Current Date

Search
Close this search box.
Search
Close this search box.

മഹത്തായ നേതൃഗുണങ്ങള്‍

മനുഷ്യന്‍ ഒരു സാമൂഹികജീവിയാണെന്ന നിലക്ക് കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ രൂപീകരണത്തില്‍ നേതൃത്വത്തിന് സുപ്രധാനമായ പങ്കാണുള്ളത്. സാര്‍വാംഗീകൃതമായ നിര്‍വ്വചനമുള്ള ഒരു സാങ്കേതിക പദമല്ല നേതൃത്വമെന്നത്. ഇതേക്കുറിച്ച് പഠിക്കുന്ന ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും ഗവേഷകരുടെയും നിര്‍വചനങ്ങളും നേതൃകാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. ഇത്തരമൊരു സങ്കല്‍പമുണ്ടാവാനുള്ള കാരണം നേതൃത്വത്തെകുറിച്ചുള്ള വ്യത്യസ്ത മാനദണ്ഡങ്ങളിലധിഷ്ഠിതമായ കാഴ്ചപ്പാടുകളാണ്.

നേതൃപാടവമുള്ള വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ ഈ വിക്ഷണങ്ങളെല്ലാം പങ്ക് വഹിക്കുന്നുണ്ട്. കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള പ്രാപ്തി  നേതൃത്വത്തിനുണ്ടാവേണ്ടതുണ്ട്. നിര്‍ണ്ണിതമായ ചില പ്രത്യേക തരം ജോലികള്‍ നേതൃത്വം നിര്‍വഹിക്കേണ്ടതായി വരും. ചില സന്ദര്‍ഭങ്ങളില്‍ സവിശേഷമായ ചട്ടക്കൂടുകളും മേഖലകളും നിശ്ചയിക്കേണ്ടിവരും. സാഹചര്യങ്ങളും പശ്ചാത്തലവും മാറുന്നതിനനുസരിച്ച് നേതൃത്വത്തിന്റെ ശൈലികളിലും മാറ്റങ്ങള്‍ ആവശ്യമായി വരും. ഇസ്‌ലാമിക വീക്ഷണത്തിലുള്ള നേതൃത്വം, നേതൃഗുണങ്ങള്‍ അവയുടെ വ്യതിരിക്തതകള്‍ എന്നിവ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.

ഒരു നേതൃത്വം രൂപപ്പെടുന്നതില്‍ അവര്‍ പിന്തുടരുന്ന ആദര്‍ശങ്ങളും തത്വങ്ങളും പങ്ക് വഹിക്കുന്നുണ്ട്. നിയമങ്ങളും അതിനനുസരിച്ചുള്ള ഭരണനിര്‍വ്വഹണവും നടപടിക്രമങ്ങളും അത് നടപ്പില്‍ വരുത്താനുള്ള പരിശ്രമങ്ങളുമെല്ലാം അടങ്ങുന്നതാണ് നേതൃത്വം. രാഷ്ട്രീയ നേതൃത്വം പോലെ തന്നെ എല്ലാ മേഖലകളിലും നേതൃത്വം അനിവാര്യമായി വരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവരവരുടെ മേഖലകളില്‍ ഓരോരുത്തരും നേതാക്കന്മാരോ അധികാരികളോ ആണ്.

നേതൃത്വം ഒരു കലയാണ്. ജനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടത്തെ നിശ്ചിതമായ ലക്ഷ്യത്തിലേക്ക് നയിക്കുകയും പ്രത്യേകമായ നേട്ടങ്ങള്‍ കൈവരിക്കനാശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. അനുയായികള്‍ക്കും നേതൃത്വത്തിനും ഇടയില്‍ ഊഷ്മളവും ക്രിയാത്മവുമായ ബന്ധമാണ് ഉണ്ടാവേണ്ടത്. ഇത്തരത്തിലുള്ള ബന്ധം സ്ഥാപിച്ചെടുക്കുകയെന്നതാണ് നേതൃത്വത്തിന്റെ താല്പര്യം. ഈ ശൈലിയിലൂടെ സാക്ഷല്‍കരിക്കപ്പടേണ്ടതാണ് യഥാര്‍ഥ നേതൃത്വം. യഥാര്‍ഥ നേതാവാകാന്‍ ജനങ്ങളില്‍ സ്വാധീനവും സംഘാടനമികവും പദ്ധതികളും ആലോചനകളും ലക്ഷ്യം നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാവേണ്ടതുണ്ട്.

മാതൃക നേതൃത്വമെന്ന പദവി കൈവരിക്കാന്‍ അതിനാവശ്യമായ ഗുണങ്ങള്‍ കൈവരിക്കേണ്ടത് അനിവാര്യമാണ്. അതില്‍പെട്ട പ്രധാനമായ ഗുണങ്ങള്‍ താഴെ പറയുന്നവയാണ്.
1. അല്ലാഹുവിനെ അവലംബിക്കുകയും അവന്റെ സഹായത്തിലും മാര്‍ദഗര്‍ശനത്തിലും ആത്മവിശ്വാസത്തോടെ നിലകൊള്ളുകയും ചെയ്യുക.
2. നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ തീഷ്ണമായ ആവേശവും വാശിയും ഉണ്ടാവുക.
3. ആത്മീയമായ കരുത്ത് വളര്‍ത്തിയെടുക്കുകയും എല്ലാവിധ ദൗര്‍ബല്യങ്ങളില്‍ നിന്നും മുക്തമായി ശക്തി കൈവരിക്കുകയും ചെയ്യുക.
4. ആരില്‍ നിന്നാണെങ്കിലും ഏറ്റവും മികച്ച കാര്യങ്ങള്‍ സ്വീകരിക്കുവാന്‍ സദാ സന്നദ്ധനായിരിക്കുക.
5. സമയത്തില്‍ കൃത്യതയും കണിശതയുമുണ്ടാവുകയും നല്ല ഫലം കൊയ്യുകയും ചെയ്യുക.
6. നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ താല്പര്യമെടുക്കുക. സ്ഥായിയായ നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് ഉടനെ സാക്ഷാല്‍കരിക്കുകയും ചെയ്യുക.
7. പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കുകയും അതിനുവേണ്ട സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്യുക.
8. കൂടിയാലോചനയിലൂടെ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുക. ഒരുപാട് അറിവും അനുഭവ പരിജ്ഞാനവും വിശാലമായ കാഴ്ചപ്പാടുകളും ആഴമേറിയ ചിന്തകളും കൂടിയാലോചനയിലൂടെ ലഭിക്കുന്നു.
9. ദൗര്‍ബല്യങ്ങളെ മറികടക്കാനുള്ള കഴിവ് നേടിയെടുക്കുക.
10. പ്രവര്‍ത്തനങ്ങളിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വിനയം കാത്തു സൂക്ഷിക്കുക. ശാന്തമായ സംഘടനാന്തരീക്ഷം സൃഷ്ടിക്കുകയും അതിലൂടെ സംഘടക്കുള്ളില്‍ ഓരോ വ്യക്തിയും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നു.

പ്രാവാചകന്‍(സ) നേതൃത്വത്തിന് ഉദാത്തമായ മാതൃകയാണ്. നിസ്സംശയം പറയാം, ജീവിതത്തിന്റെ ഏത് തലങ്ങളെടുത്താലും പ്രവാചകനെ മറികടക്കുന്ന മറ്റൊരു മാതൃക കാണാന്‍ സാധ്യമല്ല. അദ്ദേഹം നേതൃപരിശീലനത്തിനും മാതൃകയാണ്. അദ്ദേഹം കാര്യങ്ങള്‍ കൂടിയാലോചന നടത്തുകയും പ്രഗല്‍ഭരായ അനുചരന്മാരോട് സംഭാഷണം നടത്തുകയും അവര്‍ നല്‍കിയ ഉപദേശ നിര്‍ദ്ദേശങ്ങളും വീക്ഷണങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു.

അറേബ്യന്‍ ഉപദ്വീപില്‍ പ്രവാചകന്റെ പ്രബോധനത്തിന്റെ പല ഘട്ടങ്ങളിലും ധാരാളം പ്രതിയോഗികളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. എന്നാല്‍പോലും എല്ലാ സന്ദര്‍ഭത്തിലും തിരുമേനി തന്റെ ദൗത്യവുമായി ധൈര്യസമേതം മുന്നോട്ട് കുതിച്ചു. ശത്രുക്കളെ നേര്‍ക്കുനേരെ നേരിടുന്ന യുദ്ധ സന്ദര്‍ഭങ്ങളിലും പ്രവാചകന്റെ ആസൂത്രണവും സംഘാടകമികവും ദര്‍ശിക്കാമായിരുന്നു. ശത്രുക്കളെകുറിച്ചുള്ള അത്യാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും നീക്കങ്ങള്‍ അതിനനുസൃതമായി മോണിറ്റര്‍ ചെയ്യുകയും യുദ്ധഭൂമിയുടെ പ്രകൃതിയും അന്തരീക്ഷവും പഠിക്കുകയും ചെയ്തിരുന്നു.

നേതൃത്വത്തെക്കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് കേവലം വ്യക്തികേന്ദ്രീകൃതമല്ല. അതിന് എല്ലാവരാലും ചേര്‍ന്നുള്ള ചട്ടക്കൂടിലൂടെയാണ് സംജാതമാകുന്നത്. അത് നിലകൊള്ളുന്നതാവട്ടെ കൂടിയാലോചനയിലൂടെയും സംഘടനാ സംവിധാനത്തിലൂടെയുമാണ്. പ്രവാചകന്റെ ജീവചരിത്രം പരിശോധിച്ചാല്‍ കൂടിയാലോചനക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാവും. പ്രവാചകന്‍ രാഷ്ട്രനേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ തന്റെ അനുയായികളുടെ വീക്ഷണങ്ങള്‍ വിശാല മനസ്സോടെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും സന്നദ്ധത കാണിച്ചിരുന്നു. ഖണ്ഡിതമായ ദൈവിക ബോധനം വന്നിട്ടില്ലാത്ത അന്വേഷണപ്രദാനമായ വിഷയങ്ങളില്‍ ഇത് പ്രത്യേകം പരിഗണിച്ചിരുന്നു. ബദ്‌റ് യുദ്ധത്തില്‍ സ്ഥാനം നിര്‍ണ്ണയിക്കുന്നതിലും, അഹ്‌സാബ് യുദ്ധത്തിന്റെ പദ്ധതി തയ്യാറാക്കുന്നതിലും ഈ മാതൃക നമുക്ക് ദര്‍ശിക്കാം. ഇസ്‌ലാമിക നേതൃത്വം നിലകൊള്ളുന്നത് തന്നെ ഈ ശൂറാ സംവിധാനത്തെ കേന്ദ്രീകരിച്ചാണ്.

കൂട്ടായ നേതൃത്വസംവിധാനം(കളക്ടീവ് ലീഡര്‍ഷിപ്പ്) കൊണ്ട് ഒട്ടനേകം നേട്ടങ്ങള്‍ കാണാനാവും. ഇസ്‌ലാം ഓരോ വ്യക്തിയുടെയും സാമര്‍ഥ്യവും നേതൃപാടവവും വളര്‍ത്തിക്കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നു. അത് കൊണ്ടുള്ള നേട്ടങ്ങള്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും ലഭ്യമാവണമെന്നും ആഗ്രഹിക്കുന്നു. ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവും സൈനികവും ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട മേഖലകളിലും മറ്റ് അടിയന്തിര ഘട്ടങ്ങളിലും ഇത്തരം നേതൃസംവിധാനങ്ങള്‍ ആവശ്യമായി വരുന്നു. “നിങ്ങള്‍ നിങ്ങള്‍ക്കിടിയിലുള്ള കാര്യം കൂടിയാലോചിച്ചു കൊണ്ട് തീരുമാനിക്കുക” എന്ന ഖുര്‍ആനികാഹ്വാനം (42:38, 3:159) ഇവിടെ പ്രസക്തമാവുന്നു.

സാമൂഹിക നന്മക്ക് ഏറ്റവും സുരക്ഷിതത്വം നല്‍കുന്നതും സമത്വം വിഭാവനം ചെയ്യുന്നതുമാണ് വികേന്ദ്രീകൃത നേതൃത്വം. വേണ്ട പോലെ ആലോചിക്കാതെ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ മൂലമുണ്ടാവുന്ന അബന്ധങ്ങള്‍ കുറക്കാന്‍ ഇതുവഴി സാധിക്കും. എല്ലാ അഭിപ്രായങ്ങളും സൂഷ്മമായി പരിശോധിക്കാനും അതുവഴി കൂടുതല്‍ തൃപ്തികരമായ തീരുമാനത്തിലെത്താനും സാധ്യമാവുന്നു. സംഘടനയിലും സമൂഹത്തിലും തന്റെ വിലയെകുറിച്ചുള്ള ബോധ്യം, കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കുവാനും താന്‍ കൈകാര്യം ചെയ്യുന്ന മേഖലകളില്‍ കൂടുതല്‍ ശോഭിക്കാനും സഹായിക്കുന്നു.

വിവ. സുഹൈറലി തിരുവിഴാംകുന്ന്‌

Related Articles