Current Date

Search
Close this search box.
Search
Close this search box.

മാറ്റം തേടുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍

ഖിലാഫത്തിന്റെ പതനം മുതല്‍ ഇസ്‌ലാമിക ലോകത്ത് മുസ്‌ലിം സമൂഹത്തിന്റെ നവോഥാനം ലക്ഷ്യം വെച്ച് ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സംഘങ്ങളും രംഗത്തു വരികയുണ്ടായി. ശരീഅത്തിന്റെ വീണ്ടെടുപ്പിനായുള്ള ചെറുത്തുനില്‍പുകളും പോരാട്ടങ്ങളും ഇന്നും ലോകത്ത് കെട്ടടങ്ങിയിട്ടില്ല. നീണ്ട കാലത്തെ ശക്തമായ സമരത്തിന് ശേഷം അറബ് വസന്തത്തിലൂടെ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരുകയുണ്ടായി. ഈ സന്ദര്‍ഭത്തിലാണ് ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ നയ സമീപനങ്ങളില്‍ അനിവാര്യമായ മാറ്റങ്ങളെ കുറിച്ച ചര്‍ച്ച ഉയര്‍ന്നുവരുന്നത്.

മാറ്റം എന്നാല്‍ ഒരു എളുപ്പമുള്ള പ്രക്രിയയല്ല. ഇസ്‌ലാമിക സമൂഹത്തിനെതിരെയുള്ള വലിയ ഗൂഢാലോചനകളും ശത്രുവിന്റെ നിരീക്ഷണങ്ങളും എല്ലാം ഉള്ളപ്പോള്‍ തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ ജനമനസ്സുകളുമായി സംവദിക്കലാണ് മാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദീര്‍ഘകാലത്തെ അറസ്റ്റിനും ജയില്‍ വാസത്തിനും പീഢനത്തിനും സഹനത്തിനുമൊടുവില്‍ സമൂഹം ഇസ്‌ലാമിസ്റ്റുകളെ അധികാരം ഏല്‍പിച്ചിരിക്കുകയാണ്. ഇത് പ്രസ്ഥാനങ്ങളെ സംബന്ധിച്ചെടുത്തോളം വലിയ ഉത്തരവാദിത്തമാണ്.

വ്യത്യസ്ത ചിന്താധാരയിലുള്ളവരെ അവരുടെ സാമൂഹികവും സാമ്പത്തികപരവും രാഷ്ട്രീയപരവുമായുള്ള അവസ്ഥകളെ മാറ്റങ്ങള്‍ക്കു വിധേയമാക്കിയതിനു ശേഷം ഭരണം നടത്തുക എന്നത് പ്രായോഗികമല്ല, പ്രവാചകന്‍(സ) പോലും തന്റെ ഭരണം സ്ഥാപിച്ചത് ഇത്തരത്തിലല്ല. പിന്നെ എപ്രകാരമാണത് മറ്റുള്ളവര്‍ക്ക് സാധ്യമാകുക. ജനങ്ങളുടെ അവസ്ഥ പരിവര്‍ത്തിപ്പിക്കാന്‍ അവരുടെ അവസ്ഥ മനസ്സിലാക്കല്‍ അനിവാര്യമാണ്. ദീര്‍ഘ ദൃഷ്ടിയോടും ആസൂത്രണത്തോടും കൂടിയുള്ള വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ. മറിച്ച് അടിച്ചമര്‍ത്തലിലൂടെയും ബലപ്രയോഗങ്ങളിലൂടെയുമുള്ള പരിവര്‍ത്തന ശ്രമങ്ങള്‍ തകര്‍ക്കപ്പെട്ട ഏകാധിപതികളുടെ തിരിച്ചുവരവിന് മാത്രമേ വഴിയൊരുക്കുകയുളളൂ.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇന്ന് വളരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആഗോള തലത്തില്‍ തന്നെ മനുഷ്യര്‍ നേടിയ വൈജ്ഞാനികവും കാലോചിതവുമായിട്ടുള്ള എല്ലാ പരീക്ഷണങ്ങളില്‍ നിന്നും അവര്‍ പ്രയോജനമെടുക്കണം. കാലത്തോടും സമൂഹത്തോടും സംവദിക്കാത്ത വരണ്ട നിലപാടുകളുമായി അവര്‍ മുന്നോട്ട് പോകരുത്. അത് നാം ഉദ്ദേശിക്കുന്ന ഇസ്‌ലാമികമായ പരിവര്‍ത്തനങ്ങളെ കുഴിച്ചുമൂടാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

ലോകത്തുള്ള എല്ലാ പ്രസ്ഥാനങ്ങളും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും തങ്ങളുടെ പരിവര്‍ത്തന ദശയില്‍ ജനാധിപത്യത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതിന്റെ മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നീതി, സമത്വം, സ്വാതന്ത്ര്യം എ്ന്നീ മൂല്യങ്ങളുടെ പ്രചാരണം, സാമ്പത്തിക പുരോരോഗതിക്കുള്ള ശ്രമങ്ങള്‍ തുടങ്ങിയ മൂല്യങ്ങളെല്ലാം ഇസ്‌ലാം മുന്നോട്ട വെക്കുന്നതും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഖ്യപരിഗണനയിലുള്ളതുമായ വിഷയങ്ങളാണ്. ഇതു തന്നെ നല്ല മനുഷ്യ ശേഷിയും അധ്വാനവും ആവശ്യമുള്ള മേഖലയാണ്.
ഇന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുമായി സഹകരിച്ചുകൊണ്ട് മികച്ച മാതൃക ഭരണം കാഴ്ചവെക്കാന്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ പലയിടത്തും മുസ്‌ലിം ഗ്രൂപ്പുകള്‍ തന്നെ പരസ്പരം സംഘട്ടനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് വലിയ നഷ്ടമാണ് വരുത്തിത്തീര്‍ക്കുക. അവരെയും കൂടി ഉള്‍ക്കൊള്ളുന്ന വിശാലമായ പ്ലാറ്റ്‌ഫോമിലേക്ക് നാം ഉയരണം. അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും അധ്വാന പരിശ്രമങ്ങള്‍ ഉപയോഗിക്കുകയും വേണം.. അല്ലെങ്കില്‍ തല്‍സ്ഥാനത്ത് വീണ്ടും ഏകാധിപതികളും അതിക്രമികളും വാഴിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമാകുക. അതു മൂലം നാം സ്വപ്‌നം കാണുന്ന പരിവര്‍ത്തനങ്ങള്‍ അസാധ്യമാകും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles