Current Date

Search
Close this search box.
Search
Close this search box.

മരണത്തിലും ഈജിപ്തിനെ വിറപ്പിച്ച പോരാളി

mahdi-akif2.jpg

കഴിഞ്ഞ നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ അധിനിവേശത്തിനെതിരെയുള്ള ലിബിയന്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഉമര്‍ മുഖ്താറിന്റെ 88ാം ചരമവാര്‍ഷികം അടയാളപ്പെടുത്തപ്പെട്ട മാസമാണിത്. 1931 സെപ്റ്റംബര്‍ 16നാണ് ഇറ്റാലിയന്‍ സൈന്യം രാജ്യദ്രോഹക്കുറ്റമാരോപിച്ച് ഉമര്‍ മുഖ്താറിനെ തൂക്കിലേറ്റുന്നത്. പ്രശസ്ത കവിയായ അഹ്മദ് ശൗഖി പറയുന്നത് ഉമര്‍ മുഖ്താറിന്റെ രക്തസാക്ഷിത്വം എല്ലാകാലത്തും ലിബിയന്‍ ജനതക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച പ്രതീക്ഷകള്‍ നല്‍കുമെന്നാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ രക്തം എന്നുമെന്നും അധിനിവേശ സമൂഹത്തിന് പേടിസ്വപ്‌നമായിരിക്കുകയും ചെയ്യും.

അവസാനം എഴുപത്തി മൂന്നാം വയസ്സില്‍ അദ്ദേഹം പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വിചാരണ വളരെ രഹസ്യമായി നടത്താനും ഇറ്റാലിയന്‍ സൈനികരുടെ അടയാളങ്ങളില്ലാതെ മറമാടാനും ഇറ്റലിക്കാരെ പ്രേരിപ്പിച്ചത് അദ്ദേഹം ഉയര്‍ത്തിയ ആശയങ്ങളുടെ ശക്തിയും ജനകീയ ചെറുത്തു നില്‍പ്പില്‍ അതുണ്ടാക്കിയ സ്വാധീനവുമാണ്. കാരണം അധിനിവേശകര്‍ ആശയങ്ങളെ ഭയക്കുന്നു. അതുര്‍ത്തിപ്പിടിക്കുന്നവരെയും, അവരുടെ ശാരീരിക ദൗര്‍ബല്യങ്ങളോ പ്രായമോ അവര്‍ ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ എന്ന വേര്‍തിരിവുകളൊന്നും അതില്‍ അവര്‍ക്കില്ല.

മുന്‍ ഈജിപ്ത്യന്‍ പാര്‍ലമെന്റംഗവും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഏഴാമത്തെ മുഖ്യകാര്യദര്‍ശിയുമായിരുന്ന മുഹമ്മദ് മഹ്ദി ആകിഫ് മരണപ്പെട്ട മാസം കൂടിയാണിത്. 2004ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലാണ് ഇഖ്‌വാന്‍ ഈജിപ്തില്‍ ഒരു പരിഷ്‌കരണ പദ്ധതി നടപ്പിലാക്കുന്നത്. 2005ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കീഴില്‍ ഇഖ്‌വാന്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. റോയല്‍ ഇസ്‌ലാമിക സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് എന്ന ഒരു സംഘടന പുറത്തിറക്കുന്ന പുസ്തകത്തിന് വേണ്ടി ഇസ്‌ലാമിക പണ്ഡിതര്‍ ചേര്‍ന്ന് തെരെഞ്ഞെടുത്ത ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളില്‍ പന്ത്രണ്ടാമത്തെയാള്‍ ആകിഫായിരുന്നു.

2013ല്‍ മൂര്‍സി ഭരണകൂടത്തിനെതിരായ പട്ടാള അട്ടിമറിയെത്തുടര്‍ന്നാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. അന്ന് 85 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 40,000 നായിരത്തോളം വരുന്ന ഈജിപ്തിലെ രാഷ്ട്രീയ തടവുകാരോടൊപ്പം അദ്ദേഹവും ക്രൂരമായ പീഢനങ്ങള്‍ക്കാണ് ഇരയായത്. ക്യാന്‍സര്‍ ബാധിതനാണെന്നറിഞ്ഞിട്ടും ഈജിപ്ത്യന്‍ ഭരണകൂടം അദ്ദേഹത്തെ ജയിലില്‍ തന്നെയാണ് താമസിപ്പിച്ചിരുന്നത്. ഉമര്‍ മുഖ്താറിനെ തന്നെയാണ് അദ്ദേഹത്തിന്റെ മുഖം ഓര്‍മ്മിപ്പികുന്നത്.

ഉമര്‍ മുഖ്താറിനെ ഇറ്റാലിയന്‍ സൈന്യം ഭയപ്പെട്ടത് പോലെത്തന്നെ ഈജിപ്ത്യന്‍ ഭരണകൂടം ആകിഫിനെയും ഭയപ്പെടുന്നുണ്ട്. നാല് വര്‍ഷത്തെ ഭരണം പിന്നിടുമ്പോള്‍ പതിനായിരക്കണക്കിന് രാഷ്ട്രീയ തടവുകാരാണ് ഈജിപ്ത്യന്‍ ജയിലറകളില്‍ പീഢനങ്ങളേറ്റ് കഴിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ട ആകിഫിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് പോലും അധികാരികള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വളരെ അടുത്ത കുടുംബാംഗങ്ങളെ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സമ്മതിച്ചത്.

ആകിഫിന്റെ മരണം ഈജിപ്തുകാര്‍ക്കും പാശ്ചാത്യര്‍ക്കും മുമ്പില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് നിരത്തുന്നത്. ഉമര്‍ മുഖ്താറിനെ പ്രശംസിച്ചു കൊണ്ടുള്ള ശൗഖിയുടെ വാക്കുകള്‍ക്ക് ശേഷം 85 വര്‍ഷം പിന്നിടുമ്പോള്‍ ഈജിപ്തുകാര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്? കൊട്ടിഘോഷിക്കപ്പെട്ട ശൗഖിയുടെ കവിതയിലെ ത്വത്വങ്ങളും സ്വാതന്ത്ര്യത്തെ കുറിച്ച വ്യവഹാരങ്ങളും ഉമര്‍ മുഖ്താറിന്റെ പ്രചോദനം നല്‍കുന്ന ഓര്‍മകളും എവിടെ പോയി?

ആകിഫിന്റെ മോചനത്തിനായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ശബ്ദിച്ചത്. അതേസമയം, നാല് വര്‍ഷത്തോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ തടവ്കാലത്ത് ഒരൊറ്റ പാശ്ചാത്യ ഭരണകൂടം പോലും അദ്ദേഹത്തിന്റെ മോചനത്തിനായി ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2016 ജനുവരിയില്‍ തന്നെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും മരണം വരെ ഈജിപ്ത്യന്‍ ഭരണകൂടത്തിന്റെ തടവറയില്‍ തന്നെയായിരുന്നു അദ്ദേഹം എന്നതാണ് വസ്തുത.

ഈജിപ്തിലെ ഏറ്റവും പ്രായം ചെന്ന തടവുകാരനായിരുന്നു ആകിഫ്. പ്രായമോ ആരോഗ്യ പ്രശ്‌നങ്ങളോ കാരണം അദ്ദേഹത്തിന്റേതിന് സമാനമായ സാഹചര്യത്തില്‍ കഴിയുന്ന നിരവധി തടവുകാര്‍ ഈജിപ്തിലെ ജയിലുകളിലുണ്ട്. ജീവിതത്തിലും മരണത്തിലും ആകിഫിനെ കൈകാര്യം ചെയ്ത പോലെ, ഇപ്പോഴും തുടരുന്ന അവരുടെ തടവ് മാത്രം മതി ഈജിപ്ത് ഭരണകൂടം മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സ്ത്രീ പുരുഷന്‍മാരെ എത്രത്തോളം ഭയക്കുന്നുണ്ടെന്ന് വിവരിക്കാന്‍.

സ്വതന്ത്ര നീതിന്യായ സംവിധാനത്തിന് വേണ്ടി പോരാടിയ ജഡ്ജിയായിരുന്ന മഹ്മൂദ് അല്‍ ഖുദൈരി ഇപ്പോഴും ജയിലറക്കുള്ളിലാണ്. മോശമായ ആരോഗ്യാവസ്ഥയിലാണ് അദ്ദേഹം ജീവിതം തള്ളിനീക്കുന്നത്. അതേസമയം അന്താരാഷ്ട്ര സമൂഹം ഇപ്പോഴും മൗനത്തിലാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഈയടുത്ത് ഈജിപ്ത്യന്‍ ഭരണകൂടത്തിന്റെ പീഢനങ്ങളെ മനുഷ്യത്വരഹിതം എന്ന് വിശേഷിപ്പിച്ച് കൊണ്ട് ഒരു റിപ്പോര്‍ട്ട് പുറത്ത് വിടുകയുണ്ടായി. അന്താരാഷ്ട്ര സമൂഹത്തിന്റെ ഈ മൗനം വെറുതെയല്ല.

നീതിന്യായവ്യവസ്ഥക്ക് മുമ്പില്‍ കൊണ്ടുവരിക എന്നതിനപ്പുറം യുവാക്കളെ പീഢിപ്പിച്ച് കൊലപ്പെടുത്തുകയാണ് ഈജിപ്ത്യന്‍ ഭരണകൂടം ചെയ്യുന്നത്. നീതിന്യായവ്യവസ്ഥക്ക് മേല്‍ സമ്പൂര്‍ണ്ണമായ ആധിപത്യമാണ് അവര്‍ക്കുള്ളത്. മാത്രമല്ല, ജനങ്ങളെ കൊന്നൊടുക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തുന്നത് നീതിന്യായ വ്യവസ്ഥയെ തന്നെയാണ്. അതേസമയം, ഒരു 89 വയസ്സുകാരന്റെ മരണവും മരണാനന്തര ചടങ്ങുകളും പോലും അവരെ ഭയപ്പെടുത്തുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ അധികാരം ഏത് നിമിഷവും വെല്ലുവിളിക്കപ്പെടുമോ എന്ന ഭീതി അവര്‍ക്കുണ്ട്. കാരണം, കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങള്‍ മൂലം മിഡിലീസ്റ്റിലെ ജനതക്ക് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അത്‌പോലെ ഈജിപ്ത്, സിറിയ, ലിബിയ, യമന്‍ എന്നിവിടങ്ങളിലെല്ലാം തന്നെ പഴയ പോലെ മര്‍ദനോപാധികള്‍ ഉപയോഗിച്ച് അധികാരത്തില്‍ പിടിച്ച് നില്‍ക്കാന്‍ മര്‍ദ്ദക ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല.

വിവ: സഅദ് സല്‍മി

Related Articles