Current Date

Search
Close this search box.
Search
Close this search box.

മരുന്ന് കമ്പനികള്‍ക്ക് ആര് മൂക്കുകയറിടും

ഏതാനും ദിവസം മുമ്പ് സഹധര്‍മ്മിണി ഒരു ശസ്ത്രക്രിയക്ക് വിധേയയായി. പിന്നീട് പനി അനുഭവപ്പെട്ടപ്പോള്‍ ഡോക്ടര്‍ ഗ്ലാക്‌സോ കമ്പനിക്കാരുടെ ഒരു ഗുളിക എഴുതിത്തന്നു. അതു തന്നെ വാങ്ങണമെന്നും മൂന്നെണ്ണം വീതം അഞ്ചു ദിവസം കഴിക്കണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട്ടെ പരിചയമുള്ള മരുന്ന്കടയില്‍ നിന്ന് അത്യാവശ്യമുള്ള എണ്ണം വാങ്ങി. പ്രതീക്ഷിച്ചതിനേക്കാള്‍ വില വന്നതിനാല്‍ തല്‍ക്കാലം കൈവശം പണമില്ലാത്തതിനാല്‍ 15 എണ്ണവും വാങ്ങിയില്ല. ഒരു ഗുളികയുടെ വില 635 രൂപ. കടക്കാരന്‍ പരിചയക്കാരനായതിനാല്‍ 600 രൂപ തോതില്‍ തന്നു. ബാക്കി ഗുളിക വാങ്ങാന്‍ സ്വന്തക്കാരനായ ഡോക്ടറെ ഏല്‍പിച്ചു. അദ്ദേഹം തനിക്കു ബന്ധമുള്ള മരുന്നുകടയില്‍ നിന്ന് ഹോള്‍സെയില്‍ വിലക്ക് വാങ്ങി. അപ്പോള്‍ വില 500 രൂപ. ഒരൊറ്റ ഗുളികക്ക് മരുന്ന് കടക്കാരന് ലാഭമായി ലഭിക്കുന്നത് 135 രൂപ. അപ്പോള്‍ യഥാര്‍ഥ വില എന്തായിരിക്കും? ഉല്‍പാദനച്ചെലവിന്റെ എത്ര ഇരട്ടിയായിരിക്കും വില നിശ്ചയിക്കുന്നത്?

ഇതേക്കുറിച്ച് നേരത്തെ തന്നെ നല്ല ധാരണ ഉണ്ടായിരുന്നതിനാല്‍ ഒരിക്കല്‍ മുസ്‌ലിം സമുദായത്തിലെ സമ്പന്നരായ സുഹൃത്തുക്കള്‍ ഒത്തുകൂടിയ സദസ്സില്‍ ഒരു നിര്‍ദ്ദേശം വെച്ചു: ‘നിങ്ങളെല്ലാം ധാരാളം പണം പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെലവഴിക്കുന്ന ഉദാരമതികളാണല്ലോ. നിങ്ങളെല്ലാവരും ചേര്‍ന്ന് ഒരു മരുന്ന് കമ്പനി സ്ഥാപിച്ച് അത്യാവശ്യ മരുന്നുകള്‍ ഉല്‍പാദിപ്പിച്ച് മിതമായ വിലക്ക് അത് മാര്‍ക്കറ്റിലെത്തിക്കുകയാണെങ്കില്‍ അത് വളരെ ഉപകാരമാകുമായിരുന്നു’.
‘വിരോധമില്ല. പണം മുടക്കി കമ്പനി സ്ഥാപിക്കാനും മരുന്ന് ഉല്‍പാദിപ്പിക്കാനും തയ്യാറാണ്. പക്ഷേ, നമ്മുടെ ഡോക്ടര്‍മാര്‍ വില കുറഞ്ഞ ഒന്നും എഴുതുകയില്ല. വലിയ കമ്മീഷന്‍ കിട്ടാതെ കടക്കാര്‍ അത് വില്‍ക്കുകയുമില്ല. അതുകൊണ്ട് കമ്പനി തുടങ്ങിയപോലെ അടച്ചു പൂട്ടേണ്ടിയും വരും’- അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.

വളരെ ശരിയാണ്, ഫലമോ? മനുഷ്യജീവിതത്തിലെ ഏറ്റവും നിസ്സഹായമായ രോഗാവസ്ഥയില്‍ കൊടിയ ചൂഷണത്തിനിരയാകുന്നു. പരിഹാരമെന്ത്? ഡോക്ടര്‍മാരില്‍ മനുഷ്യത്വം വളര്‍ത്തുകയും കടക്കാരില്‍ കാരുണ്യബോധമുണ്ടാക്കുകയും ചെയ്തതിനുശേഷം മാത്രം ചൂഷണം അവസാനിച്ചാല്‍ പോരല്ലോ. മരുന്നുല്‍പാദനം പൂര്‍ണമായും സര്‍ക്കാര്‍ തലത്തിലാക്കി കൊള്ള ലാഭവും അന്യായമായ കമ്മീഷനും അവസാനിപ്പിക്കുകയാണ് പെട്ടെന്നുള്ള പരിഹാരം. രാജ്യത്തെ പൗരന്മാരോട് ഭരണാധികാരികള്‍ക്ക എന്തെങ്കിലും ഉത്തരവാദിത്ത ബോധമുണ്ടെങ്കില്‍ ചെയ്യേണ്ടത് അതാണ്. സമൂഹത്തോട് പ്രതിബദ്ധതയുള്ളവര്‍ സര്‍ക്കാറിന്റെ മേല്‍ അതിനായി സമ്മര്‍ദ്ധം ചെലുത്തുകയും വേണം.

Related Articles