ചാടനം, വിദ്യാഭ്യാസ രംഗത്തെ പരാജയം, ജയില്‍ കോംപ്ലക്‌സുകള്‍, കറുത്തവര്‍ഗക്കാര്‍ക്കെതിരെയുള്ള അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങള്‍, അന്യായമായ തടവറവാസം തുടങ്ങിയവ മാല്‍കം എക്‌സിന്റെ ഇന്നത്തെ തലമുറ സംസാരിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്ന് നിലവിലെ സാമൂഹ്യവ്യവസ്ഥിതിയിലേക്കൊന്ന് കണ്ണോടിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. മേല്‍ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ മാല്‍കം എക്‌സ് സ്വജീവിതത്തില്‍ അനുഭവിച്ചതുമാണ്,’ സഹീര്‍ അലി പറഞ്ഞു.

‘രാഷ്ട്രത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ നിയമം കൊണ്ട് പോരാടിയ മാല്‍കം എക്‌സിന്റെ ചരിത്രദൗത്യം തന്നെയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ തലമുറക്കും നിര്‍വഹിക്കാനുള്ളത്. സമൂഹത്തോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നതിലും, കറുത്തവന്റെ ജീവിതവും, സ്വാതന്ത്ര്യവും, സ്വത്തും സംരക്ഷിക്കുന്നതിലും പരാജയപ്പെട്ട രാഷ്ട്രത്തെ നിരുത്തരവാദപരമായ ആലസ്യത്തില്‍ തട്ടിയുണര്‍ത്തുക എന്നതായിരുന്നു മാല്‍കം എക്‌സിന്റെ ജീവിത ലക്ഷ്യം.’

മാല്‍കം എക്‌സിനെ പോലെയുള്ള വ്യക്തിത്വങ്ങള്‍ ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ട് എന്നുതന്നെയാണ് നിലവിലെ സാമൂഹ്യസാഹചര്യങ്ങളുടെ തേട്ടം. പ്രവാചകപരിവേഷമുള്ള ഒരാളില്‍ അത് പരിമിതപ്പെടരുത്. കറുത്തവര്‍ഗക്കാര്‍ക്കും സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന എല്ലാ ആളുകള്‍ക്കും വേണ്ടി ഒച്ചഉയര്‍ത്തുന്ന നിരവധി ശബ്ദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

അമേരിക്കയിലെ മനുഷ്യാവകാശ പോരാട്ടങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ തന്നെ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പേരാണ് ജനമനസ്സുകളിലേക്ക് എളുപ്പം കടന്നുവരിക. പക്ഷെ മാല്‍കം എക്‌സ് ഒരു പ്രതീകമായി ഇന്നും അവശേഷിക്കുന്നു. ഇനിയും വിജയംവരിക്കാത്ത ഒരു പോരാട്ടത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലായി അദ്ദേഹം ജനഹൃദയങ്ങലില്‍ ഇന്നും നിലനില്‍ക്കുന്നു.

(അമേരിക്കയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് അലന്‍ ഫിഷര്‍)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles