Current Date

Search
Close this search box.
Search
Close this search box.

മലേഷ്യ അന്‍വറിനോട് ചെയ്യുന്നത്

മലേഷ്യയിലെ പ്രധാനമന്ത്രിയാകേണ്ടിയിരുന്ന ആളാണ് പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം. മുമ്പൊരു തവണ ക്രിമിനല്‍ കേസില്‍ ആറു വര്‍ഷം ജയിലില്‍ കിടന്ന അദ്ദേഹം ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്കു കൂടി വീണ്ടും ജയിലിലായി. ഇതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും തിരശ്ശീല വീണുവെന്നാണ് കരുതപ്പെടുന്നത്. മലേഷ്യയിലെ ജനാധിപത്യത്തിന്റെ ഭാവിയുടെ മേല്‍ തന്നെ ഇതു സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു. രാഷ്ട്രീയ പ്രതിയോഗിയെ വകവരുത്താന്‍ ഭരണകൂടം ഇമ്മാതിരി വഴികളും തേടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഏഷ്യയിലെ താരതമ്യേന സമ്പന്നമായ മലേഷ്യയിലെ ഭരണത്തിനു നേതൃത്വം നല്‍കുന്ന കക്ഷിയുടെ നേതൃനിരയില്‍ നിന്ന് 16 വര്‍ഷം മുമ്പാണ് അന്‍വര്‍ പുറംതള്ളപ്പെട്ടത്. അന്നുമുതല്‍ കേസുകളെ നേരിടുകയായിരുന്നു. അറസ്റ്റിലാവുകയും ലോക്കപ്പില്‍ പൊലീസിന്റെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. കരുവാളിച്ച മുഖവുമായി നില്‍ക്കുന്ന മുന്‍ ഉപപ്രധാനമന്ത്രിയുടെ മുഖം അന്നു മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.

അഴിമതിക്കേസില്‍ ആറു വര്‍ഷവും സ്വവര്‍ഗരതിക്കേസില്‍ ഒമ്പതു വര്‍ഷവും തടവിനാണ് ആദ്യം ശിക്ഷിക്കപ്പെട്ടത്. അഴിമതിക്കേസിലെ ശിക്ഷ അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവച്ചുവെങ്കിലും സ്വവര്‍ഗരതിക്കേസിലെ ശിക്ഷ 2004 ല്‍ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. അഴിമതിക്കേസിലെ ശിക്ഷ കഴിഞ്ഞു പുറത്തുവന്ന അന്‍വറിനു രണ്ടു വര്‍ഷത്തിനുശേഷം നേരിടേണ്ടിവന്നത് മറ്റൊരു സ്വവര്‍ഗരതിക്കേസാണ്. വിചാരണക്കോടതി അതു തള്ളിയെങ്കിലും അപ്പീല്‍ കോടതി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിനു അദ്ദേഹം കുറ്റക്കാരനാണെന്നാണ് വിധിച്ചത്. അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു.

ആ തീയതിക്കൊരു പ്രത്യേകതയുണ്ട്. അതിന്റെ പിറ്റേന്നാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഒരു ബോയിങ് വിമാനം 227 യാത്രക്കാരും 12 ജോലിക്കാരുമായി ചൈനയിലേക്കുള്ള യാത്രയ്ക്കിടയില്‍ അപ്രത്യക്ഷമായത്. വിമാനത്തിനു യഥാര്‍ഥത്തില്‍ എന്തു സംഭവിച്ചതാണെന്ന് ഇതുവരെ വ്യക്തമായ വിവരമില്ല.

മാര്‍ച്ച് 23 നു സെലംഗൂര്‍ സംസ്ഥാന നിയമസഭയിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയായിരുന്നു അന്‍വര്‍. ജയിച്ചാല്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നു. തലസ്ഥാന നഗരമായ ക്വാലാലംപൂര്‍ ഉള്‍പ്പെടുന്ന ഈ സംസ്ഥാനം മലേഷ്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ ഒന്നാണ്. അതിന്റെ ഭരണാധിപനാവുകയെന്നത് അന്‍വറിനെ സംബന്ധിച്ചിടത്തോളം എതിരാളികള്‍ക്കു നേരെയുള്ള ശക്തമായ പ്രഹരമാവുമായിരുന്നു. പക്ഷേ, അപ്പീല്‍ കോടതി വിധി അന്‍വറിനാണ് പ്രഹരമായത്. ഏപ്രിലില്‍ വിധിപറയാന്‍ വച്ചിരുന്ന കോടതി അതിനു മുമ്പ് തന്നെ വിധിപറഞ്ഞു. വിധി എതിരായതിനാല്‍ ആ തിരഞ്ഞെടുപ്പില്‍ അന്‍വറിനു മല്‍സരിക്കാനായില്ല. ഗവണ്‍മെന്റും കോടതിയും ഒത്തുകളിച്ചുവെന്നാണ് ആരോപണം.

ആ വിധിക്കെതിരെ അന്‍വര്‍ നല്‍കിയ അപ്പീലിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 10) സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. അപ്പീല്‍ കോടതി നല്‍കിയ അഞ്ചു വര്‍ഷം തടവു ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ശിക്ഷാകാലാവധിക്കു ശേഷം അഞ്ചു വര്‍ഷത്തേക്ക് അയോഗ്യതയുള്ളതിനാല്‍ 2025 വരെ തിരഞ്ഞെടുപ്പിലൊന്നും മല്‍സരിക്കാനാവില്ല.

ഇപ്പോള്‍ 67 വയസ്സുള്ള അന്‍വറിനു 2025ല്‍ 77 വയസ്സാകും. ആ പ്രായത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമോ? ഈ ചോദ്യമാണ് അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിനു തിരശ്ശീലവീണു എന്ന വിലയിരുത്തിലിനു പിന്നില്‍. പ്രതിപക്ഷത്തെ ആവേശം കൊള്ളിക്കാന്‍ പ്രാപ്തനായ മറ്റൊരു നേതാവ് ഇപ്പോള്‍ മലേഷ്യയില്‍ ഇല്ലെന്നത് ആ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയിലും സംശയം ജനിപ്പിക്കുന്നു.

രാഷ്ട്രീയ മേലാളന്മാരുട ആജ്ഞയനുസരിച്ചുള്ള നടപടി എന്നാണ് സുപ്രീം കോടതിവിധിയെപ്പറ്റി അന്‍വര്‍ പ്രതികരിച്ചത്. വിചാരണയുടെ പല ഘട്ടങ്ങളിലും അന്‍വര്‍ ജഡ്ജിമാരുടെ നിഷ്പക്ഷതയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ആംനെസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും വിധിയെ ചോദ്യം ചെയ്തിട്ടുണ്ട്. അന്‍വറിന് അനുകൂലമായ പല തെളിവുകളും ജഡ്ജിമാര്‍ അവഗണിച്ചുവെന്നാണ് ആരോപണം. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്.

ഇരുപത്തിരണ്ടു വര്‍ഷം മലേഷ്യ ഭരിച്ച പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി 1998 ല്‍ ഇടഞ്ഞതോടെയായിരുന്നു അന്‍വര്‍ ഇബ്രാഹിമിന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തിന്റെ  തുടക്കം. സാമ്പത്തിക വിദഗ്ധനായ അന്‍വര്‍ അന്നു ധനമന്ത്രിയും ഉപപ്രധാനമന്ത്രിയും മുഖ്യ ഭരണകക്ഷിയായ യുനൈറ്റഡ് മലായ് നാഷനല്‍ ഓര്‍ഗനൈസേഷന്റെ (ഉംനോ) ഉപനേതാവുമായിരുന്നു. ഉംനോയുടെ നേതൃത്വത്തിലുള്ള ദേശീയ സഖ്യമാണ് (ബാരിസാന്‍ നാഷനല്‍) ദീര്‍ഘകാലമായി മലേഷ്യ ഭരിക്കുന്നത്.

പ്രധാനമന്ത്രിസ്ഥാനം മഹാതിര്‍ അന്‍വറിന് ഏല്‍പ്പിച്ചുകൊടുക്കുമെന്നാണ് മിക്കവരും കരുതിയിരുന്നത്. ഏഷ്യന്‍ രാജ്യങ്ങളെ പൊതുവില്‍ പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധില്‍ മലേഷ്യയും അകപ്പെട്ടത്  ആ സമയത്താണ്. അതിനെ നേരിടുന്നതില്‍ മഹാതിറും അന്‍വറും തമ്മില്‍ തര്‍ക്കമുണ്ടായി. മഹാതിറും മക്കളും സില്‍ബന്ധികളും കൂടി ഖജനാവ് കൊള്ളയടിക്കുകയാണെന്ന് അന്‍വര്‍ തുറന്നടിച്ചതായും പറയപ്പെടുന്നു.

