Current Date

Search
Close this search box.
Search
Close this search box.

മാലിക് ബിന്‍ ദീനാര്‍

ഇറാഖിലെ ബസറയിലാണ് പ്രമുഖ താബിഈയായ മാലിക് ബിന്‍ ദീനാര്‍ ജനിച്ചത്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനുമിടയിലാണ് അദ്ദേഹം ജീവിച്ചത്. ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയായിരുന്നു അദ്ദേഹം ഉപജീവനം തേടിയത്. ഐഹികതയോട് സമരസപ്പെടാത്ത സമീപനമായിരുന്നുവെങ്കിലും പ്രതാപത്തോടെയും മാന്യതയോടെയുമാണ് അദ്ദേഹം ജീവിച്ചത്. തന്റെ ചിന്തയും മനനവും പ്രവര്‍ത്തനവുമെല്ലാം അല്ലാഹുവിന് വേണ്ടി മാത്രം അദ്ദേഹം സമര്‍പ്പിച്ചു. ഐഹികതയുടെ പ്രലോഭനത്തിനടിപ്പെട്ട് മൃതിയടഞ്ഞ ഹൃദയങ്ങളില്‍ വിശ്വാസത്തിന്റെ പുതുവെളിച്ചം പകര്‍ത്താനുള്ള പരിശ്രമത്തില്‍ അദ്ദേഹം ഏര്‍പ്പെടുകയുണ്ടായി.

മാലിക് ബിന്‍ ദീനാര്‍ പറഞ്ഞു: മരണമാണ് പര്യാവസാനമെന്നും, ഖബറാണ് സമാധികേന്ദ്രമെന്നും തിരിച്ചറിഞ്ഞവന്റെ കാര്യം അല്‍ഭുതം തന്നെ! അവന്റെ കണ്ണുകള്‍ക്ക് ഐഹികലോകത്ത് എങ്ങനെ കുളിര്‍മയുണ്ടാകും. അവന്റെ ജീവിതം എപ്രകാരം ഇവിടെ സുഗന്ധപൂരിതമാകും?  പിന്നീട് ബോധരഹിതനാവുന്നതു വരെ അദ്ദേഹം കരയുകയുണ്ടായി.

ഹാരിസ് ബിന്‍ സഈദ് രേഖപ്പെടുത്തുന്നു. മാലിക് ബിന്‍ ദീനാറിന്റെ അടുത്ത് വെച്ചു ഖുര്‍ആനിലെ അസ്സല്‍സല അധ്യായം പാരായണം ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞുപോയി. അത് കണ്ട് സദസ്സിലുള്ളവരും കരയുകയുണ്ടായി.
ഹൃദയ കാഠിന്യത്തെ അദ്ദേഹം എപ്പോഴും ഭയപ്പെട്ടിരുന്നു. ‘ഹൃദയ കാഠിന്യത്തേക്കാള്‍ ഭീകരമായ മറ്റൊരു ശിക്ഷയില്ല. ഹൃദയത്തിന് കാഠിന്യം ബാധിക്കാതിരിക്കാന്‍ അല്ലാഹുവിനോട് നിരന്തരമായി നാം സഹായമിരക്കണം. ഇതിനെ ചികില്‍സിക്കാനായി പൂര്‍വ്വീകര്‍ വ്യത്യസ്തമായ മാര്‍ഗങ്ങളിലേര്‍പ്പെട്ടിരുന്നതായി നമുക്ക് കാണാം’ എന്ന് അദ്ദേഹം വിവരിക്കുകയുണ്ടായി.

രോഗം ബാധിച്ചാല്‍ ഭക്ഷണ പാനീയങ്ങളും നിദ്രാ വിശ്രമങ്ങളും ശരീരത്തിന് മടുപ്പുളവാകുന്നതു പോലെ ഹൃദയത്തിന് ഐഹികപ്രേമം പിടികൂടിയാല്‍ ഉപദേശങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുകയില്ല. എല്ലാ പാപങ്ങളുടെയും പിന്നാമ്പുറങ്ങള്‍ ഞാന്‍ അന്വേഷിച്ചപ്പോള്‍ ഐഹിക പ്രേമമാണ് അതിന്റെ മൂലകാരണം എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഹൃദയശുദ്ധീകരണം സാധ്യമാക്കാന്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഇരിക്കലാണ് വഴിയെങ്കില്‍ ഞാന്‍ അവിടെ ഇരിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. താന്‍ കഴിക്കുന്ന ഭക്ഷണം ഹലാലാകാന്‍ അദ്ദേഹം കണിശത പാലിക്കുകയുണ്ടായി. പകല്‍ നോമ്പനുഷ്ടിച്ചും രാത്രിയില്‍ മിതമായ ഭക്ഷണവുമായിരുന്നു അദ്ദേഹം കഴിച്ചിരുന്നതുമായിരുന്നു. ഓരോ നാല് മാസം കൂടും തോറും വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി അദ്ദേഹം തയ്യാറാക്കിക്കൊണ്ടായിരുന്നു അദ്ദേഹം ഉപജീവനം തേടിയിരുന്നത്.

