Current Date

Search
Close this search box.
Search
Close this search box.

മാതാപിതാക്കളുമായുള്ള സഹവര്‍ത്തിത്വം

മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍ പരിശുദ്ധനായ അല്ലാഹുവിന് അര്‍പ്പിക്കുന്ന അനുസരണത്തില്‍ വളരെ മഹത്തായതാണ്. ഈ അനുസരണം ഖുര്‍ആനിലും സുന്നത്തിലും ഒട്ടനേകം സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പുണ്യത്തിന്റെ രീതിയെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ വന്നു കഴിഞ്ഞിട്ടുണ്ട്. അല്ലാഹുവിന് നന്ദി ചെയ്ത് കഴിഞ്ഞാല്‍ ശേഷം മാതാപിതാക്കള്‍ക്ക് നന്ദികാണിക്കണമെന്നാണ് ഖുര്‍ആനികാധ്യാപനം.
‘മാതാപിതാക്കളോട് കൂറും സ്‌നേഹവുമുള്ളവനാകണമെന്ന് മനുഷ്യനെ നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്. മാതാവ് അവശതക്കുമേല്‍ അവശത സഹിച്ചുകൊണ്ടാണ് അവനെ ഗര്‍ഭംചുമന്നത്. രണ്ടുവര്‍ഷം അവന് മുലയൂട്ടുന്നതില്‍ കഴിഞ്ഞു. എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും’ (31:14)

നല്ല സഹവാസവും കാരുണ്യത്തോടെയുള്ള സഹവര്‍ത്തിത്വവും പുലര്‍ത്തുകയും സംസാരത്തില്‍ പോലും സൂക്ഷ്മത പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ചെറിയ സംസാരം മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഛെ..എന്ന തരത്തില്‍ അവര്‍ക്ക് വൈമനസ്യമുണ്ടാക്കുന്നവാക്കു പോലും അവര്‍ക്കെതിരെ ഉപയോഗിക്കരുത്. അവരെ ആട്ടിയകറ്റുകയോ അവരോട് കോപിക്കുകയോ ചെയ്യരുത്.
നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: ‘നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. (17:23)

മാതാപിതാക്കളോടുള്ള അനുസരണം പാപത്തിലോ ദൈവധിക്കാരത്തിലോ ആയിരിക്കരുത്. പക്ഷെ ഇക്കാരണത്തോല്‍ അവരോട് മറ്റുള്ള പുണ്യങ്ങളുടെ കാര്യത്തില്‍ നിന്നും വിട്ടു നില്‍ക്കരുത്. എന്നല്ല, അവരോട് സല്‍സഹവര്‍ത്തിത്വത്തോടെയയും നല്ല ഇടപഴക്കത്തോടെയുമായിരിക്കണം പെരുമാറേണ്ടതെന്ന് ഖുര്‍ആന്‍ പറയയുന്നു.
‘നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും.’ (31:15)

പുണ്യം  രൂപപ്പെടുന്നത് അവരുടെ കാരുണ്യത്തിനായുള്ള പ്രാര്‍ഥനകൊണ്ടു കൂടിയാണ്. ചെറുപ്പത്തില്‍ അവര്‍ നിങ്ങള്‍ക്ക് കാരുണ്യം നല്‍കിയതുപോലെ അവര്‍ക്കും കാരുണ്യം ചൊരിഞ്ഞു കൊടുക്കാനായിരിക്കണം പ്രാര്‍ഥന. വാര്‍ദ്ദക്യത്തിന്റെയും ദൗര്‍ബല്യത്തിന്റെയും ഘട്ടത്തില്‍ അവര്‍ക്കായി കാരുണ്യം തേടിക്കൊണ്ടുള്ള പ്രാര്‍ഥന അനിവാര്യമാണ്. ഖുര്‍ആന്‍ ആ പ്രാര്‍ഥന ഇപ്രകാരം കൊടുക്കുന്നു.
‘കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ‘എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.’ (17:24)

അബൂ ഹുറൈറയില്‍ നിന്നും നിവേദനം. ഒരാള്‍ വന്ന് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ, ഞാന്‍ ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടത് ആരുമായാണ്. പ്രവാചകന്‍ പറഞ്ഞു. നിന്റെ മാതാവിനോട്. പിന്നെ ആരോടാണ് എന്ന് മൂന്ന് തവണ ആവര്‍ത്തിച്ചപ്പോഴും പ്രവാചകന്റെ മറുപടി ഒന്ന് തന്നെ. നാലാമതാണ് നിന്റെ പിതാവ് എന്ന് മറുപടി കൊടുത്തത്. ദാനധര്‍മം നല്‍കുമ്പോഴും മാതാപിതാക്കള്‍ക്കാണ് മുന്‍ഗണന കല്‍പിക്കുന്നത്. ‘അവര്‍ താങ്കളോട് ചോദിക്കുന്നു. എന്ത് ചെലവഴിക്കണമെന്ന്?. പറയുക. നല്ലതില്‍ നിന്നും മാതാപിതാപിതാക്കള്‍ക്കും  അടുത്തബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചെലവഴിക്കുക. നിങ്ങളൊരു നന്മയും ചെയ്യുന്നില്ല, സുനിശ്ചിതമായും അത് അല്ലാഹു അറിയുന്നവനായിട്ടല്ലാതെ.’ (2:215)

മനുഷ്യരില്‍ കാരുണ്യത്തിന്റെ നിറകുടമായി നില്‍ക്കുന്ന മാതാപിതാക്കളെ ആദരിക്കുകയും അവര്‍ക്ക് സംതൃപ്തി നല്‍കുകയും ചെയ്യുമ്പോള്‍ മാത്രമാണ് കാരുണ്യനിധിയായ പ്രപഞ്ചനാഥന്റെ സംതൃപ്തി നേടിയെടുക്കാന്‍ സാധ്യമാവൂ എന്ന പ്രവാചകവചനം ഇവിടെ പ്രസക്തമാവുന്നു.

വിവ. സുഹൈറലി തിരുവിഴാംകുന്ന്

Related Articles