Current Date

Search
Close this search box.
Search
Close this search box.

മരങ്ങള്‍ക്കും കാണില്ലേ, പഴയൊരു ഊഞ്ഞാലിന്റെ ഓര്‍മ്മ

മഴ എത്ര കണ്ടാലും കൊണ്ടാലും മതിവരില്ല..
മഴ പെയ്യുമ്പോഴാണ് അറിയാതെ നമ്മിലെ കുട്ടി മുറ്റത്തെ ഇറവെള്ളത്തിലേക്ക് ചാടുന്നത്… മുന്നിലൂടെ ഒഴുകിപ്പായുന്ന മഴവെളളത്തില്‍ കടലാസു തോണി ഇറക്കാന്‍ കൊതിക്കുന്നത്… ചാറ്റല്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന എത്രയെത്ര കടലാസു തോണികളാണ് പെട്ടെന്ന് ഓര്‍മകളിലേക്ക് ഓടിയെത്തുന്നത്…

മലയാളിയുടെ മനസ്സില്‍ എന്നും കാണും തിമിര്‍ത്തുപെയ്യുന്ന മഴയും മരങ്ങളും..
മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ എന്ന പുസ്തകത്തില്‍ മുസഫര്‍ അഹമ്മദ് സുന്ദരമായ മഴയനുഭവങ്ങളും മരയനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്…
മരുഭൂമിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് നിറയെ മഴയും മരങ്ങളുമാണ്….
മരുഭൂമിയും കാട് തന്നെയാണ്.. മരങ്ങളില്ലന്നല്ലേയുള്ളൂ എന്ന് ആശ്വാസം കൊള്ളുന്നു മുസഫര്‍.

എങ്ങോട്ടാണ് മുസഫറിന്റെ അനുഭവങ്ങള്‍ മണ്ടിപ്പായുന്നതെന്ന് തോന്നും..
ബാല്യത്തിലൂടെ… കൗമാരത്തിലൂടെ… യൗവനത്തിലൂടെ…. അതിനിടയില്‍ പൊതിഞ്ഞെടുത്ത കാഴ്ചകളിലൂടെ…മഴയിലൂടെ… മരത്തിലൂടെ… മറിഞ്ഞുവീണ മരം ശേഷിപ്പിച്ച ശൂന്യതയിലൂടെ… ഇഴഞ്ഞിഴഞ്ഞ് കല്ലിച്ചുപോയ ഒച്ചുകളിലൂടെ…ഓര്‍മകളില്‍ നിന്നടര്‍ന്നുപോയ മനുഷ്യരിലൂടെ…

മുസഫറിന്റെ അനുഭവങ്ങളില്‍ നിറയെ  മരങ്ങളുടെ പച്ചപ്പ്. ചില മരങ്ങള്‍ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കുമത്രെ. ഇവിടെ ഉണ്ടായിരുന്നുവെന്നതിന് തെളിവായി ഒരു തൂവലെങ്കിലും താഴേക്കിട്ടേക്കണേ എന്ന് ചില മരങ്ങളെങ്കിലും കിളികളോട് പറയും. എങ്കിലും എല്ലാ മരങ്ങളും മരണത്തിലേക്ക് നടന്നടുക്കും പോലെ. വേര് മണ്ണില്‍ നിന്ന് പറിഞ്ഞ്, ജീവന്റെ കൂട് വിട്ട് ഒരു മരം വീഴുമ്പോള്‍ അവസാനച്ചടങ്ങുകള്‍ക്കും വിലാപങ്ങള്‍ക്കുമായി എത്തുന്നത് പറവകളും പൂമ്പാറ്റകളും ഉറുമ്പുകളുമാണ്. കിളികള്‍ വിലപിക്കും. ഉറുമ്പുകള്‍ ചിതയൊരുക്കും. ഇത്കണ്ട് ചിതലുകള്‍ ചിരിക്കും.

‘കരിപ്പൂര്‍ ഇമിഗ്രേഷന്‍ കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ലോബില്‍ ഇരിക്കുമ്പോള്‍ മഴ പെയ്തു തുടങ്ങി. പതിനൊന്ന് വര്‍ഷമായി കേരളത്തിലെ മഴക്കാലം കണ്ടിട്ട്. ജൂണ്‍ 5-ന് മടങ്ങിയിട്ടും ഇക്കുറിയും മഴക്കാലത്തു നനയാനായില്ല. ഡിപ്പാര്‍ച്ചര്‍ ലോബിലെ ചില്ലുപാളികള്‍ മഴ കാട്ടിത്തന്നു. അതത്ര ശക്തമായിരുന്നില്ല. തൊടാന്‍ ഒരു നിവൃത്തിയുമില്ല. മഴയില്‍ കുളിക്കുന്ന തെങ്ങോലകളേയും കണ്ടു. എയ്‌റോ ബ്രിഡ്ജിലൂടെ വിമാനത്തിനകത്തേക്കു കയറുമ്പോള്‍ അവിടെ നിന്നെങ്കിലും ഒരു തുള്ളി മഴ മൂര്‍ധാവില്‍ പതിക്കുമെന്ന് വൃഥാ മോഹിച്ചു. ഉണ്ടായില്ല.

എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞ വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി. എയര്‍ഹോസ്റ്റസ് അനൗണ്‍സ് ചെയ്തു. ഹം ജിദ്ദ ജായേങ്കേ…. റണ്‍വേ നനഞ്ഞു കിടന്നു. ആ നനവിലേക്ക് ഒരു പിടി വിത്തെറിയാന്‍ മോഹിച്ചു.’ ‘

***********************************************************
പരിസ്ഥിതി ദിനമാണ് ഈ കഴിഞ്ഞുപോയത് (ജൂണ്‍5)
സോഷ്യല്‍ മീഡിയകളില്‍ നിറയെ മഴയും മരങ്ങളുമായിരുന്നു….
ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ (Usman Iringattiri)എഫ് ബി സ്റ്റാറ്റസ് ഉള്ളുതൊടുന്ന ഒന്നായിരുന്നു…

‘നട്ടതൊക്കെയും വേര് പിടിക്കില്ല
വേര് പിടിച്ചതൊക്കെയും മരമാവില്ല
മരമായതോക്കെയും പൂക്കില്ല
പൂത്തതോക്കെയും കായ ആവില്ല
കായ ഒക്കെയും കൊള്ളാവുന്നതും ആവില്ല ..

എന്നാലും ഒരു പാട് ചെയ്യുമ്പോള്‍ അതില്‍ ഒരു ചെടിയെങ്കിലും മരമാവും. തളിര്‍ക്കും,
പൂക്കും, കായ്ക്കും.. മറ്റുള്ളവര്‍ക്ക് തണല്‍ ഒരുക്കും ..
ഒത്തിരി ചെയ്താലും
അതില്‍ ഒരിത്തിരിയെങ്കിലും നന്മ അവശേഷിക്കും.
നന്മ വറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നന്മ യിലേക്ക് നയിക്കുന്ന നന്നേ ചെറിയ ഒരു കാര്യം പോലും ഒരു പക്ഷെ നന്മയാകും സുഹൃത്തേ..
കുറച്ചക്ഷരങ്ങള്‍ പോലും !!!’

 

***********************************************

പൂമരം ബ്ലോഗില്‍ (http://sat1111.blogspot.in/) സതീഷന്‍ ഒപിയുടെ മരങ്ങള്‍ കരയുന്നത് എന്ന കവിതയും
സുന്ദരം..

മരങ്ങള്‍ കരയുന്നത്

ഏതോ കിളിക്കൂടിന്റെ
ഓര്‍മ്മയില്‍ ഒരു മരം
കരയുന്നുണ്ടിവിടെ..
പറന്നുപോയവയെക്കുറിച്ച്
വഴിയോട്,
പുഴുവിനോട്,
സങ്കടം പറയുന്നുണ്ട്…

എനിക്ക് കേള്‍ക്കാം
എന്‍രെ മാവേ,
തേക്കെ,
എന്റെ തെങ്ങേ,
എന്ന് ചങ്ങാതികളോട്
അലമുറയിടുന്നുണ്ട്
ഒരു മരം…

ഒറ്റപ്പെടലിലേക്ക് ചില്ലകള്‍ വിടര്‍ത്തി
ഓര്‍മ്മകളിലേക്ക്
വേരുകളാഴ്ത്തി
ഇടയ്ക്ക് അണപൊട്ടി
പോകുന്നതാവാം സങ്കടങ്ങള്‍…

ഒരില പൊഴിച്ചെല്ലാം
മറക്കുമ്പോഴേക്കും
പൂവിട്ടിരിക്കും പിന്നെയും
ഓര്‍മ്മകളുടെ വസന്തം…

മരങ്ങള്‍ കരയാറില്ലെന്നാരാണ്
പറഞ്ഞത്..
ഒരൂഞ്ഞാലിന്റെ ഓര്‍മ്മകള്‍ പോലും
പൊട്ടിക്കരയാറുണ്ട് പലപ്പോഴും…

Related Articles