അദ്ദേഹത്തിന്റെ വീട്ടില്‍ ആകെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇമാം ദഹബി വിവരിക്കുന്ന രസകരമായ ഒരു സംഭവമുണ്ട്.  ഒരു കള്ളന്‍ മാലിക് ബിന്‍ ദീനാറിന്റെ വീട്ടില്‍ പ്രവേശിച്ചു. ഭൗതികമായ ഒന്നും അവന്് അവിടെ നിന്നും ലഭിച്ചില്ല. മാലിക് ബിന്‍ ദീനാര്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു. നീ പാരത്രികമായ വല്ലതും ഇവിടെ നിന്ന് ആഗ്രഹിക്കുന്നുണ്ടോ ?
അതെ, എന്ന് പ്രതികരിച്ച കള്ളനോട് അദ്ദേഹം രണ്ട് റക്അത്ത് നമസ്‌കരിച്ചു വരാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം അദ്ദേഹത്തിന്റെ മാനസിക പരിവര്‍ത്തനത്തിനാവശ്യമായ ചികില്‍സകളില്‍ ഏര്‍പ്പെട്ടു. തന്റെ പാപങ്ങളില്‍ മോഷ്ടാവ് പശ്ചാത്താപിച്ചു. പിന്നീട് അവരിരുവരും പള്ളിയിലേക്ക് പുറപ്പെട്ടു. മാലികിനോടൊപ്പം അപരിചിതനായ ഒരാളെ കണ്ടപ്പോള്‍ ആരാണിതെന്ന് അയല്‍വാസി ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. അവന്‍ മോഷ്ടിക്കാന്‍ വന്നതായിരുന്നു: ‘പക്ഷെ, ഇപ്പോള്‍ നാം അവനെ മോഷ്ടിച്ചിരിക്കുന്നു’.

അദ്ദേഹത്തിന്റെ വസിയ്യത്തുകളില്‍ നമുക്ക് കാണാം. പുണ്യവാളന്മാര്‍ മൂന്ന് കാര്യങ്ങള്‍ പരസ്പരം ഉപദേശിക്കാറുണ്ടായിരുന്നു.  നാവിനെ ബന്ധിക്കുക, പാപമോചനം അധികരിപ്പിക്കുക, ഏകാന്തമായിരിക്കുക എന്നിവയാണവ.
ബസറയിലെ ഗവര്‍ണറായിരുന്ന മുഹല്ലബ് ബിന്‍ അബീ സുഫ്‌റ മാലിക് ബിന്‍ ദീനാറിന്റെ അടുത്ത് കൂടി സഞ്ചരിക്കുകയുണ്ടായി. അഹങ്കാരത്തോടെയുള്ള നടത്തമായിരുന്നു അദ്ദേഹത്തിന്റെത്. മാലിക് ബിന്‍ ദീനാര്‍ അദ്ദേഹത്തോട് ചോദിച്ചു. ഇത് നിഷിദ്ധമാക്കപ്പെട്ട നടത്തില്‍ പെട്ടതാണ്.
നിനക്ക് ഞാന്‍ ആരാണെന്ന് മനസ്സിലായോ എന്ന് അദ്ദേഹം മാലികിനോട് ചോദിച്ചു. നിന്നെ എനിക്ക് നന്നായി അറിയാം എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
പറയൂ! ഞാന്‍ ആരാണ്? ‘ആദ്യമായി ഒരു ഇന്ദ്രിയത്തുള്ളി ആയിരുന്നു, അവസാനം ദുര്‍ഗന്ധം വമിക്കുന്ന ശവമാകും, ഇപ്പോള്‍ ആ രണ്ടവസ്ഥക്കുമിടയില്‍ കാഷ്ടം വഹിക്കുന്ന ഒന്നാണ് ‘ ഇതുകേട്ടപ്പോള്‍ ലജ്ജാപൂര്‍വം അയാള്‍ തലകുനിച്ച് പോയി. അതെ, താങ്കള്‍ എന്നെ അറിയേണ്ട വിധം അറിഞ്ഞിരിക്കുന്നു എന്ന് പ്രതികരിക്കുകയും ചെയ്തു…   ഹിജ്‌റ 131-ല്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles