Current Date

Search
Close this search box.
Search
Close this search box.

മരണം പെയ്യുന്ന അലപ്പോയില്‍ അവര്‍ വിമതരുടെ കൂടെയാണ്

aleppo-child.jpg

പാശ്ചാത്യ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് പോലെ വിദേശ പോരാളികളല്ല, മറിച്ച് സിറിയന്‍ ജനത തന്നെയാണ് ഉപരോധിക്കപ്പെട്ട കിഴക്കന്‍ അലപ്പോയുടെ ചുവരുകള്‍ക്കപ്പുറത്ത് നിന്ന് ധീരമായ ചെറുത്ത് നില്‍പ്പ് പോരാട്ടം നടത്തുന്നതെന്നാണ് ഭൂമിയിലെ ഏറ്റവും അപകടം പിടിച്ച പ്രദേശത്ത് കുടുങ്ങി പോയ ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. നാല് മാസങ്ങള്‍ക്ക് മുമ്പ് അലപ്പോക്ക് മേലുള്ള സര്‍ക്കാര്‍ ഉപരോധം കുറച്ചൊന്ന് അയഞ്ഞപ്പോഴാണ് ന്യൂയോര്‍ക്ക് നിവാസിയായ ബിലാല്‍ അബ്ദുല്‍ കരീം അവിടേക്ക് പ്രവേശിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മൂന്ന് ദിവസത്തെ അസൈന്‍മെന്റ് ഇപ്പോള്‍ നാല് മാസമായി നീണ്ടുകഴിഞ്ഞു. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല, ഇനി വിമത പോരാളികളുടെ നിയന്ത്രണത്തിലുള്ള നഗരത്തില്‍ നിന്നും പുറത്ത് കടന്നാല്‍ തന്നെ സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ കൈകളിലായിരിക്കും ചെന്ന് പെടുക.

‘താടി വെച്ച ഒരു കറുത്ത വര്‍ഗക്കാരനാണ് ഞാന്‍. സര്‍ക്കാറിന്റെ കൈകളില്‍ ഞാന്‍ ഒരുപാട് കാലം ജീവനോടെയിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.’ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് പ്രവേശിച്ച നൂറ് കണക്കിന് പേരെ കാണാതായതായിട്ടുള്ള ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട് ചൂണ്ടികാണിച്ച് കൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു.

ഭാവി എന്തായി തീരുമെന്നതിനെ കുറിച്ച് ആ മാധ്യമപ്രവര്‍ത്തകന് നല്ല തീര്‍ച്ചയുണ്ടായിരുന്നു. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ ഒരു എക്‌സ്‌ക്ല്യൂസീവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞു,’കടം വാങ്ങിയ സമയം കൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. പക്ഷെ നന്മക്ക് വിജയം വരിക്കാനുള്ള സാധ്യതകള്‍ ഇപ്പോഴുമുണ്ട്.’

എങ്കിലും, സാഹചര്യം കൂടുതല്‍ വഷളായിരിക്കുകയാണ്. അതായത് കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ക്കിടെ നഗരത്തിന്റെ കിഴക്കന്‍ ഭാഗത്ത് നിന്നും വിമത നിയന്ത്രണ പ്രദേശങ്ങളുടെ 85 ശതമാനത്തോളം സര്‍ക്കാര്‍ തിരിച്ച് പിടിച്ചു കഴിഞ്ഞു. സിറിയയില്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നതിനെ പറ്റി ജനങ്ങള്‍ തെറ്റായ വിവരങ്ങളെ ആശ്രയിക്കാതിരിക്കല്‍ വളരെ പ്രധാനമാണെന്ന് അബ്ദുല്‍ കരീം പറഞ്ഞു. ഏകദേശം 300000 സിറിയക്കാര്‍ അവിടെ കുടുങ്ങി കിടക്കുന്നുണ്ട്. അതില്‍ ആകെ 10500 പേര്‍ മാത്രമാണ് കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ വെടിനിര്‍ത്തലില്‍ നഗരത്തിന് പുറത്ത് പോകാന്‍ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിച്ച കണക്കാണ്. ബാക്കിയുള്ളവരെല്ലാം വിമതപോരാളികളുടെ കൂടെ നഗരത്തില്‍ തന്നെ കഴിയാനാണ് തീരുമാനിച്ചത്.

‘ഭക്ഷണവും മറ്റു സുഖസൗകര്യങ്ങളുമില്ലാതെ, ബാരല്‍ ബോംബുകളെയും, മിസൈലുകളെയും സധൈര്യം നേരിടാന്‍ തീരുമാനിച്ച് ഇത്രയധികം ആളുകള്‍ ഉപരോധിക്കപ്പെട്ട അലപ്പൊ നഗരത്തില്‍ വിമതരുടെ കൂടെ തന്നെ നിലകൊള്ളാന്‍ തീരുമാനിച്ചത്, ബശ്ശാറുല്‍ അസദിന്റെ സര്‍ക്കാറിനെ കുറിച്ച് നിങ്ങളോട് എന്താണ് പറയുന്നത്?’ കരീം ചോദിച്ചു. നഗരത്തില്‍ തന്നെ നില്‍ക്കാന്‍ ആരും അവരെ നിര്‍ബന്ധിച്ചിട്ടില്ല. ‘നഗരം വിട്ടുപോയ നൂറ് കണക്കിന് പേര്‍ അപ്രത്യക്ഷരായി എന്നതാണ് വസ്തുത. ഇത് സിറിയന്‍ സര്‍ക്കാര്‍ സൈന്യം എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതിനെ പറ്റി ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്.’

ഇതു തന്നെയാണ് ഐക്യരാഷ്ട്രസഭ വക്താവ് റൂപര്‍ട്ട് കോള്‍വില്ലെക്കും പറയാനുള്ളത്,’നിര്‍ബന്ധിത തടങ്കല്‍, പീഢനം, ആളുകളെ കാണാതാക്കല്‍ തുടങ്ങിയ സിറിയന്‍ സര്‍ക്കാറിന്റെ ഞെട്ടിക്കുന്ന ചെയ്തികളുടെ റെക്കോഡുകളിലേക്ക് കണ്ണോടിക്കുമ്പോള്‍, ഈ ആളുകളെ വിധിയെ സംബന്ധിച്ച് ഞങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ട്.’ 30നും 50നും ഇടക്ക് വയസ്സുള്ളവരെ അവരുടെ കുടുംബങ്ങളില്‍ നിന്നും വേര്‍പ്പെടുത്തും, മറ്റുള്ളവരെ ചോദ്യം ചെയ്യാനെന്ന പേരില്‍ കൊണ്ടുപോവുകയും ചെയ്യും എന്ന റിപ്പോര്‍ട്ട് കോള്‍വില്ലെക്ക് ലഭിച്ചിരുന്നു.

അലപ്പോയില്‍ വിദേശ പോരാളികളുടെ സാന്നിധ്യമുണ്ടെന്ന വാര്‍ത്തകള്‍ ശുദ്ധനുണയാണെന്നാണ് അബ്ദുല്‍ കരീം പറയുന്നത്. ‘ഞാന്‍ വിദേശികളായി അവിടെ കണ്ടത് ആകെ മൂന്ന് ഈജിപ്ഷ്യന്‍മാരെയും ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും വരുന്ന ഒരാളെയുമായിരുന്നു. അലപ്പോയിലെ ജനങ്ങളെ സംരക്ഷിച്ച് കൊണ്ട് ബശ്ശാറുല്‍ അസദിന്റെ സര്‍ക്കാര്‍ സൈന്യത്തിനെതിരെ പോരാടുന്നത് അവിടുത്തെ പ്രദേശവാസികള്‍ തന്നെയാണ്. ഫ്രീ സിറിയന്‍ ആര്‍മിയിലെ സിറിയന്‍ പോരാളികളും അവരുടെ കൂടെയുണ്ട്.’

അവിടെയുള്ള എല്ലാവരുമായും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. പക്ഷെ അവിടെയുള്ള വിമത പോരാളികളെല്ലാം പ്രദേശവാസികള്‍ തന്നെയാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. ‘അവരോട് സംസാരിച്ചപ്പോള്‍ അവര്‍ അവരുടെ വീടുകളും തെരുവുകളും എനിക്ക് കാണിച്ച് തന്നു. വിമത പോരാളികളെല്ലാം വിദേശികളാണെന്നും, പോരാളികളെല്ലാം ഭീകരവാദികളാണെന്നുമുള്ള ഒരു ആഖ്യാനം ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ശുദ്ധ നുണയാണത്. ഐ.എസ് മാത്രമാണ് സിറിയയിലെ ഏക ഭീകരവാദികള്‍. അലപ്പോയില്‍ അവരുടെ യാതൊരു സാന്നിധ്യവുമില്ല.’

കഴിഞ്ഞ വര്‍ഷം യുദ്ധത്തില്‍ റഷ്യയും കൂടി ചേര്‍ന്നപ്പോള്‍, തങ്ങള്‍ വന്നത് ഐ.എസിനെ തുരത്താനാണെന്ന് പുട്ടിന്‍ പറഞ്ഞത് കരീം ഓര്‍ക്കുന്നു. ‘അതാണ് കാര്യമെങ്കില്‍, എന്തുകൊണ്ടാണ് റഷ്യ അലപ്പോയിലെ കുഞ്ഞുങ്ങള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും മേല്‍ ബോംബ് വര്‍ഷിക്കുന്നത്?’ തെറ്റായ വിവരങ്ങള്‍ ലോകത്തിന് നല്‍കുന്നതില്‍ അമേരിക്കക്കും വ്യക്തമായ പങ്കുണ്ട്. മേഖലയില്‍ അമേരിക്കയുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ അവര്‍ ഐ.എസിനെ ഉപയോഗിക്കുകയാണ്. ‘അമേരിക്കയെയും ബ്രിട്ടനെയും സംബന്ധിച്ചിടത്തോളം ബോംബ് വര്‍ഷിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമല്ലെ അലപ്പോയില്‍ ഭക്ഷണവും, മരുന്നും എത്തിക്കുന്നത്?’ അദ്ദേഹം ചോദിച്ചു.

‘സിറിയയില്‍ ചൈനയുടെ സാന്നിധ്യം നേരിട്ടില്ലായിരിക്കാം. പക്ഷെ സിറിയന്‍ ജനതക്ക് വേണ്ടിയുള്ള എല്ലാ നീക്കങ്ങളെയും റഷ്യക്കൊപ്പം ചേര്‍ന്ന് വീറ്റോ പവര്‍ ഉപയോഗിച്ച് അവര്‍ നിരന്തരം തടയുന്നുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങല്‍ ബഹിഷ്‌കരിച്ച് കൊണ്ട് പ്രതിഷേധിക്കുകയാണ് വേണ്ടത്.’

റഷ്യക്കും അമേരിക്കക്കും ഇടയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെ അബ്ദുല്‍ കരീം തളളികളഞ്ഞു. ‘സിറിയന്‍ ജനതയുടെ പേരില്‍ ആരൊക്കെയാണ് ചര്‍ച്ച ചെയ്യുന്നത്? വെടിനിര്‍ത്തല്‍ മാത്രമായി അംഗീകരിക്കാന്‍ സിറിയന്‍ ജനത തയ്യാറാവുന്നില്ലെങ്കില്‍, അസദ് ഭരണകൂടത്തെ സംബന്ധിച്ച് അത് നിങ്ങളോടൊന്നും പറയുന്നില്ലെ? അലപ്പോയില്‍ അവര്‍ പട്ടിണിയിലാണ്; ഭക്ഷണവും വെള്ളവുമില്ലാതെ, ബാരല്‍ ബോംബുകളെയും, റോക്കറ്റുകളെയും, കെമിക്കല്‍ ബോംബുകളെയും മാത്രം പ്രതീക്ഷിച്ചതാണ് അവര്‍ ജീവിക്കുന്നത്. എന്നിട്ടും അവര്‍ വിമത പോരാളികളെ വിട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല.’

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായത് കൊണ്ട് വലിയ കാര്യമൊന്നുമില്ല. ഹിലാരി ക്ലിന്റനാണെങ്കിലും ഒന്നും മാറാന്‍ പോകുന്നില്ല. ഒന്ന് ചീത്തതാണെങ്കില്‍ മറ്റേത് അതിനേക്കാള്‍ ചീത്തതാണ്.

മനുഷ്യാവകാശ സംരക്ഷണത്തിന്റെ അപ്പോസ്തലന്‍മാരായ അമേരിക്കയിലെയും യൂറോപ്പിലെയും സര്‍ക്കാറുകള്‍ എന്തുകൊണ്ടാണ് ഒന്നും ചെയ്യാതെ ഇരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ചോദ്യം?

കടപ്പാട്: middleeastmonitor
മൊഴിമാറ്റം: irshad shariathi

Related Articles