Current Date

Search
Close this search box.
Search
Close this search box.

മരുന്നു വില്‍പനക്കാരനും മതക്കച്ചവടക്കാരനും

അബ്ബാസിയ ഭരണാധികാരികളില്‍ പ്രശസ്തനാണ് മഅ്മൂന്‍. അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രമുഖ പണ്ഡിതനായ സുമാമത് ബിന്‍ അശ്‌റസായിരുന്നു. സുമാമ ബാഗ്ദാദ് നഗരത്തിലെ ഖുര്‍ദ് തെരുവിലൂടെ യാത്ര ചെയ്യുകയാണ്. വഴിയിലൊരിടത്ത് ജനം തിങ്ങിക്കൂടി നില്‍ക്കുന്നത് കണ്ട് കാരണമറിയാന്‍ അദ്ദേഹം അടുത്ത് ചെന്നു നോക്കി.

വിശാലമായ ഒരു പായ വിരിച്ചിരിക്കുന്നു. അതില്‍ നിറയെ മരുന്നു കുപ്പികള്‍ നിരത്തി വെച്ചിട്ടുണ്ട്. അതിന്റെ അടുത്ത് നിന്ന് ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു : ‘ഇതൊരു സിദ്ധൗഷധമാണ്, എല്ലാ വിധ കണ്ണ് രോഗങ്ങള്‍ക്കും ഏറ്റം പറ്റിയ മരുന്ന്. തിമിരം, കോങ്കണ്ണ് തുടങ്ങി എല്ലാം വേഗം സുഖമാകും, കണ്ണ് കാണാത്തവര്‍ക്ക് കാഴ്ച്ച ശക്തി തിരിച്ചു കിട്ടും.’

‘നഷ്ടപ്പെട്ട കാഴ്ച്ചയും തിരിച്ചു കിട്ടുമോ?’ സുമാമ വിളിച്ചു ചോദിച്ചു. ‘അതിലെന്താ സംശയം, ഒരുപാട് കണ്ണു കാണാത്തവരെ സുഖപ്പെടുത്തിയ അനുഭവമുണ്ട്. പലതവണ പരീക്ഷിച്ചതാണ്, പരിപൂര്‍ണ വിജയം.’ മരുന്നു വില്‍പനക്കാരന്‍ തറപ്പിച്ചു പറഞ്ഞു.

അപ്പോഴാണ് അയാളുടെ ഒരു കണ്ണ് പൊട്ടിയതാണെന്ന് സുമാമക്ക് മനസ്സിലായത്. അപ്പോഴും ജനം മരുന്നിന് വേണ്ടി തിക്കിതിരക്കുകയാണ്. ചിലര്‍ കണ്ണുരോഗത്തെ പറ്റി ചോദിക്കുന്നു. വേറെ ചിലര്‍ മരുന്നുപയോഗ ക്രമം ചോദിച്ചു പഠിക്കുന്നു. അയാള്‍ എല്ലാവര്‍ക്കും മരുന്ന് നല്‍കി നിശ്ചിത വില വാങ്ങി പോക്കറ്റിലിടുന്നു. ‘അല്ല, ഒന്നു കൂടി ചോദിക്കട്ടെ, താങ്കളുടെ കണ്ണിന് എന്തു പറ്റി?’ സുമാമ അന്വേഷിച്ചു.
‘ഓ, അത് സാരമില്ല.’ മരുന്നു കച്ചവടക്കാരന്‍ ജാള്യതയോടെ പറഞ്ഞു. ‘എന്നാലും കേള്‍ക്കട്ടെ, എന്തുപറ്റി?’ സുമാമ വീണ്ടും ചോദിച്ചു.
‘അതിനു കുറച്ചു കാലമായി കാഴ്ച്ചയില്ല.’
‘എങ്കില്‍ താങ്കള്‍ക്കാണല്ലോ ഈ മരുന്ന് കൂടുതലാവശ്യം. താങ്കള്‍ക്ക് ഇതൊന്ന് ഉപയോഗിച്ചു കൂടേ?’ സുമാമ ചോദിച്ചു.
മരുന്നു കച്ചവടക്കാരന്‍ ഒന്നമ്പരന്നു. പക്ഷെ, പെട്ടന്ന് ധൈര്യം വീണ്ടെടുത്ത് രൂക്ഷമായ ഭാഷയില്‍ പറഞ്ഞു: ‘വിഡ്ഢീ! ഇരുപത് വര്‍ഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. ഇന്നോളം നിന്നെ പോലുള്ള ഒരു പടുവിഡ്ഢിയെ ഞാന്‍ കണ്ടിട്ടില്ല.’

‘ഞാന്‍ വിഡ്ഢിത്തമൊന്നും പറഞ്ഞില്ലല്ലോ?’ സുമാമ ശാന്തസ്വരത്തില്‍ പറഞ്ഞു.
‘പിന്നല്ലാതെ, നീ പടുവിഡ്ഢി തന്നെ. എന്റെ കണ്ണിന് രോഗം ബാധിച്ചത് എവിടെ വെച്ചാണെന്ന് നിനക്കറിയുമോ?’
‘ഇല്ല, അതെങ്ങനെ ഞാനറിയാനാണ്?’ സുമാമ ചോദിച്ചു.
‘അതു തന്നെയല്ലേ ഞാന്‍ പറഞ്ഞത് നീണ്ട് വിഡ്ഢിയാണെന്ന്. ഈജിപ്തില്‍ വെച്ചാണ് എന്റെ കണ്ണിന് രോഗം ബാധിച്ചത്.’

മരുന്ന് വില്‍പനക്കാരന്‍ വലിയ കാര്യം പറഞ്ഞുവെന്ന മട്ടില്‍ അവിടെ കൂടിയവരെയും സുമാമയെയും നോക്കി. അയാള്‍ പറഞ്ഞതാണ് ശരിയെന്ന് അവിടെ കൂടിയവര്‍ ആര്‍ത്തു വിളിച്ചു. സുമാമയെ കയ്യേറ്റം ചെയ്യാനും തുടങ്ങി. ഗത്യന്തരമില്ലാതെ സുമാമക്ക് മാപ്പു പറയേണ്ടിയും വന്നു. അദ്ദേഹം പറഞ്ഞു: ‘അയാളുടെ കണ്ണ് പൊട്ടിയത് ഈജിപ്തില്‍ വെച്ചാണെന്ന് എനിക്കറിയില്ലായിരുന്നു.. എന്റെ വിഡ്ഢിത്വം കാരണം ചോദിച്ചു പോയതാണ്. എന്നോട് ക്ഷമിക്കുക.’

ഈ മരുന്ന് കച്ചവടക്കാരന്റെ മൂലധനം പൊതുജനത്തിന്റെ അജ്ഞതയും വിഡ്ഢിത്തവും ചിന്താശൂന്യതയുമായിരുന്നല്ലോ. അന്ധവിശ്വാസവും അനാചാരവും വിറ്റുകാശാക്കുന്ന മതക്കച്ചവടക്കാരുടെ മൂലധനവും ഇതുതന്നെ.

Related Articles