രോഷാകുലനായ മഹാതിര്‍ 1998 സെപ്റ്റംബറില്‍ അന്‍വറിനെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയുടെ നേതൃനിരയില്‍ നിന്നും പുറത്താക്കി. അതിന്റെ പിന്നാലെയായിരുന്നു കേസുകള്‍. വിവാഹിതനും അഞ്ചു മക്കളുടെ പിതാവുമായ അന്‍വര്‍ സ്വന്തം കീഴുദ്യോഗസ്ഥരുമായി സ്വവര്‍ഗരതിയിലേര്‍പ്പെട്ടുവെന്ന കേസുകള്‍ അദ്ദേഹത്തെ ജനമധ്യത്തില്‍ ചവിട്ടിത്താഴ്ത്തുന്നതിനു തുല്യമായിരുന്നു. പക്ഷേ, അന്‍വര്‍ ഒരിക്കലും ഒത്തുതീര്‍പ്പിനു തയ്യാറായില്ല.

ജയിലില്‍ നിന്നു 2004ല്‍ മോചിതനായ അദ്ദേഹത്തിനു അഞ്ചു വര്‍ഷക്കാലത്തെ അയോഗ്യതയെ കൂടി അതിജീവിക്കേണ്ടതുണ്ടായിരുന്നു. അതുകഴിഞ്ഞ ഉടനെ വീണ്ടും രാഷ്ട്രീയത്തില്‍ ഇറങ്ങാനായിരുന്നു ഉദ്ദേശ്യം. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും ഒരുങ്ങി.

എന്നാല്‍, അന്‍വറിന്റെ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ പ്രധാനമന്ത്രി അബ്ദുല്ല ബദാവി പെട്ടെന്നു പാര്‍ലമെന്റ് പിരിച്ചുവിട്ടു പുതിയ തിരഞ്ഞെടുപ്പ് നടത്തി. പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കാന്‍ 15 മാസങ്ങള്‍ ബാക്കിയുണ്ടായിരുന്നിട്ടും തിരക്കിട്ട്  തിരഞ്ഞെടുപ്പ് നടത്തിയത് അന്‍വര്‍ മല്‍സരിക്കുന്നതു തടയാന്‍ തന്നെയായിരുന്നുവെന്നാണ് ആരോപണം.

അന്‍വര്‍ 2013-ല്‍ അതിനു മധുരമായി പകരം വീട്ടി. ഭിന്നിച്ചു നിന്നിരുന്ന മൂന്നു പ്രമുഖ പ്രതിപക്ഷ കക്ഷികളെ അദ്ദേഹം ഒന്നിച്ചണിനിരത്തി. അവയിലൊന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡോ. വാന്‍ അസീസ  ഇസ്മായിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി കീഡിലാന്‍ റക്യാത് (പികെആര്‍). മറ്റു രണ്ടെണ്ണം ഇസ്‌ലാമിക കക്ഷിയായി അറിയപ്പെടുന്ന പാര്‍ട്ടി ഇസ്‌ലാം സെ മലേഷ്യയും (പാസ്) ചൈനീസ് വംശജര്‍ക്കു മേധാവിത്തമുള്ള ഡമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടിയും (ഡിഎപി).

പുതിയ പ്രധാനമന്ത്രി നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിനു പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനായെങ്കിലും അവരേക്കാള്‍ വോട്ടുകള്‍ നേടിയത് പ്രതിപക്ഷ സഖ്യമാണ്. പന്ത്രണ്ടില്‍  അഞ്ചു സംസ്ഥാനങ്ങളിലെ ഭരണവും പ്രതിപക്ഷം പിടിച്ചടക്കി. ഇതുപോലൊരു തിരിച്ചടി മുന്‍പൊരിക്കലും ഭരണസഖ്യത്തിനു നേരിടേണ്ടിവന്നിരുന്നില്ല.

അന്‍വറിന്റെ ഭാര്യയും ഇരുപത്തേഴുകാരിയായ മകള്‍ നൂറുല്‍ ഇസ്സ അന്‍വറും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ അന്‍വറും പാര്‍ലമെന്റിലെത്തി. എന്നാല്‍, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആ സ്ഥാനവും അദ്ദേഹത്തിനു നഷ്ടപ്പെട്ടു. സെലംഗൂറിലെ ജയിലിലാണ് ഇപ്പോള്‍ അദ്ദേഹം.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Related Articles