Current Date

Search
Close this search box.
Search
Close this search box.

മാധ്യമങ്ങളിലെ ജിഹാദി ജോണ്‍

അന്താരാഷ്ട്ര തലത്തില്‍ പ്രത്യേകിച്ചും പാശ്ചാത്യ നാടുകളിലെ കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നാണ് ‘ജിഹാദി ജോണ്‍’. ബന്ധികളെ കശാപ്പ് ചെയ്യുകയെന്ന പ്രത്യേക ദൗത്യം ഏല്‍പിക്കപ്പെട്ടയാളായിട്ടാണ് ജിഹാദി ജോണിനെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള മുഹമ്മദ് ഇംവാസിയാണ് ഈ കശാപ്പുകാരനെന്ന് മാധ്യമങ്ങള്‍ വിവരിച്ചു തരുന്നു. അയാള്‍ സോമാലിയയിലെ തീവ്രവാദി യുവാക്കള്‍ക്കൊപ്പം ചേരാന്‍ താല്‍പര്യപ്പെട്ടിരുന്നുവെന്നും ഈയൊരു ലക്ഷ്യത്തോടെ തന്‍സാനിയയിലേക്ക് യാത്ര ചെയ്തുവെന്നും ചിലര്‍ എഴുതി. ബ്രിട്ടീഷ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന അയാള്‍ക്ക് അവരുടെ കണ്ണ് വെട്ടിച്ച് സിറിയയില്‍ പോയി ഐസിസിനോടൊപ്പം ചേരാന്‍ സാധിച്ചുവെന്നും സ്ഫുടമായ ഇംഗ്ലീഷ് സംസാര ശേഷി കശാപ്പുകാരന്റെ സ്ഥാനം നല്‍കിയെന്നുമാണ് ഒരു റിപോര്‍ട്ട്.

ജിഹാദി ജോണിന് മുമ്പ് പാശ്ചാത്യ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു ഇസ്തംബൂളിലേക്ക് പോയി ഐസിസിനോടൊപ്പം ചേര്‍ന്ന പതിനഞ്ച് വയസ്സ് പോലും തികയാത്ത മൂന്ന് യുവതികള്‍. മുജാഹിദുകളെ വിവാഹം ചെയ്യാനായി അവര്‍ സിറിയയിലേക്ക് പോയെന്നായിരുന്നു വിശദീകരണം. അപ്രകാരം വലിയ പ്രചാരം ലഭിച്ച ഒരു വാര്‍ത്തയായിരുന്നു കസാസിബയെ ഐസിസ് ചുട്ടുകൊന്നത്. എന്നാല്‍ ഇതിലേറെ നിഷ്ഠൂരമായി ആളുകളെ ചുട്ടെരിക്കുകയും കശാപ്പ് ചെയ്യുകയും ചെയ്ത സിറിയിലെ ബശ്ശാറുല്‍ അസദിന്റെ ചെയ്തികള്‍ക്ക് വാര്‍ത്തകളില്‍ ഇത്രത്തോളം ഇടം ലഭിക്കുന്നില്ല. അമേരിക്കയും മറ്റ് പാശ്ചാത്യ നാടുകളും ഇതര നാടുകളില്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ക്കും അവിടത്തെ സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതകളും വാര്‍ത്താവുന്നില്ല. ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കും വാര്‍ത്തയില്‍ ഇടം ലഭിക്കുന്നില്ല. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ക്ക് പ്രത്യേകമായ ചില താല്‍പര്യങ്ങളുണ്ടെന്ന് ഒരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റപ്പെടുത്താനാവില്ല.

ഇത്തരം വാര്‍ത്തകളുടെ പ്രധാന ഗുണഭോക്താക്കള്‍ ഇസ്‌ലാമോ ഫോബിയയുടെ വക്താക്കള്‍ തന്നെയാണ്. പാശ്ചാത്യ രാഷ്ട്രത്ത് ജീവിക്കുന്ന ഒരാള്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് പാശ്ചാത്യന്റെ തന്നെ കഴുത്തറുക്കുന്ന ചിത്രം പാശ്ചാത്യനാടുകളില്‍ ജീവിക്കുന്ന മുഴുവന്‍ മുസ്‌ലിംകള്‍ക്ക് മേലും സംശയത്തിന്റെ കരിനിഴലാണ് വീഴ്ത്തുന്നത്. ഇസ്‌ലാമിന്റെ പേരില്‍ ഐസിസ് നടത്തുന്ന ക്രൂരതകള്‍ ഒരു മുസ്‌ലിമിനും അംഗീകരിക്കാനാവാത്തതാണ്. തികച്ചും അപലപനീയമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അവ. എന്നാല്‍ അതൊരിക്കലും മറ്റുള്ളവരുടെ ക്രൂരതകള്‍ക്കും തോന്നിവാസങ്ങള്‍ക്കും ഒരു മറയായി മാറാന്‍ പാടില്ല. ആളുകളുടെ ശ്രദ്ധ മുഴുവന്‍ ഒരു പ്രത്യേക ദിശയിലേക്ക് മാത്രം തിരിച്ച് മറ്റു വിഷയങ്ങളെയെല്ലാം തന്ത്രപൂര്‍വം മറപ്പിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. അതുകൊണ്ടാണ് ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ മറവില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ ഒരിക്കലും വാര്‍ത്തയാവാത്തതും.

ഭരണകക്ഷി കടുത്ത പ്രതിസന്ധികളെ നേരിടുമ്പോള്‍ രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങളും ആക്രമണങ്ങളും നിര്‍വഹിക്കുന്ന അതേ ദൗത്യം തന്നെയല്ലേ ഇത്തരത്തിലുള്ള വാര്‍ത്തകളും ചെയ്യുന്നത്. ആളുകള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ പുതിയൊരു വിഷയം നല്‍കി മുഖ്യവിഷയത്തില്‍ നിന്നുള്ള ശ്രദ്ധയവര്‍ തെറ്റിക്കുന്നു.

Related Articles