Current Date

Search
Close this search box.
Search
Close this search box.

മറുപടി പറയാന്‍ ബാധ്യതയില്ലാത്ത ജനസേവകര്‍

ജനപ്രതിനിധികളിലുള്ള വിശ്വാസത്തിന്റെ അവസാന കണികയും ഇല്ലാതാക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഓരോ ദിവസം നാം കേള്‍ക്കേണ്ടി വരുന്നത്. വളരെ പ്രതീക്ഷയോടെ അവരെ തെരെഞ്ഞെടുത്ത് അധികാര കേന്ദ്രങ്ങളിലേക്ക് അയച്ച വോട്ടര്‍മാരെ തെല്ലൊന്നുമല്ല അത് നിരാശപ്പെടുത്തുന്നത്. ജനസേവകരുടെ കുപ്പായമിട്ട് വോട്ട് തേടി വിജയിച്ച അവര്‍ ആരെയാണ് സേവിക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമായി കൊണ്ടിരിക്കുകയാണ്. ബജറ്റ് കാണിച്ച് ഭീഷണിപ്പെടുത്തിയും അല്ലാതെയും അവര്‍ തട്ടിയെ കോടികളുടെ കണക്കുകളിലാണിന്ന് ചര്‍ച്ചയും തര്‍ക്കവും. ഇത്തരം കോഴകളുടെയും അഴിമതികളുടെയും കഥകള്‍ മുമ്പും എത്രയോ പുറത്തു വന്നിട്ടുള്ളതല്ലേ. എന്നിട്ട് അവയുടെ പേരില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു എന്നതിലേറെ നല്ല ചോദ്യം അവരിലെത്ര പേര്‍ ഇന്നും തല്‍സ്ഥാനത്ത് യാതൊരു കോട്ടവും തട്ടാതെ തുടരുന്നു എന്നതാണ്.

താല്‍ക്കാലികമായ ഒരു കൊടുങ്കാറ്റായിട്ട് മാത്രമേ ഇതിനെ എല്ലാവരും കാണുന്നതുള്ളൂ. അത് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ അടങ്ങി കൊള്ളും എന്ന വിശ്വാസവും ആശ്വാസവുമാണ് അതില്‍ പെട്ട് ആടിയുലയുന്നവര്‍ക്ക് പോലുമുള്ളത്. ഏതെങ്കിലും ഒരു പുതിയ വിഷയം കിട്ടിയാല്‍ ആളുകള്‍ അതിന് പിന്നാലെ പോയ്‌ക്കൊള്ളും എന്ന ധാരണ നിലനില്‍ക്കുന്നതിനാലാണ് അഴിമതി ആരോപണത്തിന് വിധേയനായിരിക്കുയാള്‍ക്ക് പിന്തുണയുമായി രംഗത്ത് വരാന്‍ വ്യക്തികളും പാര്‍ട്ടികളും തയ്യാറാവുന്നതും. ആരോപണ വിധേയനായ വ്യക്തിയെ താല്‍ക്കാലികമായിട്ടെങ്കിലും ഒന്ന് മാറ്റി നിര്‍ത്തി സ്വതന്ത്ര അന്വേഷണം നടത്തണം എന്നു വാദിക്കുന്നില്ലെന്ന് മാത്രമല്ല, ആരോപണത്തിനെതിരെ ഹര്‍ത്താല്‍ നടത്താന്‍ പോലും ധൈര്യപ്പെടുന്ന കാഴ്ച്ചയാണ് ഇന്ന് നാം കാണുന്നത്. നമ്മുടെ ജനസേവകര്‍ എത്രത്തോളം എത്തിയിരിക്കുന്നു എന്നതിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഇരട്ടി വേഗത്തില്‍ വാര്‍ധക്യം ബാധിക്കുന്നു എന്ന കൗതുകകരമായ വാര്‍ത്ത കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ബ്രിട്ടീഷ് പത്രമായ ‘ദ ടൈംസ്’ റിപോര്‍ട്ട് ചെയ്തിരുന്നു. അവര്‍ അനുഭവിക്കുന്ന സമ്മര്‍ദമാണ് അതിന് കാരണമായി അതില്‍ ചൂണ്ടി കാണിച്ചിരുന്നത്. ഈ പഠനത്തെ മുന്‍ നിര്‍ത്തി പ്രമുഖ ഇസ്‌ലാമിക ചിന്തകനും കോളമിസ്റ്റുമായ ഫഹ്മി ഹുവൈദി ചില താരതമ്യങ്ങള്‍ നടത്തുന്നുണ്ട്. ഏതൊരു ജനാധിപത്യ രാഷ്ട്രത്തിലെ ഭരണാധികാരിയേക്കാളും സമ്മര്‍ദം അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഉണ്ടാക്കുന്ന ഘടകം എന്താണ്? തങ്ങളെ തെരെഞ്ഞെടുത്തവര്‍ അധികാരം നിരുപാധികം അവര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയല്ലെന്നതാണ് കാരണം. എപ്പോഴും അവരുടെ കണ്ണുകള്‍ അവര്‍ക്ക് നേരെ തുറന്നു വെച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന് പുറമെ രാഷ്ട്രസംവിധാനങ്ങളും അവരെ ചോദ്യം ചെയ്യാന്‍ തയ്യാറായിരിക്കുന്നവയാണ്. തങ്ങളെ തെരെഞ്ഞെടുത്ത ജനങ്ങള്‍ക്ക് മുന്നില്‍ സമാധാനം പറയേണ്ടി വരുമെന്ന ചിന്തയാണ് അവരെ അസ്വസ്ഥപ്പെടുത്തിയിരുന്നതെന്ന് വ്യക്തം.

ഇത്തരം ഒരു മാനസികാവസ്ഥ അറബ് ലോകത്തെ ഭരണാധികാരികളിലുണ്ടോ എന്ന് ഫഹ്മി ഹുവൈദി ഉയര്‍ത്തിയിട്ടുള്ള ചോദ്യം നമ്മുടെ രാജ്യത്തോട് ചേര്‍ത്ത് ചോദിക്കാവുന്ന ഒന്ന് തന്നെയാണ്. ജനങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ടി വരുമെന്ന ബോധ്യത്തിനപ്പുറം ലോക സ്രഷ്ടാവാവിനോട് കൂടി മറുപടി പറയേണ്ടി വരുമെന്ന ചിന്ത കൂടിയുണ്ടെങ്കില്‍ അധികാരം എത്രത്തോളം ഭരണാധികാരികളെ അസ്വസ്ഥപ്പെടുത്തും? അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബിന്റെ വാക്കുകള്‍. ‘ബാഗ്ദാദില്‍ ഒരു കോവര്‍ കഴുത കാലിടറി വീണാല്‍, അതിന് സഞ്ചരിക്കാന്‍ എന്തുകൊണ്ട് നീ വഴി ശരിയാക്കി കൊടുത്തില്ല എന്ന് പരലോകത്ത് അല്ലാഹു ചോദിക്കുമെന്ന’ അദ്ദേഹത്തിന്റെ വാക്കുള്‍ അത്തരം ഒരു ബോധത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതാണ്. ഇത്തരം ബോധമുള്ള ഭരണാധികാരികളെയാണ് നമ്മുടെ നാടിന് ആവശ്യം. യഥാര്‍ത്ഥ ജനസേവകരാകാന്‍ അവര്‍ക്ക് മാത്രമേ സാധിക്കൂ.

Related Articles