Current Date

Search
Close this search box.
Search
Close this search box.

മനസ്സിലെ വിഗ്രഹങ്ങളെ ബലിയര്‍പ്പിക്കുക

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാളും, അതിന് ശേഷം ഇപ്പോള്‍ ആഗതമായിട്ടുള്ള ബലിപെരുന്നാളും. അനസ് ബിന്‍ മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു, നബി (സ) മദീനയില്‍ എത്തിയ സന്ദര്‍ഭം. മദീനക്കാര്‍ക്ക് രണ്ട് വിശേഷ ദിനങ്ങളുണ്ടായിരുന്നു. ആ രണ്ട് ദിവസം അവര്‍ കളികളില്‍ മുഴുകും. നബി (സ) ചോദിച്ചു ‘എന്താണ് ഈ ദിനങ്ങളുടെ പ്രത്യേകത?’ അവര്‍ പറഞ്ഞു : ജാഹില്ലിയാ കാലഘട്ടത്തില്‍ ഞങ്ങള്‍ ആ ദിവസങ്ങളില്‍ കളിതമാശകളില്‍ ഏര്‍പ്പെടുമായിരുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു ‘ആ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി അതിനേക്കാള്‍ ശ്രേഷ്ഠമായ ബലി പെരുന്നാളും, ചെറിയ പെരുന്നാളും അല്ലാഹു ഇതാ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു’. (അബൂ ദാവൂദ് 1134, അഹ്മദ് 120006, നസാഈ 1465 ഇതിന്റെ സനദ് സ്വഹീഹാണ്)

വാര്‍ധക്യകാലത്ത് അല്ലാഹു കനിഞ്ഞരുളിയ തന്റെ ഓമന മകന്‍ ഇസ്മാഈലിനെ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം തന്നെ ബലിയര്‍പ്പിക്കുവാന്‍ തീരുമാനിച്ച ഇബ്രാഹിം നബിയുടെ (അ) ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ത്യാഗസമര്‍പ്പണത്തിന്റെ മഹിതസ്മരണകളാണ് മുസ്‌ലിം സമൂഹം ഒരോ ബലിപെരുന്നാളിലും വീണ്ടും വീണ്ടും പുതുക്കുന്നത്. ഖുര്‍ആന്‍ ആ ചരിത്ര സംഭവം വിവരിക്കുന്നത് കാണുക ‘അപ്പോള്‍ നാം (അല്ലാഹു) അദ്ദേഹത്തെ (ഇബ്രാഹീമിനെ) സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു. ഇസ്മാഈല്‍ ഇബ്രാഹിമിന്റെ കൈപിടിച്ച് നടക്കുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്‌നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ ; നിന്റെ അഭിപ്രായമെന്താണ്.’ ( സ്വാഫാത്ത് 101-102) ഇസ്മാഈല്‍ തന്റെ പിതാവിന് കൊടുത്ത മറുപടി ചരിത്രപസിദ്ധമാണ് ‘ഇസ്മാഈല്‍ പറഞ്ഞു : ‘എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങേക്കെന്നെ കാണാം.’ (സ്വാഫാത്ത് 102)

എന്നാല്‍ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം പിന്നീട് ഇബ്രാഹിം പകരം ഒരാടിനെ അറുക്കുകയാണുണ്ടായത്. ഇബ്രാഹീം നബിയുടെ ജീവിതം ത്യാഗസമ്പൂര്‍ണ്ണമായിരുന്നു. അദ്ദേഹം തന്റെ രാജ്യം അല്ലാഹുവിന് വേണ്ടി ത്യജിച്ചു, അഗ്നികുണ്ഡത്തിലേക്ക് ധൈര്യസമേതം നടന്നടുത്തു, തൗഹീദിന് വേണ്ടി ക്ഷമയുടെയും, അടിയുറച്ച് നില്‍ക്കലിന്റെയും ഉത്തമമാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം. ആ ഉല്‍കൃഷ്ട ജീവിതത്തെ സാക്ഷ്യപ്പെടുത്തി കൊണ്ട് അല്ലാഹു പറയുന്നു ‘ഇബ്രാഹിമിനോട് അല്ലാഹു കല്‍പ്പിച്ചു ‘വഴിപ്പെടുക’, അപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘സര്‍വലോകനാഥന് ഞാനിതാ വഴിപ്പെട്ടിരിക്കുന്നു.’ (ബഖറ 131)

പെരുന്നാള്‍ ദിനത്തില്‍ ബലി അറുക്കുകയും ആടുകളെയും പോത്തിനെയും വാങ്ങുന്നതില്‍ മല്‍സരിക്കുകയും ചെയ്യുന്നത് കാണാം. എന്നാല്‍ പലപ്പോഴും സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും പാഠങ്ങള്‍ അവര്‍ വിസ്മരിക്കുന്നു. തങ്ങളുടെ ഇച്ഛകളുടെയും വികാരങ്ങളുടെയും ബലിയാണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അല്ലാഹു തന്നെ പറയുന്നത് നിങ്ങള്‍ അറുക്കുന്നതിന്റെ രക്തമോ മാംസമോ തന്നിലേക്ക് എത്തുന്നില്ലെന്നാണ്. മനസ്സിലുള്ള പകയുടെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിഗ്രഹങ്ങളെ ബലിയറുക്കാന്‍ അവര്‍ തയ്യാറല്ല. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ അല്ലാഹുവിന്റെ വിധികല്‍ പാലിക്കുന്നതിലും അവര്‍ തല്‍പരരല്ല. പെരുന്നാള്‍, അതിന്റെ സന്ദേശവു തത്വവും ഉള്‍ക്കൊണ്ട് ആഘോഷിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിലൂടെ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ ഉയര്‍ത്തി പിടിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

വിവ : ഇര്‍ഷാദ് കാളാചാല്‍

Related Articles